പൊതു വിഭാഗം

ലക്ഷ്യം ആണോ മാർഗ്ഗം ആണോ പ്രധാനം ?

പനി വരുമ്പോൾ ആദ്യം ഓർക്കുന്നത് അച്ഛനെയാണ്. ഞങ്ങൾക്ക് പനി വന്നാൽ അച്ഛന് കോളാണ്, പിന്നെ ഓഫിസിൽ പോകേണ്ട. ഫാക്ടിൽ കാന്റീനിലെ ജീവനക്കാരനായിരുന്നു അച്ഛൻ എന്ന് പറഞ്ഞിട്ടുണ്ടല്ലോ. പതിനഞ്ചു വയസിൽ ജോലി തുടങ്ങിയതാണ്. ജോലിക്ക് പോകുന്നതൊന്നും ഒട്ടും ഇഷ്ടമല്ല. എന്ത് കാരണം കൊണ്ട് പോകാതിരിക്കാം എന്നാണ് ഓരോ ദിവസം രാവിലെയും ചിന്തിക്കുന്നത്. അമ്മ പക്ഷെ സമ്മതിക്കില്ല, ഓടിച്ചു വിടും. മക്കൾക്ക് സുഖമില്ല എന്ന് പറഞ്ഞാൽ പിന്നെ ഓക്കേ ആണ്. എട്ടു മക്കൾ ഉള്ളതു കൊണ്ട് അച്ഛന് അത്ര അധികമൊന്നും ജോലിക്ക് പോകേണ്ടി വന്നിട്ടില്ല.

നമ്മൾ പനിയായിട്ടിരിക്കുകയും അച്ഛൻ വീട്ടിൽ ഉണ്ടാവുകയും ചെയ്‌താൽ നമുക്കും കോളാണ് (അങ്ങനെ ഇതൊരു പരസ്പര സഹായ സഹകരണ സംഘമാണ്). അന്ന് പനിക്ക് മരുന്ന് വാങ്ങൽ ഒന്നുമില്ല. അച്ഛൻ കൂടെ വന്നു കിടക്കും, പുരാണത്തിലെ കഥകൾ പറഞ്ഞു തരും. അമ്മ കുരുമുളക് കഷായം ഉണ്ടാക്കിത്തരും. ഉച്ചക്ക് പൊടിയരി കഞ്ഞിയും പപ്പടവും. വൈകീട്ട് ചേച്ചിമാരും ചേട്ടന്മാരും സ്‌കൂൾ വിട്ട് വരുമ്പോൾ നെറ്റിയിൽ കൈവെച്ച് അച്ഛൻ പറയും, “ഓ മോന്റെ പനി ഒക്കെ പമ്പ കടന്നു”. പനി പേടിച്ച് ഓടി പോകും, ഞങ്ങൾ കളിക്കാനും. ഇങ്ങനെ കുട്ടികളുടെ മനസ്സറിയുന്ന അച്ഛന്മാരെ ദൈവം ഇപ്പോൾ സൃഷ്ടിക്കുന്നില്ല എന്ന് തോന്നുന്നു.

1997 ലാണ് അച്ഛൻ മരിക്കുന്നത്. ഇപ്പോൾ അച്ഛനെ അധികം സ്വപ്നം കാണാറുകൂടിയില്ല. അതാണ് ഇഷ്ടവും. സ്വപ്നം കണ്ടു സന്തോഷിച്ചു കഴിഞ്ഞാൽ ഉറങ്ങി എഴുന്നേറ്റാൽ ദിവസം മുഴുവൻ മൂഡ് ഓഫ് ആയിരിക്കും.

ഇത്തവണയും പനി വന്നപ്പോൾ അച്ഛനെ ഓർത്തു. കൂടുതൽ പറഞ്ഞു നിങ്ങളെ സെന്റി ആക്കുന്നില്ല. പനി പമ്പകടന്നു എന്ന് മാത്രം പറയാം. ഇടക്കിടക്ക് അന്വേഷിച്ചവർക്ക് നന്ദി. എല്ലാവർക്കും സ്നേഹം..

കുറച്ചു നാളത്തേക്ക് തിരക്കായിരിക്കുമെന്ന് പറഞ്ഞല്ലോ. കരിയറിന്റെ ഇംഗ്ളീഷ് സീരിസ് തുടങ്ങണം എന്ന് കരുതിയതാണ് പനിയിൽ മുങ്ങിപ്പോയത്. ഇനി അതൊന്നു ശരിയാക്കണം. പക്ഷെ ഈ ഞായറാഴ്ച മുതൽ നൈറോബിയിൽ, അത് കഴിഞ്ഞാൽ ലണ്ടൻ, പിന്നെ കുറച്ചു ദിവസം ജനീവ, ഈ വർഷം കഴിഞ്ഞു.

ഡിസംബർ പകുതി മുതൽ കേരളത്തിലാണ്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുണ്ട്. കുറച്ചു പൊതു – സ്വകാര്യ പരിപാടികൾ പ്ലാൻ ആയി. വഴിയേ പറയാം.

തൽക്കാലം വേറൊരു കാര്യം പറയാം. ജീവിതത്തിലെ ലക്ഷ്യങ്ങളെപ്പറ്റി..

‘യു എന്നിൽ പ്രി ജോലി കിട്ടണം’, ‘ഐ എ എസ് എടുക്കണം’ എന്നൊക്കെ പലരും എന്നോട് ജീവിതലക്ഷ്യമായി പറയാറുണ്ട്. മോശപ്പെട്ട കാര്യമല്ലെങ്കിലും ഞാൻ ഇതിനെ പ്രോത്സാഹിപ്പിക്കാറില്ല. കാരണം ഇതൊക്കെ വളരെ പരിമിതമായ ഒരു ലക്ഷ്യമാണ്. ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ ഐ എ എസ് എടുക്കണമെന്ന് ലക്ഷ്യമിടും, അതിൽ ഒരു ശതമാനത്തിന് മാത്രമേ അത് സാധിക്കൂ. അപ്പോൾ ഓരോ വർഷവും സന്തോഷിക്കുന്നവരേക്കാൾ കൂടുതൽ നിരാശപ്പെടുന്നവരാണ്. യു എൻ ജോലിയുടെ കാര്യവും വ്യത്യസ്തമല്ല.

ഇനി ഈ ലക്ഷ്യം പ്രാപിച്ചു എന്ന് കരുതുക, അതുകൊണ്ടു വല്ല കാര്യവുമുണ്ടോ? ആ ലക്‌ഷ്യം നേടിയ അന്ന് നമുക്ക് പുതിയ ലക്ഷ്യങ്ങൾ ഉണ്ടായേ പറ്റൂ.

ജീവിത ലക്ഷ്യങ്ങൾ ഉണ്ടാക്കുന്നത് ഏതെങ്കിലും ഒരു ചെറിയ ജോലിയെയോ കാലത്തെയോ മുന്നിൽ കാണ്ടാവരുത്. മറിച്ച് കുറച്ചു കൂടി വിശാലമായ ഒരു വഴി കണ്ടെത്തൽ ആകണം ജീവിത ലക്ഷ്യം. ‘എനിക്ക് സന്തോഷമായിട്ടിരിക്കണം’, ‘സമാധാനം ആയിട്ടിരിക്കണം’, ‘പണം ഉണ്ടാക്കണം’, ‘യാത്ര പോകണം’ എന്നോ വളരെ വിശാലമായ ഒരു ലക്‌ഷ്യം ഉണ്ടാക്കാം. അങ്ങനെയാകുമ്പോൾ നമുക്ക് തിരഞ്ഞെടുക്കാൻ അനവധി മാർഗ്ഗങ്ങളുണ്ടാകും. പണമുണ്ടാക്കാൻ ‘വൈദ്യം പഠിക്കുന്നത്’ തൊട്ട് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് വരെ എന്തും ആകാമല്ലോ.

ഇതിലും കുറച്ചുകൂടി ചെറിയ വേറൊരു ലക്ഷ്യം നമുക്ക് ഉണ്ടാക്കാം. ‘യുദ്ധത്തിൽ അകപ്പെട്ടവരെ സഹായിക്കുകയാണ് എന്റെ ലക്‌ഷ്യം’, എന്നാണ് നമ്മുടെ തീരുമാനമെങ്കിൽ റെഡ് ക്രോസ്സ് തൊട്ട് യു എൻ വരെ, മെഡിസിൻ തൊട്ടു പത്ര പ്രവർത്തനം വരെ പലതും നമുക്ക് മാർഗ്ഗമായി സ്വീകരിക്കാം. ഇങ്ങനെ വരുമ്പോൾ യു എൻ ജോലി കിട്ടിയില്ല എന്നൊരു വിഷമം ഉണ്ടാകേണ്ട കാര്യമില്ല. ഇനി അഥവാ യു എൻ ജോലി ആണെങ്കിലും ലക്ഷ്യത്തിൽ നിന്നും മാറുന്നുമില്ലല്ലോ.

ഇതൊക്കെ ഞാൻ പലപ്പോഴും പറയുന്നതാണ്. ഇന്നിപ്പോൾ വലിയ മാനേജ്‌മെന്റ് ഗുരുക്കന്മാർ അത് തന്നെ പറയുന്നത് കേട്ടപ്പോൾ ഒരു സന്തോഷം. ഇതൊന്നും എന്റെയോ മാനേജ്‌മെന്റുകാരുടെയോ ഒറിജിനൽ ചിന്ത അല്ലെന്നും ഭഗവത് ഗീതയിൽ കർമ്മമാണ് പ്രധാനം എന്ന് പണ്ടേ പറഞ്ഞിട്ടുണ്ട് എന്നും ലേഖനത്തിൽ ഉണ്ട്.

അല്പം നീണ്ട ലേഖനമാണ്, താല്പര്യമുള്ളവർ വായിച്ചു നോക്കണം.

http://www.bbc.com/capital/story/20171117-why-we-should-all-give-up-on-goals-already

Leave a Comment