പൊതു വിഭാഗം

സഹായ വസ്തുക്കളുടെ പ്രളയം..

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ സമയത്ത് തന്നെ ദൂരദേശങ്ങളിൽ നിന്നും ഭക്ഷണം അയക്കേണ്ടതില്ലെന്നും മറ്റു വസ്തുക്കളും ഏറ്റവും വേഗത്തിൽ നാട്ടിൽ തന്നെ ലഭ്യമാകുമെന്നും അത് അവിടെ നിന്നും വാങ്ങാൻ ആണ് ശ്രമിക്കേണ്ടതെന്നും പരമാവധി പണമാണ് നൽകേണ്ടതെന്നും ഞാൻ പറഞ്ഞിരുന്നു. അതിനെ കുറച്ചു പേർ ട്രോളുകയും ചെയ്‌തു (തള്ളെ, കലിപ്പ് തീരണില്ലല്ലോ).
 
ഇന്നിപ്പോൾ സർക്കാർ തന്നെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഭക്ഷണ ക്ഷാമമോ ഭക്ഷ്യവസ്തു ക്ഷമമോ ഇല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു, വിദേശത്തു നിന്നും വസ്തുവകകൾ അയക്കേണ്ട എന്ന് റിലീഫ് കമ്മീഷണറും. നല്ല കാര്യം.
 
എന്നാൽ ഒരു കാര്യത്തിൽ അല്പം അഭിപ്രായ വ്യത്യാസമുണ്ട്. ഇന്ത്യയിൽ എളുപ്പത്തിൽ ലഭ്യമല്ലാത്ത – ദുരന്ത നിവാരണത്തിന് അത്യാവശ്യമായ വസ്തുക്കൾ മറ്റു രാജ്യങ്ങളിൽ നിന്നും അയക്കുന്നതിൽ ഒരു തെറ്റുമില്ല. സർക്കാർ ഇക്കാര്യത്തിൽ ‘നിങ്ങൾ സ്വകാര്യമായി കൈകാര്യം ചെയ്യണം’ എന്ന മട്ടിൽ കൈ കഴുകി സ്ഥലം വിടുന്നത് ശരിയല്ല. നാട്ടിലേക്ക് ദുരന്ത സമയത്ത് ഇമ്പോർട്ട് ടാക്സ് ഒഴിവാക്കാനും, ഇറക്കുമതി വേഗത്തിലാക്കാനും സംവിധാനങ്ങൾ ലോകത്ത് എവിടെയുമുണ്ട്. ഇക്കാര്യം കേന്ദ്രവുമായി ചർച്ച ചെയ്ത് കേരളത്തിലെ വിമാനത്താവളങ്ങളിൽ നടപ്പിലാക്കണം. രണ്ടാമത് ലോകത്തെവിടെ നിന്നും ദുരന്ത സമയത്ത് സൗജന്യമായോ സൗജന്യ നിരക്കിലോ വസ്തുക്കൾ എത്തിക്കാൻ ഡി എച് എൽ പോലെയുള്ള കമ്പനികൾക്ക് പദ്ധതികൾ ഉണ്ട്. അത് അവരുമായി സംസാരിക്കണം. മൂന്നാമത് വിദേശത്തു നിന്നും നാട്ടിലേക്ക് അയക്കാൻ ഒരു അഡ്ഡ്രസ്സ്‌ വേണം, അയക്കേണ്ട വസ്തുക്കളുടെ ലിസ്റ്റ് കൊടുക്കണം, അയച്ചു കഴിഞ്ഞാൽ ആരെയാണ് അറിയിക്കേണ്ടത് എന്ന് പറയണം. എത്തിക്കഴിഞ്ഞാൽ അയച്ചവരോട് നന്ദി പറയണം. കിട്ടിയ വസ്തുക്കൾ ആർക്കാണോ ഉപയോഗപ്രദം ആകേണ്ടത് അവർക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഇതിനൊക്കെ എത്ര വളണ്ടിയർമാരെ വേണമെങ്കിലും കിട്ടും. പക്ഷെ ‘സർക്കാർ കാര്യം മുറപോലെ’ എന്ന രീതി ദുരന്തകാലത്ത് എടുക്കരുത്. വിദേശ മലയാളികൾ (ഗൾഫിലൊക്കെ മലയാളികൾ മാത്രമല്ല പാകിസ്ഥാനികൾ ഉൾപ്പടെ ഉള്ള മറുനാട്ടുകാർ) ഏറെ വസ്തുക്കൾ ഇപ്പോൾ തന്നെ വിവിധ സംഘടനകൾക്ക് നൽകി എന്നാണ് ഞാൻ അറിഞ്ഞത്. അതവരുടെ വിയർപ്പും സ്നേഹവും ആണ്. ആ സാധനങ്ങൾ തിരുവനന്തപുരത്ത് എത്തി എടുക്കാനാളില്ലാതെ കസ്റ്റംസിലോ, എടുത്തു കഴിഞ്ഞാലും ഏതെങ്കിലും സർക്കാർ ഓഫീസിൽ കിടന്ന് ചീത്തയാകുന്ന ഒരു ചിത്രം മതി ഇപ്പോൾ ആളുകൾക്കുള്ള ഗുഡ്‌വിൽ ഒക്കെ പോകാൻ.
 
സുനാമിക്കാലത്ത് ലഭിച്ച പണം വകമാറ്റി ചിലവാക്കി എന്നൊക്കെ പത്രത്തിൽ വായിച്ചതിനാൽ (ഇത് സത്യമാണോ എന്ന് എനിക്കറിയില്ല, മറ്റുള്ളവർക്കും, അങ്ങനൊരു ചിന്തയുണ്ട് എന്നതാണ് പ്രധാനം) സർക്കാരിലേക്ക് പണമയക്കാൻ വിമുഖതയുള്ള ആയിരക്കണക്കിന് ആളുകളെ എനിക്കറിയാം. അപ്പോൾ അവരുടെ ഗുഡ്‌വിൽ ഇല്ലാതാക്കരുത്. ഇതുവരെ അയച്ചു കിട്ടിയ സാധനങ്ങൾ ശരിയായി കൈകാര്യം ചെയ്യണം. സ്പെഷ്യലിസ്റ്റ് വസ്തുക്കൾ അയക്കാൻ ഒരു സൗകര്യം ഒരുക്കണം.
 
#Ourfinesthour
മുരളി തുമ്മാരുകുടി

Leave a Comment