പൊതു വിഭാഗം

വഴിയോരത്തെ തണൽ മരങ്ങൾ – രാജാവും മന്ത്രിയും…

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ചരിത്രം പഠിപ്പിച്ചിരുന്നത് രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും സംഭാവനകൾ എന്തൊക്കെയായിരുന്നു എന്ന മട്ടിലായിരുന്നു. അത് കാണാതെ പഠിച്ച് കൃത്യമായി എഴുതുന്ന ആളാണ് മിടുക്കൻ.

മിടുക്ക് കുറവാണെങ്കിലും ചരിത്രത്തിൽ മാർക്ക് കിട്ടാൻ ഒരു എളുപ്പ വഴിയുണ്ട്. ഏതൊരു രാജാവാണെങ്കിലും “വഴിയോരത്ത് മരങ്ങൾ നട്ടുപിടിപ്പിച്ചു” എന്ന് എഴുതുക. ഏത് രാജാവാണ് വഴിയോരത്ത് മരങ്ങൾ നട്ടുപിടിപ്പിക്കാതിരുന്നതെന്ന് ഒരു അധ്യാപകർക്കും അറിയില്ല, മാർക്ക് ഉറപ്പാണ്.

രാജാവ് പോയി മന്ത്രി വന്നിട്ടും വഴിയോരത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പരിപാടി തുടരുന്നു.

രാജാക്കന്മാരുടെ കാലത്ത് ആളുകൾ കൂടുതലും കാൽനടയായിട്ടാണ് യാത്ര ചെയ്തിരുന്നത്. ചിലപ്പോൾ കാളവണ്ടിയിലോ കുതിരവണ്ടിയിലോ. അപ്പോൾ വഴിയോരത്ത് തണൽ മരങ്ങൾ ഉള്ളത് വലിയ അനുഗ്രഹമാണ്. നടക്കുന്പോൾ തണൽ കിട്ടും, ക്ഷീണിച്ചാൽ മരത്തണലിൽ ഇരിക്കാം, മൃഗങ്ങൾ ഉണ്ടെങ്കിൽ അതിൽ കെട്ടിയിടാം. വല്ലപ്പോഴും മാങ്ങയോ ചക്കയോ കിട്ടിയാൽ ബോണസ് എന്ന് കരുതാം.

പക്ഷെ നടപ്പാത മാറി ഹൈവേ വന്നിട്ടും, കാളവണ്ടി പോയി കാറ് വന്നിട്ടും ഹൈവേയുടെ ഇരുവശവും മരങ്ങൾ നട്ടുപിടിപ്പിക്കുന്ന രീതി നമ്മൾ ഇപ്പോഴും തുടരുന്നു. വർഷത്തിൽ ഇടക്കൊക്കെ ഈ മരങ്ങളുടെ കൊന്പുകൾ റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങുന്നു, ചിലപ്പോൾ നിർഭാഗ്യവശാൽ മരങ്ങളോ കൊന്പുകളോ വാഹനങ്ങളുടെ മുകളിലേക്ക് വീഴുന്നു, ആളുകൾക്ക് അപകടം പറ്റുന്നു, മരിക്കുന്നു. ഇനി ചിലപ്പോൾ ഹൈവേയിലുള്ള വാഹനങ്ങൾ വശങ്ങളിലെ മരങ്ങളിൽ ഇടിക്കുന്നു, അപകടം ഉണ്ടാകുന്നു, ആളുകൾ മരിക്കുന്നു.

മരം=ആവാസവ്യവസ്ഥ=പരിസ്ഥിതി എന്ന എളുപ്പത്തിലുള്ള സമവാക്യമാണ്  ശരാശരി മലയാളികൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെ റോഡുകളുടെ ഇരുവശങ്ങളിലും നിൽക്കുന്ന അപകടമുണ്ടാക്കാൻ സാധ്യതയുള്ള മരങ്ങൾ വെട്ടിമാറ്റണം എന്നൊക്കെ പറഞ്ഞാൽ അത് വലിയ പുകിലാകും. അത് വേണ്ട.

ചുരുങ്ങിയ പക്ഷം ഇനിയെങ്കിലും കേരളത്തിൽ ഹൈവേയുടെ വശങ്ങളിൽ വന്മരങ്ങൾ വച്ചുപിടിപ്പിക്കരുത്. ചരിത്രപരീക്ഷക്ക് അത്തരം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യരുത്.

(ഇന്നലെ എറണാകുളത്ത് ഹൈവേയുടെ സൈഡിലെ മരത്തിൽ ഇടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ മരിച്ചു എന്ന് കേട്ടപ്പോൾ തോന്നിയ കാര്യമാണ്. മുൻപ് കോതമംഗലത്തിനടുത്ത് മരം വീണ് സ്‌കൂൾ വിദ്യാർഥികൾ മരിച്ച സമയത്തും പറഞ്ഞിരുന്നു. ഇനി അപകടം വരുന്പോഴും പറയാം.)

മുരളി തുമ്മാരുകുടി

 

Leave a Comment