പൊതു വിഭാഗം

‘വനിതാ സംവരണം ഉറപ്പാക്കണം – മുഖ്യമന്ത്രിമാർക്ക് രാഹുലിന്റെ കത്ത്’ (മാതൃഭൂമി വാർത്ത).

ലോകത്തെ 192 രാജ്യങ്ങളിൽ പാർലമെന്റുകളിലെ സ്ത്രീ സാന്നിധ്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 148 ആണ്. സംസ്ഥാന അസംബ്ലികളിലെ സ്ഥിതി ഇതിനേക്കാൾ പരിതാപകരമാണെന്നും രാഹുലിന്റെ കത്തിൽ പറയുന്നു.
 
കൃത്യമായ നിരീക്ഷണം.
 
നിയമസഭാ – ലോകസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റുകളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കണമെന്ന പ്രമേയം കോണ്ഗ്രസ് ഒറ്റയ്ക്കും സഖ്യമായും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിമസഭകളിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധിയുടെ കത്ത്.
 
പ്രമേയം ഉണ്ടാക്കി അയക്കാൻ എളുപ്പമാണ്. അതിലൊക്കെ ആത്മാർത്ഥത ഉണ്ടെന്ന് ജനങ്ങൾക്ക് തോന്നുന്നത് അത് പ്രയോഗത്തിൽ വരുത്തുന്പോഴാണ്. കേരളത്തിൽ കോൺഗ്രസ്സ് പാർട്ടിയിലെ സ്ഥാനങ്ങൾ തീരുമാനിക്കുന്പോൾ കുറച്ചുകൂടി വനിതകളെ ഉൾക്കൊള്ളിക്കാമോ? മൂന്ന് വർക്കിങ്ങ് പ്രസിഡന്റുമാരിൽ ഒരു സ്ത്രീ, പതിനാലു ഡി സി സി പ്രസിഡന്റുമാരിൽ അഞ്ചു സ്ത്രീകൾ എന്നിങ്ങനെ? അതിനിപ്പോ ഇന്ത്യൻ ഭരണഘടന തിരുത്തുകയൊന്നും വേണ്ടല്ലോ.
 
കോൺഗ്രസ്സിൽ എത്രയോ നല്ല വനിതാ നേതാക്കളുണ്ട്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് വരുന്പോൾ ഇരുപതിൽ എട്ടുപേർ, അസംബ്ലി തിരഞ്ഞെടുപ്പ് വരുന്പോൾ നൂറ്റി നാൽപ്പതിൽ അൻപത് പേർ എന്നിങ്ങനെ ഇപ്പഴേ ഒന്ന് കമ്മിറ്റ് ചെയ്യാൻ പറ്റുമോ? അതിനും ഭരണഘടനാപരമായ ഒരു വിലക്കുമില്ലല്ലോ.
 
പറ്റില്ലല്ലേ…?
 
അതൊക്കെ എന്തും ആവട്ടെ. അടുത്ത തിരഞ്ഞെടുപ്പിൽ എൻറെ വോട്ടും പിന്തുണയും ഏറ്റവും കൂടുതൽ സ്ത്രീകളെയും യുവാക്കളേയും പ്രൊഫഷണൽസിനേയും തെരഞ്ഞെടുപ്പിന് നിർത്തുന്ന പാർട്ടിക്ക് തന്നെ.
 
മുരളി തുമ്മാരുകുടി
 

Leave a Comment