പൊതു വിഭാഗം

രക്ഷാ പ്രവർത്തനം..

പാലക്കാട്ട് കെട്ടിടം പൊളിഞ്ഞുവീണിടത്തു നിന്നുള്ള ലൈവ് ദൃശ്യങ്ങൾ കണ്ടു…
 
കെട്ടിടത്തിന് ചുറ്റും പുരുഷാരം ആണ് (ഇവിടെ സ്ത്രീകളെ അധികം കണ്ടില്ല, പുരുഷന്മാരുടെ കൂട്ടം ആയതിനാൽ ആയിരിക്കണം). കാക്കി കുപ്പായം ഇട്ടവർ (പോലീസ്/ഫയർഫോഴ്‌സ്, രണ്ടുമാകാം) കുറച്ചുണ്ട്. അതിൽ കുറെ പേർക്ക് റിഫ്ലെക്റ്റീവ് വെസ്റ്റ് ഉണ്ട്, കുറച്ചു പേർക്ക് ഹെൽമെറ്റ് ഉണ്ട്, കുറച്ചു പേർക്കിത് രണ്ടും ഇല്ല, കുറച്ചു പേർക്ക് വെസ്റ്റും ഹെൽമെറ്റും ഉണ്ട്). പക്ഷെ അവരുടെ ചുറ്റും വലിയ ആൾക്കൂട്ടമാണ്. മാറി നിൽക്കാൻ അവർ പറയുന്നുണ്ട്, അവരുടെ ചുറ്റും നിൽക്കുന്നവർ മറ്റുള്ളവരോട് മാറിനിൽക്കാൻ പറയുന്നു… പക്ഷെ ആരും എങ്ങോട്ടും മാറുന്നില്ല. ഇവരൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യുന്നുമില്ല, മൊബൈലിൽ ഫോട്ടോ എടുക്കുന്നതൊഴിച്ചാൽ.
 
കൂടുതൽ വിഷമിപ്പിച്ചത് ജെ സി ബി ഉപയോഗിച്ച് ബാക്കിയായ കെട്ടിടം പൊളിക്കുകയോ അവശിഷ്ടങ്ങൾ മാറ്റുകയോ ചെയ്യുന്നത് കണ്ടപ്പോളാണ്. ‘അനവധി പേർ കുടുങ്ങിക്കിടക്കുന്നു’വെന്നാണ് ലൈവ് റിപ്പോർട്ട്.
 
തകർന്ന കെട്ടിടത്തിൽ ആളുകളുണ്ടെന്ന് ചെറിയ സംശയം എങ്കിലും ഉണ്ടെങ്കിൽ അത് ജെ സി ബി ഉപയോഗിച്ച് പൊളിക്കുകയല്ല വേണ്ടത്. അവിടെ മൂന്നു സാധ്യതകൾ ആണ് ഉള്ളത്. ഒന്ന്, അകത്ത് ആളുകൾ മരിച്ചു കിടക്കുന്നുണ്ട്, രണ്ട് അകത്താളുകൾ പരിക്കേറ്റ് കിടക്കുന്നുണ്ട്, മൂന്ന് അകത്ത് പരിക്ക് പറ്റാതെ കുടുങ്ങി കിടക്കുന്നുണ്ട്. ഇതൊക്കെ പരിശോധിക്കുകയാണ് ആദ്യത്തെ ജോലി. അതിനുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യയും നിലവിലുണ്ട്. നമ്മുടെ ഫയർഫോഴ്‌സിന്റെ കൈവശം അതുണ്ടോ എന്നറിയില്ല. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം തൃശൂർ ഉണ്ട്, അവരുടെ പക്കൽ ഉണ്ടാകണം, ഇല്ലെങ്കിൽ കൊച്ചിയിൽ നേവിയിൽ. ആളുകൾ അടിയിലുണ്ടെന്ന് മനസ്സിലായാൽ അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തണം. ജെ സി ബി ഉപയോഗിച്ച് വലിച്ചു പറിക്കുന്നത് രക്ഷപെടാൻ സാധ്യതയുള്ളവരെക്കൂടി അപകടത്തിലാക്കും.
 
ഒരപകടം പറ്റിയാൽ ചുറ്റുമുള്ളവർ തന്നെയാണ് ആദ്യം ഓടി എത്തേണ്ടത്. അവർക്ക് സാധിക്കുന്ന രീതിയിൽ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണം. ഔദ്യോഗിക സംവിധാനങ്ങൾ എത്തിയാൽ അപകട സ്ഥലം ഒരു കയർ/റിബൺ കെട്ടി തിരിക്കണം, അതിനകത്തേക്ക് പരിശീലനവും വ്യക്തി സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ ആരെയും കയറ്റിവിടരുത്, നാട്ടുകാരായാലും പൊലീസായാലും മന്ത്രിയായാലും. ശേഷം പരമാവധി ആളുകളെ രക്ഷപ്പെടുത്താനുള്ള സ്ട്രാറ്റജി തീരുമാനിച്ച് അത് ആളുകളെ പറഞ്ഞു മനസിലാക്കിയ ശേഷം അത് ചെയ്യുക.
 
എല്ലാവരും കൂട്ടമായി നിന്ന്, നൂറു പേർ പറയുന്ന അഭിപ്രായം കേട്ട്, അക്ഷമരായ ആളുകളെ സമാധാനിപ്പിക്കാൻ ‘ഇപ്പോ ശരിയാക്കി തരാം’ എന്ന മട്ടിൽ രക്ഷാ പ്രവർത്തനം നടത്തുന്നത് ആത്മാർത്ഥമായിട്ടാണെങ്കിലും പ്രൊഫഷണൽ അല്ല. ഇക്കാര്യം പതുക്കെ പതുക്കെ എങ്കിലും നാട്ടുകാരെയും മാധ്യമങ്ങളെയും ജനപ്രതിനിധികളേയും പറഞ്ഞു മനസ്സിലാക്കണം.
 
നാട്ടിൽ വച്ച് ഒരു റോഡപകടം ഉണ്ടായാൽ എൻറെ ഒരു പേടി ഓടി എത്തി നമ്മളെ എണീപ്പിച്ചു നിർത്താനും വെള്ളം കുടിപ്പിക്കാനും ശ്രമിക്കുന്ന തികച്ചും ആത്മാർത്ഥതയുള്ള നാട്ടുകാരെയാണ്. പരിക്കുകൾ ഗുരുതരമാക്കാനും രക്ഷപ്പെട്ടേക്കാവുന്ന ആളുകളെ വരെ കൊല്ലാനും അതുമതി. അതുപോലെ തന്നെ കെട്ടിടത്തിനടിയിൽ അകപ്പെട്ടാൽ ഞാൻ പേടിക്കാൻ പോകുന്നത് മുകളിൽ നിന്ന് കല്ല് അടർന്നു വീഴുമോ എന്നല്ല, രക്ഷാ പ്രവർത്തകർ നെഞ്ചത്ത് ജെ സി ബി ഓടിച്ചു കയറ്റുമോ എന്നാണ്.
 
Also look at the image below. The road is blocked ahead of emergency service vehicle and people are on the top of it for better view and pictures !
 
മുരളി തുമ്മാരുകുടി

Leave a Comment