പൊതു വിഭാഗം

വീട് ഓഫീസാകുന്പോൾ ശ്രദ്ധിക്കേണ്ടത് !

ഓഫീസിലെ ജോലികൾ വീട്ടിലിരുന്നു ചെയ്യുന്ന രീതി ഐ ടി മേഖലയിലും ചില കൺസൽട്ടൻസികളിലും പതിവും പരിചിതവുമാണ്. കുറെ ആളുകൾ (സ്റ്റാർട്ട് അപ്പുകൾ പ്രധാനമായും) വീട് സ്ഥിരം ഓഫീസായി ഉപയോഗിക്കുന്ന ഹോം ഓഫീസ് രീതികളും ചെയ്യാറുണ്ട്. പൊതുവിൽ ഇത്തരം സംവിധാനങ്ങൾ വളരെ ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രമാണ് പരിചിതം.
 
കൊറോണക്കാലം ഈ സംവിധാനത്തെ ആകെ മാറ്റിമറിയ്‌ക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് വെറും ഒരാഴ്ച കൊണ്ട് സാധാരണ ഓഫീസ് രീതിയിൽ നിന്നും ‘വർക്ക് ഫ്രം ഹോം’ ലേക്ക് മാറിയത്. ഇവരിൽ ബഹുഭൂരിപക്ഷത്തിനും ഇത് ആദ്യത്തെ അനുഭവമാണ്. ഈ സാഹചര്യത്തിൽ ഞങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, വീട്ടിലിരുന്ന് പണിയെടുക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കാനുള്ള ചില നിർദേശങ്ങൾ പറയാം.
 
ഒരു ലാപ്പ്‌ടോപ്പും നല്ല ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ മിനിമം ഹോം ഓഫീസ് റെഡിയായി. എന്നാൽ ജോലി കൂടുതൽ കാര്യക്ഷമമാക്കാൻ ഇനി പറയുന്ന ഭൗതിക സാഹചര്യങ്ങൾ കൂടി ഉറപ്പാക്കണം.
 
1. ഓഫീസ് കോർണർ: സാധിക്കുമെങ്കിൽ വീട്ടിലെ ഒരു മുറി തന്നെ ഓഫീസ് ആക്കി മാറ്റണം. അതിൽ അല്പം മാറ്റങ്ങൾ വരുത്തി ഓഫീസിന്റെ അന്തരീക്ഷം കൂടി കൊണ്ടുവരാൻ ശ്രമിയ്‌ക്കാം. ഒരു ഡെസ്ക് ടോപ് കലണ്ടർ, റൈറ്റിങ് പാഡ്, സ്റ്റിക്കി നോട്ട്, പെൻ സ്റ്റാൻഡ്, ദിവസം എട്ടു മണിക്കൂർ ജോലി ചെയ്യാനുതകുന്ന വിധത്തിൽ ഇരിയ്‌ക്കാൻ അഞ്ചു ചക്രമുള്ള ഒരു കസേര (നാടുവിന് സപ്പോർട്ടുള്ളത്), സൗകര്യപ്രദമായ മേശ എന്നിവ തീർച്ചയായും വേണം. ഒന്നോ രണ്ടോ മണിക്കൂർ ജോലി ചെയ്യുന്പോൾ ബീൻ ബാഗിലോ ചാരുകസേരയിലോ ഇരുന്നു ജോലി ചെയ്യാമെങ്കിലും ഒരാഴ്ചയിൽ കൂടുതൽ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ നല്ലൊരു ഓഫീസ് ടേബിളും കസേരയും നഷ്ടമില്ലാത്ത ഇൻവെസ്റ്റ്മെന്റ് തന്നെയാണ്.
 
2. വിശ്വസിക്കാവുന്ന വൈദ്യുതി – ഇന്റർനെറ്റ് കണക്ഷൻ: പുതിയ കാലത്തെ വർക്ക് ഫ്രം ഹോം രീതി നല്ല സ്പീഡുള്ള ഇന്റർനെറ്റില്ലാതെ കാര്യക്ഷമമാക്കാൻ സാധിക്കില്ല. കേരളത്തിലെ ബി എസ് എൻ എൽ കണക്ഷനാണ് ഞങ്ങൾ പെരുന്പാവൂരിൽ ഉപയോഗിക്കുന്നത്. അത് മികച്ചതുമാണ്. അതുപോലെ തന്നെ പ്രധാനമാണ് തടസ്സമില്ലാത്ത വൈദ്യുതിയും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐ ടി ക്കാരുടെ സൗകര്യത്തിനായി പവർ കട്ട് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
 
നിങ്ങൾ ഇന്ത്യയ്‌ക്ക് പുറത്തുള്ള സ്ഥാപനത്തിനോ ക്ലയന്റിനോ വേണ്ടിയാണ് ജോലി ചെയ്യുന്നതെങ്കിൽ ഇന്റർനെറ്റിന്റെയും വൈദ്യുതിയുടെയും കാര്യക്ഷമതയിൽ പ്രത്യേക ശ്രദ്ധ വേണം. മൂന്നാം ലോകരാജ്യങ്ങളിലെ ഭൗതിക സൗകര്യങ്ങളെപ്പറ്റി പലപ്പോഴും വിദേശികൾക്ക് നല്ല അഭിപ്രായമില്ല. അതിന് അടിസ്ഥാനവുമുണ്ട്. വീഡിയോ കോളിന്റെ നടുക്ക് കറണ്ട് പോയാൽ പണി കാര്യക്ഷമമായി ചെയ്യാൻ പറ്റില്ലെന്ന് മാത്രമല്ല മുൻധാരണകൾ ഊട്ടിയുറപ്പിക്കുകയും ചെയ്യും. ഇത്തരം ധാരണകൾ മാറ്റാനുള്ള അവസരം കൂടിയാണിത്. ബ്രോഡ്ബാൻഡ് കൂടാതെ ഒരു 4 G ഡാറ്റ ഡോങ്കിൾ കൈയിലുണ്ടാകുക, രണ്ടോ മൂന്നോ മണിക്കൂർ ഇൻവെർട്ടർ സൗകര്യമുണ്ടായിരിക്കുക എന്നതും കേരളത്തിൽ നിന്നുള്ള ജോലിയ്‌ക്ക് അത്യാവശ്യമാണ്.
 
3. പ്രത്യേക ഓഫീസ് മുറി വേണോ?: നിങ്ങളുടെ വീട്ടിലോ ഫ്ലാറ്റിലോ ഓഫീസിനായി ഒരു മുറിയുണ്ടെങ്കിൽ അത് ഏറ്റവും നല്ല കാര്യമാണ്. സാധാരണയായി സ്റ്റോർ റൂമായി കിടന്നിരുന്ന മുറിയോ മറ്റോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കി ഓഫീസാക്കാം, പ്രത്യേകം ഓഫീസ് മുറി ഉണ്ടാക്കാൻ സാധിക്കാത്തവർ വീടിന്റെ ഏതെങ്കിലും ഭാഗം (സിറ്റിംഗ് റൂമോ ഡൈനിങ് റൂമോ. ബെഡ്‌റൂം ആകാതിരിക്കുന്നതാണ് നല്ലത്). ഇവിടെ ഓഫീസ് സമയങ്ങളിൽ അൽപം ഔപചാരികത നിലനിർത്തണമെന്ന് വീട്ടുകാരോടും ബന്ധുക്കളോടും പറയുക.
 
4. ഭാര്യയ്‌ക്കും ഭർത്താവിനും ഒരേ ഓഫീസ് മുറി?: പുതിയ തലമുറയിലെ ധാരാളം ഭാര്യാഭർത്താക്കന്മാർ പുറത്ത് ജോലി ചെയ്യുന്നുണ്ട്. അവർ ഒരേ ഓഫീസ് മുറിയിലിരുന്ന് ‘വർക്ക് ഫ്രം ഹോം’ ചെയ്യന്നത് നല്ല കാര്യമാണോ? ഈ കൊറോണക്കാലം കഴിയുന്പോൾ യു കെ യിൽ ഡിവോഴ്‌സുകളുടെ എണ്ണം കൂടുകയും കുറച്ചുനാൾ കഴിഞ്ഞാൽ കുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വളർച്ച ഉണ്ടാകുകയും ചെയ്യുമെന്നാണ് ചില ടാബ്ലോയ്‌ഡ്‌ വിദഗ്ദ്ധർ പ്രവചിച്ചിരിക്കുന്നത്. അപ്പോൾ രണ്ടുപേർക്കും കൂടി ഒരു ഓഫീസ് മതിയോ എന്നത് നിങ്ങളുടെ വീടിന്റെ വലുപ്പവും ബന്ധത്തിൻറെ സ്വഭാവവും അനുസരിച്ച് തീരുമാനിക്കാം.
 
നിങ്ങളുടെ ജോലി ഹ്യുമൻ റിസോഴ്‌സ് പോലെ സെൻസിറ്റിവ് ആയ ഒന്നാണെങ്കിൽ അടച്ചുറപ്പുള്ള മുറി ഉണ്ടാകുന്നതാണ് നല്ലത്. നിങ്ങൾക്ക് വീഡിയോ കോൺഫറൻസ് നടത്തേണ്ടതുണ്ടെങ്കിൽ ക്യാമറ എത്തുന്നിടത്ത് നിങ്ങളുടെ അണ്ടർവെയർ ഇല്ലെന്ന് ഉറപ്പു വരുത്തണം. പകരം യുവാൽ നോവ ഹരാരിയുടെ പുസ്തകങ്ങളോ, ഗ്രെറ്റ ട്യുൻബർഗിന്റെ ചിത്രമോ, വളരെ ഇൻസ്പിരേഷണലോ ഫ്യുച്ചറിസ്റ്റിക്കോ ആയ ഉദ്ധരണിയോ മുറിയിൽ വെയ്‌ക്കാം. നിങ്ങൾ ഉയർന്ന ചിന്താഗതിയുള്ളവരാണെന്ന് ഓഫീസിലുള്ളവർ തെറ്റിദ്ധരിച്ചതുകൊണ്ട് ഒരു നഷ്ടവും വരാനില്ല.
 
5. ഓഫീസും കുടുംബവും: സാധാരണ രാവിലെ ഏഴുമണിക്കോ അതിന് മുൻപോ ഓഫീസിൽ പോകുകയും, വൈകീട്ട് ഏഴിനോ ശേഷമോ വരികയും ചെയ്യുന്ന ഒരാൾ മുഴുവൻ സമയം വീട്ടിലുണ്ടാകുന്നത് പൊതുവെ ബന്ധുക്കൾക്ക് ഇഷ്ടമായിരിക്കും (കുറച്ചു നാളത്തേക്കെങ്കിലും). ഇന്ത്യയെ പോലെ അച്ഛനും അമ്മയും ഉൾപ്പെട്ട കുടുംബത്തിൽ ഇത് പ്രത്യേക വെല്ലുവിളികൾ ഉണ്ടാക്കും. പുറത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ ആണ് ഇത് കൂടുതൽ ബാധിക്കുന്നത്. നിങ്ങൾ വീട്ടിലുണ്ടെങ്കിൽ പതിവ് പോലെ തൊട്ടതിനും പിടിച്ചതിനും കുട്ടികളും ഭർത്താവും അച്ഛനും അമ്മയും അമ്മായിയമ്മയും ഒക്കെ നിങ്ങളുടെ അടുത്ത് വരും. ഇനി അഥവാ അവർ വന്നില്ലെങ്കിലും അമ്മയോ അമ്മായിയമ്മയോ വീട്ടിലെ പണികൾ മുഴുവൻ എടുക്കുന്ന സമയത്ത് ലാപ്ടോപ്പുമായി മാറിയിരിക്കാൻ നിങ്ങൾക്കും വിഷമം തോന്നും. അതുകൊണ്ട് തന്നെ നിങ്ങൾ അവധിയിൽ അല്ല എന്നും ഓഫീസ് സമയത്ത് പൂർണ്ണമായും ഓഫീസ് ജോലിയിൽ ആയിരിക്കുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കണം. അതേസമയം വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള യാത്രയുടെ സമയം ലാഭമായതിനാൽ ആ സമയം വീട്ടുകാരോടൊത്ത് ചെലവഴിക്കാം. നിങ്ങളുടെ ഓഫീസ് സമയത്ത് വീട്ടിൽ അതിഥികൾ വരുന്നത് പ്രോത്സാഹിപ്പിക്കരുത്.
 
6. ഓഫീസ് സമയം: ആധുനിക ഓഫീസുകളിൽ നിങ്ങൾ വരുന്നുണ്ടോ പോകുന്നുണ്ടോ എന്നതല്ല, നിങ്ങളെ ഏൽപ്പിച്ച പണി ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. വർക്ക് ഫ്രം ഹോം എടുത്ത് വീട്ടിലിരിക്കുന്ന സമയത്ത് ഓരോ ദിവസവും ഓരോ സമയത്ത് ജോലി ചെയ്യാമെന്ന് തോന്നും. ഇതൊരു നല്ല കാര്യമല്ല. വർക്ക് ഫ്രം ഹോം ചെയ്യുന്ന സമയത്ത് ചുരുങ്ങിയത് അഞ്ചോ ആറോ മണിക്കൂറെങ്കിലും ടീമിലെ എല്ലാവരും ജോലിയിൽ ആയിരിക്കുമെന്ന് മുൻ‌കൂർ സമ്മതിച്ച് അതനുസരിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്. ഇന്ത്യയും അമേരിക്കയും പോലെ പ്രവൃത്തി സമയം ഒട്ടും മാച്ച് ചെയ്യാത്ത സാഹചര്യത്തിൽ നിങ്ങൾ നിങ്ങളുടെ പ്രവൃത്തി സമയം മുൻ‌കൂർ പറയുക. മറ്റു ടീമംഗങ്ങളോടും അവരുടെ സമയം അറിയിക്കാൻ ആവശ്യപ്പെടുക. നിങ്ങൾ ഒരു മെയിൽ അയച്ചാൽ എപ്പോൾ മറുപടി കിട്ടുമെന്നും അത്യാവശ്യമെങ്കിൽ നിങ്ങളെ എപ്പോളാണ് വിളിക്കേണ്ടതെന്നും മറ്റുള്ളവരും അറിയണമല്ലോ.
 
7. ഹോം ഓഫീസിലെ വേഷം: ഓഫീസ് വീട്ടിലേയ്‌ക്ക്‌ മാറുന്പോൾ വീട്ടിൽ ധരിക്കുന്ന വേഷം ധരിച്ചാൽ പോരേ എന്നത് ന്യായമായ സംശയമാണ്. ഓഫീസ് വീട്ടിലേയ്‌ക്ക്‌ മാറിയാലും ഓഫീസ് സമയത്ത് ഫോർമൽ വേഷം ധരിക്കുന്നതാണ് ശരി. ഒന്നാമത് ഓഫീസ് സംബന്ധിയായ വീഡിയോ കോളുകൾ ഇപ്പോൾ സാധാരണമാണ്. അതിൽ ലുങ്കിയും ബനിയനുമിട്ട് പങ്കെടുക്കുന്നത് പല ഓഫീസ് രീതിക്കും ചേർന്നതല്ല. രണ്ടാമതായി വീട്ടിൽ നിന്നും ഓഫീസ് ജോലികൾ ചെയ്ത് തുടങ്ങുന്ന സമയത്ത് സാധാരണ പോലെ കൃത്യമായ ഓഫീസ് സമയം പാലിച്ച്, മറ്റു ദിനചര്യകളിൽ മാറ്റമില്ലാതെ, ഫോർമൽ വേഷം ധരിച്ച് ഓഫീസ് റൂമിലോ ഓഫീസായി പ്രഖ്യാപിച്ച ഇടത്തോ ഇരിക്കുന്നത് കാര്യക്ഷമത വർധിപ്പിക്കുമെന്ന് അനുഭവസ്ഥരും പഠനങ്ങളും പറയുന്നു. എന്നുവെച്ച് അധികം ഓവറാക്കരുത്. ജനീവയിലെ ഓഫീസിൽ ഇരുപത് ഡിഗ്രിയിൽ കോട്ടും ടൈയുമിട്ടാണ് പോകാറുള്ളത് എന്നതിനാൽ കേരളത്തിൽ മുപ്പത്തിയഞ്ച് ഡിഗ്രിയിൽ കോട്ടിട്ട് വിയർക്കേണ്ട കാര്യമില്ല. ഓഫീസ് അന്തരീക്ഷത്തിൽ തന്നെ ഇൻഫോർമലായ ധാരാളം പുതിയ ജനറേഷൻ കന്പനികളുണ്ട്. അവർക്ക് ഫോർമാലിറ്റിയുടെ നിയമങ്ങൾ ബാധകമല്ല.
 
8. ഹോം ഓഫീസിൽ നിന്നും പുറത്തു പോകുന്പോൾ: ജോലി സമയത്ത് ഡോക്ടറെയോ ക്ലയന്റിനെയോ കാണാനായി പുറത്തു പോകുകയാണെങ്കിൽ സാധാരണഗതിയിൽ ഓഫീസിലെ ബോസിനോടും സെക്രട്ടറിയോടും സഹപ്രവർത്തകരോടും പറയുന്നത് പോലെ ഹോം ഓഫീസിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ അത്യാവശ്യത്തിനും അല്ലാതെയും ചെറുതായി ഒന്ന് പുറത്തിറങ്ങാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാലിത് പ്രൊഫഷണലായ പെരുമാറ്റമല്ല. ടീമംഗങ്ങൾ തമ്മിലുള്ള വിശ്വാസവും, ഓരോരുത്തരും എടുക്കുന്ന ഭൗതികമായ നിയന്ത്രണങ്ങളോ (ഉദാ: പഞ്ചിങ്) നേരിട്ടുള്ള മേൽനോട്ടമോ ഇല്ലെങ്കിലും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും എന്ന നിശ്ചയവുമാണ് വർക്ക് ഫ്രം ഹോം ന്റെ അടിസ്ഥാനം. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സഹപ്രവർത്തകനെ വിളിക്കുന്പോൾ അദ്ദേഹം ഡ്രൈവ് ചെയ്യുന്നതിനാൽ ഫോൺ എടുക്കാതിരിക്കുകയോ, ഡ്രൈവ് ചെയ്തുകൊണ്ട് ഫോൺ എടുക്കുകയോ ചെയ്യുന്നത് പ്രൊഫഷണലായ പെരുമാറ്റമല്ല. പുറത്തു പോകുകയാണെങ്കിൽ അക്കാര്യം മറ്റുള്ളവരെ അറിയിക്കുക.
 
9. പ്ലാനിംഗ് പ്രധാനം: സ്വന്തമായി ജോലി ചെയ്യുന്പോൾ ഓരോ ദിവസവും ഓരോ ആഴ്ചയും എന്ത് ജോലിയാണ് ചെയ്തു തീർക്കേണ്ടതെന്ന് ചിന്തിക്കുന്നതും ആഴ്ചയുടെ ആദ്യം അത് എഴുതിവെയ്‌ക്കുന്നതും നല്ലതാണ്. ദിവസത്തിന്റെ അവസാനവും ആഴ്ചയുടെ അവസാനവും പ്ലാൻ ചെയ്തതുപോലെ പണികൾ നടന്നോ, അതിനിടയിൽ പുതിയ കാര്യങ്ങൾ ചെയ്യേണ്ടിവന്നോ എന്നെല്ലാം ഡോക്യുമെന്റ് ചെയ്യുന്നതും പ്രധാനമാണ്.
 
10. ഒരുമിച്ചുള്ള ജോലി ചെയ്യൽ: ഒരേ ലക്ഷ്യത്തിന് വേണ്ടി വിവിധ സ്കില്ലുകൾ ഉള്ളവർ ഒരിടത്തിരുന്ന് ജോലി ചെയ്യുന്നു എന്നതാണല്ലോ ഏതൊരു ഓഫീസിന്റെയും അടിസ്ഥാനലക്ഷ്യം. അപ്പോൾ ഈ ഒരുമിച്ചിരിക്കൽ മാറിയാലും പരസ്പര പൂരകത്വം മാറില്ലല്ലോ. വിവിധ സ്ഥലങ്ങളിരുന്ന് ജോലി ചെയ്യുന്പോഴും പൊതുവായ ലക്ഷ്യം, വർക്ക് പ്ലാൻ, ടൈംലൈൻ എല്ലാം ഉണ്ടാകുക പ്രധാനമാണ്. അവ ഡോക്യുമെന്റ് ചെയ്യണം. ട്രെല്ലോ, ഗൂഗിൾ കലണ്ടർ, മൈക്രോസോഫ്റ്റ് ടീം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിരുന്ന് ജോലി ചെയ്യുന്നവരെ കൂട്ടിയിണക്കാൻ ഇ മെയിലും ഫോണും കൂടാതെ പല ടൂളുകളും ഇപ്പോൾ ലഭ്യമാണ്. ഉപയോഗിച്ചു പരിചയമില്ലെങ്കിൽ അതിന് പറ്റിയ സമയമാണ്. ഇ വിഷയത്തിൽ കൂടുതൽ പരിചയമുള്ളവർ നല്ല ടൂളുകൾ ഉണ്ടെങ്കിൽ ഇവിടെ പരിചയപെടുത്തണം.
 
11. ഡേറ്റ സെക്യൂരിറ്റി ഉറപ്പാക്കണം: ആധുനിക സ്ഥാപനങ്ങളുടെ ആത്മാവ് എന്നത് അവരുടെ അൽഗോരിതമോ ഡേറ്റായോ ആണ്. കേന്ദ്രീകൃതമായ ഓഫീസുകളിൽ സുരക്ഷിതമായ ഫയർ വാളുകൾക്ക് പിന്നിലിരുന്ന് നാം സാധാരണ ജോലി ചെയ്യുന്പോൾ കന്പനിയുടെ ഡേറ്റ സുരക്ഷിതമാക്കുക എന്നത് താരതമ്യേന എളുപ്പമാണ്. പക്ഷെ ഓരോരുത്തരും ലോകത്ത് ഓരോ സ്ഥലത്തിരുന്ന് ജോലിചെയ്യുന്പോൾ ഇക്കാര്യം ഉറപ്പു വരുത്തുക കൂടുതൽ ബുദ്ധിമുട്ടാണ്. ഓരോ ജീവനക്കാരനും തികഞ്ഞ ഉത്തരവാദിത്തം കാണിച്ചാൽ മാത്രമേ ഇത് നടപ്പിലാകൂ. കന്പനി തന്നിട്ടുള്ള കന്പ്യുട്ടറുകൾ മാത്രം ഉപയോഗിക്കുക, അതിന്റെ സുരക്ഷ ഉറപ്പാക്കുക, ഒരു കാരണവശാലും ഈ കന്പ്യുട്ടർ പൊതു വൈഫൈ യിൽ ഉപയോഗിക്കാതിരിക്കുക, ഹോട്ടൽ ലോബിയിലോ ഇന്റർനെറ്റ് കഫേയിലോ ഉള്ള കംപ്യൂട്ടറുകളിൽ നിങ്ങളുടെ മെയിൽ ചെക്ക് ചെയ്യാതിരിക്കുക എന്നിങ്ങനെ സുരക്ഷാ നിർദേശങ്ങൾ തന്നെ ഒരു ലേഖനമായി എഴുതാം.
 
12. സന്തോഷമുള്ളതാക്കുക: അപ്രതീക്ഷിതവും അഭൂതപൂർവവുമായ ഒരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നത് പരിചയമില്ലാത്തവരും, സ്ഥിരമായ മേൽനോട്ടമില്ലാതെ ജോലി ചെയ്യാൻ പരിമിതികളുള്ളവരുമുണ്ട്. ഇവരെല്ലാം ഞങ്ങളുടെ കൂട്ടത്തിലുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലിരുന്ന് എല്ലാവരും ജോലി ചെയ്യുന്നത് ടെസ്റ്റ് ചെയ്തതേ ഉളളൂ ഞാൻ. തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അത് പ്രാബല്യത്തിൽ വരികയും ചെയ്തു. ഈ സാഹചര്യത്തിൽ ഞാൻ അവരോട് പറഞ്ഞത് താഴെ പറയുന്ന കാര്യങ്ങളാണ്.
 
വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നതിന് പല പരിമിതികളും ഉണ്ടെങ്കിലും വീട്ടിലിരുന്നാണെങ്കിലും ചെയ്യാൻ ഒരു തൊഴിൽ ഉണ്ടല്ലോ എന്നതാണ് ആദ്യമായി നമ്മൾ ചിന്തിക്കേണ്ടത്. ഏറെ ആളുകൾക്ക് ഉള്ളത് തന്നെ കുറഞ്ഞു വരാൻ പോവുകയാണ്. അപ്പോൾ പരിമിതികൾക്കിടയിലും നമുക്ക് പരമാവധി കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ലോകം നേരിടുന്ന ഈ വെല്ലുവിളിയിൽ നമുക്ക് ഓരോരുത്തർക്കും ഓരോ പങ്ക് വഹിക്കാനുണ്ട്. മുൻനിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകരെ പോലെതന്നെ പ്രധാനമാണ് ദുബായിലെ അപ്പാർട്ട്മെന്റിലിരുന്ന് ഇന്റർനെറ്റിലൂടെ പണം ട്രാൻസ്‌ഫർ ചെയ്യുന്ന എക്സ്ചേഞ്ചിന്റെ സൈബർ സെക്യൂരിറ്റി സുരക്ഷിതമാക്കുക എന്നതും.
 
ഈ ചരിത്രപരമായ ദൗത്യം നമ്മൾ ഓരോരുത്തരും നിറവേറ്റുന്പോഴും മാനസിക സംഘർഷങ്ങൾക്ക് അടിപ്പെടാതിരിക്കുക, വിവിധ നാടുകളിൽ ഇരുന്നുള്ള ജോലി പരമാവധി കാര്യക്ഷമവും പറ്റുന്നിടത്തോളം തമാശയുള്ളതുമാക്കുക. സാധാരണ എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ ഒരുമിച്ച് ബ്രേക്‌ഫാസ്റ്റ് കഴിക്കുന്ന പതിവുണ്ട്. ഈ വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് ലോകത്തെവിടെയാണെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നും അതിന്റെ ചിത്രങ്ങൾ പരസ്പരം പങ്കുവെക്കാമെന്നും ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഓരോ ആഴ്ചയുടെ തുടക്കത്തിലും അവസാനത്തിലും ഒരുമിച്ചു പാട്ടുകൾ പാടുക ഇതെല്ലാം കൊറോണക്കാലത്തെ മാത്രം സ്പെഷ്യൽ പരിപാടികളാണ്.
 
തൊഴിൽ രംഗത്ത് ഈ കൊറോണക്കാലം ഒരു നിർണ്ണായക സംഭവം ആകും. ഓഫീസ് സംസ്കാരങ്ങളെ ‘കൊറോണക്കാലത്തിന് മുൻപും, കോർണക്കാലത്തിന് ശേഷവും’ എന്ന് രണ്ടു തരത്തിലായിരിക്കും പിൽക്കാലത്ത് ലോകം വിലയിരുത്തുക. വർക്ക് ഫ്രം ഹോം എന്ന ഈ പ്രസ്ഥാനം ശരിയായി നടത്താൻ പറ്റിയാൽ ലോകത്തെവിടെയും ഉള്ള അനവധി ജോലികൾ മലയാളികൾക്ക് കേരളത്തിൽ ഇരുന്നു തന്നെ ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടാകും. ഇപ്പോൾ ലോകത്തെവിടെയും ചിതറിക്കിടക്കുന്ന നമ്മുടെ മിടുക്കികളും മിടുക്കന്മാരും ആയ പുതിയ തലമുറയിലെ പകുതി ആളുകൾക്കെങ്കിലും കേരളത്തിലിരുന്ന് ലോകോത്തരമായ ജോലികൾ ചെയ്യാൻ അവസരമുണ്ടായാൽ അത് കേരളത്തിലെ സംസ്കാരവും സാന്പത്തിക വ്യവസ്ഥിതിയും രാഷ്ട്രീയവും ഒക്കെ മാറ്റിമറിക്കും. ഇതൊരു വലിയ അവസരമാണ്. ഉപയോഗപ്രദമാക്കുക, ആസ്വദിക്കുക!
 
നിങ്ങളുടെ ഹോം ഓഫീസ് അനുഭവങ്ങളും ചിത്രങ്ങളും പങ്കുവെക്കുക.
 
മുരളി തുമ്മാരുകുടി, നീരജ ജാനകി
 
 

Leave a Comment