പൊതു വിഭാഗം

റിപ്പബ്ലിക്ക് ദിന ചിന്തകൾ…

പണ്ടൊക്കെ ഒരു രാജ്യം എന്ന് വച്ചാൽ രാജാക്കന്മാരുടെയോ രാജ്ഞിമാരുടെയോ സ്വകാര്യ സ്വത്തായിട്ടാണ് കണ്ടു കൊണ്ടിരുന്നത്. ഒരു രാജാവിനെ തോൽപ്പിച്ചോ കൊന്നോ പറ്റിച്ചോ നാടുകടത്തിയോ രാജ്യം കൈയടക്കും. എന്നിട്ട് ആ രാജ്യത്തെ ആളുകളെ ഭരിക്കാൻ പുതിയ രാജാവിന് ദൈവദത്തമായ അവകാശം ഉണ്ടെന്ന് നാട്ടുകാരെ പറഞ്ഞു പറ്റിക്കും, കൂട്ടിന് മത സംവിധാനങ്ങൾ ഉണ്ടാകും. എതിർത്ത് ചിന്തിക്കുന്നവരെ കൊന്നു കളയും. പിന്നെ എപ്പോഴെങ്കിലും ഈ രാജാവിനെയോ തലമുറയിലെ പുതിയ രാജാവിനെയോ കൊന്നോ പറ്റിച്ചോ തോൽപ്പിച്ചോ പുതിയ രാജാവ് വരും. അവർക്കും ദൈവദത്തം ആയ അധികാരം ഉണ്ടെന്ന് പറയാൻ പുരോഹിത വർഗ്ഗം കൂട്ട് നിൽക്കും. അതായിരുന്നു നാട്ടു നടപ്പ്.
 
ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിന് ‘സ്വാതന്ത്ര്യം’ കിട്ടുമ്പോൾ പോലും രാജ്യം ഏതെങ്കിലും രാജാവിനാണ് കിട്ടുക. അവിടെ സ്വാതന്ത്ര്യം കിട്ടിയത് ജനങ്ങൾക്കല്ല എന്ന് വ്യക്തമാണല്ലോ. ഇങ്ങനെ സ്വതന്ത്രമായ രാജ്യങ്ങൾ ഇപ്പോഴും ഉണ്ട് !
 
ഇവിടെയാണ് റിപ്പബ്ലിക്ക് എന്ന സംവിധാനം പ്രധാനമാകുന്നത്.
ഒരു രാജ്യത്തെ എല്ലാവരുടെയും പൊതുധനമാണ് രാജ്യം എന്ന തത്വചിന്തയാണ് റിപ്പബ്ലിക്ക് മുന്നോട്ടു വക്കുന്നത്. മനുഷ്യ നിർമ്മിതമായ ഭരണഘടനയാണ് രാജ്യത്തിന്റെ അടിസ്ഥാനം. അതിൽ നിന്നാണ് ഭരിക്കുന്നവർ അവകാശം നേടുന്നത്, അതുകൊണ്ടു തന്നെ ആ ഭരണഘടന ഉയർത്തിപ്പിടിക്കാൻ അവർ ബാധ്യസ്ഥരും ആണ്. നമുക്കിതൊക്കെ നിസ്സാരം എന്ന് തോന്നാമെങ്കിലും ഏറെ പഴക്കമില്ലാത്ത ആശയം ആണിത്. ലോകത്തെ ഏറെ രാജ്യങ്ങൾ, ജനാതാധിപത്യ രാജ്യങ്ങൾ ഉൾപ്പടെ,ഇപ്പോഴും റിപ്പബ്ലിക്ക് അല്ല (ബ്രിട്ടൻ, കാനഡ, ആസ്‌ട്രേലിയ ഒക്കെ ഉദാഹരണം). ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്ക് ആണ് ഇന്ത്യ.
 
ഒരു സ്വതന്ത്ര രാജ്യം റിപ്പബ്ലിക്ക് ആകുമ്പോൾ ആണ് അവിടുത്തെ ജനങ്ങൾ തീർത്തും ആ രാജ്യത്തിന്റെ അവകാശികൾ ആകുന്നത്. സാമ്രാജ്യത്തിന്റെ ഒരു നുകങ്ങളും ഇല്ലാതെ, ഒരു രാജാവും സ്വന്തമാണെന്ന് അവകാശപ്പെടാതെ ജനങ്ങളുടെ മാത്രം രാജ്യമാണ് ഇന്ത്യ എന്ന് പറയാനുള്ള അവകാശം ആണ് റിപ്പബ്ലിക്ക് ദിനം നമുക്ക് തരുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനം എനിക്ക് ആഹ്ളാദത്തിന്റെയും അഭിമാനത്തിന്റെയും ദിവസമാണ്.
 
എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക്ക് ദിന ആശംസകൾ

Leave a Comment