പൊതു വിഭാഗം

വൈകീട്ടെന്താ പരിപാടി?

ബ്രിട്ടിഷ് പാർലിമെൻറിൽ എല്ലാ ബുധനാഴ്ചയും അരങ്ങേറുന്ന ഒരു രംഗമുണ്ട്.

പ്രൈം മിനിസ്റ്റേർസ് ക്വസ്റ്റ്യൻ, (PMQ) എന്നാണതിന്റെ പേര്.

ഉച്ചക്ക് പന്ത്രണ്ട് മണിക്ക് പാർലിമെന്റ് കൂടുന്നു. അവിടെ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേരാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ആയിരുന്നിട്ടെന്താ കാര്യം പാർലിമെൻറിൽ തിക്കിത്തിരക്കിയാണ് അംഗങ്ങൾ ഇരിക്കുന്നത്.

സ്പീക്കർ ഒരംഗത്തിന്റെ പേരു വിളിക്കുന്നു. ആ ആഴ്ച ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ടവരിൽ നിന്നും നറുക്കെട്ടെടുക്കുന്ന ആളെയാണ്.

ഒന്നാമത്തെ ചോദ്യം എല്ലാ ആഴ്ചയും ഒന്നാണ്.

“Mr [or Madam] Speaker, if the PM will list his [her] engagements for the day?”

പ്രധാനമന്ത്രി മറുപടി പറയുന്നു’

“This morning I had meetings with ministerial colleagues and others. In addition to my duties in this House, I shall have further such meetings later today”

അതിനുശേഷം ഏതൊരു വിഷയത്തെപ്പറ്റിയും ആ അംഗത്തിന് ഉപചോദ്യം ചോദിക്കാം. മുൻകൂട്ടി എഴുതി കൊടുക്കേണ്ട കാര്യമില്ല. പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിനെപ്പറ്റി ആകണമെന്നില്ല.

ആദ്യത്തെ ചോദ്യം കഴിഞ്ഞാൽ പ്രതിപക്ഷ നേതാവിന്റെ ഊഴമാണ്. അദ്ദേഹത്തിന് ആറു ചോദ്യങ്ങൾ വരെ പ്രധാനമന്ത്രിയോട് ചോദിക്കാം. ഏതു വിഷയത്തെപ്പറ്റിയും ആകാം. മുൻകൂട്ടി എഴുതി കൊടുക്കേണ്ടത് ഇല്ല.

പ്രതിപക്ഷ നേതാവ് ആറു ചോദ്യവും ഒരുമിച്ച് ചോദിക്കാറില്ല. രണ്ടു ചോദ്യം കഴിഞ്ഞാൽ ഭരണകക്ഷിയിൽ നിന്നും പ്രതിപക്ഷത്തുനിന്നും മാറി മാറി ചോദ്യങ്ങൾ വരും.

എന്തു വിഷയവും ആകും. പ്രധാനമന്ത്രി ഉത്തരം പറയണം എന്നതാണ് പാരന്പര്യം. മറ്റു മന്ത്രിമാരുടെ വകുപ്പാണെങ്കിലും അവർ അടുത്തിരിപ്പുണ്ടെങ്കിലും പ്രധാനമന്ത്രി ഉത്തരം പറയണം.

സംഗതി ലൈവ് ആയി ടെലിവിഷനിൽ ഉണ്ട്.

വൈകുന്നേരത്തെ ചർച്ചയും പിറ്റേന്നത്തെ പത്രങ്ങളുടെ ഹെഡ് ലൈനും ഉണ്ടാകുന്നത് ഇവിടെയാണ്.

പ്രതിപക്ഷനേതാവ് നാളെ പ്രധാനമന്ത്രിയാകാൻ കഴിവുള്ളയാളാണോ എന്ന് ജനം വിലയിരുത്തുന്നത് ഇവിടുത്തെ പ്രകടനം കണ്ടാണ്.

പ്രധാനമന്ത്രിയെ വെള്ളം കുടിപ്പിക്കുക എന്നതാണ് ലക്ഷ്യം.

“കൊല്ലാൻ അവൻ ശ്രമിക്കും, ചാവാതിരിക്കാൻ ഞാനും” എന്ന താഴ്‌വാരത്തിലെ ഡയലോഗ് ഓർമ്മയില്ലേ?

അതുപോലാണ് പ്രധാനമന്ത്രിയുടെ കാര്യം.

വെള്ളംകുടിപ്പിക്കാൻ പ്രതിപക്ഷ നേതാവും എം പിമാരും റെഡി

ലൈവാക്കാൻ മാധ്യമങ്ങൾ റെഡി

വെള്ളം കുടിക്കുന്നത് കാണാൻ നാട്ടുകാർ റെഡി

വിഷയം ഏതാണെങ്കിലും കൃത്യമായി, പറ്റിയാൽ സരസമായി ആകുന്പോൾ പ്രതിപക്ഷത്തിൻറേയും അവരുടെ നേതാവിന്റേയും ചങ്കിനടിച്ചു വേണം മുന്നേറാൻ.

അതിന് തയ്യാറെടുപ്പ് വേണം.

ആ ആഴ്ചയിൽ വരാൻ സാധ്യതയുള്ള വിഷയങ്ങളും ചോദ്യങ്ങളും ആലോചിച്ച് അതിനുള്ള ഉത്തരങ്ങൾ എഴുതി തയ്യാറാക്കിയാണ് പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസ് പാർലിമെൻറിലേക്ക് അയക്കുന്നത്.

അതൊക്കെ വായിച്ചു പഠിച്ചാണ് പ്രധാനമന്ത്രി പാർലിമെന്റിൽ നിൽക്കുന്നത്.

PMQ വിന് പോകുന്ന ടോണി ബ്ലെയറുടെ ഫയൽ നോക്കുക. കൃത്യമായി നോട്ടെഴുതി സൗകര്യത്തിന് സ്ലിപ്പ് ഒട്ടിച്ച് എവർ റെഡിയായിട്ട്.

വാസ്തവത്തിൽ ഇതിന്റെ ഒന്നും ആവശ്യമില്ല.
എന്തു ചോദ്യം വന്നാലും രാഷ്ട്രീയമാക്കുക. ചിന്തിക്കാതെ ഉത്തരം പറയുക, മണ്ടത്തരം പറഞ്ഞാൽ “നാക്കുപിഴ” ആണെന്നു പറഞ്ഞു തടി തപ്പുക, ഇതൊക്കെ സാധ്യമാണ്.

പക്ഷെ ചോദ്യം ചോദിക്കുന്നവരുടെ സമയത്തെയും ഉത്തരം കേൾക്കുന്നവരുടെ സാമാന്യബുദ്ധിയെയും അംഗീകരിക്കുന്നവർ ശരിക്കും ഗൃഹപാഠം ചെയ്യും.

അത്തരത്തിലുഉള്ള ശീലങ്ങൾ കാണാതെ വായിൽ തോന്നുന്നത് ഉത്തരം പറയുകയും ശുദ്ധ അസംബന്ധങ്ങൾ പറഞ്ഞതിന് ശേഷം സ്വന്തം നാവിനേയോ കേട്ടിരിക്കുന്നവരുടെ ബുദ്ധിയേയോ പഴിച്ച് തടിതപ്പുന്ന രാഷ്ട്രീയക്കാരെയാണ് നമുക്ക് ശീലം.

പ്രൊഫഷണൽ ആയി കാര്യങ്ങൾ ചെയ്തു കണ്ടു ശീലിക്കാത്തത് കൊണ്ടാണ് പത്രസമ്മേളനത്തിന് എഴുതിയും വായിച്ചും തയ്യാറായി വരുന്ന മുഖ്യമന്ത്രി വാർത്തയാകുന്നത്. അതെന്തോ അപരാധമെന്നമട്ടിൽ നമ്മൾ തല കുലുക്കുന്നത്.

വാസ്തവത്തിൽ ഒരു തയ്യാറെടുപ്പും ഇല്ലാതെ പത്രക്കാരുടെ മുന്നിൽ വന്നിരുന്ന് എന്തും പറഞ്ഞു പോകുന്ന നേതാക്കൾ കേൾവിക്കാരായ നമ്മളെ സീരിയസ് ആയി എടുക്കുന്നില്ല എന്നാണ് അർത്ഥം.

അത് വാർത്തയാകുന്ന കാലമാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.

മുരളി തുമ്മാരുകുടി

May be an image of 1 person and text that says "06:28 4G Tony Blair Heads To PMQs At Commons LONDON- FEBRUARY Prime Minister Tony Blair leaves Number Downing Street for question Parliamento February Blair suffered major on commons legislation people from stirring up (Photo by Peter Macdiarmid/Getty Images) 거 gettyimages® Peter armd Large 475 ADD TO BASKET gettyimages.ae"

Leave a Comment