പൊതു വിഭാഗം

സിറ്റിംഗ് റൂമിൽ നിർമ്മിക്കപ്പെടുന്ന ദുരന്തങ്ങൾ…

ഏറെ എഴുതേണ്ട ഒരു വിഷയം ആണ്. പക്ഷെ തിരക്കുള്ളതിനാലും മറ്റുള്ള മുൻഗണനാ വിഷയങ്ങൾ ഉള്ളതിനാലും ചെയ്യാൻ മാറ്റിവച്ചതാണ്. വേറെ ആരെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ അത് കാണാത്തതിനാലും എൻറെ പേജിലാണ് ആളുകൾ കൂടുതൽ ശ്രദ്ധിക്കാൻ സാധ്യത എന്നതിനാലും ചുരുക്കി എഴുതുകയാണ്. കൂടുതൽ വിശദമായ നിർദ്ദേശം അടുത്ത ദിവസങ്ങളിൽ തരാം.
 
ദുരന്തകാലത്തെ മാനസിക ആരോഗ്യ പ്രശ്നമാണ് വിഷയം. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചിത്രങ്ങളും വീഡിയോയും ഒക്കെ കാണുന്നുണ്ടല്ലോ. രക്ഷപ്പെടുത്തുമ്പോൾ പോലും ആളുകൾ കരയുകയാണ്. അത് സ്വാഭാവികവും ആണ്. അതിന് മുന്നേ തന്നെ അവർ എത്ര കരഞ്ഞുകാണും, പേടിച്ചു കാണും?
ഈ ദുരന്തന്തിൽ അകപ്പെട്ടവരെല്ലാം തന്നെ മാനസികമായി തളർന്നിരിക്കയാണ്. അതിൽ തന്നെ കുട്ടികൾ, വയസ്സായവർ, അംഗപരിമിതികൾ ഉള്ളവർ, മാനസികമായ വെല്ലുവിളികൾ ഉള്ളവർ ഒക്കെ കൂടുതൽ കൂടുതൽ മാനസിക സംഘർഷം അനുഭവിച്ചു കാണും. അതിനി വർഷങ്ങളോളം അവരെ വേട്ടയാടും. അവരുടെ വ്യക്തിത്വത്തെ തന്നെ അത് മാറ്റും.
 
മാനസിക ആരോഗ്യത്തിന് വേണ്ടത്ര ചികിത്സകൾ നൽകാനുള്ള സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിൽ ഇല്ല. ഉള്ള സൗകര്യങ്ങൾ തന്നെ ഉപയോഗിക്കാൻ ആളുകൾക്ക് മടിയും ആണ്. ദുരന്തകാലത്തെ സൈക്കോ-സോഷ്യൽ സപ്പോർട്ട് എന്നത് ദുരന്തം കഴിയുമ്പോൾ ചെയ്യേണ്ട ഒരു പ്രധാനവിഷയമാണ്. അതിന് ലോകത്ത് നല്ല മാതൃകകൾ ഉണ്ട്. കൂടുതൽ നാളെ പറയാം.
 
ഇന്ന് പറയുന്നത് വേറൊരു വിഷയമാണ്. കേരളത്തിലെ സിറ്റിംഗ് റൂമുകൾ ഒരാഴ്ചയായി വെള്ളപ്പൊക്കമല്ലാതെ മറ്റൊരു വാർത്തയും കണ്ടുകാണാൻ വഴിയില്ല. കേരളത്തിൽ എവിടെ നിന്നും ഏറ്റവും വിഷമിപ്പിക്കുന്ന, സംഘർഷ പൂരിതമായ കാഴ്ചകൾ ആണ് അവിടെ. ടി വി ഓഫ് ചെയ്താലും വീട്ടിൽ ചർച്ചകൾ മറ്റൊന്നാവാൻ വഴിയില്ല. കേരളത്തിലെ പത്തു ശതമാനം ആളുകളെ പോലും ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ല, പക്ഷെ നൂറു ശതമാനം ആളുകളും ഇത് തന്നെയാണ് കാണുന്നതും സംസാരിക്കുന്നതും.
 
നിങ്ങളുടെ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ ഈ കാഴ്ചയും ചർച്ചകളും അവരെ വളരെ മോശമായി ആഴത്തിൽ ബാധിക്കും. ദുരന്ത മേഖലയിൽ നിന്നകലെ, എന്തിന് ദുബായിലോ അമേരിക്കയിലോ, പത്താം നിലയിലെ ഫ്ലാറ്റിന്റെ മുകളിൽ ഇരിക്കുന്ന കുട്ടിപോലും വീട്ടിലെ ടി വി യിൽ ഇതുമാത്രം കണ്ടു കൊണ്ടിരിക്കുകയും വീട്ടിലെ സംസാരം ഇത് മാത്രം ആവുകയും ചെയ്താൽ ദുരന്തത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങും. എന്താണ് സംഭവിക്കുന്നത്, അവർക്ക്, അല്ലെങ്കിൽ മാതാപിതാക്കൾക്ക് എന്തെങ്കിലും വരുമോ എന്നൊന്നും അവർക്ക് മനസ്സിലാവില്ല. കുട്ടികൾ ടെൻഷൻ ആകും, അനാവശ്യമായ പെരുമാറ്റങ്ങൾ ഉണ്ടാകും, രാത്രി ഉറക്കം കുറയും. ദുരന്തം കഴിഞ്ഞാലും ഇതൊക്കെ അവരെ പിന്തുടരുകയും ചെയ്യും.
 
എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യേണ്ടതെന്ന് നാളെ എഴുതാം. ഇന്ന് നിങ്ങൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ.
 
1. ടി വിയിൽ മുഴുവൻ സമയവും ദുരന്ത വാർത്ത കാണാതിരിക്കുക.
2. കുട്ടികളോട് ദുരന്തത്തെ പറ്റി സംസാരിച്ച് നിങ്ങളുടെ കുടുംബത്തിന് യാതൊരു വിധത്തിലുള്ള അപായവുമില്ല എന്ന് ഉറപ്പു കൊടുക്കണം.
3. ദുരന്തത്തിൽ പെട്ട മറ്റു കുട്ടികളെ എങ്ങനെ സഹായിക്കണം എന്നൊക്കെ അവരോട് അഭിപ്രായം ചോദിക്കണം.
 
നിങ്ങളുടെ ചുറ്റുവട്ടത്ത് എത്താത്ത ദുരന്തം സിറ്റിംഗ് റൂമിലെ ടി വി വഴി വീട്ടിൽ കൂടി എത്തിക്കരുത്.
 
മുരളി തുമ്മാരുകുടി
 

Leave a Comment