പൊതു വിഭാഗം

സുരക്ഷാ ജോലിക്കാരും കുട്ടികളുടെ സുരക്ഷയും…

ചെന്നൈയിലെ ഒരു ഫ്ലാറ്റിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പതിനേഴു നരാധമന്മാർ ഏഴുമാസം പീഡിപ്പിച്ചു എന്നത് ഏറെ വിഷമിപ്പിക്കുന്നതാണ്. ഫ്ളാറ്റിലെ സെക്യൂരിറ്റി ഗാർഡും ലിഫ്റ്റ് ഓപ്പറേറ്ററും അതിൽ ഉൾപ്പെട്ടിരുന്നു എന്നത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതും.

 

കേരളത്തിലെ ഫ്ളാറ്റുകളിലും മാളുകളിലുമുള്ള സെക്യൂരിറ്റിക്കാരുടെ ജീവിതത്തെപ്പറ്റി, കോഴിക്കോട്ട് മാളിൽ സെക്യൂരിറ്റിക്കാരനെ അടിച്ചു കൊന്ന അവസരത്തിൽ ഞാൻ എഴുതിയിരുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം സെക്യൂരിറ്റിക്കാരായി നിൽക്കുന്നവർക്ക് സുരക്ഷാ വിഷയങ്ങളിൽ മുൻ പരിചയം ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. പന്ത്രണ്ടോ ഇരുപതിനാലോ മണിക്കൂർ ഒരു കസേരയിൽ കുത്തിയിരിക്കാൻ പറ്റുന്ന ഏതൊരു പുരുഷനും ഏറ്റവും എളുപ്പത്തിൽ കിട്ടാവുന്ന ജോലിയാണ് ഇത്.

 

നമ്മുടെ ഫ്ലാറ്റിൽ സെക്യൂരിറ്റിക്കാരായി വരുന്ന ഓരോരുത്തരുടേയും മേല്‍വിലാസവും, അവര്‍ മുന്‍പെന്തെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. കേരളത്തിൽ ഇപ്പോഴും ലൈംഗിക കുറ്റവാളികളുടെയോ ബാലപീഡകരുടെയോ ഒരു രജിസ്റ്റർ ഇല്ലാത്തതിനാൽ പോലീസിൽ പേരുകൊടുത്താലും അവർക്കത് പരിശോധിക്കാൻ സാധിക്കില്ല. ബാലപീഡനത്തിന് അറസ്റ്റ് ചെയ്യപ്പെട്ടവരോ, മറ്റ് കുറ്റകൃത്യങ്ങളാൽ ജയിലിൽ പോയവരോ തിരിച്ചു വന്ന് നമ്മുടെ ഫ്ലാറ്റിൽ സെക്യൂരിറ്റിയാകുന്നതിന് നിലവിൽ ഒരു നിയന്ത്രണവുമില്ല. നമ്മുടെ കുട്ടികൾ എപ്പോഴാണ് വീട്ടിൽ തനിച്ചാകുന്നതെന്ന് ഇവർക്ക് കൃത്യമായി അറിയാവുന്നതിനാൽ കുറ്റം ചെയ്യാനുള്ള അവസരം കൂടുന്നു.

 

ഈ സ്ഥിതി മാറിയേ പറ്റൂ. അതിനായി കേരളത്തിൽ ഇത്തരം ഒരു കുറ്റകൃത്യം ഉണ്ടാകുന്നതു വരെ കാത്തിരിക്കേണ്ട കാര്യമില്ല. ചെന്നൈയിലെ കേസ് കണ്ടു കേരളത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനാണ് ദുരന്ത ലഘൂകരണം എന്ന് പറയുന്നത്. അതാണ് ശരിയായ സുരക്ഷാ ബോധവും.

 

കേരളത്തിൽ സെക്യൂരിറ്റി ഗാർഡ് ആയിരിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും മര്യാദക്കാരും സ്ത്രീകളോടും കുട്ടികളോടും നന്നായി പെരുമാറുന്നവരുമാണ്. വാസ്തവത്തിൽ സമൂഹം അവരെ തീരെ വിലകൊടുക്കാതെ കാണുന്നതാണ് കൂടുതൽ പ്രശ്നമായി എനിക്ക് തോന്നിയിട്ടുള്ളത്. ആയിരം നല്ല സെക്യൂരിറ്റിക്കാർ ഉണ്ടെങ്കിലും അതിനിടയിൽ ഒരു ക്രിമിനൽ ഉണ്ടാകാനും ഒളിച്ചിരിക്കാനും മുതലെടുക്കാനുമുള്ള സാധ്യതയുണ്ട്. അത് നമ്മൾ ഇപ്പോഴേ അറിഞ്ഞ്  ഒഴിവാക്കണം.

 

നമ്മുടെ കുട്ടികൾ ഒരു സമയത്തും ഫ്ലാറ്റിൽ ഒറ്റക്ക് ആകാതിരിക്കാൻ ശ്രദ്ധിക്കണം. സ്വന്തം അപ്പൂപ്പന്മാരും അമ്മാവന്മാരും എന്തിന്, അച്ഛന്മാർ വരെ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി നാം സ്ഥിരം കേൾക്കുന്നതാണ്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഫ്ലാറ്റിലെ സെക്യൂരിറ്റിക്കാരനെയോ, അടുത്ത വീട്ടിലെ തമാശക്കാരൻ അപ്പൂപ്പനെയോ നമ്മൾ ഓഫിസിൽ നിന്നും വരുന്നത് വരെ കുട്ടിയെ ‘ശ്രദ്ധിക്കാൻ’ ഏൽപ്പിക്കുന്നതിന് മുൻപ് പത്ത് വട്ടം ചിന്തിക്കുക.

 

ഫ്ലാറ്റുകളിൽ കുട്ടി സ്‌കൂളിൽ നിന്ന് വരുന്ന സമയം മുതൽ അച്ഛനും അമ്മയും ഓഫിസിൽ നിന്നും വരുന്നതു വരെയുള്ള ഒന്നോ രണ്ടോ മണിക്കൂർ കുട്ടികൾ ഒറ്റക്കിരിക്കേണ്ട സാഹചര്യമുണ്ട്. ഇക്കാര്യം സെക്യൂരിറ്റിക്കാർക്കും മറ്റു ജോലിക്കാർക്കും അയൽക്കാർക്കും അറിയുകയും ചെയ്യാം. കൂടുതൽ കൂടുതൽ മലയാളികൾ ഫ്ളാറ്റുകളിലേക്ക് താമസം മാറുന്നതോടെ ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാനുള്ള സാധ്യതയും കൂടുകയാണ് (ഇപ്പോൾ തന്നെ നാട്ടിൽ ഇതൊക്കെ നടക്കുന്നുണ്ടാകും).

 

എപ്പോഴും കുട്ടികളുടെ സുരക്ഷ പ്രത്യേകം ശ്രദ്ധിക്കുക. സാധിക്കുമെങ്കിൽ വീട്ടിൽ സെക്യൂരിറ്റി കാമറകൾ സ്ഥാപിക്കുക. ആൺ – പെൺ കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ നമ്മൾ ചിന്തിക്കുന്നതിലും സാധാരണമാണ്. നമ്മൾ വിശ്വസിക്കുന്ന, നമ്മുടെ ബന്ധുക്കളോ അടുത്തവരോ ആണ് മിക്കപ്പോഴും കുറ്റവാളി. സൂക്ഷിച്ചാൽ ദുഖിക്കേണ്ട..!

 

മുരളി തുമ്മാരുകുടി

 

Leave a Comment