പൊതു വിഭാഗം

വെങ്ങോലയുടെ തലവര മാറ്റിയ വി. ഐ. പി.

വെള്ളത്തിന് ക്ഷാമമുണ്ടായിരുന്നതിനാൽ “വരട്ടു വെങ്ങോല” എന്നാണ് പണ്ട് വെങ്ങോല ഗ്രാമം അറിയപ്പെട്ടിരുന്നത്.
നെൽകൃഷി പ്രധാന ജീവിതമാർഗ്ഗമായിരുന്ന ഒരു കാലത്ത് വെള്ള ക്ഷാമം എന്നാൽ പട്ടിണി എന്ന് തന്നെയാണ് അർത്ഥം. ഏക്കർ കണക്കണിന് നെൽകൃഷി ഉണ്ടായിരുന്ന തുമ്മാരുകുടിയിൽ ജനിച്ച എൻറെ അമ്മ പോലും പട്ടിണിയിലൂടെ, പഞ്ഞ മാസത്തിലൂടെ പല നാൾ കടന്നു പോയിട്ടുണ്ട്. അപ്പോൾ അത്രയൊന്നും ഭൂമിയില്ലാത്ത കർഷക തൊഴിലാളികളുടെ കാര്യം പറയാനുണ്ടോ. ഇതും വെങ്ങോലയുടെ ചരിത്രമാണ്. പുതിയ തലമുറക്ക് അറിയുമോ എന്നറിയില്ല.
അക്കാലത്ത് വെങ്ങോലയിലേക്ക് പെൺകുട്ടികളെ വിവാഹം ചെയ്തയക്കാൻ സമീപ ഗ്രാമവാസികൾ മടിക്കുമായിരുന്നു. പട്ടിണി മാത്രമല്ല, വേനൽക്കാലത്ത് കുടിവെള്ളം കിട്ടാൻ പോലും സ്ത്രീകൾ വളരെയേറെ ബുദ്ധിമുട്ടണം. അതിനിടയിൽ വെള്ളത്തിലെ ജാതിയും മതവും കൂടിയാകുന്പോൾ സ്ത്രീകളുടെ ബുദ്ധിമുട്ട് പിന്നെയും കൂടി.
എൻറെ അമ്മ സ്‌കൂൾ പഠനം നിർത്തിയത് തന്നെ വീട്ടിലേക്ക് വെള്ളം കോരാൻ വേണ്ടി മാത്രമാണ്.
ഇതെന്റെ അമ്മയുടെ മാത്രം കഥയല്ല. ലോകത്ത് എത്രയോ രാജ്യങ്ങളിലെത്രയോ പെൺകുട്ടികളുടെ പഠനവും ജീവിതവും കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു കിണർ കുഴിച്ചിട്ട് അതിൽ നിന്നു വെള്ളം കോരണമെങ്കിൽ ലൈംഗികമായി പ്രത്യുപകാരം ചെയ്യണമെന്ന് നിബന്ധന വക്കുന്ന “ജല പ്രഭുക്കൾ (water lords)” ഉള്ള വടക്കേ ഇന്ത്യൻ ഗ്രാമങ്ങളെ പറ്റി ഐ. ഐ. ടി. യിലെ സോഷ്യോളജി ക്ലാസിൽ ഞാൻ പഠിച്ചിട്ടുണ്ട്. കുടിവെള്ളം ശേഖരിക്കാൻ പോകുന്പോൾ ലൈംഗികമായി ആക്രമണത്തിന് ഇരയാകുന്ന ആയിരക്കണക്കിന് പെൺകുട്ടികളാഫ്രിക്കയിൽ ഇപ്പോഴും ഉണ്ട്.
ഈ വെള്ളക്ഷാമവും പട്ടിണിയുമുള്ള വെങ്ങോലയിലേക്കാണ് 1950 കളുടെ അവസാനം “പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ട്” വരുന്നത്. സാധാരണ രണ്ടു പ്രാവശ്യം മാത്രം കൃഷി ചെയ്യാമായിരുന്ന ഭൂമിയിൽ ജലസേചനം വഴി മൂന്നാമതൊരു കൃഷി കൂടി നടത്താമെന്നും, നെല്ലുല്പാദനം കൂട്ടാമെന്നും, ജലക്ഷാമം കുറക്കാമെന്നും, അതുവഴി പട്ടിണി കുറക്കാമെന്നുമുള്ള ചിന്തയിലാണ് പെരിയാർ വാലി ഉൾപ്പടെയുള്ള ഇറിഗേഷൻ പദ്ധതികൾ കേരളത്തിൽ ആസൂത്രണം ചെയ്തത്.
1920 ൽ വെങ്ങോലയുടെ ഹൃദയത്തിലൂടെ കനാൽ വെള്ളമെത്തി. (ഈ വിവരം നല്കിയ ഇ. വി. നാരായണൻ സാറിന് നന്ദി).
ഇരുപ്പൂ നിലങ്ങളിൽ പുഞ്ച കൃഷി കൂടി വന്നു. കർഷക തൊഴിലാളികൾക്ക് വർഷത്തിൽ കൂടുതൽ ജോലി കിട്ടി. പട്ടിണി കുറഞ്ഞു.
പെരിയാർ വാലി ഇറിഗേഷൻ പ്രോജക്റ്റ് അങ്ങനെ വെങ്ങോലയുടെ തലവര മാറ്റിമറിച്ചു.
1980 കളിൽ വെങ്ങോലയുടെ ചരിത്രം എഴുതിയിരുന്നെങ്കിൽ ഇങ്ങനെ കനാലിന്റെ കഥ ശുഭ പര്യവസാനി ആയേനെ. പെരിയാർ വാലി കനാൽ വെങ്ങോലയിലെത്തിച്ച എഞ്ചിനീയർക്ക് “വെങ്ങോല രത്ന” അവാർഡും കൊടുത്തേനെ !
കാലം മുന്നോട്ട് പോയി.
കനാലുകൾ കേരളത്തിൽ മാത്രമല്ല ഉണ്ടായത്. ഭക്രാ നംഗൽ ഉൾപ്പടെ വന്പൻ ഡാമുകൾ വന്നു. പഞ്ചാബിലും ഹരിയാനയിലും യു. പി. യിലും ആന്ധ്രയിലും കനാലുണ്ടായി. കനാൽ മാത്രല്ല അത്യുൽപ്പാദന ശേഷിയുള്ള നെൽ ഇനങ്ങളുണ്ടായി, രാസവളം ഉണ്ടായി, ഹരിത വിപ്ലവം ഉണ്ടായി.
കേരളത്തിൽ നെൽകൃഷി ലാഭകരമല്ലാത്ത സ്ഥിതിയിലേക്ക് വന്നു. നാട്ടിലെങ്ങും പാടങ്ങൾ തരിശായി കിടക്കാൻ തുടങ്ങി. വെങ്ങോലയിലും.
ഇതേ കാലഘട്ടത്തിലാണ് പെരുന്പാവൂർ മേഖലയിൽ പ്ലൈ വുഡ് ഫാക്ടറികൾ വരാൻ തുടങ്ങിയത്. ഏതൊക്കെ സാഹചര്യങ്ങളാണ് പെരുന്പാവൂരിനെ കേരളത്തിന്റെ പ്ലൈവുഡ് തലസ്ഥാനമാക്കിയത്, എങ്ങനെയാണ് ആസാമിൽ നിന്നും തൊഴിലാളികൾ മൊത്തമായി പെരുന്പാവൂർ എത്തിയത്, എങ്ങനെയാണ് ലോകത്തിലെ ഏറ്റവും ദീർഘമേറിയ ബസ് സർവീസുകളിൽ ഒന്ന് വെങ്ങോലയിലെ കുറ്റിപ്പാടത്തു നിന്നും ആസാമിലെ ഗുവാഹത്തിയിലെത്തുന്നത് എന്നതൊക്കെ ഞാൻ മറ്റൊരു ദിവസം പറയാം. ഇന്നത്തെ കഥ അതല്ല.
പ്ലൈ വുഡ് വ്യവസായം 1990 കളിൽ പെരുന്പാവൂരിലെത്തി. അധികം താമസിയാതെ വെങ്ങോലയിലും.
പ്ലൈവുഡ് വ്യവസായത്തിന് വേണ്ട രണ്ട് അവശ്യ ഘടകങ്ങൾ വെങ്ങോലയിൽ ആവശ്യത്തിലധികം ഉണ്ടായിരുന്നു.
ഒന്നാമത്തേത് വെള്ളം. മരം വെള്ളത്തിലിട്ട് കുതിർത്തിട്ടു വേണം അത് ചുരുളുകളായി ചീന്തിയെടുക്കാൻ. പെരിയാർ വാലി കനാൽ ഉള്ളപ്പോൾ വെള്ളത്തിന് ക്ഷാമമില്ല.
പിന്നെ വേണ്ടത് സ്ഥലമാണ്. നമ്മുടെ പാടം വെറുതെ കിടക്കുകയല്ലേ. അപ്പോൾ സ്ഥലത്തിനുണ്ടോ ക്ഷാമം.
ഒന്നിന് പുറകെ ഒന്നായി വെങ്ങോലയിൽ പ്ലൈവുഡ് കന്പനികൾ എത്തി. ഇത് വെങ്ങോലയിൽ ഒരു വശത്ത് സാന്പത്തിക ഉണർവ്വ് ഉണ്ടാക്കിയെങ്കിലും ഈ സ്ഥാപനങ്ങളുണ്ടാക്കുന്ന മലിനീകരണം വെങ്ങോലയിലും ചുറ്റിലും പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കി. അതിനെതിരെ ജനകീയ കൂട്ടായ്മകളുണ്ടാക്കി.
എന്തൊക്കെ പരിസ്ഥിതി പ്രശ്നങ്ങളാണ് പ്ലൈ വുഡ് കന്പനികൾ പൊതുവിൽ ഉണ്ടാക്കുന്നത്?
ഇതിന് ഒരു പി. എച്ച്. ഡി. തീസിസ് തന്നെ വേണ്ടി വരും. ചുരുക്കി പറയാം
മരം വെള്ളത്തിൽ ഇട്ടു കുതിർക്കുന്പോൾ മരത്തിൽ നിന്നുള്ള ചില രാസ വസ്തുക്കൾ വെള്ളത്തിൽ കലർന്ന് വെള്ളത്തിന്റെ നിറം മാറും. അത് അടുത്തുള്ള തോടുകളിലോ വീടുകളിലോ എത്തിയാൽ വെള്ളം കുടിക്കാനോ കുളിക്കാനോ കൊള്ളാതാകും.
പ്ലൈവുഡിലെ വിവിധ പാളികൾ തമ്മിൽ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശയിൽ ഫോർമാൽഡിഹൈഡ് എന്ന രാസ വസ്തു ചിലയിടത്ത് ഉപയോഗിക്കുന്നുണ്ട്. ഈ രാസവസ്തു എത്രത്തോളം കുഴപ്പക്കാരനാണെന്ന് അതിൻറെ മെറ്റീരിയൽ സേഫ്റ്റി ഡേറ്റ ഷീറ്റ് നോക്കിയാൽ അറിയാം.
തൽക്കാലം ഈ കാര്യം മാത്രം നോക്കൂ.
Formaldehyde
Routes of entry – Inhalation, ingestion, absorption through skin and eyes.
Effects of acute exposure – Death if inhaled or absorbed; severe eye irritation and burns; allergic dermatitis, skin burns; bronchitis, pulmonary oedema; headache, dizziness, nausea, vomiting; abdominal pain; blindness.
Effects of chronic exposure – Nasal cancer, respiratory tract irritation; reproductive disorders, asthma, dermatitis; multiple organ damage.
വായുവിലേടെയും വെള്ളത്തിലൂടെയും മനുഷ്യരിലെത്തുന്നതും കാൻസർ വരെ ഉണ്ടാക്കാവുന്നതുമാണ് ഫോർമാൽഡിഹൈഡ്. ലോകത്ത് പലയിടത്തും ഫോർമാൽഡിഹൈഡ് ഉള്ള പ്ലൈവുഡ് ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.
പ്ലൈവുഡ് ഫാക്ടറികളിൽ നിന്നുള്ള പുകക്കുഴലുകൾ, അതുണ്ടാക്കുന്ന വായു മലിനീകരണം, ഒക്കെ ഇപ്പോൾ വെങ്ങോലക്കാർക്ക് ജീവവായു പോലെ പരിചിതമാണ്.
ഒച്ച, പൊടി, മറുനാടൻ തൊഴിലാളികൾ കൂട്ടമായി താമസിക്കുകയും അവർക്ക് വേണ്ടത്ര സാനിറ്ററി സൗകര്യങ്ങൾ ചെയ്തുകൊടുക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ടുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ വേറെ.
ഇത്തരത്തിലുള്ള പല പ്രശ്നങ്ങളുള്ളതുകൊണ്ടും, മാരക രാസവസ്തുക്കളുപയോഗിക്കുന്നുണ്ടോ, അവ പരിസ്ഥിതിയിൽ പരക്കുന്നുണ്ടോ എന്നുള്ള ആശങ്ക ഉള്ളതുകൊണ്ടും ഒക്കെയാണ് പെരുന്പാവൂരിലും ചുറ്റിലുമുള്ള ആളുകൾ ഇതിനെതിരെ വ്യാപകമായി പ്രതികരിച്ചു തുടങ്ങിയത്. ഒരു വെങ്ങോലക്കാരൻ ഇതിനെതിരെ കോടതിയിലെത്തി. 2007 ൽ വെങ്ങോല പഞ്ചായത്തിൽ തുടങ്ങിയ നിയമ നടപടികൾ പതുക്കെ സുപ്രീം കോടതിയിലെത്തി.
2013 ൽ വെങ്ങോലയിലെ പ്ലൈവുഡ് കന്പനികളുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തെ പറ്റി പഠിക്കാൻ സുപ്രീം കോടതി ഒരു “Central Empowered Committee” ഉണ്ടാക്കി. അവരുടെ റിപ്പോർട്ട് ഒന്ന് ശ്രദ്ധിക്കാം.
“The committee collected details of all the 277 wood-based units functioning in the panchayat.
Accordingly, 276 out of 277 were found to have not complied with the Kerala Land Utilisation Order, 1967, which prohibits conversion of agricultural land for any other purpose.”
(Hindu, October 20, 2013)
അതായത് വെങ്ങോലയിൽ വന്ന മരാധിഷ്ഠിത വ്യവസായങ്ങൾ 99.64 ശതമാനവും കൃഷിഭൂമി അനധികൃതമായി മാറ്റിയെടുത്തതാണെന്ന്!
വെങ്ങോല പഞ്ചായത്തിന്റെ വിസ്തീർണ്ണം 18 ചതുരശ്ര കിലോമീറ്റർ ആണ്. അപ്പോൾ ഓരോ സ്‌ക്വയർ കിലോമീറ്ററിലും പതിനഞ്ചു വുഡ് ബേസ്‌ഡ് ഫാക്ടറികളുണ്ട് !
2011 ൽ വെങ്ങോലയുടെ ജനസംഖ്യ 32617 ആണ്. വെങ്ങോലയിലെ ഓരോ നൂറ്റി പതിനേഴ് ആളുകൾക്കും ഓരോ വുഡ് ബേസ്‌ഡ് കന്പനിയുണ്ട്.
ഇനി ഈ കന്പനികൾ എവിടെയാണെന്ന് ഗൂഗിൾ എർത്ത് എടുത്ത് മാപ്പ് ചെയ്തു നോക്കൂ !!
ബഹുഭൂരിപക്ഷവും കനാലുകളുടെ കമാൻഡ് ഏരിയയിൽ ആണ് !
“Unintended consequences” എന്ന് സാന്പത്തിക ശാസ്ത്രത്തിൽ ഒരു പ്രയോഗമുണ്ട്. ഇത് അത്തരം ഒരു പരിപാടിയായിപ്പോയി.
വെങ്ങോലയിലെ കൃഷി നന്നാക്കാൻ കൊണ്ടുവന്ന പെരിയാർ വാലി കനാൽ പദ്ധതി ഉണ്ടായിരുന്ന കൃഷിഭൂമി തന്നെ ഇല്ലാതാക്കി.
ഇതും വെങ്ങോലയിലെ മാത്രം കഥയല്ല. കേരളത്തിലങ്ങോളമിങ്ങോളം എവിടെ ഇറിഗേഷൻ പദ്ധതികൾ എത്തിയോ അവിടെയെല്ലാം സ്ഥലത്തിന് വില കൂടി.
കാരണം ഉണ്ട്,
വെള്ളക്ഷാമമില്ല.
കനാൽ ബണ്ടുകൾ പലയിടത്തും റോഡുകളായി.
വീട് വക്കാൻ സൗകര്യമായി.
വീടുവെക്കാൻ സ്ഥലത്തിന് പരിമിതി വന്നപ്പോൾ സ്ഥലത്തിന് വില കൂടി.
സ്ഥലത്തിന് വില കൂടിയപ്പോൾ പാടങ്ങൾ നികത്തി കരഭൂമി ആക്കുന്നത് ലാഭമായി, ഒരു വ്യവസായമായി.
വെളുക്കാൻ തേച്ചത് പാണ്ടായി,
വെങ്ങോലക്കാർക്ക് പ്ലൈ വുഡ് ഇൻഡസ്ട്രി ബോണസ് ആയി കിട്ടി.
ആ “വെങ്ങോല രത്ന” എൻജിനീയറുടെ അച്ഛന്റെ പേരെന്താണെന്നാണ് പറഞ്ഞത്?
മുരളി തുമ്മാരുകുടി
(ഫോട്ടോ കെഡിറ്റ് E V Narayanan)
May be an image of outdoors and text that says "P 15 15-2 GI"

Leave a Comment