പൊതു വിഭാഗം

വാക്സിനേഷനെപ്പറ്റി വീണ്ടും…

വീണ്ടും വാക്സിനേഷനെപ്പറ്റി നാട്ടിൽ വിവാദകാലമാണ്. വാട്ട്സ്ആപ്പ് മെസ്സേജുകളിൽ വാക്സിൻ വിരുദ്ധതയും കുപ്രചാരണ തിയറികളും നിറയുന്നു. ഒരുകാലത്ത് പാക്കിസ്ഥാനിലും നൈജീരിയയിലും വിദ്യാഭ്യാസമായി പിന്നോക്കം നിന്നിരുന്നതും മതമൗലികവാദികൾക്ക് മുൻകൈ ഉണ്ടായിരുന്നതുമായ സ്ഥലങ്ങളിൽ മാത്രം പ്രചാരം ഉണ്ടായിരുന്ന ഇത്തരം അബദ്ധ ധാരണകൾ എങ്ങനെയാണ് സമ്പൂർണ്ണ സാക്ഷരത നേടി എന്ന് പതിറ്റാണ്ടുകളായി അഭിമാനിക്കുന്ന കേരളത്തിൽ എത്തിയത്?

ഈ വിഷയത്തിൽ പണ്ട് നീണ്ട പോസ്റ്റ് ഇട്ടിരുന്നതിനാൽ വീണ്ടും എഴുതുന്നില്ല. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മാത്രം എടുത്തു പറയാം.

1. കേരളത്തിൽ മനുഷ്യർ ജീവിച്ചു തുടങ്ങിയതിനുശേഷം ഏതു കാലഘട്ടത്തെക്കാളും ആയുർ ദൈർഘ്യത്തോടെയും ആരോഗ്യത്തോടെയും മനുഷ്യർ ജീവിക്കുന്ന കാലമാണ് ഇത്. മലയാളിയുടെ ശരാശരി ആയുർദൈർഘ്യം ഇപ്പോൾ എഴുപത് വയസ്സിനു മുകളിൽ ആണ്, ശിശുമരണ നിരക്ക് ആയിരത്തിന് പത്തിൽ താഴെയും. നൂറു വർഷം മുൻപുപോലും സമൂഹത്തിന്റെ ശരാശരി ആയുർദൈർഘ്യം അൻപത് വയസ്സിൽ താഴെയായിരുന്നു, ശിശുമരണ നിരക്ക് ആയിരത്തിൽ നൂറിന് മുകളിലും. ഇത് ചുമ്മാതങ്ങ് സംഭവിച്ചതല്ല. ആധുനികവൈദ്യം രോഗങ്ങളെ മനസ്സിലാക്കി അതിന് ചികിത്സകൾ കണ്ടു പിടിച്ചതിന്റെയും, സർക്കാരുകൾ (രാജഭരണകാലത്ത് ഉൾപ്പടെ) പൊതുജനാരോഗ്യത്തിന് പണം മുടക്കിയതിന്റെയും ഫലമാണ്.

2. ആയുർദൈർഘ്യം അൻപത് വയസ്സിന് താഴെയുള്ള രാജ്യങ്ങളും ശിശുമരണനിരക്ക് ആയിരത്തിന് നൂറിന് മുകളിലുള്ള രാജ്യങ്ങളും ഇപ്പോഴും ലോകത്തുണ്ട്. അങ്ങോട്ടുള്ള വാതിൽ തുറന്നു കിടക്കുകയാണ്. ഈ വിരുദ്ധന്മാർക്കും കുപ്രചാരണക്കാർക്കും നാട്ടിൽ അധികാരമോ മുൻതൂക്കമോ കിട്ടുന്ന കാലത്ത് അവർ നമ്മുടെ സമൂഹത്തെ ആ “സ്വർഗ്ഗരാജ്യത്തേക്ക്” നയിക്കും.

3. കുട്ടികൾക്ക് വേണ്ടപോലെ വാക്സിനേഷൻ എടുക്കാതിരിക്കുന്നത് അവരുടെ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്. ലോകത്ത് പലയിടത്തും യാത്ര ചെയ്യുമ്പോൾ നമ്മുടെ വാക്സിനേഷൻ റെക്കോർഡ് ചോദിക്കും, അതില്ലാത്തവരുടെ യാത്ര അവസരങ്ങൾ കുറയും, അത് പഠനത്തിനായാലും ജോലിക്കായാലും. അപ്പോൾ നിങ്ങളുടെ അബദ്ധധാരണകൾ കൊണ്ട് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ കുട്ടിയുടെ ആയുസ്സിനെ മാത്രമല്ല ഭാവിയിലെ അവസരങ്ങളെയും ബാധിക്കും.

4. മറുനാട്ടിൽ മാത്രമല്ല, ഇനിയങ്ങോട്ട് നമ്മുടെ നാട്ടിൽ വിജ്ഞാനവും വിവേകവും കൂടി വരുന്ന ഒരു കാലത്ത്, ഇപ്പോഴത്തെ വാക്സിൻ വിരുദ്ധരുടെ പ്രചാരണത്തിൽ വീണ് കുറച്ചു അസുഖങ്ങൾ തിരിച്ചുവരുന്ന കാലത്ത്, വാക്സിൻ എടുക്കാത്തവരെ കല്യാണം കഴിക്കില്ല എന്നും വാക്സിൻ ഇല്ലാത്തവർക്ക് ഫ്ലാറ്റിലോ ഗേറ്റഡ് കോളനികളിലോ ഒന്നും വീട് കൊടുക്കില്ല എന്നുമൊക്കെ വേണമെങ്കിൽ ആളുകൾ ചിന്തിച്ചു എന്ന് വരാം. അപ്പോൾ നിങ്ങളുടെ മൂഢതക്ക് വിലകൊടുക്കേണ്ടി വരുന്നത് ഒന്നും അറിയാത്ത, ഈ തീരുമാനത്തിൽ ഒരു പങ്കും ഇല്ലാത്ത, നിങ്ങളുടെ കുട്ടിയാണ്. ഇതാണോ നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് കരുതിവെക്കുന്ന ഭാവി?

5. തൊണ്ണൂറ്റി ഒൻപത് ശതമാനം പേരും വാക്സിൻ എടുത്തു എന്നതുകൊണ്ട് സമൂഹത്തിന് സന്തോഷമായി ഇരിക്കാൻ പറ്റില്ല. രോഗങ്ങൾ നൂറുശതമാനവും തുടച്ചു മാറ്റപ്പെടണം. അല്ലെങ്കിൽ വരും കാലത്ത് നമ്മുടെ നാടും ഓരോ രോഗങ്ങളുടെ കേന്ദ്രം ആയി അറിയപ്പെടും. ഇങ്ങോട്ട് സഞ്ചാരത്തിനായും, ജോലിക്കായും, ബിസിനസ്സിനായും ആളുകൾ വരുന്നത് കുറയും. ശോഭനമായ ഒരു ഭാവിയാണ് നാം നമ്മുടെ സമൂഹത്തിന് സ്വപ്നം കാണുന്നതെങ്കിൽ ഇത്തരം അബദ്ധധാരണകൾ പരത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം, നമ്മുടെ കുട്ടികളുടെ ഭാവി ഉറപ്പാക്കണം, നമ്മുടെ സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും വേണം.

മുരളി തുമ്മാരുകുടി

http://www.mathrubhumi.com/news/columns/oridathoridathu/murali-thummarukudi-oridathoridathu-smallpox-smallpox-vaccine-vaccination-public-health-histor-malayalam-news-1.1296666

1 Comment

Leave a Comment