പൊതു വിഭാഗം

ശാസ്ത്രത്തെ കെട്ടിപ്പിടിക്കുമ്പോൾ…

നമ്മുടെ യുവ ഡോക്ടർമാരുടെ സംഘം കേരളത്തിലെ മൊത്തം വാക്സിൻ വിരുദ്ധരുമായി പടവെട്ടിയിട്ട് ഒരു വർഷം പോലും ആയിട്ടില്ല. അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായല്ല, നമ്മുടെ പുതിയ തലമുറയിലെ കുട്ടികൾ ആരോഗ്യത്തോടെ വളരാനും, പൊതുജനാരോഗ്യം സംരക്ഷിക്കാനും, കേരളത്തെ ആരോഗ്യ രംഗത്ത് ഇന്ത്യയിലെ നമ്പർ വൺ ആയി നിലനിർത്താനും, ലോക നിലവാരത്തോട് അടുപ്പിക്കാനും വേണ്ടിയാണ്.
 
എന്തൊക്കെ പ്രതിബന്ധങ്ങൾ ആയിരുന്നു അവർ നേരിട്ടത് ! ഫേസ്ബുക്കിൽ ഗോഗ്വാ വിളി, മരുന്ന് കമ്പനിക്കാരുടെ ഏജന്റ് ആണെന്ന ആരോപണം, സ്വയം കുത്തിവയ്‌പ്പെടുത്തു തെളിയിക്കാൻ വെല്ലുവിളി, പോരാത്തതിന് ഉന്തും തള്ളും വരെ അവർ നേരിട്ടൂ.
 
എതിർപ്പ് വന്നത് ഒരു കൂട്ടരിൽ നിന്നു മാത്രം ആയിരുന്നില്ല. ശാസ്ത്രത്തിന്റെ അടിസ്ഥാന ബോധമില്ലാത്ത വൈദ്യരംഗത്ത് നിന്ന്, പ്രാകൃത ചികിത്സക്കാരിൽ നിന്ന്, മത തീവ്രവാദികളിൽ നിന്ന്, കുറച്ചു ശാസ്ത്രവും കൂടുതൽ ഗൂഢാലോചന സിദ്ധാന്തവും കൂട്ടിക്കുഴച്ചവരിൽ നിന്ന്. എന്നിട്ടും ശാസ്ത്രത്തെ അടിസ്ഥാനമാക്കി വൈദ്യം പഠിച്ചവരും പ്രാക്ടീസ് ചെയ്യുന്നവരും പിടിച്ചു നിന്നു.
നിപ്പ വന്നപ്പോൾ കഥയാകെ മാറി. ആധുനിക വൈദ്യശാസ്ത്രം മാത്രമാണ് ഈ പ്രതിസന്ധി സമയത്ത് നമ്മുടെ സമൂഹത്തെ രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത്. രോഗം ബാധിച്ചാൽ മരിക്കാനുള്ള സാധ്യത പത്തിൽ ഏഴിൽ കൂടുതൽ ആയിട്ടും, വ്യക്തിസുരക്ഷക്കുള്ള സൗകര്യങ്ങൾ പരിമിതമായിട്ടും, സ്വന്തം ജീവനിലും വലുത് രോഗിയുടെ സംരക്ഷണവും സമൂഹത്തിന്റെ ആരോഗ്യവും ആണെന്ന് ചിന്തിച്ച് നമ്മുടെ ഡോക്ടർമാരും നേഴ്‌സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും ഈ യുദ്ധം മുന്നിൽ നിന്നു നയിക്കുകയാണ്. ആദ്യത്തെ വീരവാദത്തിന് ശേഷം ഒരു വാക്സിൻ വിരുദ്ധരും തൃശൂര് നിന്ന് വടക്കോട്ട് ട്രെയിൻ കയറുന്നില്ല.
ഇന്നിപ്പോൾ നിപ്പക്ക് ഒരു വാക്സിൻ ഉണ്ടെന്ന് ഇതേ ഡോക്ടർമാർ പറഞ്ഞുവെന്ന് കരുതുക. നാളെ മുതൽ കേരളത്തിലെ ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യുന്ന ആശുപത്രികളുടെ മുന്നിൽ ആൾക്കൂട്ടം നിയന്ത്രിക്കാൻ പോലീസിനെ നിർത്തേണ്ടി വരും. പ്രാകൃത ചികിത്സക്കാർ തൊട്ട് ഗൂഢാലോചന സിദ്ധാന്തക്കാർ വരെ അവരുടെ സിദ്ധാന്തം മാറ്റിവെച്ച് തലയിൽ മുണ്ടിട്ട് വാക്സിൻ എടുക്കാൻ ശ്രമിക്കും.
 
ഇപ്പോൾ തന്നെ സമൂഹത്തിന്റെ പെരുമാറ്റത്തിൽ നിന്നും ഈ കാര്യം വ്യക്തമാണല്ലോ. എല്ലാത്തരം ആരാധനാലയങ്ങളിലും ആളു കുറഞ്ഞു, കോഴിക്കോട് പ്രദേശത്ത് പേരുകേട്ട ആരാധനാലയങ്ങൾ വരെ വിജനമാണ്. പ്രാർത്ഥിച്ചു രോഗം മാറ്റുന്നവരും ഓതിയും ചരടുകെട്ടിയും രോഗത്തെ പ്രതിരോധിക്കുന്നവരും തൽക്കാലം അതൊക്കെ മാറ്റിവെച്ചിരിക്കുകയാണ്.
 
വാസ്തവത്തിൽ ഇതൊരു നല്ല കാര്യമാണ്. ഇത്രയൊക്കെയേ ഉള്ളൂ നമ്മുടെ ശാസ്ത്ര വിരുദ്ധത. ഒരു നൂറു കൊല്ലം മുൻപായിരുന്നെങ്കിൽ ഒരു മഹാമാരി ഉണ്ടാകുമ്പോൾ ആളുകൾ ആരാധനാലയങ്ങളിലേക്ക് ഇരച്ചു ചെന്നേനെ. ദൈവകോപം പോലെ എന്തെങ്കിലും മണ്ടത്തരം പറഞ്ഞു മതങ്ങളും, ഒറ്റമൂലിയുടെ കഥപറഞ്ഞു വ്യാജന്മാരും ആളുകളുടെ കാശു പിടുങ്ങിനെയേനേ. പ്രശ്നം ഇതിലൊക്കെ എത്രയോ അധികം വഷളാക്കിയേനെ. കഴിഞ്ഞ നൂറ്റാണ്ടിലെ വസൂരിക്കാലവുമായി ഇതിനെ ഒന്ന് താരതമ്യപ്പെടുത്തിയാൽ മതി.
 
ഒരു കാര്യത്തിൽ നമുക്ക് ആശ്വസിക്കാം. അന്ധവിശ്വാസത്തിന്റേയും, അശാസ്ത്രീയതയുടെയും, അതിനെ മുതലെടുക്കുന്നവരുടെയും കുറച്ചു തുരുത്തുകൾ നമ്മുടെ സമൂഹത്തിൽ ബാക്കിയുണ്ടെങ്കിലും പൊതുവിൽ നമ്മുടെ ശാസ്ത്രബോധം മുന്നോട്ട് തന്നെയാണ് പോക്ക്. അല്പം ഒന്ന് പേടിച്ചാൽ മാത്രമേ അത് പുറത്തു വരൂ എന്നുമാത്രം. ഈ പ്രശ്നമൊക്കെ കഴിഞ്ഞാൽ ആരാധനാലയങ്ങൾ വീണ്ടും സജീവമാകും. “ദൈവം രക്ഷിച്ചു” എന്ന് വിശ്വാസികൾ പറയും, പ്രാകൃത ചികിത്സക്കാർ പുതിയ സിദ്ധാന്തങ്ങളുമായി രംഗത്തെത്തും. എന്നാലും പൊതുസമൂഹത്തിൽ അവരുടെ വിശ്വാസ്യത കുറയും, അടുത്ത വാക്സിൻ കാലമാകുമ്പോൾ ഇവരുടെ പരിപ്പ് പഴയതു പോലെ വേവാതാകും.
 
സമൂഹത്തിലെ അശാസ്ത്രീയ ചിന്തകൾക്കെതിരെ എഴുത്തുകൊണ്ടും, സമൂഹത്തെ നേരിടുന്ന രോഗത്തെ പ്രവർത്തികൊണ്ടും നേരിടുന്ന, ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ നമ്മുടെ അഭിമാനമാണ്. തലമുറകളായി സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവർത്തിച്ച ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രചാരകരുടെ അർഹതപ്പെട്ട പിൻ തലമുറക്കാരും ആണ്.
 
കേരളത്തിന് ഒരു ‘കേരള രത്ന’ അവാർഡ് ഉണ്ടായിരുന്നെങ്കിൽ അത് ഈ വർഷം നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് അവകാശപ്പെട്ടതാണ്. അവരോടുള്ള എൻറെ സ്നേഹവും ബഹുമാനവും നിസ്സീമമാണ്. ജനീവയിൽ ആണെങ്കിലും എൻറെ മനസ്സും ചിന്തയും അവരോടൊപ്പം മാത്രമാണ്.
 
മുരളി തുമ്മാരുകുടി
 

Leave a Comment