പൊതു വിഭാഗം

സുരേഷ് ഡയറക്ടർ ആകുമ്പോൾ

കഴിഞ്ഞ ദിവസമാണ് സുഹൃത്ത് Suresh Pillai വിളിച്ചത്, റാവിസ് ഗ്രൂപ്പിന്റെ കുലിനിയറി ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചു എന്ന സന്തോഷം പങ്കുവെക്കാനായി.
 
എനിക്കും വളരെ സന്തോഷമായി. അഞ്ചു വർഷത്തോളമായി അദ്ദേഹത്തെപ്പറ്റി കേട്ടുതുടങ്ങിയിട്ട്. രണ്ടു വർഷമായി ഫേസ്ബുക്കിൽ സ്ഥിരം പരസ്പരം സംസാരിക്കാറുണ്ട്. കഴിഞ്ഞ വർഷം കൊല്ലം റാവിസിൽ പോയി അദ്ദേഹത്തിൻറെ പാചക നൈപുണ്യം അനുഭവിച്ചറിയാൻ സാധിച്ചു. ലോക കേരളസഭയിൽ വച്ച് വീണ്ടും കണ്ടു.
 
സെലിബ്രിറ്റി ഷെഫ് ആയ സുരേഷിനെ ധാരാളം ആളുകൾ അറിയും. എന്നാൽ അദ്ദേഹത്തിന്റെ കരിയർ ട്രാക്കും നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. കുടുംബത്തിൽ സാന്പത്തിക ബാധ്യതകൾ ഉള്ളതിനാൽ ചെറുപ്പത്തിലേ തന്നെ തൊഴിൽ രംഗത്തേക്ക് തിരിഞ്ഞ സുരേഷ് പാചകത്തിൽ അധികം വിദ്യാഭ്യാസം ഒന്നും നേടിയില്ല, പക്ഷെ വിദഗ്ദ്ധരായ ഷെഫുമാരുടെ കീഴിൽ ജോലി ചെയ്ത് പണികൾ എല്ലാം പഠിച്ചു. കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റു വൻനഗരങ്ങളിലേക്കും, അവിടെ നിന്നു ഗൾഫിലേക്കും, പിന്നെ യു കെ യിലേക്കും കൂടുതൽ ഉത്തരവാദിത്തപ്പെട്ട ജോലികളുമായി സഞ്ചരിച്ചു. നല്ല ശന്പളവും പ്രശസ്തിയുമായി. തൊഴിലിലെ അദ്ദേഹത്തിൻറെ മികവ് കണ്ടറിഞ്ഞ് തിരിച്ചു കേരളത്തിൽ തന്നെ വന്ന് ഉയർന്ന നിലയിൽ ജോലി ചെയ്യാനുള്ള അവസരമുണ്ടായി.
 
സെലിബ്രിറ്റികളുമായി സുരേഷ് നിൽക്കുന്ന ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകണം. സാധാരണ ആളുകൾ സെലിബ്രിറ്റികളെ കാണുന്പോൾ ഉള്ള ഭവ്യത ഒന്നുമല്ല ആ മുഖത്ത് കാണുന്നത്, മറിച്ച് തികഞ്ഞ ആത്മവിശ്വാസം. അതാണെന്നെ ഏറ്റവും ആകർഷിക്കുന്നത്.
 
തൊഴിൽ ലോകത്തെ ഇനിയുള്ള കാലം സുരേഷിനെ പോലുള്ളവരുടെ ആണെന്നാണ് എല്ലാ പഠനങ്ങളും പറയുന്നത്. ചെറുപ്പത്തിൽ തന്നെ ഫുൾ ടൈം ആയോ പാർട്ട് ടൈം ആയോ തൊഴിൽ രംഗത്ത് എത്തുക, മികവുറ്റ സൂപ്പർവൈസർമാരുടെ അടുത്ത് നിന്ന് തൊഴിലിൽ പരിശീലനം നേടുക, രാജ്യാതിർത്തികൾ കടക്കുക, തിരഞ്ഞെടുത്ത തൊഴിലിൽ പേരെടുക്കുക, സമൂഹ മാധ്യമങ്ങളും സാമൂഹ്യ ശൃംഖലകളും ശരിയായി ഉപയോഗിക്കുക, അങ്ങനെ ലോകത്തെവിടെ ചെന്നാലും ഒരു തൊഴിൽ ലഭിക്കുക എന്നത് വിഷയമല്ലാതാകുക. ഇങ്ങനെ ഉള്ളവർക്കാണ് മികച്ച തൊഴിൽ ജീവിതം ഉണ്ടാകുന്നത്. തൊഴിൽ പരിചയം ഒന്നുമില്ലാതെ നേരിട്ട് ഉന്നത വിദ്യാഭ്യാസം നേടി തൊഴിൽ രംഗത്തെത്തുന്നവരുടെ സാദ്ധ്യതകൾ കുറയുകയാണ്. നമ്മുടെ വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യമാണ്.
 
എങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതെന്നും തൊഴിലെടുക്കുന്ന വിദ്യാർത്ഥികളെ ചൂഷണം ചെയ്യാതെ നോക്കുന്നതെന്നുമാണ് സർക്കാരുകൾ ചിന്തിക്കേണ്ട കാര്യം.
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന സുരേഷിന് അഭിനന്ദനങ്ങൾ!
 
മുരളി തുമ്മാരുകുടി

Leave a Comment