പൊതു വിഭാഗം

ശ്രദ്ധയുടെ സമ്പദ്‌വ്യവസ്ഥ.

കഴിഞ്ഞ നൂറു കൊല്ലത്തിൽ ലോകം വളരെ മാറി. കേരളത്തിൽത്തന്നെ ആയുർദൈഘ്യം കൂടി, ഭക്ഷ്യസുരക്ഷ മെച്ചപ്പെട്ടു, കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളുണ്ടായി, തൊഴിലിനും വിനോദത്തിനുമായി ധാരാളം ആളുകൾ യാത്രചെയ്തു തുടങ്ങി. ലോകത്തെ ഒട്ടു മിക്ക സ്ഥലങ്ങളും ഇത്തരം പുരോഗതിയുടെ പാതയിലാണ്.

എന്നാൽ ഒരു ദിവസത്തിൽ മനുഷ്യന് എത്ര സമയമുണ്ട് എന്ന കാര്യത്തിൽ മാത്രം ഒരു മാറ്റവുമുണ്ടായിട്ടില്ല. അന്നുമിന്നും അത് ഇരുപത്തിനാല് മണിക്കൂർ തന്നെ. ഇതിൽ തൽക്കാലം മാറ്റമൊന്നും ഉണ്ടാകാനും പോകുന്നില്ല.

ഇതത്ര വലിയ സംഭവമാണോ എന്ന് തോന്നാമെങ്കിലും ഇരുപത്തിനാല് മണിക്കൂറിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു എന്നതാണ് കാര്യം.

എന്റെ ചെറുപ്പകാലത്ത് രാവിലെ ഒൻപത് മണിയാകും വീട്ടിൽ മാതൃഭൂമി പത്രം വരാൻ. തലക്കെട്ട് തൊട്ട് ചരമക്കോളം വരെ വായിച്ചാലും ഒരു മണിക്കൂറേ ആകൂ. പത്രം വായിച്ചുവെച്ചാൽ പിന്നെ പിറ്റേന്ന് ഒൻപതു മണി വരെ മാതൃഭൂമിയെപ്പറ്റി അന്വേഷണമില്ല.

എന്നാലിപ്പോൾ അങ്ങനെയാണോ സ്ഥിതി? ജനീവയിലിരിക്കുന്ന എനിക്ക് ഇന്നുരാത്രി തന്നെ നാളത്തെ മാതൃഭൂമി വായിക്കാം. നേരം വെളുത്താലുടൻ മറുനാടൻ മലയാളി. പിന്നെ മനോരമ, ലോകകാര്യങ്ങളറിയാൻ ബി ബി സി. ഇതു നാലും ദിവസം നാലുതവണയെങ്കിലും മാറിമാറി നോക്കും. അതിനിടയിൽ പുതിയ ബ്രേക്കിങ് ന്യൂസ് വല്ലതുമുണ്ടെങ്കിൽ അതും. പോരാഞ്ഞിട്ട് “മോഹൻലാലിനെപ്പറ്റി, മമ്മൂട്ടി സത്യൻ അന്തിക്കാടിനോട് പറഞ്ഞതുകേട്ടാൽ നിങ്ങൾ ഞെട്ടും” എന്ന തരത്തിലുള്ള ക്ലിക്ക് ബൈറ്റ് കണ്ടാൽ അതിന്റെ പുറകെ പോകാനും സമയം കണ്ടെത്തണം. വേണമെങ്കിൽ ഇരുപത്തിനാല് മണിക്കൂറും ക്ലിക്ക് ചെയ്തു വായിക്കാൻ മാത്രം വാർത്തകൾ ദിനവും ലോകത്തുണ്ട്. നമ്മൾ തന്നെ നമുക്ക് നിയന്ത്രണം ഏർപെടുത്തുകയേ പോംവഴിയുള്ളു.

ഇനി പാട്ട് കേൾക്കുന്ന കാര്യമെടുത്താൽ ചെറുപ്പത്തിൽ ഏഴുമണി മുതൽ ഏഴ് ഇരുപത്തിയഞ്ച് വരെ റേഡിയോയിൽ ലളിതഗാനങ്ങൾ. ഉച്ചക്ക് കുറച്ച് ബോറൻ സിനിമാപ്പാട്ടുകൾ ആകാശവാണിയിൽ നിന്നും. വൈകിട്ട് മൂന്നര മുതൽ നാലുവരെ സിലോൺ റേഡിയോയിൽനിന്ന് അതിമനോഹരമായ മലയാള സിനിമാപ്പാട്ടുകൾ. രാത്രി കണ്ടതും കേട്ടതും, ശങ്കരനാരായണനും രാമചന്ദ്രനും വായിക്കുന്ന മൂന്നോ നാലോ വാർത്താ ബുള്ളറ്റിനുകൾ, ആഴ്ചയിൽ ഒരു റേഡിയോ നാടകം, കഴിഞ്ഞു. പരമാവധി രണ്ടുമണിക്കൂറേയുള്ളൂ നമുക്കിഷ്ടപ്പെട്ട പരിപാടികൾ. ഇപ്പോൾ യു ട്യൂബിൽ ഓരോ ലിങ്കിൽ നിന്നും മാറിമാറി പാട്ടുകേട്ടാലും ഞാൻ മരിക്കുന്നതുവരെ അതിലുള്ളതിന്റെ ഒരു ശതമാനം പോലും എത്തില്ല.

വായനയുടെയും കേൾവിയുടെയും ലോകത്തുനിന്ന് കാഴ്ചയുടെ ലോകത്തെത്തിയാൽ സ്ഥിതി പിന്നെയും ഗുരുതരമാണെന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ വിശദീകരിക്കുന്നില്ല. ഒരു ഇന്റർനെറ്റ് മിനിറ്റിൽ സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ. നമ്മുടെ ഒരു വർഷം ഉപയോഗിക്കാനുള്ള വകയാണ് ഓരോ മിനിറ്റിലും ഉണ്ടായി വരുന്നത്.

സൗഹൃദങ്ങളുടെ ലോകവും ഇങ്ങനെയൊക്കെത്തന്നെയാണ്. പത്തു ബന്ധുക്കളും ഇരുപത് സുഹൃത്തുക്കളുമായി തുടങ്ങിയ നമ്മുടെ ഫേസ്‌ബുക്കിൽ ഇപ്പോൾ പതിന്മടങ്ങ് സൗഹൃദങ്ങളാണ്. ലിങ്ക്ഡ് ഇന്നിലും ഇ-മെയിലിലും ഇൻസ്റ്റാഗ്രാമിലുമായി അതങ്ങനെ ലോകം മുഴുവൻ പരന്നുകിടക്കുന്നു. ഇതിനെ ഓരോന്നിനെയും ലൈക്കും കമന്റും കൊടുത്ത് വേണ്ടതുപോലെ പരിപോഷിപ്പിക്കയും വേണം.

ഇതെല്ലാം നല്ല കാര്യമാണെങ്കിലും നമുക്ക് ഇപ്പോഴും സമയം 24 മണിക്കൂറേ ഉള്ളു. ഇവിടെയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വിലക്കൂടുതലുള്ള ഉൽപ്പന്നം നമ്മുടെ ‘ശ്രദ്ധ’ (attention) ആകുന്നത്. നമ്മുടെ ശ്രദ്ധയെ കുറച്ചുനേരത്തേക്കെങ്കിലും കിട്ടാനാണ് മറ്റുള്ളവരെല്ലാം ശ്രമിക്കുന്നത്. ഇത് നമ്മുടെ ബന്ധുക്കളാകാം, സുഹൃത്തുക്കളാകാം, രാഷ്ട്രീയക്കാരാകാം, കലാകാരൻമാരോ കച്ചവടക്കാരോ ആകാം. ഇതൊന്നുമല്ലാത്ത എന്നെപ്പോലുള്ള ഫേസ്‌ബുക്ക് മുതലാളിമാർ ആകാം. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നവർക്കേ ഈ സമ്പദ്‌വ്യവസ്ഥയിൽ നിലനിൽപ്പുള്ളൂ. ശ്രദ്ധ കിട്ടിയാൽ അതിനെ പണമായി മാറ്റുക വിഷമമല്ല. അതിനാലാണ് ഇതിനെ ‘attention economy’ എന്നുപറയുന്നത്.

ഫേസ്ബുക്കും ഗൂഗിളുമെല്ലാം നമുക്ക് ഫ്രീയായി ഇമെയിലും പ്രൊഫൈൽ പേജുമൊക്കെ തന്ന് പകരം മേടിക്കുന്നത് നമ്മുടെ ‘സമയം’ ആണ്. ഈ സമയത്തെയാണ് അവർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവിറ്റ് പണമുണ്ടാക്കുന്നത്. ഫേസ്ബുക്കും ഗൂഗിളും അവരെ കുറച്ചു സമയത്തേക്ക് നമ്മുടെ മുന്നിൽ കൊണ്ടുന്നാലും നമ്മുടെ ശ്രദ്ധ കിട്ടാൻ എന്തുചെയ്യണം എന്നതാണ് കച്ചവടക്കാരും രാഷ്ട്രീയക്കാരുമൊക്കെ ഗവേഷണം നടത്തുന്നത്. നമ്മുടെ ശ്രദ്ധ കിട്ടിക്കഴിഞ്ഞാൽ പിന്നെ നമ്മളെക്കൊണ്ട് എന്തും ചെയ്യിക്കാം എന്ന് മിടുക്കന്മാർ മനസ്സിലാക്കിക്കഴിഞ്ഞു. അത് നമ്മെക്കൊണ്ട് വോട്ട് ചെയ്യിക്കുന്നതോ, വിമാനടിക്കറ്റ് വാങ്ങിപ്പിക്കുന്നതോ, കുട്ടിക്ക് വാക്സിനേഷൻ എടുപ്പിക്കാതിരിക്കുന്നതോ ആകാം.

നമ്മൾ എന്ത് വായിച്ചാലും കേട്ടാലും തീരുമാനമെടുക്കുന്നത് നമ്മളല്ലേ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. ചുമ്മാതാ. സമൂഹമാധ്യമത്തിൽ സ്ഥിരം വ്യവഹരിക്കുന്നവരുടെ തീരുമാനങ്ങൾ അവർക്കുവേണ്ടി എടുക്കപ്പെടുകയാണ്. അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ റഷ്യയിലിരുന്ന് നിയന്ത്രിക്കപ്പെട്ടോ എന്നാണിപ്പോൾ ഗവേഷണം നടക്കുന്നത്. കൃത്രിമ വർത്തകളും ട്രോളുകളും സൃഷ്ടിക്കുകയോ, അവയെ പണം കൊടുത്ത് പ്രമോട്ട് ചെയ്യുകയോ ചെയ്താണ് ഇത് സാധിച്ചത്. അങ്ങനെ വോട്ടർമാരുടെ തീരുമാനങ്ങളെ അവർ അറിയാതെ സ്വാധീനിക്കാം. ഖലീൽ ജിബ്രാന്റെ പ്രശസ്തമായ
Your children are not your children.
They are the sons and daughters of Life’s longing for itself.
They come through you but not from you,
And though they are with you yet they belong not to you.
എന്നുള്ളത് മാറ്റി
Your decisions are not decisions
They are the results of somebodys longing for power and money
They come through you but not from you
And though they impact you, yet you have no impact on them

എന്ന് പാടേണ്ടി വരും..
“അപ്പോൾ ജ്യോൽസ്യരെ, ഇതിനൊരു പരിഹാരം ഇല്ലേ ?”

നമ്മൾ അറിയുന്നതിലും ശക്തി ഇന്റെർനെറ്റ് ഭീമന്മാർക്ക് ഉണ്ട് എന്ന കാര്യം വികസിത രാജ്യങ്ങളിൽ കുറച്ചു പേരെങ്കിലും മനസ്സിലാക്കിക്കഴിഞ്ഞു. അതേസമയം ആ ശക്തി എത്രയാണെന്നോ എങ്ങനെ നിയന്ത്രിക്കാമെന്നോ അതിന്റെ സൃഷ്ടാക്കൾക്ക് പോലും ഇപ്പോൾ അറിയില്ല. എങ്ങനെയാണ് ഇത്തരം കുഴപ്പങ്ങൾ ഒഴിവാക്കുന്നത്? ഇവ ഒഴിവാക്കുന്നതിന് ഡിജിറ്റൽ ഭീമന്മാർക്ക് എന്ത് ഉത്തരവാദിത്തമാണുള്ളത്? എന്തൊക്കെ ചർച്ചകളാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്? ഒറ്റമൂലികൾ കൊണ്ട് തീർക്കാവുന്ന രോഗമല്ല, കടുത്ത പ്രയോഗങ്ങൾ വേണ്ടിവരും. പക്ഷെ തൽക്കാലത്തേക്ക് സമൂഹം അതിന് തയ്യാറല്ല. കാരണം പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്ന സൗകര്യങ്ങൾ എല്ലാവർക്കും വ്യക്തമാണ്, പക്ഷെ അവ നമ്മുടെ ചിന്തകളെയും തീരുമാനങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്ന് ഇപ്പോഴും വ്യക്തമല്ല. അത് മനസ്സിലാക്കി വരുമ്പോൾ അത് മാറ്റി തീരുമാനമെടുക്കാൻ നമുക്ക് സാധിക്കുമോ ?

ലോകത്ത് ജനാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം തെറ്റായ തീരുമാനങ്ങൾ മാറ്റിയെടുക്കാൻ സമൂഹത്തിന് സാധിക്കും. പക്ഷെ സമൂഹ മാധ്യമം ജനാധിപത്യത്തെയും വഴിതെറ്റിക്കുകയാണ്. മുൻപ് പറഞ്ഞതുപോലെ 2021-ലെ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വടക്കേ ഇന്ത്യയിൽ നിന്നോ വിദേശങ്ങളിൽ നിന്നുതന്നെയോ കള്ള വാർത്തകളും പ്രചാരണങ്ങളും കൊണ്ട് നിയന്ത്രിക്കപ്പെട്ടാൽ അത്ഭുതപ്പെടേണ്ടതില്ല. ഇപ്പോഴും മൈതാനപ്രസംഗവും കേരളയാത്രയുമായി നടക്കുന്ന പാർട്ടികൾ പുതിയകാല തന്ത്രങ്ങൾ മനസ്സിലാക്കി വരുമ്പോഴേക്കും ഭരണം കൈയാളുന്നത് ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാത്തവരാകും.

ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി കൂടുതൽ പറയാനുണ്ട്. പക്ഷെ ഇന്ന് അല്പം തിരക്കുണ്ട്. വിശ്വപ്രഭ രണ്ടുദിവസത്തേക്ക് ജനീവയിലുണ്ട്. ഇതൊക്കെ തന്നെയായിരിക്കും ഇവിടെയും ചർച്ച. പിന്നീട് ഇക്കാര്യം വീണ്ടും പറയാം…

Leave a Comment