പൊതു വിഭാഗം

വേണോ ക്യാംപസിൽ രാഷ്ട്രീയം ?

രാഷ്ട്രീയം എന്ന് പറയുമ്പോൾ നമുക്ക് ഓർമ്മ വരുന്നത് പാർട്ടികളും തിരഞ്ഞെടുപ്പും മന്ത്രിമാരും ഒക്കെയാണ്. കാംപസ് രാഷ്ട്രീയം എന്ന് പറയുമ്പോൾ സമരം, അടിപിടി, കത്തിക്കുത്ത് എന്നതൊക്കെ. അതുകൊണ്ടാണ് ക്യാംപസ് രാഷ്ട്രീയം നിരോധിക്കണം എന്ന് പറയുമ്പോൾ ഏറെ പേർ അതിനെ അനുകൂലിക്കുന്നത്. കാരണം കോളേജിൽ പോകുന്ന കുട്ടികൾ സുരക്ഷിതർ ആയി തിരിച്ചു വരണം, അടിപിടിയും കത്തിക്കുത്തും ഒന്നും ക്യാംപസിന്റെ ഭാഗമാകരുത്.

ഇതൊരു വലിയ തെറ്റിദ്ധാരണ ആണ്. രാഷ്ട്രീയം എന്നത് ഏത് സമൂഹത്തിന്റെയും കൂടപ്പിറപ്പാണ്. ഓഫീസിലും ഫുട്ബാൾ ക്ലബ്ബിലും, അമ്പലക്കമ്മിറ്റിയിലും കന്യാസ്ത്രീമഠത്തിലും ലൈബ്രറിയിലും വനിതാസമാജത്തിലും ഒക്കെ രാഷ്ട്രീയം ഉണ്ട്. എന്തിന്, ഏതു കുടുംബത്തിലും, റെസിഡന്റ്സ് അസോസിയേഷനിലും വരെയുണ്ട് രാഷ്ട്രീയം. അപ്പോൾ ഒരിടത്തു നിന്നും രാഷ്ട്രീയം ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. ജീവൻ ഉണ്ടെങ്കിൽ രാഷ്ട്രീയവും ഉണ്ട്.

പിന്നെയുള്ളത് സമരവും അടിപിടിയും കത്തിക്കുത്തും ഒക്കെയാണ്. ഇത് വിദ്യാർത്ഥികൾ രാഷ്ട്രീയപ്പാർട്ടികൾ ആയി ചേരി തിരിയുന്നത് കൊണ്ടും, പുറത്തുള്ള രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്നത് കൊണ്ടും ആണെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്. എന്നാൽ ഇതും ശരിയല്ല. വർഷത്തിൽ ഒരു നല്ല അടിപിടിയും, സ്ഥിരം സമരവും നടന്നിരുന്ന ഞങ്ങളുടെ കോളേജിൽ ഒരു രാഷ്ട്രീയപ്പാർട്ടിയും ഉണ്ടായിരുന്നില്ല. പുറത്തുനിന്നുള്ള ഒരു നേതാക്കളും ഞങ്ങളുടെ സമരം നിയന്ത്രിച്ചിരുന്നും ഇല്ല. ഒരടി ഉണ്ടാക്കാൻ നമ്മുടെ കുട്ടികൾക്ക് പുറത്തുനിന്നാരുടെയും സഹായം വേണ്ട. ഉണ്ടെങ്കിൽ ഒന്ന് കൂടി കൊഴുപ്പിക്കാം എന്നേയുള്ളു.

കാരണം ഉണ്ട്. വീട്ടിലും സമൂഹത്തിലും അടക്കം അവരുടെ ചുറ്റും മുഴുവൻ അധികാരം സ്ഥാപിക്കാൻ അക്രമം ഒരുപകരണമാക്കുന്നത് കണ്ടാണ് അവർ വളരുന്നത്. അടിപിടി സമൂഹത്തിന്റെ ഭാഗമാണ്, അത് രാഷ്ട്രീയം ഉണ്ടാക്കിയതല്ല. രാഷ്ട്രവും രാഷ്ട്രീയവും ഉണ്ടാകുന്നതിന് മുൻപുള്ള മനുഷ്യന്റെ ‘സുവർണ്ണ’ യുഗങ്ങളിൽ ഇപ്പോഴത്തേതിന്റെ നൂറു മടങ്ങ് വയലൻസ് സമൂഹത്തിൽ ഉണ്ടായിരുന്നു എന്നാണ് നരവംശ ശാസ്ത്രജ്ഞന്മാർ പറയുന്നത്. കേരള സമൂഹത്തിൽ തന്നെ വയലൻസ് പടിപടിയായി കുറഞ്ഞു വരികയാണ്. കഴിഞ്ഞ ദിവസം പറഞ്ഞല്ലോ 1960-കളിലെ കൊലപാതക നിരക്കിൽ ഏറെ താഴെയാണ് ഇപ്പോഴത്തേത് എന്ന്. സമരത്തിന്റെ കാര്യവും ഇതുപോലെ തന്നെയാണ്. നിസാരമായ കാര്യങ്ങൾക്ക് വരെ കടയടപ്പിക്കുന്നതും ഹർത്താൽ നടത്തുന്നതുമാണ് നമ്മുടെ കുട്ടികൾ കാണുന്നത്. അതുകൊണ്ടു തന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടൻ പഠനം നിർത്തിവെച്ച്, അഭിപ്രായ വ്യത്യാസത്തെ തല്ലി തോൽപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന സാമൂഹ്യപാഠമാണ് അവർ സമൂഹത്തിൽ നിന്നും പഠിച്ചിരിക്കുന്നത്. പഠിച്ചതേ പാടൂ.

മാറ്റം അനിവാര്യമാകുന്നത് നമ്മുടെ സമൂഹത്തിലാണ്. തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നും. കുട്ടികളെ തല്ലി ‘ശരിയാക്കുന്ന’ പരിപാടി ആദ്യമേ നിറുത്തണം. പിന്നെ സമൂഹത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ സംസ്കാരത്തോടെ സംസാരിച്ച് പ്രശ്നങ്ങൾക്ക് ഒത്തൊരുമയോടെ സമന്വയം കണ്ടെത്താനും, വ്യത്യസ്ത ചിന്താഗതികൾ ഉള്ളവരോടൊപ്പം ഒരുമിച്ചു ജീവിക്കാനുമുള്ള പാഠങ്ങൾ കുട്ടികളെ നാം പഠിപ്പിക്കണം.

എന്റെ അഭിപ്രായത്തിൽ നമ്മുടെ കാമ്പസിൽ രാഷ്ട്രീയം ഉണ്ടെന്നതല്ല യഥാർത്ഥ പ്രശ്നം. നമ്മുടെ കുട്ടികൾക്ക് ഏറെ ഊർജ്ജം ഉണ്ട്. അതിനെ നേർവഴിക്ക് തിരിച്ചുവിടാൻ നമ്മുടെ സമൂഹത്തിന് കഴിയുന്നില്ല. മറ്റു നാടുകളിൽ കോളേജിൽ എത്തുന്ന കുട്ടികൾ പാർട്ട് ടൈം ആയി ജോലിക്ക് പോകുന്നു, അല്ലെങ്കിൽ പഠിക്കുന്നത് ലോൺ എടുത്തിട്ടാണ്, അപ്പോൾ ഉടൻ കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങി ജോലി ചെയ്തേ പറ്റൂ. മിക്കവാറും പേർ അവരുടെ ജീവിതപങ്കാളികളെ കോളേജിൽ വെച്ചേ കണ്ടെത്തുന്നു, അങ്ങനെ അവരുമായി ഒത്തുപോകാനും ഒരുമിച്ചു ജീവിക്കാനും പഠിക്കുകയും ചെയ്യുന്നു. പഠനത്തിനിടക്ക് എല്ലാവരും ഏതെങ്കിലും ഇന്റേൺഷിപ്പിന് പോകുന്നു, ചിലർ ഒരു ഗ്യാപ്പ് ഇയർ എടുത്ത് യാത്ര ചെയ്യുകയോ, സന്നദ്ധ സേവനത്തിനോ പോകുന്നൂ. രാഷ്ട്രീയത്തിൽ താല്പര്യമുള്ള കുട്ടികൾ കുറഞ്ഞു വരികയാണെങ്കിലും, താല്പര്യമുള്ളവർ അവരുടെ പ്രദേശത്തെ ജനപ്രതിനിധികളുമായി ചേർന്ന് പ്രവർത്തിക്കുന്നു, പലരും എം പി മാരുടെ (അല്ലെങ്കിൽ സെനറ്റർമാരുടെ) ഓഫിസിൽ ഇന്റേൺ ആയി ജോലിക്ക് കയറി രാഷ്ട്രീയവും അധികാരവും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അടുത്ത് കാണുന്നു.

നമ്മുടെ നാട്ടിൽ ഇതൊക്കെ ഇപ്പോഴും പുതുമയാണ്. ബഹു ഭൂരിപക്ഷവും അച്ഛനമ്മമാരുടെ ചിലവിൽ ആണ് കോളേജിൽ പഠിക്കുന്നത്. അതുകൊണ്ടുതന്നെ പഠിക്കുന്ന സമയത്ത് വേറെ ജോലി ചെയ്യുന്ന പതിവില്ല. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഇടപഴകലോ അടുത്ത വ്യക്തി ബന്ധങ്ങളോ ഉണ്ടാകുന്നില്ല, പഠിച്ചു പാസായാൽ എന്ത് ജോലി കിട്ടുമെന്നോ എങ്ങോട്ട് പോകുമെന്നോ അവർക്കറിയില്ല. അധികാരരാഷ്ട്രീയത്തിൽ എത്തിപ്പറ്റാൻ അടിപിടി സമരങ്ങൾ നയിക്കുന്നതല്ലാതെ ബുദ്ധിയുടെയും ചിന്തയുടെയും ഒന്നും മാർഗ്ഗം അവർ കാണുന്നില്ല. പരിണതഫലമായി അവരുടെ ഊർജ്ജം മുഴുവൻ അടിപിടികളിലേക്ക് തിരിഞ്ഞു പോകുന്നു. ഇത് രാഷ്ട്രീയമുള്ള കോളേജിലും ഇല്ലാത്ത കോളേജിലും നടക്കുന്നു.

ഇംഗ്ളീഷിൽ “throwing the baby with the bath water” എന്നൊരു പ്രയോഗം ഉണ്ട്. കാമ്പസിൽ അടിപിടി ഒന്നും വേണ്ട എന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല (കാമ്പസിന് പുറത്തും വീട്ടിലും ഒന്നും അടിപിടി വേണ്ട). പക്ഷെ കാമ്പസിലെ കുട്ടികളുടെ ഊർജ്ജത്തെയും സംഘടനാശേഷിയെയും നമ്മൾ നിയമംകൊണ്ട് അടിച്ചൊതുക്കിയാൽ രണ്ടു പ്രശ്നങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഒന്ന് സമൂഹത്തിലെ പ്രശ്നങ്ങളോട് പ്രതികരിക്കാൻ കഴിവില്ലാത്ത ഒരു തലമുറ ഉണ്ടാകും, രണ്ട് രാഷ്ട്രീയത്തെക്കാൾ കുട്ടികളുടെ മനസ്സിനെ കാർന്നുതിന്നുകയും സമൂഹത്തെ വിഘടിപ്പിക്കുകയും ചെയ്യുന്ന വർഗ്ഗീയത അവിടേക്ക് കടന്നുവരും. ഇത്തരം ഭൂതങ്ങളെ പിന്നീട് കുടത്തിൽ അടക്കാൻ നമുക്ക് പറ്റാതാകും.

കോളേജിലെയും സമൂഹത്തിലെയും തെറ്റുകൾ കണ്ടാൽ മനസ്സിലാക്കുന്നതും, വേണ്ടി വന്നാൽ പ്രതികരിക്കുന്നതുമായ ഒരു വിദ്യാർത്ഥിസമൂഹം നമുക്ക് ഉണ്ടാകട്ടെ. നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും അതിൽ ഒരുപോലെ പങ്കെടുക്കട്ടെ. നമ്മുടെ രാഷ്ട്രീയങ്ങളെ അവർ ചെറുപ്പകാലത്തേ മനസ്സിലാക്കട്ടെ. അഭിപ്രായ വ്യത്യാസങ്ങളെ അടിച്ചു വീഴ്‌ത്തുകയല്ല, ആശയപരമായ സംവാദത്തിലൂടെ അറിയുകയാണ് വേണ്ടതെന്ന ബോധം അവർക്കുണ്ടാകട്ടെ. അങ്ങനെ ക്രിയാത്മകമായ മാറ്റങ്ങൾക്കുള്ള അവസരമായി ഇപ്പോഴത്തെ ഈ ചർച്ച മാറട്ടെ.

മുരളി തുമ്മാരുകുടി.

Leave a Comment