പൊതു വിഭാഗം

റോഡപകടവും രക്ഷാ സംഘങ്ങളും

കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിൽ റോഡപകടങ്ങളുടെ എണ്ണം കൂടുകയായിരുന്നു. അപകടങ്ങളോടൊപ്പം പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണവും എല്ലാ വർഷവും കൂടി വന്നിരുന്നു.
 
2019 ൽ 41111 അപകടങ്ങളിൽ 46000 ആളുകൾക്ക് പരിക്കേറ്റു, 4440 പേർ മരിച്ചു.
 
2020 റോഡപകടങ്ങളുടെ കാര്യത്തിൽ നല്ല വർഷമായിരുന്നു. അപകടങ്ങളുടെ എണ്ണം 27962 ആയി, മരണങ്ങളുടെ എണ്ണം നാലായിരത്തിന് മുകളിൽ നിന്നും 2952 ആയി. ഇത് കൊറോണക്കാലത്തെ ലോക്ക് ഡൌൺ കാരണം റോഡിൽ വാഹനങ്ങൾ കുറഞ്ഞത് കൊണ്ടുണ്ടായ കുറവാണ്. ആളുകളുടെ ഡ്രൈവിങ്ങ് രീതി പഴയത് പോലെ. കൊറോണ കാരണം സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുകയാണ്. ഇപ്പോൾ തന്നെ ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് മരിക്കുന്നതിൽ പകുതിയും. കൊറോണ കഴിയുന്ന കാലത്ത് റോഡപകടം കൂടാൻ തന്നെയാണ് സാധ്യത.
 
ഇതുകൊണ്ട് തന്നെയാണ് കേരളത്തിലെ യുവാക്കളുടെ ഇടയിൽ മാതൃഭൂമി നടത്തിയ യൂത്ത് മാനിഫെസ്റ്റോ സർവേയിൽ അപകടം ഉണ്ടാകുന്പോൾ രക്ഷിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കണമെന്ന് അവർ ആവശ്യപ്പെടുന്നത്. അതിൽ ചേരാൻ എഴുപത് ശതമാനം യുവാക്കളും തയ്യാറാണെന്നതും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.
 
അപകട സ്ഥലത്ത് ഓടിയെത്തി അവരെ ആശുപത്രിയിലെത്തിക്കുന്നതിൽ മുൻകൈ എടുക്കുന്ന ഒരു സംഘം ആളുകൾ പറവൂർ കേന്ദ്രമായി രൂപം നൽകിയ Hforh Helpforhelpless Hforh ഹെല്പ് ഫോർ ഹെൽപ്‌ലെസ്സ് എന്നൊരു സംഘടനയുമായി ഞാൻ കഴിഞ്ഞ പത്തുവർഷമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. അവരുമായി സഹകരിക്കാൻ ഞാൻ ആദ്യം അവരോട് ആവശ്യപ്പെട്ടത് അപകടങ്ങൾ ഉണ്ടാകുന്പോൾ ഓടിയെത്തുന്ന പ്രവർത്തനം മാത്രമല്ല അപകടങ്ങൾ കുറക്കാനുള്ള ബോധവൽക്കരണവും സന്നദ്ധ പ്രവർത്തനനത്തിന്റെ ഭാഗമാക്കണം എന്നതാണ്. അവർ അക്കാര്യം സമ്മതിച്ചു. ഇപ്പോൾ കേരളത്തിലൊട്ടാകെ അപകടം ഒഴിവാക്കുന്നതിനെയും, വ്യകതി സുരക്ഷാ ഉപകരണങ്ങളെയും, അപകടം സംഭവിച്ചു കഴിഞ്ഞാൽ ആളുകൾക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷയെയും പറ്റി ക്ലാസ്സുകൾ എടുക്കുന്നു.
 
യുവാക്കളാണ് റോഡിലെയും വെള്ളത്തിലെയും അപകടങ്ങളിൽ കൂടുതൽ മരിക്കുന്നത്. അതുകൊണ്ട് കോളേജുകൾ ഫോക്കസ് ചെയ്ത് മാത്രം ഞങ്ങൾ ധാരാളം ക്ലാസ്സുകൾ നടത്താറുണ്ട്. നിർഭാഗ്യവശാൽ ഏതെങ്കിലും കോളേജിൽ അപകടം ഉണ്ടായിക്കഴിഞ്ഞാണ് പലപ്പോഴും ഞങ്ങൾക്ക് അവിടെ ക്ലാസ് എടുക്കാൻ അവസരം കിട്ടാറുള്ളത്. അപകടം ഉണ്ടാകുന്നതിന് മുൻപ് തന്നെ ക്ലാസ് എടുക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.
 
ഇത്തരം സംഘങ്ങൾ കേരളത്തിൽ വേറെയും അനവധി ഉണ്ട്. മാതൃഭൂമി യൂത്ത് സർവ്വേ കാണിക്കുന്നത് ഈ രംഗത്തേക്ക് ഇനിയും കൂടുതൽ ആളുകൾ വരണം എന്ന് തന്നെയാണ്. കേരളത്തിലെ ഓരോ പഞ്ചായത്ത് വാർഡിലും ഒരു സന്നദ്ധ ഗ്രൂപ്പ് വേണം. കാരണം ഒരപകടം ഉണ്ടായാൽ ഒരു കിലോമീറ്റർ ദൂരെ നിന്നും ആളുകൾ ഓടി വന്നിട്ട് കാര്യമില്ല, പ്രത്യേകിച്ചും ജലത്തിലുള്ള അപകടം ആകുന്പോൾ.
 
കേരളത്തിൽ ദുരന്ത നിവാരണ രംഗത്ത് ഒരു സന്നദ്ധ സേന സർക്കാർ പ്രഖ്യാപിച്ചിരുന്നു. മൂന്നു ലക്ഷത്തോളം അംഗങ്ങൾ അതിൽ ഉണ്ട്. സിവിൽ ഡിഫൻസുമായി ചേർന്ന് അവർക്ക് പരിശീലനം കൊടുക്കാനുള്ള ഒരു പ്ലാൻ കണ്ടിരുന്നു. ഇത് മൂന്നു ലക്ഷം പേരിലേക്കും എത്തിയോ എന്നറിയില്ല. എന്താണെങ്കിലും ഏറ്റവും പരമാവധി ആളുകൾക്ക് ഈ രംഗത്ത് അറിവുണ്ടാവുന്നതും പരിശീലനം ലഭിക്കുന്നതും അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ മാത്രമല്ല അപകടങ്ങൾ കുറക്കാനും സഹായിക്കും.
 
സുരക്ഷിതരായിരിക്കുക
 
മുരളി തുമ്മാരുകുടി
May be an image of motorcycle and text that says "15:19 WhatsApp AA 4G mathrubhumi.com mathrubhumi.com Top Stories Trending Specials Videos More Political Murder CovidVaccine Trending Topics: റോഡപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കാൻ പരിശീലനം ലഭിച്ച സംഘങ്ങൾ ആവശ്യമെന്ന് സർവ്വേ 12 Apr 2021, 05:49 PM ST Representational image Mathrubhumi റോഡപകടങ്ങളിൽ നടത്തുന്ന രക്ഷാപ്രവർത്തനത്തിന് പരിശീലനം സംഘങ്ങൾ ആവശ്യമാണന്ന് പ്രതിക്രിച്ച് കേരളത്തിലെ യുവജനങ്ങൾ. Hero 図 f ALke7"

Leave a Comment