പൊതു വിഭാഗം

രാജാവും മന്ത്രിയും…

സാമ്പത്തിക കുറ്റങ്ങൾ ഉൾപ്പടെ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്ത് ഷാർജയിൽ ജയിലിലായ നൂറ്റി അൻപതോളം ഇന്ത്യക്കാരെ മോചിപ്പിക്കാൻ അവിടുത്തെ ഭരണാധികാരി തീരുമാനിച്ചല്ലോ. കേരളത്തിൽ അദ്ദേഹത്തിന് നൽകിയ ഊഷ്‌മളമായ വരവേൽപ്പും മുഖ്യമന്ത്രിയുടെ ശ്രമവും ഒക്കെ ഇതിന് പിന്നിലുണ്ടാകും. അന്യനാട്ടിൽ ജയിലിൽ അകപ്പെടുക എന്ന് പറഞ്ഞാൽ ഏറ്റവും സങ്കടകരമായ കാര്യമാണ്. ജീവിക്കാൻ വേണ്ടി ഒരു തൊഴിൽ തേടിയാണ് നമ്മൾ അവിടെ പോകുന്നത്. ഏതെങ്കിലും കാരണത്താൽ ജയിലിലായാൽ പിന്നെ നമുക്കറിയാത്ത ഭാഷ, പരിചയമില്ലാത്ത നിയമങ്ങൾ, ഒരു വ്യക്തിബന്ധവും ഇല്ലാത്ത ഔദ്യോഗിക സംവിധാനങ്ങൾ തുടങ്ങി ചിലവാക്കാൻ കയ്യിൽ പണം ഇല്ലാത്ത, നമ്മൾ ജയിലിലായാൽ മാനഹാനി മാത്രമല്ല, നാട്ടിൽ വേണ്ടപ്പെട്ടവർക്ക് ജീവിക്കാൻ പോലും പണമില്ലാതാകുന്ന അവസ്ഥ പരിതാപകരമാണ്. അതിനാൽ ഈ തീരുമാനം ഏറ്റവും സന്തോഷകരമാണ്.

ഈ അവസരത്തിൽ കേരള മുഖ്യമന്ത്രിക്കും ഒരു തീരുമാനം എടുക്കാവുന്നതേ ഉള്ളൂ. ഗൾഫിലെ മലയാളികളെ പോലെ തന്നെയാണ് കേരളത്തിൽ വരുന്ന മറുനാട്ടുകാരായ തൊഴിലാളികളും. അവരിൽ ചിലരും നിസ്സാരമായ കുറ്റങ്ങളുടെ പേരിൽ നമ്മുടെ ജയിലുകളിൽ ഉണ്ടോ എന്ന് അന്വേഷിക്കുക. ഞാൻ മുൻപ് പറഞ്ഞ എല്ലാ പ്രശ്നങ്ങളും അവർക്കും ഉണ്ട് (ജീവിക്കാൻ ഒരു തൊഴിൽ തേടിയാണ് അവർ ഇവിടെയെത്തുന്നത്, ഏതെങ്കിലും അപ്രതീക്ഷിത സാഹചര്യത്തിലാണ് ജയിലിലാകുന്നത്. പിന്നെ അവർക്കറിയാത്ത ഭാഷ, ഒരു വ്യക്തിബന്ധവും ഇല്ലാത്ത ഔദ്യോഗിക സംവിധാനങ്ങൾ, ചിലവാക്കാൻ കയ്യിൽ പണം ഇല്ലാത്ത അവസ്ഥ, അവർ ജയിലിൽ ആയാൽ മാനഹാനി മാത്രമല്ല നാട്ടിൽ വേണ്ടപ്പെട്ടവർക്ക് ജീവിക്കാൻ പണമില്ലാത്തതാകുന്ന അവസ്ഥ). അപ്പോൾ അവരുടെ കാര്യത്തിൽ ഒരു പ്രത്യേക താല്പര്യം എടുത്ത്, ഷാർജയിലെ നല്ലവനായ ഭരണാധികാരി ചെയ്തതുപോലെ, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളുടെ പേരിൽ കേരളത്തിലെ ജയിലിൽ കിടക്കുന്ന മറുനാട്ടുകാരെയും മോചിപ്പിക്കാൻ ശ്രമിക്കണം.

അങ്ങനെയല്ലേ നമ്മൾ ഈ അവസരം ആഘോഷിക്കേണ്ടത്?

മുരളി തുമ്മാരുകുടി

1 Comment

Leave a Comment