പൊതു വിഭാഗം

സാംസ്‌കാരിക നഷ്ടങ്ങൾ അളക്കുമ്പോൾ…

ലോകത്തിലെ എല്ലാ വൻ ദുരന്തത്തിലും വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. അവയെല്ലാം അതിന്റെ ഉടമസ്ഥർ കണക്കുകൂട്ടുകയും അവരുടെ കഴിവനുസരിച്ച് പുതുക്കിപ്പണിയുകയും ചെയ്യും.

ഇതിനൊക്കെ പുറമെ അനവധി സാംസ്കാരിക സ്ഥാപനങ്ങൾക്കും നഷ്ടം സംഭവിക്കും (ക്ഷേത്രങ്ങൾ, മറ്റ് ആരാധനാലയങ്ങൾ, മ്യൂസിയം, പ്രകൃതിയിലുള്ള സാംസ്‌കാരിക വസ്തുക്കൾ (ഗുഹയിലെ പെയിന്റിങ്ങുകൾ, സേക്രഡ് ഫോറസ്റ്റ് (നമ്മുടെ കാവുകൾ പോലെ)). നേപ്പാളിലെ ഭൂമികുലുക്കത്തിലും തായ്‌ലൻഡിലെ വെള്ളപ്പൊക്കത്തിലും ഇത്തരം നഷ്ടങ്ങൾ നൂറുകണക്കിനുണ്ടായി.

കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല. പുഴയുടെ തീരത്തുള്ള അനവധി ആരാധനാലയങ്ങൾ വെള്ളത്തിനടിയിലായി. ഇവയിൽ പലതിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറെയും മരം കൊണ്ട് നിർമ്മിച്ചവയാണ്. ഇവയുടെ നഷ്ടം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടങ്ങളെക്കാൾ വളരെ കൂടുതലായിരിക്കും.

ദുരന്തം കഴിഞ്ഞയുടനെ പൊതു സമൂഹത്തിന് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം ഉണ്ടാവില്ല. അവയൊക്കെ പുനർനിർമ്മിക്കാനുള്ള പണം കണ്ടെത്താനും പ്രാദേശികമായി ബുദ്ധിമുട്ടുണ്ടാകും. ഇതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക വിഭാഗമായ യുനെസ്‌കോ (UNESCO), പ്രളയാനന്തരമുള്ള നഷ്ടക്കണക്ക് എടുക്കുന്നതിൽ സാംസ്‌കാരിക നഷ്ടങ്ങൾക്ക് പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഇത്തരത്തിൽ കൃത്യമായി കണക്കെടുത്തു കഴിഞ്ഞാൽ അവ പുനർനിർമ്മിക്കാൻ ആ പ്രദേശത്തിന് പുറത്തു നിന്നും കോർപ്പറേറ്റുകളിൽ നിന്നും സഹായം തേടാവുന്നതാണ്.

കേരളത്തിലെ ഈ പ്രളയത്തിൽ സാംസ്കാരിക സ്ഥാപനങ്ങൾക്ക്  ഉണ്ടായിരിക്കുന്ന നഷ്ടം കണക്കാക്കാൻ സംഘടിതവും വ്യാപകവുമായ ശ്രമം ഉണ്ടാകണം. യുനെസ്‌കോയുടെ മാർഗ്ഗ നിർദ്ദേശം താഴെ ലിങ്കിലുണ്ട്. കേരളത്തിൽ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

https://gfdrr.org/sites/gfdrr/files/WB_UNDP_PDNA_Culture_FINAL.pdf

മുരളി തുമ്മാരുകുടി

 

Leave a Comment