പൊതു വിഭാഗം

ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക്ക്…

ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. ലോകത്തെമ്പാടും അതിന്റെ ആഘോഷവും. പ്രധാന പരിപാടി നടക്കുന്നത് ഡൽഹിയിലായതിനാൽ ഞങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഉൾപ്പടെയുള്ളവർ ഇന്ന് ഡൽഹിയിലുണ്ട്. പ്ലാസ്റ്റിക്ക് മലിനീകരണത്തെ തോൽപ്പിക്കുക (#BeatPlasticPollution) എന്നതാണ് ഈ വർഷത്തെ പ്രധാന വിഷയം.

 

മനുഷ്യന് വളരെ സൗകര്യപ്രദമായ ഒന്നാണ് പ്ലാസ്റ്റിക്. അതുകൊണ്ടു തന്നെയാണ് അതിത്രയും പോപ്പുലർ ആയതും. ഇന്ന് പ്ലാസ്റ്റിക്ക് മാലിന്യം ലോകമെമ്പാടുമുള്ള വലിയ പ്രശ്നമാണ്. ആഴക്കടലിൽ, എവറസ്റ്റിന്റെ മുകളിൽ, അന്റാർട്ടിക്കയിൽ എന്നിങ്ങനെ മനുഷ്യൻ ചെന്നിട്ടുള്ളതും ചെന്നിട്ടില്ലാത്തതുമായ എല്ലാ സ്ഥലങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുണ്ട്. ധാരാളം മൃഗങ്ങളെ അത് നേരിട്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്നു. ഈ വലിയ വിപത്തിനെ തടയാനാണ് ഈ വിഷയം ഞങ്ങൾ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.

 

പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം കേരളം ഒരു പ്രത്യേക പ്രതിസന്ധിയിലാണ്. സാമ്പത്തികമായി ഉണ്ടായ ഉന്നമനത്തിന്റെ ഫലമായി കാട് കൈയേറി കൃഷി ചെയ്യേണ്ടതിന്റെയും മലിനീകരണം ഉണ്ടാക്കുന്ന ഫാക്ടറികൾ സ്ഥാപിച്ചു തൊഴിൽ ഉണ്ടാക്കേണ്ടതിന്റെയും ആവശ്യം നമുക്കില്ല. വാസ്തവത്തിൽ വെറുതെ കിടക്കുന്ന ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമി പ്രകൃതിയിലേക്ക് തിരിച്ചു വിടാവുന്നതുമാണ്. കേരളത്തിൽ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വസ്തുക്കളുടെയും നിർമ്മാണ മലിനീകരണം മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമാണ് നടക്കുന്നത്. തുണിയും കാറും ഉണ്ടാക്കുന്ന ഫാക്ടറിയുമായി കേരളത്തിലേക്ക് ആരും വരുന്നില്ല, നമ്മൾ ഓടി അതിൻറെ പുറകെ പോകുന്നുമില്ല. നല്ല കാര്യമാണ്.

 

സാമ്പത്തിക വളർച്ച മറ്റൊന്ന് കൂടി ചെയ്തു. മനുഷ്യനേയും പ്രകൃതിയെയും തമ്മിൽ അകലത്തിലാക്കി. എന്നാൽ നമ്മൾ പ്രകൃതിയിലുള്ള ആശ്രയം തീരെ ഉപേക്ഷിച്ചിട്ടില്ല താനും.  ഫ്ളാറ്റിലേയും ഫാക്ടറിയിലേയും മലിനജലം പുഴയിലേക്കും തോട്ടിലേക്കും ഒഴുക്കുന്നു. കുടിവെള്ളം കുപ്പിയിലും, കുളി പൈപ്പ് വെള്ളത്തിലുമാകുമ്പോൾ പുഴയും കിണറും മലിനമാകുന്നത് വലിയ പ്രശ്നമായി നമുക്ക് തോന്നില്ല. പക്ഷെ എന്തിനും ഒരു പരിധിയുണ്ട്. നമ്മുടെ വളർച്ചയുടെ ബാക്കിപത്രമാകുന്ന മാലിന്യങ്ങൾ എല്ലാക്കാലത്തും പ്രകൃതി താങ്ങില്ല. കൊതുകായും, പട്ടിയായും, പനിയായും അത് നമ്മെ തിരിഞ്ഞു കടിക്കുന്നുണ്ട്. മനുഷ്യൻ റോഡിലേക്കെറിയുന്ന പ്ലാസ്റ്റിക്ക്, ചെറുകണങ്ങളായി (മൈക്രോപ്ലാസ്റ്റിക്ക്) ഭക്ഷണത്തിന്റെ ശ്രുംഖലയിലൂടെ തിരിച്ചു നമ്മുടെ ശരീരത്തിൽ എത്തുന്നുണ്ട്.

 

ഒറ്റ ദിവസം കൊണ്ട് പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുക എളുപ്പമല്ല. പക്ഷെ, നാളെ മുതൽ ചെയ്യാവുന്ന ഒന്നുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള പ്ലാസ്റ്റിക്ക് സാധനങ്ങളിൽ ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിച്ച് എറിഞ്ഞു കളയുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം എങ്കിലും നിർത്താൻ ശ്രമിക്കുക.

 

പ്ലാസ്റ്റിക്ക് സ്ട്രോയുടെ ഉപയോഗം നിർത്തിയാണ് ഞാൻ ഈ യുദ്ധം തുടങ്ങുന്നത്. നിങ്ങളോ?

 

മുരളി തുമ്മാരുകുടി.

 

Leave a Comment