പൊതു വിഭാഗം

രണ്ടാമന്റെ കഥയില്ലായ്മ !

ഞാൻ ചിലപ്പോൾ എന്നെത്തന്ന രണ്ടാമൻ എന്നും, എം ടി രണ്ടാമൻ എന്നുമൊക്കെ ഇവിടെ പരാമർശിക്കാറുണ്ട്. എന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അതൽപം അലോസരം ഉണ്ടാക്കുന്നുമുണ്ട്.
കേരളത്തിലെ പേരുകേട്ട സാഹിത്യകാരനും തിരക്കഥാകൃത്തുമായ ശ്രീ. എം ടി വാസുദേവൻ നായർ ആണ് കേരളത്തിലെ ഏറ്റവും പ്രശസ്തനായ എം ടി. അപ്പോൾ ഒരാൾ എം ടി രണ്ടാമൻ എന്നു പറയുന്പോൾ അതിൽ തീർച്ചയായും എം ടി വാസുദേവൻ നായരുടെ പിൻഗാമി ആണെന്നുള്ള ധ്വനിയുണ്ടല്ലോ. അതൽപം അഹങ്കാരമല്ലേ എന്നുള്ളതാണ് എന്റെ സുഹൃത്തുക്കളുടെ സംശയം.
ആളുകളെ വെറുതെ കൺഫ്യൂഷനിൽ ആക്കുന്നതും, ഞാൻ അൽപ്പം അഹങ്കാരിയും പൊങ്ങച്ചക്കാരനും ആണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുന്നതും എനിക്കൊരു ഹോബിയാണ്. കാരണം ഇനി ഏതെങ്കിലും കാലത്ത് ഞാൻ ഇന്നത്തേക്കാൾ അഹങ്കാരിയും പൊങ്ങച്ചക്കാരനും ആയാൽ ആരോടും ഉത്തരം പറയേണ്ട കാര്യമില്ലല്ലോ (ഞാൻ അന്നേ പറഞ്ഞതല്ലേ എന്ന് പറയാം). ഇപ്പോഴത്തെ പോലെ അന്നും ഇത്രയും ഫോളോവേഴ്‌സിന്റെ പിന്തുണ ഉണ്ടെങ്കിൽ ഞാൻ എപ്പോൾ അഹങ്കാരിയായി എന്ന് ചോദിച്ചാൽ മതി. ഇന്ന് തന്നെ രണ്ടു ടി വി ചാനലിൽ നിന്നു വന്ന ചർച്ചക്കുള്ള ക്ഷണം ഞാൻ നിരസിച്ചു. എന്റെ തല, എന്റെ ഫുൾ ഫിഗർ അങ്ങനെയുള്ള ക്ഷണങ്ങളേ ഞാൻ ഇനി സ്വീകരിക്കൂ. അല്ലാതെ അഞ്ചു പേർ ഇരിക്കുന്ന ചർച്ചയിൽ പങ്കെടുത്ത് ന്യൂസ് ആങ്കറിന്റെ ഇഷ്ടമനുസരിച്ച്, ടേൺ അനുസരിച്ച് സംസാരിക്കാനൊന്നും ഇനി രണ്ടാമനെ കിട്ടില്ല മോനേ !
പക്ഷെ ഇന്ന് ഞാൻ ഒരു സത്യം പറയാം. പണ്ടൊരിക്കൽ പറഞ്ഞിട്ടുള്ളതാണെങ്കിലും പുതിയ കുറെ ഫോളോവേഴ്സ് ഉള്ളതിനാൽ അവർക്ക് വേണ്ടിയാണ് ഒന്നുകൂടി പറയുന്നത്.
ഞാൻ ഈ എം ടി രണ്ടാമൻ എന്ന് എന്നെത്തന്നെ വിളിക്കുന്നത് നമ്മുടെ സാഹിത്യകാരനായ എം ടി യുടെ പിൻഗാമിയാണെന്നുള്ള ചിന്ത കൊണ്ടോ ആഗ്രഹം കൊണ്ടോ അഹങ്കാരം കൊണ്ടോ അല്ല. വാസ്തവത്തിൽ എം ടിയുടെ സിനിമകൾ കണ്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തിന്റെ രണ്ടാമൂഴം ഒഴിച്ചുള്ള ഒരു പുസ്തകവും ഞാൻ വായിച്ചിട്ടു കൂടിയില്ല.
സത്യത്തിൽ എം ടി രണ്ടാമൻ എന്ന പേരിട്ടത് മാർക്ക് ട്വൈൻ എന്ന അമേരിക്കൻ സാഹിത്യകാരനെ പിന്തുടർന്നാണ്. ഹാസ്യ സാഹിത്യകാരനായിരുന്നു അദ്ദേഹം. എനിക്കും ഹാസ്യം അത്യാവശ്യം വഴങ്ങും. എന്നാൽ മാർക്ക് ട്വൈൻറെ എഴുത്തുമായി എന്തെങ്കിലും സാമ്യം ഉണ്ടായത് കൊണ്ടുമല്ല (അടുത്ത സത്യം, ഞെട്ടരുത്… ഞാൻ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല !).
പിന്നെന്താണീ രണ്ടാമൻ കഥ.
ഇംഗ്ലീഷ് ഭാഷയിൽ ആർക്കെങ്കിലും ഗഹനമോ രസകരമോ ആയ ഒരു പ്രയോഗം നടത്തണമെങ്കിൽ അവർ അത് ‘പണ്ടൊരിക്കൽ മാർക്ക് ട്വൈൻ പറഞ്ഞു’ എന്നു പറഞ്ഞു തുടങ്ങും. ആയിരക്കണക്കിന് ഉദ്ധരണികൾ മാർക്ക് ട്വൈനിന്റേതായി ഉണ്ട്. ജീവിച്ചിരുന്ന സമയത്ത് ദിവസം ഓരോന്ന് വെച്ച് പറഞ്ഞതു പോലെ. ഇതിൽ ബഹുഭൂരിപക്ഷവും അദ്ദേഹം പറഞ്ഞിട്ടുമില്ല, പറഞ്ഞു കേട്ടിട്ടു പോലുമില്ല. ആളുകൾക്ക് ആരാണ് പറഞ്ഞതെന്ന് അറിയാതിരിക്കുകയോ പറയുന്നതിന് അല്പം ആധികാരികത വേണമെന്ന് തോന്നുകയോ ചെയ്യുന്നതെല്ലാം മാർക്ക് ട്വൈൻറെ തലയിൽ വെക്കും. അങ്ങനെ അദ്ദേഹത്തെ കേട്ടിട്ടില്ലാത്തവർ കൂടി അദ്ദേഹത്തെ അറിയും, സംഭവമാണെന്ന് വിചാരിക്കും. ആർക്കും ഒരു നഷ്ടവുമില്ലല്ലോ.
ഞാൻ നോക്കിയപ്പോൾ പണി കൊള്ളാം. കേരളത്തിൽ ഇങ്ങനെ ആളുകൾക്ക് പ്രയോഗങ്ങൾ ‘ആരോപിക്കാൻ’ ഒരാൾ ഇല്ല. എന്തെങ്കിലും പൊട്ടക്കവിതകൾ ഉണ്ടാക്കി ആളുകൾ അത് കുഞ്ഞുണ്ണി മാഷിന്റെ തലയിൽ വെക്കും, തമാശകൾ ഉണ്ടാക്കി നന്പൂരി ഫലിതമാക്കും. എന്നാൽ ക്‌ളാസ്സിക്ക് ആയ പ്രയോഗങ്ങൾ തലയിൽ വെച്ച് കൊടുക്കാൻ ഇന്ന് കേരളത്തിൽ ആരുമില്ല.
അതുകൊണ്ടാണ് ഞാൻ എന്നെത്തന്നെ അതിനായി സമർപ്പിച്ചത്. ഞാൻ ജീവിച്ചിരിക്കുന്പോഴും മരിച്ചാലും എത്ര കടുത്ത പ്രയോഗവും ഞാൻ പറഞ്ഞതാണെന്ന് ആളുകൾക്ക് പറയാം. ഹാസ്യ സാഹിത്യകാരനായതിനാൽ ഹാസ്യവും, ദുരന്തക്കാരൻ ആയതിനാൽ ഗൗരവവും, വനിതയിലെ രണ്ടാമന്റെ കാമസൂത്രങ്ങൾ എഴുതുന്ന ആളായതിനാൽ അശ്ലീലവും വഴങ്ങും.
ഒരുദാഹരണം പറയാം.
മാർക്ക് ട്വൈനിന്റെ പേരിലുള്ള പ്രശസ്തമായ ഒരു ഉദ്ധരണി ഉണ്ട്.
‘success has only meant that I get rejected by increasingly successful women’
വളരെ പ്രസക്തമായ ലോകതത്വമാണ്, അനുഭവമുളളവർക്ക് പരിചിതവും. നാട്ടിൽ ചുമ്മാ കറങ്ങി നടക്കുന്പോൾ നാട്ടിലെ പെൺകുട്ടികളാണ് നിങ്ങളെ തിരസ്‌ക്കരിക്കുന്നതെങ്കിൽ, വിദേശത്ത് പോയാൽ അവിടുത്തെ സ്ത്രീകളായിരിക്കും നിങ്ങളെ തിരസ്‌ക്കരിക്കുക. ചുരുക്കിപ്പറഞ്ഞാൽ തിരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങാനാണ് ചന്തു ജീവിക്കുന്നത് തന്നെ.
ഇനി എന്റെ ഒരു ഒബ്‌സർവേഷൻ പറയാം.
‘സമൂഹത്തിൽ ഏത് തലത്തിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിലും കേശവൻ മാമ്മൻമാരുടെ അനുപാതം ഒന്ന് തന്നെയാണ്’.
ഇതിപ്പോൾ കുടുംബ ഗ്രൂപ്പോ, പത്താം ക്ലാസ് പഠിച്ചവരുടെ ഗ്രൂപ്പോ, എഞ്ചിനീയറിങ്ങ് ഗ്രൂപ്പോ, ഐ ഐ ടി ഗ്രൂപ്പോ, അതിന് മുകളിലെ ഗ്രൂപ്പോ എന്തുമാകട്ടെ, അതിലെല്ലാം പൊട്ടശാസ്ത്രവും കപട സന്ദേശവും കരക്കന്പികളുമായി അവരുണ്ടാകും. എങ്ങനെയാണ് ഇത്രയും വിഡ്ഢിത്തവുമായി ഇവർ ഇത്രയും ജീവിതവിജയം നേടിയതെന്ന് നമ്മൾ അതിശയിക്കുകയും ചെയ്യും.
അതുപോലെ കുറച്ച് ഉദ്ധരണികൾ ഞാൻ ഉണ്ടാക്കിവെച്ചിട്ട് പോയാൽ ഞാൻ തട്ടിപ്പോയി നൂറു വർഷം കഴിയുന്പോഴും ആളുകൾ പുതിയതെന്തെങ്കിലും എന്റെ തലയിൽ വെക്കും, എന്നെ ഓർത്തിരിക്കുകയും ചെയ്യും. അതാണ് ഈ രണ്ടാമനായതിന്റെ ഉദ്ദേശം.
ഒരു കഥയെഴുതണമെന്ന് കരുതി തുടങ്ങിയതാണ്. ഒരു തായ് സുന്ദരിയുടെ ചിത്രം എടുത്തുവെക്കുകയും ചെയ്തു. ഇന്ന് അല്പം തിരക്കുള്ളതിനാൽ കഥ പിന്നീട് എഴുതാം. ഇന്നിപ്പോൾ ലൈക്ക് അല്പം കുറഞ്ഞാലും കുഴപ്പമില്ല, രാവിലത്തെ പോസ്റ്റിന് ലൈക്കിന്റെ ഒഴുക്ക് തീർന്നിട്ടില്ല. കഥ നോക്കി വന്നവർ കഥയില്ലായ്മ കണ്ട് ക്ഷമിക്കുക…
#പുളുക്കാലം
 
മുരളി തുമ്മാരുകുടി

Leave a Comment