പൊതു വിഭാഗം

വയസ്സാകുന്ന കേരളം. നാം തയ്യാറാണോ?

ഭക്ഷ്യ സുരക്ഷ, ആരോഗ്യം, സാനിറ്റേഷൻ തുടങ്ങിയ രംഗങ്ങളിലുണ്ടായ പുരോഗതിയുടെ ഫലമായി കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് കഴിഞ്ഞ നൂറ്റാണ്ടിലേതിനേക്കാൾ വർദ്ധിച്ചിട്ടുണ്ട്. 1960 കളിൽ ജനിച്ച എൻറെ തലമുറ ശരാശരി എൺപത് വയസ്സ് വരെയും, മിലേനിയൽസ് (കാറു വാങ്ങിയില്ലെങ്കിലും ഷഡ്ഢി ഇട്ടില്ലെങ്കിലും) ശരാശരി തൊണ്ണൂറിനപ്പുറവും ജീവിക്കും. സംശയം വേണ്ട.
 
ഒറ്റനോട്ടത്തിൽ ഇത് നല്ലകാര്യമാണെന്ന് തോന്നാമെങ്കിലും ഒരു സമൂഹമെന്ന നിലയിൽ നാം ഇപ്പോഴും ഈ മാറ്റത്തിന് വേണ്ടവിധം തയ്യാറെടുത്തിട്ടില്ല. ഇപ്പോഴും ജെറിയാട്രിക്സ് എന്ന മെഡിക്കൽ സ്പെഷ്യാലിറ്റി പഠിക്കാനുള്ള അവസരം കുറവാണ്, പഠിക്കാനുള്ളവരുടെ താല്പര്യം അതിലും കുറവും. പ്രായമായവരുടെ മൊബിലിറ്റിക്ക് പാകത്തിനല്ല വീടുകളും റോഡുകളും നിർമ്മിച്ചിരിക്കുന്നത്. എഴുപത് വയസ്സിനപ്പുറത്തേക്കുള്ള ആരോഗ്യ ചിലവുകൾ കൂടി വരുന്പോൾ അതിനുള്ള സാന്പത്തിക ഭദ്രത ഉണ്ടാക്കിവെക്കാൻ ആളുകൾ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വയസ്സുകാലം സന്തോഷകരമായ കാലമായിരിക്കണമെന്നില്ല. ഇപ്പോൾ തന്നെ ഇതിന്റെ പ്രശ്നങ്ങൾ സമൂഹത്തിൽ കാണാനുണ്ട്.
 
കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ വേറെയുമുണ്ട് പ്രശ്നങ്ങൾ. സ്വന്തം മക്കൾ വയസ്സുകാലത്ത് പരിചരിക്കുമെന്നും, ജീവിതാവസാനം വരെ സ്വന്തം വീട്ടിൽത്തന്നെ താമസിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ഇന്ന് മലയാളി വയസ്സാകുന്നത്. ഇത് രണ്ടും ഇനിയങ്ങോട്ട് കുറഞ്ഞു വരുമെന്നതിനാൽ ഈ വിഷയം സമൂഹം ചിന്തിച്ചേ പറ്റൂ, വ്യക്തികളും.
 
വയസ്സായവർക്കുള്ള സഹായങ്ങളും സൗകര്യങ്ങളും ഒരുക്കുക എന്നത് കേരളത്തിൽ വൻ സാധ്യതയുള്ള ഒരു തൊഴിൽരംഗമാണിന്ന്. അതിനാൽ അന്താരാഷ്ട്രമായി ഈ രംഗത്ത് പ്രവർത്തി പരിചയമുള്ള എൻറെ സുഹൃത്ത് Midhu George ഇത്തരം ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്പോൾ അത് ഉൽഘാടനം ചെയ്യാൻ എനിക്ക് സന്തോഷമേ ഉള്ളൂ.
 
വിളക്ക് കൊളുത്തലും നാടമുറിക്കലും മാത്രമല്ല, ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകളും ഉൽഘാടനത്തിന്റെ ഭാഗമായിരിക്കും. ഒക്ടോബർ നാലാം തിയതി വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്കാണ് പ്രോഗ്രാം. കൂടുതൽ വിവരങ്ങൾ പോസ്റ്ററിൽ ഉണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ളവർ മിധുവിനെ കോൺടാക്ട് ചെയ്യുമല്ലോ.
 
അപ്പോൾ എല്ലാം പറഞ്ഞ പോലെ. ‘ഇന്ന് ഞാൻ, നാളെ നീ!’, അതിനാൽ എല്ലാവർക്കും ആവശ്യം വരും ഈ സേവനം, ഇന്നേ കണ്ടുവെക്കുന്നതാണ് നല്ലത്.
 
മുരളി തുമ്മാരുകുടി

Leave a Comment