പൊതു വിഭാഗം

ലൈംഗിക വിദ്യഭ്യാസം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയല്ല.

എട്ടാം ക്‌ളാസ്സിലെ ബയോളജി ക്‌ളാസിൽ നാണിച്ചു മുഖം ചുവന്ന ഏതെങ്കിലുമൊരു ടീച്ചർ ശ്വാസം വിടാതെ വായിച്ചു പോകുന്ന പ്രത്യുല്പാദന അവയവങ്ങൾ എന്ന പാഠമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസം. ബാക്കിയെല്ലാ അറിവുകളും കൂട്ടുകാരിൽ നിന്നും തുണ്ടുപുസ്തകത്തിൽ നിന്നും കിട്ടിയതാണ്. കൂടുതലും തെറ്റും കുറച്ചു ശരിയുമായ വിവരങ്ങളുടെയും ചിന്താഗതികളുടെയും അവിയലാണ് ആ അറിവുകൾ. ആ ചിന്താഗതിയുടെ പ്രശ്നങ്ങൾ നമ്മുടെ വിവാഹജീവിതത്തിനകത്തും പുറത്തും കാണാനുണ്ട്.
 
‘ഇപ്പോഴത്തെ പിള്ളേരുടെ കാര്യം അങ്ങനെ ഒന്നുമല്ല’ എന്ന് ആളുകൾ പറയുന്നത് ചുമ്മാതാണ്. മതമൗലികവാദികളുടേയും യാഥാസ്ഥിതികരുടേയും എതിർപ്പ് പേടിച്ച് സർക്കാർ കുട്ടികളുടെ ലൈംഗിക വിദ്യാഭ്യാസത്തിൽ അധികം ഇടപെട്ടിട്ടില്ല. എട്ടാം ക്ലാസ്സിലെ ബയോളജി ഇപ്പോഴും അവിടെത്തന്നെയുണ്ട്. മിക്കവാറും സ്‌കൂളുകൾ ഈ പാഠം ഔട്ട് സോഴ്സ് ചെയ്യും. അടുത്ത് കിട്ടാവുന്ന ഡോക്ടറെയോ മനഃശാസ്ത്രജ്ഞനെയോ വിളിച്ച് ഒരു ദിവസം രണ്ടു മണിക്കൂർ ക്‌ളാസ് എടുക്കും. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഔപചാരിക ഘട്ടം കഴിഞ്ഞു. ബാക്കി എല്ലാം ഇന്റർനെറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ. അവിടെയും കൂടുതൽ തെറ്റും കുറച്ചു ശരിയുമായ വിവരങ്ങളുടെയും ചിന്താഗതികളുടെയും അവിയലാണ്. അതോടെ ഇന്റർനെറ്റിലെ മനോഹരമായ രൂപങ്ങൾ കണ്ട് സ്വന്തം ശരീരത്തിന് എന്തോ പോരായ്മ ഉണ്ടെന്ന് തോന്നിത്തുടങ്ങുന്നു. സിനിമയിൽ സ്ത്രീകളുടെ പുറകെ കുറെ നാൾ നടന്നു കഴിയുന്പോൾ ആദ്യം എതിർക്കുകയും വെറുക്കുകയും ചെയ്ത സ്ത്രീകൾ കുട്ടിശ്ശങ്കരനെ സ്നേഹിക്കാൻ തുടങ്ങുന്നത് പോലെയാണ് ജീവിതമെന്ന് കരുതി, ‘നോ’ എന്ന വാക്കിന്റെ അർത്ഥമറിയാതെ പയ്യന്മാർ പെട്രോളുമായി നടക്കുന്നു.
കേരളത്തിൽ അടുത്ത് ഉണ്ടായ അനവധി സംഭവവികാസങ്ങളുടെ സാഹചര്യത്തിൽ സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി വായിച്ചു. ഏറ്റവും നല്ല കാര്യം. ഈ വിഷയത്തിൽ നമ്മുടെ പാഠ്യപദ്ധതി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരാൻ പറ്റിയ അവസരമാണ്. ലൈംഗിക വിദ്യഭ്യാസം എന്നാൽ ലിംഗത്തെ പറ്റി അല്ലെങ്കിൽ ലൈംഗികതയെപ്പറ്റി മാത്രമുള്ള ഒന്നല്ലെന്നും, സ്‌കൂളിൽ ഒരു വിഷയത്തിൽ ഒരു ക്‌ളാസിൽ ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും, സ്‌കൂളിലും വീട്ടിലുമായി കുട്ടികളുടെ ചെറു പ്രായം മുതൽ ലൈംഗികമായും നിയമപരമായും പ്രായപൂർത്തി ആകുന്നത് വരെ തുടർന്ന് പോകേണ്ട ഒന്നാണെന്നുമാണ് ആ വിഷയത്തിലെ പുതിയ ചിന്താഗതി.
 
ഈ വിഷയത്തിലുള്ള ലേഖനമാണ്. ഇതിപ്പോൾ മൂന്നാം ദിവസമാണ് വിഷയം വിഷയമാകുന്നത്. നിർത്തി, നാളെ മുതൽ മറ്റു വിഷയങ്ങളിലേക്ക് കടക്കും.
 
മുരളി തുമ്മാരുകുടി
 
https://www.marunadanmalayali.com/opinion/sociopolitical/muralee-thummarukudy-neeraja-janki-165162
 
Neeraja Janaki
Chief Minister’s Office, Kerala, thank you

Leave a Comment