പൊതു വിഭാഗം

ലോകം, കേരളം, സഭ…

ഈ മാസമാദ്യം തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയുടെ ആദ്യസമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ അവസരം ലഭിച്ച കാര്യം നിങ്ങൾക്കറിയാമല്ലോ. അതിനെക്കുറിച്ച് കൂടുതലെഴുതാൻ ഇപ്പോഴാണ് സമയം കിട്ടിയത്.
 
ഒരു കാര്യം ആദ്യമേ പറയാം. ഇതൊരു നവീനവും നല്ലതുമായ ആശയമാണെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. പ്രവാസികൾ നാടിൻറെ നട്ടെല്ലായ ഒരു സംസ്ഥാനത്ത് പ്രവാസികൾക്ക് നാടിൻറെ ഭരണനയത്തിലും ദിശാനിർണ്ണയത്തിലും പങ്കുണ്ടാകണമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകേണ്ട കാര്യമില്ലല്ലോ. എന്നാൽ ഇപ്പോഴത്തെ നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലൂടെ അത് കൊണ്ടുവരിക എളുപ്പമല്ല. ഒരു സംസ്ഥാനം മാത്രം വിചാരിച്ചാൽ സാധിക്കുന്നതുമല്ല. അപ്പോൾ അത്തരം നിയമത്തിന്റെ നൂലാമാലകളില്ലാതെ പ്രവാസി പ്രതിനിധികളെയും നാട്ടിലെ ജനപ്രതിനിധികളെയും ഒരുമിച്ചു കൊണ്ടുവരുന്ന ഒരു സംവിധാനം ലോകത്ത് തന്നെ ഇതാദ്യമാണെന്ന് തോന്നുന്നു. വിജയമായാൽ ലോകശ്രദ്ധയെ ആകർഷിക്കുകയും ചെയ്യും. ഇതിന്റെ പിന്നിലെ ആശയം ആരുടേതാണെങ്കിലും അവരെയും, ഇത് നടപ്പിലാക്കാൻ മുൻകൈയെടുത്തവരെയും, നേതൃത്വം നൽകിയ മുഖ്യമന്ത്രിയേയും അഭിനന്ദിച്ചേ പറ്റൂ. ചരിത്രപരമായ ഒരു നീക്കമാണ് നടന്നിരിക്കുന്നത്. ഇത് വിജയമായാൽ വരും കാലത്ത് മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും ഇത്തരം സഭകൾ ഉണ്ടാക്കിയെന്ന് വരും.
 
ഇതിന്റെയർത്ഥം ലോക കേരള സഭയുടെ സംഘടനയിലോ നടത്തിപ്പിലോ ഒരു പാളിച്ചയും ഉണ്ടായില്ല എന്നല്ല. മിക്കവാറും തീരുമാനങ്ങൾ അവസാന നിമിഷമാണ് എടുത്തത്, പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് സുതാര്യമല്ലായിരുന്നു, പ്രതിനിധിസഭയിൽ എന്ത് നടക്കുമെന്ന് സഭയിൽ എത്തുന്നതുവരെ മിക്കവർക്കും അറിവുണ്ടായിരുന്നില്ല, കലാപരിപാടികൾ സംഘടിപ്പിച്ചതിലെ സൂക്ഷ്മതയൊന്നും സാങ്കേതിക സെക്ഷനുകൾ സംഘടിപ്പിച്ചതിൽ കാണാനുണ്ടായിരുന്നില്ല എന്നിങ്ങനെ പല കുറ്റങ്ങൾ പറയാം. എന്നിട്ടും ലോക കേരള സഭയുടെ ഒന്നാമത്തെ സമ്മേളനം ഒരു വിജയമായിരുന്നു എന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. കാരണങ്ങൾ,
 
1. എന്ത് കാര്യത്തിലും വലിയ രാഷ്ട്രീയ ചേരിതിരിവുകളുള്ള കേരളത്തിൽ ഇങ്ങനെയൊരു സഭ സമ്മേളിച്ചുവെന്നതും പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ ബഹുഭൂരിപക്ഷം എം എൽ എ മാരും എം പി മാരും പങ്കെടുത്തു എന്നതുമാണ് ഒന്നാമത്തെ വിജയം. ഇതിന്റെ കുറച്ച് ക്രെഡിറ്റ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് നൽകണം.
 
2. സഭ നടന്ന രണ്ടുദിവസവും മുഖ്യമന്ത്രി മണിക്കൂറുകളോളം സഭയിലുണ്ടായിരുന്നു. ഇതാണ് ശ്രീ പിണറായി വിജയനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത്. കാണുന്നവരെ പേരെടുത്ത് വിളിക്കലും കെട്ടിപ്പിടിക്കലും ഒന്നുമില്ലെങ്കിലും അദ്ദേഹം ആളുകൾ പറയുന്നത് ശ്രദ്ധാപൂർവ്വം കേട്ടിരിക്കും. ഉദ്‌ഘാടനം ചെയ്തതിനുശേഷം സഭ വിട്ട് പോകുകയോ സഭ നടക്കുമ്പോൾ ഫോണിൽ സംസാരിക്കുകയോ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രി ഉള്ളത് കൊണ്ടുകൂടിയാകണം മറ്റ് മന്ത്രിമാരും ഏറെ സമയം സഭയിൽ ഉണ്ടായിരുന്നു. പ്ലീനറിക്ക് ശേഷമുള്ള മീറ്റിങ്ങുകളിൽ അവർ സജീവമായിരുന്നു.
 
3. സീറ്റിങ് ക്രമീകരണത്തിന്റെ കാര്യത്തിൽ ആദ്യദിവസം ചില പ്രോട്ടോക്കോൾ തർക്കങ്ങളുണ്ടായെങ്കിലും സഭയിലെത്തിയ എല്ലാവർക്കും സഭയിലെ അംഗങ്ങൾ എന്ന നിലയിൽ തുല്യതയോടെ പരസ്പരം കാണാനും ആശയങ്ങൾ പങ്കുവെക്കാനും അവസരം ലഭിച്ചു. മുൻപില്ലാതിരുന്ന ഏറെ സാമൂഹ്യബന്ധങ്ങൾ ഈ സഭയോടെ ഉണ്ടായിരിക്കുകയാണ്, അതിന്റെ ഗുണഫലം അടുത്ത വർഷങ്ങളിൽ തീർച്ചയായും സംസ്ഥാനത്തിന് ഉണ്ടാകും.
 
സഭയിലെത്തിയ പ്രവാസികൾക്ക് അവരുടെ താത്പര്യമനുസരിച്ച് വിഷയങ്ങൾ അവതരിപ്പിക്കാൻ കുറച്ചെങ്കിലും സമയം കിട്ടി. ആരും ആരുടെയും ആശയങ്ങളെ ഒറ്റയടിക്ക് തള്ളിക്കളഞ്ഞില്ല.
 
4. സാധാരണ വലിയ സമ്മേളനങ്ങളെപോലെ പ്ലീനറി മീറ്റിങ്ങുകളും ചെറിയ ‘ബ്രേക്ക് ഔട്ട്’ മീറ്റിങ്ങുകളുമായാണ് സഭ സമ്മേളിച്ചത്. സ്പീക്കർ ആയിരുന്നു പ്ലീനറിയെ നയിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുഴുവൻ സമയം സ്റ്റേജിൽ തന്നെയുണ്ടായിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളായി തിരിച്ച് മേഖലാടിസ്ഥാനത്തിലുള്ള (പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങൾ, അമേരിക്കയും യൂറോപ്പും, മറ്റു ലോക രാജ്യങ്ങൾ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ) ബ്രേക്ക് ഔട്ട് സെക്ഷനുകൾ ഒന്നാം ദിവസം നടന്നു. പ്രവാസികൾക്കും കേരളത്തിനും താല്പര്യമുള്ള ധനകാര്യം മുതൽ സാംസ്കാരികം വരെയുള്ള പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ച് പത്ത് ബ്രേക്ക് ഔട്ടുകൾ രണ്ടാം ദിവസവും. മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരുമാണ് ബ്രേക്ക് ഔട്ട് മീറ്റിങ്ങുകളിൽ അധ്യക്ഷം വഹിച്ചത്. ബ്രേക്ക് ഔട്ട് മീറ്റിങ്ങുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്ലീനറിയിൽ അവതരിപ്പിക്കുകയും ചെയ്തു. ലോക കേരള സഭയിൽ സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്നെങ്കിലും സ്ത്രീകളും പ്രവാസവും എന്ന വിഷയത്തിൽ ഒരു പ്രത്യേക ഗ്രൂപ്പ് തന്നെ ഉണ്ടായിരുന്നു എന്നത് നല്ല കാര്യമാണ്.
 
മൂന്നുതരം ആളുകളാണ് ലോക കേരള സഭയിലുണ്ടായിരുന്നത്.
 
ഒന്ന് രവി പിള്ള തൊട്ട് യൂസഫ് അലി വരെയുള്ള വലിയ ബിസിനസുകാർ. ഇവരെ സംബന്ധിച്ചിടത്തോളം സഭാംഗത്വം അവർക്ക് വലിയൊരു സംഭവമല്ല. കാരണം അധികാരത്തിൽ ഏത് പാർട്ടിയാണെങ്കിലും അവരുടെ ആശയങ്ങൾ അധികാരകേന്ദ്രങ്ങളിൽ എത്തിക്കാനുള്ള സാഹചര്യവും സൗകര്യവും അവർക്കുണ്ട്.
 
രണ്ടാമത്തെ കൂട്ടർ ലോകത്തെ വിവിധ ഭാഗങ്ങളിൽ മലയാളി അസോസിയേഷന്റെ പ്രതിനിധികളായി വന്നവരാണ്. ഏറെ സംഘടനാ പരിചയമുള്ളവരാണിവർ. നാട്ടിലെ രാഷ്ട്രീയക്കാരുമായും കലാകാരന്മാരുമായും ഇപ്പോൾ തന്നെ ഇവർക്ക് നല്ല ബന്ധങ്ങളുണ്ട്. ലോക കേരള സഭയിലെ അംഗത്വം ഇവർക്ക് കൂടുതൽ അംഗീകാരം നൽകുന്നു. നാടുമായി കൂടുതൽ ബന്ധിച്ചു പ്രവർത്തിക്കാനുള്ള അവസരവും.
 
ഇതിൽ രണ്ടിലും പെടാത്ത എന്നാൽ മറുനാടുകളിൽ പോയി സ്വന്തം പ്രവർത്തനം കൊണ്ട് കേരളത്തിന് അഭിമാനമുണ്ടാക്കിയ ചില വ്യക്തിത്വങ്ങളാണ് മൂന്നാമത്തെ സംഘം. ടാൻസാനിയയിലെ സോമി മുതൽ സിംഗപ്പൂരിലെ പ്രഹ്ലാദ് വരെ ഈ കൂട്ടത്തിൽപെടും. സാധാരണഗതിയിൽ കേരളത്തിലെ അധികാരകേന്ദ്രങ്ങൾ അറിയാനിടയില്ലാത്തവരും അതിലേക്ക് എത്തിപ്പറ്റാൻ ശ്രമിക്കാത്തവരുമാണിവർ. അധികമില്ലെങ്കിലും ഇങ്ങനെ കുറേപ്പേരെ സഭയിലെത്തിച്ചു എന്നത് ലോക കേരള സഭയുടെ സംഘാടകർക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
 
സഭയിൽ നടന്ന ചർച്ചകളെക്കുറിച്ചും പല റിപ്പോർട്ടുകളും വന്നുവല്ലോ. ഒരേസമയം ആറ് സമാന്തര സെക്ഷനുകൾ നടക്കുന്നതിനാൽ അതിൽ ഒന്നിലേ പങ്കെടുക്കാനാകൂ. അതിനാൽ സഭാ നടപടികളെക്കുറിച്ച് അധികം പറയുന്നില്ല. പൊതുവിലുള്ള ചില നിരീക്ഷണങ്ങളും പ്രതീക്ഷകളും നിങ്ങളോട് പങ്കുവെക്കാം.
 
1. ലോക കേരളസഭയിൽ സ്ത്രീകളുടെയും യുവാക്കളുടെയും എണ്ണം തീരെ കുറവായിരുന്നു. ഇത് അടുത്ത സഭയിൽ തീർച്ചയായും മാറ്റണം. അടുത്ത സമ്മേളനം മുതൽ വേദിയിൽ കൂടുതൽ സ്ത്രീസാന്നിധ്യം ഉറപ്പാക്കണം. കൂടുതൽ സ്ത്രീകൾക്ക് പ്ലീനറിയിൽ സംസാരിക്കാൻ അവസരം നൽകുകയും വേണം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ലോക കേരള സഭയിൽ പകുതിയെങ്കിലും സ്ത്രീകളായിരിക്കണം, യുവാക്കളുടെ എണ്ണവും വർദ്ധിപ്പിക്കണം.
 
2. ഒന്നാം ദിവസത്തെ മേഖലാ സമ്മേളനത്തിൽ ഞാൻ മധ്യേഷ്യയുടെ ഗ്രൂപ്പിലാണ് ഇരുന്നത്. മധ്യേഷ്യയിലെ പ്രവാസികൾ കാലാകാലങ്ങളായി പറയുന്ന കാര്യങ്ങളായ വിമാനക്കൂലി, നാട്ടിൽ തിരിച്ചുവന്നാൽ പെൻഷൻ, എന്നിങ്ങനെയുള്ള ‘അവരുടെ കാര്യങ്ങൾ’ ആയിരുന്നു ചർച്ച മുഴുവൻ. ലോക കേരള സഭയെ ആശയങ്ങളുടെ സഭയായിട്ടാണ് ഞാൻ കണ്ടത്, ആവലാതി സഭയായിട്ടല്ല. ആവലാതികൾ ഉന്നയിക്കാൻ വേറെ എത്രയോ സ്ഥലങ്ങളുണ്ട്. ഇതിന് പകരം ഗൾഫും കേരളവും എന്തൊക്കെ കാര്യത്തിൽ യോജിച്ച് പ്രവർത്തിക്കാം, അതിൽ ഗൾഫ് മലയാളികളുടെ അറിവും ബന്ധങ്ങളും എങ്ങനെ ഉപയോഗിക്കാം എന്നൊക്കെയായിരുന്നു ചർച്ചകൾ എങ്കിൽ എത്ര നന്നായിരുന്നു എന്ന് തോന്നി.
 
3. രണ്ടാം ദിവസം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെഷനുകൾ കൂടുതൽ ഫലപ്രദമായിരുന്നു. വിദ്യാഭ്യാസം, ഗവേഷണം എന്നിങ്ങനെയുള്ള രംഗങ്ങളിൽ കേരളത്തെ എങ്ങനെ ലോകവുമായി ബന്ധിപ്പിക്കാം , ആരോഗ്യം, ടൂറിസം എന്നീ രംഗങ്ങളിൽ എങ്ങനെ ലോകത്തെ കേരളത്തിലേക്ക് കൊണ്ടുവരാം എന്നെല്ലാം നല്ല ചർച്ചകൾ നടന്നു. ഈ ചർച്ചകൾ തുടരണം, ആശയങ്ങളെ പ്രാവർത്തികമാക്കാൻ എന്തെങ്കിലുമൊക്കെ സംവിധാനങ്ങൾ ഉണ്ടാക്കണം.
 
3. ലോകകേരളസഭയിൽ ഞാൻ ഒരു ആശയം മുന്നോട്ടു വെച്ചിരുന്നു. ലോകത്തുനിന്നുള്ള അംഗങ്ങൾ സഭയിലേക്ക് വരുന്നതുപോലെ സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങളെ നമുക്ക് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ എത്തിക്കണമെന്ന്. കേരളത്തിലെ ജനപ്രതിനിധികൾ വർഷത്തിൽ ഒരു മാസമെങ്കിലും വിദേശങ്ങളിൽ സന്ദർശനം നടത്തണം. ലോക കേരള സഭയിലെ പ്രവാസി അംഗങ്ങൾ തീരുമാനിച്ചാൽ തന്നെ ഇതിനുള്ള അവസരം കണ്ടെത്താൻ ഒരു വിഷമവുമില്ല. സഭയിലെ മീറ്റിങ്ങുകൾ സംഘടിപ്പിച്ചതു പോലെ പ്രാദേശികമായും വിഷയങ്ങളനുസരിച്ചും നമ്മുടെ നിയമസഭാ അംഗങ്ങളുടെ താല്പര്യം അനുസരിച്ച് അവരെ പല ഗ്രൂപ്പിൽ ആക്കുക, എന്നിട്ട് ലോക കേരള സഭയിലെ കേരളത്തിന് പുറത്തു നിന്നുള്ള അംഗങ്ങൾ മുൻകൈ എടുത്ത് ഇവർക്ക് വേണ്ടി വിദേശങ്ങളിൽ സന്ദർശനവും പരിശീലനവും ആ നാടുകളിലെ വിദഗ്ദ്ധരും ജനപ്രതിനിധികളും ഭരണാധികാരികളും ഒക്കെയായി മീറ്റിങ്ങുകളും സംഘടിപ്പിക്കുക. സഭയിലെ മുൻനിരയിൽ ഉണ്ടായിരുന്ന കോടീശ്വരന്മാർ വിചാരിച്ചാൽ ഇതിനുള്ള പണം എളുപ്പത്തിൽ കണ്ടെത്താം, സഭയിലെ പിന്നിലിരുന്ന വിദഗ്ദ്ധന്മാർ വിചാരിച്ചാൽ ആശയങ്ങൾക്കും ബുദ്ധിമുട്ടു വരില്ല. നമ്മുടെ പ്രവാസി മലയാളി സംഘങ്ങളെ ഏൽപ്പിച്ചു കൊടുത്താൽ കാര്യങ്ങൾ മണിമണി പോലെ നടക്കും. ഇത്തരം ഒരു അഞ്ചു ടൂർ എങ്കിലും നടത്തിയാൽ അത് വലിയൊരു മാറ്റം ഉണ്ടാക്കും. ഇങ്ങനെയാണ് സഭയിൽ ഉണ്ടായ ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടത്. അത് കേരളത്തിന് വലിയ ഗുണം ഉണ്ടാക്കും.
 
4. ലോക കേരള സഭ എന്നത് ഒരു മീറ്റിംഗ് കൊണ്ട് തീരേണ്ടതല്ല. സഭാംഗങ്ങൾ തമ്മിലുള്ള സംവാദം വിർച്വൽ ലോകത്ത് തുടരണം. സഭയിലെ എല്ലാ അംഗങ്ങളും ഉൾപ്പെട്ട ഒരു ഫേസ്ബുക്ക് കൂട്ടായ്മയോ ഗൂഗിൾ ഗ്രൂപ്പോ ഉണ്ടാക്കണം. നിലവിൽ ഇക്കാര്യത്തിൽ ഒരു നീക്കവും ലോക കേരള സഭയുടെ സംഘാടകരിൽ നിന്നും ഉണ്ടായിട്ടില്ല, അതിനാൽ അംഗങ്ങൾ തന്നെ മുൻകൈ എടുക്കണം. സഭാംഗങ്ങൾ ഒരുമിച്ച് കുറെ പരിപാടികൾ ആവിഷ്കരിക്കണം. അടുത്ത സഭ ചേരുമ്പോഴേക്ക് ഇത്തവണത്തെ നിർദേശങ്ങളുടെയും സഭയിലെ അംഗങ്ങൾ ചെറു ഗ്രൂപ്പുകളായി നടത്തിയ പരിപാടികളുടെയും റിപ്പോർട്ട് അവതരിപ്പിക്കാൻ സാധിക്കണം. ഒരു പ്രാവശ്യം ചേർന്ന സഭയായിട്ടോ വർഷത്തിൽ ഓരോ പ്രാവശ്യം ചേർന്ന് പോകുന്ന സഭയായിട്ടോ ഈ നല്ല ആശയം നിന്ന് പോകരുത്.
 
5. വാസ്തവത്തിൽ സംസ്ഥാനത്തിന്റെ നിലയിൽ മാത്രമല്ല ഓരോ പഞ്ചായത്തിന്റെ തലത്തിലും ഓരോ ‘ലോക കേരള സഭ’ ഉണ്ടാകണം എന്നാണെന്റെ ആഗ്രഹം. നമ്മുടെ ഓരോ പഞ്ചായത്തിലും അതിന് പുറത്തുപോയി ജോലി ചെയ്യുന്നവരുണ്ട്. അവരുടെ ആശയങ്ങളും വ്യക്തിബന്ധങ്ങളും ഓരോ പഞ്ചായത്തിനും വേണ്ടി ഉപയോഗിക്കാൻ സാധിച്ചാൽ എത്രയോ ഗുണകരമായിരിക്കും. ലോകകേരള സഭയുടെ അതേ ഫോർമാറ്റിൽ ഇത്തരം സഭകൾ പഞ്ചായത്ത് തലത്തിലും നടപ്പിലാക്കാം. അപ്പോൾ ലോകത്ത് പലയിടങ്ങളിൽ ആയിരിക്കുന്ന മലയാളിക്ക് ‘നാട്ടിൽ ഒന്നും നടക്കില്ല’ എന്ന പറച്ചിൽ നിർത്തി നാട്ടിൽ എന്തെങ്കിലുമൊക്കെ നടത്താനുള്ള അവസരം ലഭിക്കും. അത് വിട്ടു കളയരുത്.
 
Muraly Thummarukudy

Leave a Comment