പൊതു വിഭാഗം

സന്തോഷത്തിന്റെ ശാസ്ത്രം…

കോഴ്‌സെറാ (Coursera) എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ സന്തോഷത്തിന്റെ ശാസ്ത്രം (The Science of Happiness) പഠിച്ചുകൊണ്ടിരിക്കയാണ്.
 
യേൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫെസ്സർ ലോറി സാന്റോസ് ആണ് പഠിപ്പിക്കുന്നത്. സാധാരണ ഓൺലൈൻ ക്ലാസ്സുകളിൽ അധ്യാപകർ കാമറയിൽ നോക്കി നമ്മെ പഠിപ്പിക്കുകയാണ്. പക്ഷെ ഇവിടെ അങ്ങനെ അല്ല. അവർ സ്വന്തം സിറ്റിംഗ് റൂമിൽ (ആണെന്ന് തോന്നുന്നു), യേൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളോട് ഒപ്പമിരുന്ന് അവരെ പഠിപ്പിക്കുകയാണ്, അതിൻറെ വീഡിയോ എടുത്തതാണ് നമ്മൾ കാണുന്നത്. അതുകൊണ്ട് അല്പം കൂടി ക്ലാസ്സ്‌റൂം അന്തരീക്ഷമുണ്ട്.
ലോക്ക് ഡൌൺ തുടങ്ങിയതിൽ പിന്നെ മൂന്നാമത്തെ കോഴ്സ് ആണ് ചെയ്യുന്നത്. ആദ്യം ലൈഫ് കോച്ചിങ്ങിൽ ഒരു ഡിപ്ലോമ എടുത്തു. രണ്ടാമത് വ്യക്തിപരമായി അതിജീവിത ക്ഷമത എങ്ങനെ വർദ്ധിപ്പിക്കാം എന്നുള്ളതിൽ ഒരു കോഴ്സ് ചെയ്തു. രണ്ടും സമയത്തിനും മുൻപേ നല്ല ഗ്രേഡ് വാങ്ങി പാസ്സായി, സർട്ടിഫിക്കറ്റ് വാങ്ങി ഡിജിറ്റൽ ലോക്കറിൽ വച്ചു.
 
മൈൻഡ് ഫുൾനസ്സ് എന്ന രീതിയെ പറ്റി, ദുരന്ത കാലങ്ങളിൽ അത് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എല്ലാം ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. നമ്മൾ ഏതൊരു സാഹചര്യത്തിൽ കൂടി കടന്നുപോകുന്പോഴും നമ്മുടെ ചിന്തകളെയും നമ്മുടെ വികാരങ്ങളെയും ആ നിമിഷത്തിൽ തന്നെ ഉയർന്ന ഒരു തലത്തിൽ നിന്നു നോക്കിക്കാണുന്ന രീതിയെയാണ് ഞാൻ മൈൻഡ് ഫുൾനസ്സ്‌ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
 
അതുകൊണ്ട് തന്നെ മൈൻഡ് ഫുൾനസ്സ് പ്രകാരം “ഞാൻ ഈ കൊറോണക്കാലത്തും ഇതൊക്കെ പഠിക്കുന്നുണ്ടല്ലോ, ലോക്ക് ഡൌൺ കാലം നന്നായി ഉപയോഗിക്കുന്നണ്ടല്ലോ’ എന്നൊക്കെ ഞാൻ എന്നെത്തന്നെ നോക്കി തോളിൽ തട്ടി അഭിനന്ദിച്ചു.
അങ്ങനെ സന്തോഷിച്ചിരിക്കുന്പോളാണ് “സന്തോഷത്തിന്റെ ശാസ്ത്രം” എന്നൊരു പുതിയ കോഴ്സ് കോഴ്‌സെറയിൽ തുടങ്ങുന്നുണ്ട് എന്ന് Neeraja Janaki ആണ് പറഞ്ഞത്. എന്നാൽ അതുകൂടി പഠിക്കാമെന്ന് തീരുമാനിച്ചു.
 
അടിപൊളി കോഴ്സ് ആണ്. എൻറെ വായനക്കാർ തീർച്ചയായും രജിസ്റ്റർ ചെയ്യണം. ഫ്രീ ആയിട്ട് പഠിക്കാം, സർട്ടിഫിക്കറ്റ് വേണമെങ്കിൽ മൂവായിരം രൂപയിൽ താഴെ കൊടുത്താൽ മതി. (ആദ്യമായിട്ടാണ് കോഴ്‌സെറയിൽ കോഴ്സ് ചെയ്യുന്നതെങ്കിൽ കോഴ്സ് പൂർത്തിയാക്കാനുള്ള നല്ല തന്ത്രമാണ് കാശു കൊടുത്തു തുടങ്ങുന്നത്).
എന്താണ് സന്തോഷത്തിന്റെ അടിസ്ഥാനം എന്നതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണ് കോഴ്സ് ചെയ്യുന്നത്. നമുക്ക് അറിയാവുന്ന കാര്യങ്ങളാണ് പലതും. ചിലതൊക്കെ നമുക്ക് അതിശയമായി തോന്നാം. രണ്ടാണെങ്കിലും നമ്മുടെ ഊഹാപോഹങ്ങൾക്കപ്പുറം അതിന് ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് കോഴ്സ് ചെയ്യുന്നത്.
കോഴ്സിൽ നിന്നുള്ള ഒരുദാഹരണം പറയാം. ഒളിംപിക് മത്സരത്തിൽ സ്വർണ്ണം, വെള്ളി, ഓട് (വെങ്കലം) എന്നിങ്ങനെ മൂന്നു മെഡലുകൾ ആണല്ലോ ഉള്ളത്. സ്വർണ്ണം ഒന്നാം സ്ഥാനം, വെള്ളി രണ്ടാം സ്ഥാനം, ഓട്ടു മെഡൽ മൂന്നാം സ്ഥാനത്തിന്.
 
ഒളിംപിക്സിൽ മെഡൽ കിട്ടുന്നത് ഏറെ അഭിമാനമുള്ള, സന്തോഷമുള്ള കാര്യമാണല്ലോ. മൂന്നാം സ്ഥാനം കിട്ടുന്നതിലും എന്തുകൊണ്ടും നല്ലതാണ് രണ്ടാം സ്ഥാനം കിട്ടുന്നത്. അതുകൊണ്ട് തന്നെ വെള്ളിമെഡൽ കിട്ടുന്നവർക്ക് ഓട്ടുമെഡൽ കിട്ടുന്നവരേക്കാൾ സന്തോഷം ഉണ്ടാകേണ്ടതാണ്.
 
പക്ഷെ അനവധി ഒളിംപിക്സ് മത്സരങ്ങളിൽ വെള്ളിയും ഓടും മെഡൽ ലഭിച്ചവരുടെ മുഖഭാവം വിശകലനം ചെയ്ത് നടത്തിയ പഠനം പറയുന്നത് ഓട്ടു മെഡൽ കിട്ടിയവർക്കാണ് വെള്ളിമെഡൽ കിട്ടിയവരെക്കാൾ സന്തോഷം എന്നാണ്.
 
നമ്മൾക്ക് എല്ലാം അറിയാവുന്ന ഒരു ജീവിത തത്വത്തിൽ നിന്നാണ് ഇത് സംഭവിക്കുന്നത്. എന്നാൽ തോറ്റവരുടെ തത്വശാസ്ത്രത്തിനപ്പുറം അതിനൊരു ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. അതെന്താണെന്ന് ഞാനിപ്പോൾ പറയുന്നില്ല. കോഴ്സ് ചെയ്യൂ.
 
കാര്യങ്ങൾ പഠിപ്പിക്കുകയല്ലാതെ നമ്മുടെ സന്തോഷത്തിന്റെ നിലവാരത്തെ കൂട്ടാനും ഈ കോഴ്സ് ശ്രമിക്കുന്നുണ്ട്. കോഴ്സ് തുടങ്ങുന്നതിന് മുൻപ് നമ്മുടെ സന്തോഷം അളക്കുവാൻ പറയുന്നു. കോഴ്സ് കഴിയുന്പോൾ, നമ്മൾ പഠിച്ച പാഠങ്ങൾ നമ്മൾ നമ്മുടെ ജീവിതത്തിലേക്ക് പകർത്തിയാൽ വ്യക്തിപരമായി നമ്മുടെ സന്തോഷവും കൂടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ഈ കൊറോണക്കാലത്ത് അല്പം സന്തോഷമൊക്കെ ആകാം. തീർച്ചയായും ഈ കോഴ്സ് ഫോളോ ചെയ്യണം.
ഈ കോഴ്സ് റെക്കമെന്റ് ചെയ്ത നീരജക്ക് നന്ദി.
 
കോഴ്‌സെറയിലും മറ്റ് ഓൺലൈൻ പ്ലാറ്റുഫോമുകളിലുമുള്ള നല്ല കോഴ്‌സുകൾ ഇടക്ക് നിർദ്ദേശിക്കുന്നത് സഹായകരമാകും.
 
മുരളി തുമ്മാരുകുടി

Leave a Comment