പൊതു വിഭാഗം

വ്യാജ എൻജിനീയർ?

വ്യാജന്മാരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഞങ്ങൾ എൻജിനീയർമാരെ കണ്ടു പഠിക്കണം.
ബിൽ ഗേറ്റ്സ് കംപ്യൂട്ടർ സയൻസ് പഠിക്കാൻ പോയിട്ട് ഇട്ടിട്ട് പോയതാണ്. എന്നിട്ട് ഞങ്ങൾ പുള്ളിയെ വ്യാജൻ ആക്കി മാറ്റി നിർത്തിയോ? സോഫ്ട്‍വെയർ എന്ജിനീയറിങ്ങിന്റെ തലതൊട്ടപ്പൻ ആക്കി.
ലേ കോർബുസേ (Le Corbusier) എഞ്ചിനീയറിങ്ങ് കോളേജിന്റെ പടി പോലും കണ്ടിട്ടില്ല. എന്നിട്ടും ഞങ്ങൾ എൻജിനീയർമാരുടെയും ആർക്കിടെക്ടുമാരുടെയും ഗുരുസ്ഥാനീയൻ ആണ്.
ഇനിയും എത്ര പേരുടെ പേര് വേണമെങ്കിലും പറയാം. അതൊന്നും വേണ്ട. ഈ എഞ്ചിനീയറിങ്ങ് കോളേജ് ഒക്കെ ഉണ്ടാകുന്നതിന് മുൻപ് തന്നെ എൻജിനീയർമാർ ഉണ്ടായിരുന്നു. കൊളോസിയവും റോമൻ റോഡുകളും ഉണ്ടാക്കിയത് ഏത് എഞ്ചിനീയറിങ്ങ് കോളേജിൽ പഠിച്ചവരാണ്? കപ്പൽ ഉണ്ടാക്കി സഹസ്രാബ്ദം കഴിഞ്ഞാണ് ഷിപ്പ് ടെക്‌നോളജിയിൽ ബിരുദം ഉണ്ടാകുന്നത്.
പണി അറിയണം, ഞങ്ങൾക്ക് അത്രേ ഉള്ളൂ.
ഈ പോളി ടെക്നിക്കും സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പണി അറിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് പിന്നെ കുഞ്ഞിരാമൻ ആശാൻ പറഞ്ഞ കാര്യം തന്നെ ചെയ്യുന്നതാണ് ഭംഗി.
അപ്പൊ കോളേജും ഡിഗ്രിയും വേണം, ഒരു തുടക്കത്തിന്. പക്ഷെ അതിലപ്പുറം ആണ് പ്രൊഫഷനിലെ അറിവ്. അത് ഉണ്ടെങ്കിൽ ഡിഗ്രി ഇല്ലെങ്കിലും പരീക്ഷിച്ചു നോക്കി വേണ്ടത്ര അംഗീകാരം കൊടുക്കാനുള്ള സംവിധാനമാണ് പണ്ടുണ്ടായിരുന്നത്.
ഇനി ഒരു ജീവിത കാലത്ത് ആളുകൾ പല തൊഴിൽ എടുക്കേണ്ടി വരുന്ന കാലത്തും ഫോർമൽ ഡിഗ്രിയല്ല പ്രൊഫഷനലിലെ അറിവാണ് പ്രധാനം എന്ന കാലം വരും. പ്രൊഫഷനിലെ അറിവ് ക്രെഡിറ്റാക്കി ഡിഗ്രി ആക്കാവുന്ന കാലം വരും.
അതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി
മുരളി തുമ്മാരുകുടി
(കുഞ്ഞിരാമൻ ആശാൻ – നിനക്ക് പണിയാൻ അറിയോ?
റോയി – ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങ് ഫസ്റ്റ് ക്‌ളാസിൽ പാസ്സായിട്ടുണ്ട്.
കു. ആ. – എന്നാൽ അത് ചുരുട്ടി കോണാൻ ഉടുത്തോ, അവൻറെ ഒരു കെഞ്ചിനീയറിങ്ങ്.)

Leave a Comment