പൊതു വിഭാഗം

ഷർട്ടിടാത്ത ചിത്രങ്ങൾ

ഇന്ന് വിജയദശമിയാണ്, എന്റെ ഓർമ്മയിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നത് എന്നെ എഴുത്തിനിരുത്തിയ ദിവസമാണ്. അന്പത് വർഷം ആയിക്കാണണം.

എടത്തലയിൽ ഞങ്ങൾ മാളിക എന്ന് വിളിക്കുന്ന ഉണ്ണിച്ചേട്ടന്റെ വീട്ടിലാണ് ചടങ്ങ്, എന്റെ കൊച്ചു വല്യച്ചനും ജ്യോത്സ്യനും നാട്ടുകാർക്കൊക്കെ അച്ചുമ്മാവനും ആയ കിഴുപ്പിള്ളിൽ അച്യുതൻ നായരാണ് അന്ന് കുട്ടികളെ എല്ലാം എഴുത്തിനിരുത്തുന്നത്. അതിന് വേണ്ടി തന്നെ വെങ്ങോലയിൽ നിന്നും എടത്തലക്ക് പോയി. രാവിലെ കുളത്തിൽ പോയി കുളിച്ചു മാളികയിൽ എത്തി. അവിടെ സുമതിചേച്ചിയുടെ മകനും എന്റെ സമപ്രായക്കാരനും ആയ നന്നു (നന്ദകുമാർ) ഉണ്ട്, എന്റെ കൊച്ചച്ചന്റെ മകൻ ജയൻ ഉണ്ട്, അമ്മായിയുടെ മകളുടെ മകൻ ആനന്ദൻ ചേട്ടൻ ഉണ്ട് (ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല), പിന്നെ നാട്ടിലെ ഏതോക്കെയോ പരിചയമില്ലാത്ത കുട്ടികൾ ഉണ്ട്.

അന്ന് ഞാൻ അവിടിരുന്ന് കരയാൻ തുടങ്ങി. എഴുതാനുള്ള മടിയാണെന്ന് എല്ലാവരും കരുതി. അന്ന് ഞാൻ ഇന്നത്തെപോലെ എല്ലാവരോടും വായാടിയല്ല, വർത്തമാനത്തിൽ അല്പം കൊഞ്ഞ ഉള്ളതുകൊണ്ട് ഞാൻ പറയുന്നത് എല്ലാവർക്കും മനസ്സിലാവുകയും ഇല്ല. അമ്മ ആണെങ്കിൽ അടുത്തില്ല താനും.

“എന്താ മോനെ കരയുന്നത്?” എന്ന് ദേവുകുട്ടി ചേച്ചി (അനന്തൻ ചേട്ടന്റെ അമ്മ) എന്നോട് ചോദിച്ചു.

“ഞാൻ ഷർട്ട് ഇട്ടിട്ടില്ല” ഞാൻ വിതുമ്പി.

സംഗതി ശരിയാണ്. അക്കാലത്ത് വീടുകളിൽ കുട്ടികൾ ഷർട്ടിടുന്ന പതിവില്ല. ഞാൻ പെരുമ്പാവൂരിൽനിന്ന് വെങ്ങോലയിൽ പോകുന്നത് പോലും ഷർട്ടിടാതെ ആണ്. പക്ഷെ മറ്റുള്ള എല്ലാ കുട്ടികളും അന്ന് ഷർട്ടിട്ടാണ് വന്നിരിക്കുന്നത്.

“അതിനാണോ മോൻ കരയുന്നത്, ഷർട്ടൊക്കെ ഇപ്പൊ വരില്ലേ ?” എന്നുപറഞ്ഞത് ഉണ്ണിച്ചേട്ടൻ ആണ്. അന്നും ഇന്നും എന്നോട് ഏറ്റവും സ്നേഹത്തോടെയും കരുതലോടെയും മാത്രമേ ഉണ്ണിച്ചേട്ടൻ സംസാരിച്ചിട്ടുള്ളൂ.

ആരോ അമ്മായിയുടെ വീട്ടിൽ പോയി ഷർട്ടെടുത്തുകൊണ്ടു വന്നു. ഞാൻ അതിട്ടു. എന്റെ കരച്ചിലും നിന്നു.

വല്യച്ഛൻ ഓരോരുത്തരെ ആയി വിളിച്ചു മടിയിലിരുത്തി സ്നേഹപൂർവ്വം ആദ്യാക്ഷരങ്ങൾ എഴുതിക്കുകയാണ്. വലിയ തളികയിൽ അരിയിട്ട് അതിലാണെന്നാണ് എന്റെ ഓർമ്മ, ശരിയാവണം എന്നില്ല. വിരലിൽ കൈ പിടിച്ചു “ഹരിശ്രീ ഗണപതായേ നമഃ” എന്നെഴുതും. അത് കഴിഞ്ഞു ഒരു കഷണം ശർക്കര കൊടുക്കും, ഒരുമ്മയും.

എന്റെ ഊഴം ആയി. വല്യച്ഛൻ എന്നെ മടിയിലിരുത്തി. കരയുന്നത് കണ്ടതുകൊണ്ട്‌ അല്പം കൂടുതൽ വാത്സല്യം ഉണ്ട്.

“മോൻ ചായ കുടിച്ചോ”

“ഉവ്വ”

“എന്നാൽ എഴുതാം”

“ഉം”

വല്യച്ഛൻ എന്റെ വിരലിൽ പിടിച്ചു. ഞാൻ കുതറി

“വല്യച്ഛൻ കയ്യിൽ നിന്ന് വിടൂ, ഞാൻ എഴുതാം”.

കമ്മൂണിസ്റ്റുകാരൻ ആയിരുന്ന എന്റെ അമ്മാവൻ എന്നെ എഴുത്തിനിരുത്തുന്നതിന് മുൻപ്, രാഹുകാലവും വിജയദശമിയും ഒന്നും നോക്കാതെ ഇറയത്ത് മണൽവിരിച്ച് അതിൽ എന്നെ ഹരിശ്രീ മാത്രമല്ല, അക്ഷരമാല മുഴുവൻ പഠിപ്പിച്ചിരുന്നു.

വല്യച്ഛനും മറ്റുള്ളവരും നോക്കിനിൽക്കെ ഞാൻ ‘ഹരിശ്രീ’ മൊത്തം എഴുതി. വല്യച്ഛൻ തലയിൽ കൈ വച്ച് സ്നേഹപൂർവ്വം അനുഗ്രഹിച്ചു. ശർക്കരയും ഉമ്മയും കിട്ടി.

ഇന്നിപ്പോൾ ഷർട്ടിടാതെ മറ്റുളളവരുടെ മുന്നിൽ നിൽക്കാനുള്ള അപകർഷതബോധം ഇല്ലാതായത് വിദ്യ തന്ന ശക്തി തന്നെയാണ്.

‘ഹരിശീ ഗണപതായേ നമഃ’ എന്ന് എഴുതി പഠിപ്പിച്ച കമ്മൂണിസ്റ്റുകാരനായ അമ്മാവനും അറിയുന്നതെന്തും സ്വന്തമായി എഴുതാൻ അനുവദിച്ച ജ്യോൽസ്യനായ വല്യച്ഛനും ഇന്നില്ല. അവരുടെ ഓർമ്മകൾ എന്നും എന്റെകൂടെ ഉണ്ടായിരിക്കുകയും ചെയ്യും.

മുരളി തുമ്മാരുകുടി

Leave a Comment