പൊതു വിഭാഗം

സിദ്ധാർത്ഥിന്റെ ചിത്ര പ്രദർശനത്തിലേക്ക് സ്വാഗതം…

സിദ്ധാർത്ഥിന്റെ ആദ്യ ചിത്രപ്രദർശനം ഇന്ന് മുതൽ ജനുവരി ഏഴു വരെ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുകയാണ്. ഓട്ടിസ്റ്റിക് ആയ കുട്ടിയാണ് സിദ്ധാർഥ്. അതുകൊണ്ടു തന്നെ അത് പരമാവധി നന്നായി സംഘടിപ്പിക്കുക എന്നതിലായിരുന്നു ശ്രദ്ധ. ഫേസ്ബുക്കിന് പുറത്ത് വ്യക്‌തിപരമായി അധികം ക്ഷണങ്ങൾ നടത്താൻ പറ്റിയിട്ടില്ല, ക്ഷമിക്കുമല്ലോ.

എക്സിബിഷനെക്കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന് ഇന്ന് വരെ കിട്ടിയിട്ടില്ലാത്തത്ര പ്രതികരണമാണ് ലഭിച്ചത്. അതെല്ലാം സിദ്ധാർത്ഥിന്റെ കൂടെ ഇരുന്നു ഞാൻ വായിച്ചു. നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്തിനും സിദ്ധാർഥിനോട് കാണിക്കുന്ന വാത്സല്യത്തിനും എങ്ങനെ നന്ദി പറയണം എന്നറിയില്ല. പകരമായി നമ്മുടെ സമൂഹത്തിന് വേണ്ടി ആവുന്ന പോലെ നന്മ ചെയ്യാൻ ഞാനും ശ്രമിച്ചുകൊണ്ടേ ഇരിക്കാം.

എന്റെ വായനക്കാരോട് ചില ചെറിയ ആഗ്രഹങ്ങൾ കൂടി പങ്കുവെക്കാം.

1. നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരോട് ഈ പ്രദർശനത്തിന്റെ കാര്യം എങ്ങനെയും പറയണം. ഫേസ്ബുക്കിൽ ഉള്ളവർ ആണെങ്കിൽ ടാഗ് ചെയ്യണം. കുട്ടികളേയും കൂട്ടി വരാൻ നിർബന്ധിക്കണം. അത് ആ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മാത്രമല്ല, ഞങ്ങൾക്കും ഏറെ ഊർജ്ജം നൽകും.

2. നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഭിന്നശേഷി ഉള്ള കുട്ടികൾക്ക് വേണ്ടിയുള്ള സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകരോ അതിന്റെ മാനേജ്‌മെന്റിൽ ഉള്ളവരോ ഉണ്ടെങ്കിൽ അവരോടും ഈ പ്രദർശനത്തിന്റെ കാര്യം എങ്ങനെയും പറയണം. ഫേസ്ബുക്കിൽ ഉള്ളവർ ആണെങ്കിൽ ടാഗ് ചെയ്യണം. അവരോട് കുട്ടികളുമായി വരാൻ പറയണം. ഏതെങ്കിലും സ്‌കൂളിന് കുട്ടികളെ കൂട്ടിവരാൻ സാമ്പത്തിക സഹായം വേണമെങ്കിൽ അത് ഞാൻ തീർച്ചയായും നൽകാം.

3. നിങ്ങളുടെ അറിവിലോ പരിചയത്തിലോ സ്‌കൂൾ, കോളേജ് അധ്യാപകരോ, അതിന്റെ മാനേജ്‌മെന്റിൽ ഉള്ളവരോ ഉണ്ടെങ്കിൽ അവരോട് ഈ പ്രദർശനത്തിന്റെ കാര്യം തീർച്ചയായും പറയണം. ഫേസ്ബുക്കിൽ ഉള്ളവർ ആണെങ്കിൽ ടാഗ് ചെയ്യണം. അവരോട് കുട്ടികളും ആയി വരാൻ പറയണം. ഭിന്നശേഷി ഉള്ള കുട്ടികളെ മറ്റു കുട്ടികൾ മനസ്സിലാക്കേണ്ടത് കരുണയും കരുതലും ഉള്ള ഒരു സമൂഹത്തിന് അത്യാവശ്യമാണ്.

4. നിങ്ങളുടെ അറിവിലോ പരിചയത്തിലോ മാധ്യമ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ തീർച്ചയായും അവരെ ടാഗ് ചെയ്യണം. നേരെ വന്ന് പ്രദർശനം കാണുന്നതിന്റെ ആയിരം ഇരട്ടി ആളുകൾക്ക് ഈ വിഷയത്തെ പറ്റി അറിയാൻ അവരുടെ ഒരു റിപ്പോർട്ട് സഹായിക്കും. ഓട്ടിസം എന്ന വാക്ക് മലയാളികൾ കേട്ട് വരുന്നേ ഉള്ളൂ. ആസ്പെർജേഴ്സ് സിൻഡ്രോം എന്നതൊക്കെ ഡോക്ടർമാരല്ലാതെ ആളുകൾ കേട്ടിട്ടേ ഉണ്ടാവില്ല. ആ അർത്ഥത്തിൽ ഈ പ്രദർശനം ഇത്തരം കാര്യങ്ങളെ പറ്റി സമൂഹത്തെ അറിയിക്കാനും അവരിൽ ഇത്തരം ആളുകളെ പറ്റി താല്പര്യം ഉണ്ടാക്കാനും ഉള്ള അവസരം കൂടിയാണ്. ദയവായി പരമാവധി ഉപയോഗിക്കണം.

5. നിങ്ങളുടെ അറിവിലോ പരിചയത്തിലോ ചിത്രകലാ രംഗത്ത് പ്രവർത്തിക്കുന്നവർ ഉണ്ടെങ്കിൽ, അവർ പ്രശസ്തരോ കലാവിദ്യാർത്ഥികളോ ആകട്ടെ, അവരോട് പ്രദർശനം കാണണം എന്നും, സത്യസന്ധമായ ഫീഡ്ബാക്ക് ഞങ്ങൾക്ക് തരണം എന്നും പറയണം. സിദ്ധാർഥ് എന്ത് വരച്ചാലും എങ്ങനെ വരച്ചാലും അതെനിക്ക് ‘സൂപ്പർ’ ആണ്, പക്ഷെ ഞങ്ങൾ ഇല്ലാത്ത ഒരു ലോകത്തിനാണ് സിദ്ധാർത്ഥിനെ ഞാൻ തയ്യാറാക്കേണ്ടത്. അതുകൊണ്ടു തന്നെ ചിത്രകലയിൽ അവന്റെ പ്രാവീണ്യം സത്യസന്ധമായി നിക്ഷ്പക്ഷമായി വിലയിരുത്തപ്പെടണം. മുതിർന്ന കലാകാരന്മാരുടെ അഭിപ്രായം, അതെന്താണെങ്കിലും, ഞങ്ങൾക്ക് വിലയേറിയതാണ്.

7. നിങ്ങളുടെ ഏറ്റവും അടുത്ത രാഷ്ട്രീയക്കാരോട്, അത് നാട്ടിലെ പ്രവർത്തകർ മുതൽ മന്ത്രിമാർ വരെ ആരും ആകട്ടെ, ഈ പ്രദർശനത്തെ പറ്റി പറയണം. ഫേസ്ബുക്കിൽ ഉള്ളവർ ആണെങ്കിൽ ടാഗ് ചെയ്യണം. നമ്മുടെ ജനപ്രതിനിധികൾ ഭിന്നശേഷി ഉള്ളവരുടെ കഴിവും, അവരും അവരുടെ മാതാപിതാക്കളും നേരിടുന്ന പ്രശ്നങ്ങളും മനസ്സിലാക്കുമ്പോഴാണ് ഭിന്നശേഷിക്കാരുടെ കഴിവുകളും കൂടി ഉപയോഗിച്ചു വളരുന്ന ഒരു സമൂഹം നമുക്ക് ഉണ്ടാകുന്നത്. അങ്ങനെ ഒരു സമൂഹം അവർക്കും നമുക്കും ഗുണകരമായിരിക്കും.

ഇതൊക്കെ അല്പം ഓവർ അല്ലേ എന്ന് തോന്നുന്നവർ ഉണ്ടാകാം. ഇതൊന്നും ഞാൻ സിദ്ധാർത്ഥിന് വേണ്ടി മാത്രം ചെയ്യുന്നതല്ല. സിദ്ധാർഥ് വാസ്തവത്തിൽ ഭാഗ്യമുള്ള കുട്ടിയാണ്. ഭിന്നശേഷി ആണെങ്കിലും അവനെ മനസ്സിലാക്കാനും പരിശീലിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രമോട്ട് ചെയ്യാനും ഒക്കെ ഞങ്ങൾ ഉണ്ട്. പക്ഷെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഭിന്നശേഷിക്കാരുടെ സ്ഥിതി അതല്ല. ഓരോ സമൂഹത്തിലും ഏതാണ്ട് പത്തു ശതമാനത്തോളം പേർ ശാരീരികമോ മാനസികമോ ആയി ഏതെങ്കിലും തരത്തിൽ ഭിന്നശേഷിയുള്ളവർ ആയിരിക്കും എന്നാണ് കണക്ക്. പക്ഷെ നമ്മൾ കേരളത്തിൽ ഇവരെ അധികം കാണാറില്ല, കാരണം ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് പുറത്ത് യാത്ര ഏറെ കഠിനമാണ്. മാനസിക ബുദ്ധിമുട്ടുകൾ ഉള്ളവരുടെ മാതാപിതാക്കൾ പരമാവധി അത് പുറത്തറിയിക്കാതിരിക്കാനാണ് ശ്രമിക്കുക, കാരണം സമൂഹം കുട്ടികളെ എങ്ങനെ കാണും, അംഗീകരിക്കും എന്നൊക്കെ അവർക്ക് പേടിയാണ്. ഇതു കൊണ്ടൊക്കെയാണ് ഞാൻ ഇക്കാര്യത്തിൽ മുൻകൈ എടുക്കുന്നതും പരമാവധി പബ്ലിസിറ്റി കൊടുക്കുന്നതും. ഭിന്നശേഷി ഉള്ളവർ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്, അവരുടെ കഴിവുകൾ നമ്മുടെ സമ്പത്താണ്. അതുകൊണ്ടു തന്നെ ഈ പ്രദർശനത്തിന് കിട്ടുന്ന പിന്തുണ ഇങ്ങനെയുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഏറെ ആത്മവിശ്വാസം ഉണ്ടാക്കും എന്നാണ് എന്റെ വിശ്വാസം, ആഗ്രഹവും. ഈ പ്രദർശനത്തിന് വരുന്നതിലൂടെ, അതിന്റെ വിവരങ്ങൾ പങ്കുവക്കുന്നതിലൂടെ, ഈ പോസ്റ്റിന് താഴെ നല്ല നാല് വാക്ക് പറയുന്നതിലൂടെ എല്ലാം നിങ്ങൾ ഓരോരുത്തരം അല്പം കൂടി നല്ല ഒരു സമൂഹത്തെ നിർമ്മിക്കാൻ സഹായിക്കുകയാണ്. നന്ദി.

മറക്കേണ്ട, ദർബാർ ഹാളിൽ ജനുവരി മൂന്നു മുതൽ ഏഴു വരെ, രാവിലെ പതിനൊന്നു മുതൽ വൈകീട്ട് ഏഴുമണി വരെ. തൊട്ടടുത്ത് ഫ്ലവർ ഷോയും ഉണ്ട്. വന്നാൽ രണ്ടും കണ്ടിട്ട് പോകാം.

പതിവ് പോലെ നിങ്ങളുടെ പൂർണ്ണ പിന്തുണ പ്രതീക്ഷിച്ചു കൊണ്ട്,

മുരളി തുമ്മാരുകുടി

3 Comments

  • I just saw your write up on Sidhardh in Manorama.
    Actually I too am father of an autistic boy.
    I am stiff worried how my son will survive after my death.
    I was looking for charitable organisations, which could build a set up near my home in Vellamgallur near Irinjalakuda. I am villing to give 30 cents for land for starters. There would be many parents willing to contrivute money. Money wont be problem, but dedicated nabagenebt us,
    Can you help?

  • സിദ്ധാർത്ഥിന്റെ ചിത്രപ്രദർശനത്തിനിടെ തമ്മിൽ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞതിൽ വളരെ സന്തോഷം .എല്ലാ ഭാവുകങ്ങളും നേരുന്നു .

Leave a Comment