പൊതു വിഭാഗം

വേണം നമുക്കൊരു പഞ്ചായത്ത് ഡ്രോൺ

ഇത്തവണ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എൻറെ സുഹൃത്തും വെങ്ങോല പഞ്ചായത്തിലെ എൻറെ വാർഡിൽ നിന്നുള്ള അംഗവുമായ അഡ്വക്കേറ്റ് ബേസിൽ കുരിയാക്കോസ് എന്നെ കാണാൻ വന്നു.
 
പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളും പദ്ധതികളും ചർച്ച ചെയ്യുകയായിരുന്നു ഉദ്ദേശം. ഞങ്ങളുടെ വാർഡിൽ എന്തൊക്കെ ചെയ്യാം എന്നുള്ളതും ചർച്ചാ വിഷയമാണ്.
 
“ആശയങ്ങൾ ഉണ്ട് ചേട്ടാ, ആവശ്യങ്ങളും പലതുണ്ട്. ജനങ്ങൾക്ക് വലിയ പ്രതീക്ഷയും ഉണ്ട്. പക്ഷെ പ്രശ്നം പണമില്ല എന്നതാണ്.”
 
പഞ്ചായത്തിന്റെ വലിയൊരു വരുമാന ശ്രോതസ്സാണ് ബിൽഡിംഗ് ടാക്സ്. ഇതിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. പഞ്ചായത്തിൽ ഉള്ള കെട്ടിടങ്ങളുടെ ശരിയായ കണക്ക് ഇല്ല, പ്ലാനിലും വലുതായിട്ടാണ് പലരും കെട്ടിടങ്ങൾ ഉണ്ടാക്കുന്നത്, അത് കണ്ടുപിടിക്കാൻ മാർഗ്ഗം ഇല്ല, പിന്നെങ്ങനെയാണ് കാര്യങ്ങൾ നടത്തുന്നത് ?
 
സംഗതി സത്യമാണ്. കേരളത്തിലെ ആയിരത്തോളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് യുവാക്കളും യുവതികളും പുതിയതായി മെന്പർമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവർക്കെല്ലാം എന്തെങ്കിലുമൊക്കെ ഗുണകരമായി ചെയ്യണമെന്നുണ്ട്. എന്തൊക്കെ ചെയ്യാമെന്ന് ആശയങ്ങളും അവർ എന്തെങ്കിലും ചെയ്യുമെന്ന് ജനങ്ങൾക്ക് പ്രതീക്ഷയുമുണ്ട്. അവിടെയെല്ലാം പണത്തിന് ബുദ്ധിമുട്ടുണ്ട്.
 
കിട്ടേണ്ട ടാക്സ് പോലും പിരിച്ചെടുക്കാൻ പറ്റുന്നില്ല. കെട്ടിടങ്ങളുടെ കൃത്യമായ പ്ലാൻ ഇല്ല, പ്ലാനിൽ നിന്നുള്ള മാറ്റങ്ങൾ കണ്ടുപിടിക്കാൻ സംവിധാനമില്ല. ഇത് കേരളത്തിലാകമാനമുള്ള പ്രശ്നങ്ങളാണ്.
 
ഒരു കാര്യം ആദ്യമേ പറയാം. ഇതൊരു വെങ്ങോല പഞ്ചായത്ത് പ്രശ്നമോ, കേരളത്തിലെ മാത്രം പ്രശ്നമോ, എന്തിന് ഇന്ത്യൻ പ്രശ്നമോ അല്ല. ലോകത്ത് പല നാടുകളിലുമുള്ള പ്രശ്നമാണ്.
 
ലോക ശരാശരി എടുത്താൽ അവിടുത്തെ ഏറ്റവും താഴെ തട്ടിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സ് ആണ് ബിൽഡിങ്ങ് ടാക്സ് എന്ന് നമ്മൾ പറയുന്ന പ്രോപ്പർട്ടി ടാക്സ്. ലോക ശരാശരി അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ നാല്പത് ശതമാനത്തോളം വരും പ്രോപ്പർട്ടി ടാക്സ്. ഇത് പിരിച്ചെടുത്തിട്ട് വേണം അവർക്ക് ഖരമാലിന്യ നിർമ്മാർജ്ജനം മുതൽ തെരുവ് വിളക്കുകൾ വരെയുള്ള പ്രോജക്ടുകൾ ചെയ്യാൻ.
 
രണ്ടാമത്തെ കാര്യവും നമ്മെ ആശ്ചര്യപ്പെടുത്തേണ്ടതാണ്. ഈ ടാക്സ് കൊടുക്കാതിരിക്കുന്നതും ടാക്സ് വെട്ടിക്കുന്നതുമായ പരിപാടി നമ്മുടെ മാത്രം കുത്തക ഒന്നുമല്ല. വികസിത രാജ്യങ്ങളിൽ ഉൾപ്പെടെ ഈ കലാ പരിപാടി ഉണ്ട്.
 
ഇനിയാണ് രസം.
 
പുതിയ സാങ്കേതിക വിദ്യകൾ വരുന്നു, നിർമ്മിത ബുദ്ധി മുതൽ ഡ്രോണുകൾ വരെ. പുതിയ സമൂഹ മാധ്യമങ്ങൾ വരുന്നു, ടിക് ടോക് മുതൽ വാട്ട്സ് ആപ് വരെ.
 
ഇവയോരോന്നും ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ടാക്സ് വെട്ടിപ്പ് കണ്ടുപിടിക്കാനും ആളുകളെക്കൊണ്ട് നികുതി അടപ്പിക്കാനും ആയി ഉപയോഗിക്കുന്നു.
 
പ്രോപ്പർട്ടി ടാക്സുകളുടെ പ്രസക്തിയെപ്പറ്റി, അത് പിരിച്ചെടുക്കാനുള്ള വിവിധ രാജ്യങ്ങളിലെ ശ്രമത്തെപ്പറ്റി 2020 ൽ ലോക ബാങ്ക് ഒരു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൻറെ ലിങ്ക് ഒന്നാമത്തെ കമന്റിൽ ഉണ്ട്. നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് മെന്പർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ, മേയർ, ഉദ്യോഗസ്ഥർ, സർക്കാർ വകുപ്പുകളിലെ ആളുകൾ തുടങ്ങിയവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
 
തൽക്കാലം ഞാൻ ഒരു കാര്യം മാത്രം ഇവിടെ പറയാം. എങ്ങനെയാണ് “ഡ്രോൺ” സാങ്കേതിക വിദ്യ പ്രോപ്പർട്ടി ടാക്സ് വെട്ടിപ്പിനെ തടുക്കാൻ വിവിധ രാജ്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നത് എന്ന്.
 
അനവധി രാജ്യങ്ങളിൽ വീടുകൾ വാടകക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അതിന് കൂടുതൽ ടാക്സ് ഉണ്ട്. അതുകൊണ്ട് തന്നെ ധാരാളം ആളുകൾ വീടുകൾ വാടകക്ക് കൊടുത്ത കാര്യം റിപ്പോർട്ട് ചെയ്യാതെ ടാക്സ് വെട്ടിക്കാൻ ശ്രമിക്കും. ഡ്രോണും ഇൻഫ്രാ റെഡ് കാമറയും ഉപയോഗിച്ച് അവിടുത്തെ ഗ്രാമത്തിലെ കൗൺസിലുകൾ വീടുകളുടെ ചിത്രമെടുക്കുന്നു. വീട്ടിൽ താമസക്കാർ ഉണ്ടെങ്കിൽ അവിടെ ഹീറ്റിങ്ങും, അടുക്കളയും, എ. സി. യും ഉണ്ടാകുമല്ലോ (കാലാവസ്ഥ അനുസരിച്ച്). അപ്പോൾ അതിൻറെ തെർമൽ ഇമേജ് ആൾ താമസമില്ലാത്ത വീടുകളിൽ നിന്നും വ്യത്യസ്തമാകും. നിർമ്മിത ബുദ്ധിയും ഡ്രോൺ ഇമേജും കൂടി കൂട്ടിയോജിപ്പിച്ചാൽ ഏതൊക്കെ വീട്ടുടമസ്ഥർ കള്ളം പറഞ്ഞു ടാക്സ് വെട്ടിക്കുന്നുണ്ട് എന്ന് ഒറ്റയടിക്ക് കണ്ടുപിടിക്കാൻ പറ്റും.
 
അനവധി രാജ്യങ്ങളിൽ വീടുകളിൽ സ്വിമ്മിങ്ങ് പൂൾ ഉണ്ടെങ്കിൽ അതിന് ലക്ഷ്വറി ടാക്സ് ഉണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം ആളുകൾ മറച്ചുവെക്കും. ഗ്രീസ് ഇതിന് പേരുകേട്ട സ്ഥലമാണ്. ഡ്രോണുകൾ ഉപയോഗിച്ചാണ് ഗ്രീസിൽ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യം കണ്ടു പിടിക്കുന്നത്.
 
അനധികൃതമായി കെട്ടിടം നിർമ്മിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നത് ഡ്രോണുകൾക്ക് “പൂ പറിക്കുന്നത് പോലെ” നിസ്സാരമായ കാര്യമാണ്. ഇതൊക്കെ എന്തുകൊണ്ടാണ് ഇതുവരെ കേരളത്തിൽ എത്താത്തതെന്ന് ഞാൻ എപ്പോഴും അതിശയപ്പെടാറുണ്ട്. ഡ്രോൺ സർവ്വേക്ക് ആവശ്യമായ ചിലവിന്റെ നൂറിരട്ടി വർഷാവർഷം നികുതി പിരിവിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റും.
 
ഇതിന് വേണ്ടത് താഴെ പറയുന്ന കാര്യങ്ങളാണ്.
 
1. തദ്ദേശ സ്ഥാപനങ്ങൾക്ക് കിട്ടേണ്ട നികുതി മുഴുവൻ പിരിച്ചെടുക്കാനുള്ള ആഗ്രഹവും ഇച്ഛാശക്തിയും ഉള്ള നേതൃത്വം വേണം.
2. ഡ്രോൺ സാങ്കേതിക വിദ്യയും നിർമ്മിത ബുദ്ധിയും ഉപയോഗിച്ചാൽ ഒരു വീട്ടിലും കടന്നു കയറാതെ ടാക്സ് വെട്ടിപ്പ് കണ്ടുപിടിക്കാൻ സാധിക്കും എന്ന അറിവ് പഞ്ചായത്ത് മെന്പർമാർക്കും ഉദ്യോഗസ്ഥർക്കും വേണം.
 
3. ഡ്രോണുകൾ ടാക്സ് വെട്ടിപ്പ് കണ്ടുപിടിക്കാൻ മാത്രമല്ല അപകടങ്ങൾ ഒഴിവാക്കാൻ, കൃഷിയെ രോഗങ്ങൾ ബാധിക്കുന്നത് മുൻ‌കൂർ അറിയാൻ, ജീവൻ രക്ഷക്കുള്ള സൗകര്യം ചെയ്യാൻ എന്നിങ്ങനെ അനവധി ഉപയോഗങ്ങളുണ്ട്. ഇന്ത്യയിൽ ഏതൊക്കെ സാധ്യതകളാണ് ഡ്രോൺ കൊണ്ടുള്ളത് എന്നതിന് മാത്രം ഒരു റിപ്പോർട്ട് ഉണ്ട് (ലിങ്കിൽ കൊടുത്തിട്ടുണ്ട്).
 
4. ഓരോ പഞ്ചായത്തിലും ഓരോ ഡ്രോൺ പൈലറ്റിനെ നിയമിക്കണം, വിവിധ തരത്തിലുള്ള ഡ്രോണുകളുടെ ഒരു കൂട്ടവും വേണം. ഇതൊക്കെയാണ് ഇപ്പോൾ മറ്റു രാജ്യങ്ങളിൽ നടക്കുന്നത്. അമേരിക്കയിൽ ഡ്രോൺ പൈലറ്റ് ആകാൻ ഇപ്പോൾ പരിശീലനങ്ങളുണ്ട്. അമേരിക്കൻ ഡ്രോൺ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് പ്രതിദിനം പതിനായിരക്കണക്കിന് രൂപ വേതനമായി കിട്ടാനുള്ള അവസരങ്ങളും ഉണ്ട്. ഇതൊക്കെയാണ് നാളത്തെ ജോലി.
 
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിൽ ഡ്രോണുകൾക്ക് വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയിട്ടുള്ള ഒരു സ്ഥാപനമുണ്ട്. വടകരയിലെ ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റിവ് സൊസൈറ്റി (Uralungal Labour Contract Cooperative Society Ltd). അവർക്ക് ഡ്രോണുകളും അവ ഉപയോഗിക്കാനും ഉപയോഗിച്ച് കിട്ടുന്ന ഡേറ്റ ജി. ഐ. എസ്. ആയി പ്രോസസ്സ് ചെയ്യാനും അറിവുള്ള ആളുകളും സംവിധാനങ്ങളുമുണ്ട്..
 
പക്ഷെ എന്തൊക്കെ ഉപയോഗങ്ങളാണ് ഡ്രോണുകൾ കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉള്ളത്, അതിന് എന്ത് ചിലവാകും, അത് കോസ്റ്റ് എഫക്ടീവ് ആണോ എന്നൊക്കെയുള്ള അറിവുകൾ വേണ്ടപോലെ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇല്ല, അതുകൊണ്ട് തന്നെ കേരളത്തിൽ തന്നെ ലഭ്യമായ ഈ കഴിവ് ഒട്ടും പ്രയോജനപ്പെടുന്നില്ല.
 
എൻറെ നിർദ്ദേശങ്ങൾ താഴെപ്പറയുന്നതാണ്.
 
1. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് “ഡ്രോൺസ്, റിമോട്ട് സെൻസിംഗ് ആൻഡ് ജി ഐ എസ്” എന്ന വിഷയത്തിൽ രണ്ടു മണിക്കൂർ ഓൺലൈൻ കോഴ്സ് നിർബന്ധമാക്കുക. കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) തീരുമാനിച്ചാൽ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണ്.
 
2. കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും ഓരോ ജില്ലയിലുള്ള രണ്ടു മുനിസിപ്പാലിറ്റികളിലും അഞ്ചു പഞ്ചായത്തുകളിലും അടുത്ത ഒരു വർഷത്തിനകം ഡ്രോണുകൾ ഉപയോഗിച്ച് എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്നുള്ള പൈലറ്റ് പ്രോജക്ടുകൾ നടത്താൻ സംസ്ഥാന സർക്കാർ പണം വകയിരുത്തുക. ഏതൊരു സാങ്കേതിക വിദ്യയും പുതിയതായി ഉപയോഗിക്കാനുള്ള സ്വാഭാവികമായ മടി എല്ലാവർക്കും കാണും, അതിന് പണം മുടക്കണമെങ്കിൽ അതിനേക്കാൾ കൂടുതൽ മടി ഉണ്ടാകും. അതുകൊണ്ടാണ് ഇത് സംസ്ഥാന സർക്കാർ സൗജന്യമായി ചെയ്യേണ്ടത്. പക്ഷെ അടുത്ത പഞ്ചയത്തുകൾ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം സ്വരൂപിക്കുകയും നികുതി വരുമാനം കൂട്ടുകയും ചെയ്യുന്നത് കാണുന്പോൾ തീർച്ചയായും മറ്റുള്ളവർ അത് മാതൃകയാക്കും.
 
3. നമ്മുടെ പഞ്ചായത്തുകളിലെ സ്റ്റാഫിങ്ങ് പാറ്റേൺ പുനരവലോകനം ചെയ്യേണ്ട കാലം എന്നേ കഴിഞ്ഞു. ഓരോ പഞ്ചായത്തിലും ഒരു നാച്ചുറൽ റിസോർസ്/എൻവിറോണ്മെന്റൽ എക്സ്പെർട്ട്, ഒരു ജി. ഐ. എസ്. എക്സ്പെർട്ട്, ഒരു ഡ്രോൺ പൈലറ്റ് എന്നിവർ ഉറപ്പായും വേണം.
 
4. ഇപ്പോൾ പഞ്ചായത്തിലുള്ള എഞ്ചിനീയർമാർക്കും കൃഷി തൊട്ട് പൊതുജനാരോഗ്യം വരെയുള്ള പഞ്ചായത്തിലെ മറ്റു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ഡ്രോണുകളുടെ സാധ്യതയെപ്പറ്റി പരിശീലനം നൽകണം.
 
5. ഡ്രോൺ പൈലറ്റ് ആകാനുള്ള പരിശീലനം കേരളത്തിൽ ആരംഭിക്കണം. കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ ആയി വരുന്നതേ ഉള്ളൂവെങ്കിലും ഇപ്പോൾ തന്നെ മറ്റു രാജ്യങ്ങളിൽ നിന്നും നല്ല മാതൃകകൾ ഉണ്ട്.
 
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവരേയും ചീട്ടുകളിക്കാരേയും ഡ്രോൺ ഉപയോഗിച്ച് പിടിക്കാനുള്ള അറിവും കഴിവുമുള്ള നമ്മുടെ മൂക്കിന് താഴെ പഞ്ചായത്തിനെ പറ്റിച്ചു കെട്ടിടങ്ങൾ ഉണ്ടാക്കി ടാക്സ് വെട്ടിക്കുന്നവർ, നികുതി കൊടുക്കുന്ന നമ്മുടെ മുന്നിൽ ഞെളിഞ്ഞു നടക്കുന്ന കാലം ഇല്ലാതാവുന്ന കിണാശ്ശേരിയാണ് എൻറെ സ്വപ്നം.
 
മുരളി തുമ്മാരുകുടി
 
(Image: Deccan Chronicle)
May be an image of 6 people, people standing and outdoors

Leave a Comment