പൊതു വിഭാഗം

യേശുവിന്റെ അത്താഴം…

കഥയുടെ തലക്കെട്ട് കേട്ടിട്ട് പേടിക്കണ്ട, യേശുക്രിസ്തുവിന്റെ അവസാനത്തെ അത്താഴ സമയത്ത് ഞാൻ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നെന്നൊന്നും തള്ളാനുള്ള പരിപാടിയല്ല.
ഇന്നത്തെ കഥ വേറെയാണ്.
 
കോതമംഗലത്ത് എഞ്ചിനീയറിങ്ങിന് പഠിക്കുന്പോൾ എന്നെ പഠിപ്പിച്ചിരുന്ന അധ്യാപകൻ ആയിരുന്നു ഗ്രേഷ്യസ് സാർ. കേരളത്തിൽ സാധാരണമായ പേരല്ല അദേഹത്തിന്റേത്. സാറിന്റെ അച്ഛൻ കോതമംഗലം പള്ളിയിലെ വളരെ പ്രശസ്തനായ വികാരിയായിരുന്നു. അദ്ദേഹം ബൈബിളിൽ നിന്നും കണ്ടെത്തിയ നാമം ആയിരുന്നു ഇത്.
 
‘courteous, kind, pleasant’ എന്നൊക്കെയാണ് ഈ പേരിന്റെ അർത്ഥം.
 
ഈ പേരിന്റെ അഹംഭാവമൊന്നും ഗ്രേഷ്യസ് സാറിന് ഉണ്ടായിരുന്നില്ല. പഠിപ്പിക്കുന്ന കാലത്ത് പഠിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ. കൃത്യമായി ക്ലാസിൽ വരും, നന്നായി പഠിപ്പിക്കും, ശരിയായി നോട്ട് തരും. പഠിച്ചില്ലെങ്കിൽ (കുട്ടികളുടെ) പിതൃസ്മരണ ചെയ്യും. ഞങ്ങൾക്കൊക്കെ സാറിനെ ഇഷ്ടമായിരുന്നെങ്കിലും പേടിയുമായിരുന്നു.
 
എന്റെ ഭാഗ്യത്തിന് അദ്ദേഹത്തിന്റെ പേര് പോലെ മനോഹരമായ പെരുമാറ്റം അറിയാനും അനുഭവിക്കാനുമുള്ള ഭാഗ്യമുണ്ടായി. ഐ ഐ ടിയിൽ ഞാൻ പി എച്ച് ഡി ചെയ്യുന്ന കാലത്ത് അദ്ദേഹം എന്റെ ജൂനിയർ ആയി എന്റെ തന്നെ ഗൈഡിന്റെ കീഴിൽ പഠിക്കാനെത്തി. സാറിന്റെ ഭാര്യയും കുട്ടികളും കൂടെ ഉണ്ടായിരുന്നു. ഐ ഐ ടിയിലെ ഏറ്റവും സന്തോഷകരമായ നാളുകൾ അവർ കൂടെ ഉണ്ടായിരുന്നതായിന്നു. ചേച്ചിയുടെ പാചകവും സാറിന്റെ വാചകവും കുട്ടികളുടെ കളികളും ഒക്കെക്കൂടി സന്തോഷമുള്ള അന്തരീക്ഷം.
 
ഇന്നലെ സാർ ഒരു പോസ്റ്റ് ഇട്ടിരുന്നു.
‘നാളെ, 4-4-2020 ശനി, ക്രിസ്തു ലാസറിനെ ഉയർപ്പിച്ചതിനെ സ്മരിക്കുന്നു സുറിയാനി ക്രിസ്ത്യാനികൾ!
അതിനെ കൊഴുക്കട്ട ശനിയാഴ്ച എന്നും പറയുന്നു…!
അൻപതു നോന്പിന്റെ ആദ്യ നാൽപ്പതു ദിവസം കർത്താവു തന്റെ പരസ്യ ശുശ്രുഷക്കു മുൻപ് നാൽപതു ദിവസം നോന്പ് നോറ്റതിനേയും പിന്നീടുള്ള പത്തു ദിവസം കർത്താവിന്റെ കഷ്ട്ടാനുഭവത്തേയും ഓർത്തു സുറിയാനി ക്രിസ്ത്യാനികൾ നോന്പ് ആചരിക്കുന്നു!
ആദ്യത്തെ നാൽപതു ദിവസത്തെ നോന്പ് കഴിയുന്പോൾ, ചെറിയ നോന്പുവീടൽ, അതത്രേ… കൊഴുക്കട്ട!!
പ്രാർത്ഥനേം കുർബാനേം മറ്റുമില്ലെങ്കിലും, “കൊറോണ കാലമല്ലേ, ഈ നല്ല ആചാരം ഇന്ന് വെള്ളി മുതൽ തന്നേ ആയാലോ നമുക്ക്?!” ഞാനെന്റെ ഭാര്യയുടെ അടുക്കൽ അവതരിപ്പിച്ചു!
“തേങ്ങാ ചൊരണ്ടി തരാൻ പറഞ്ഞു അവൾ!”
“കോഴുകട്ടേം തിന്നാം, മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു, എന്നുമായി” എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി!
“അമ്മയെ മനസ്സിൽ ധ്യാനിച്ച്” “കര കര” രാഗത്തിൽ ഞാനൊരലക്ക്!!
രണ്ടു തേങ്ങാ ദാ….! പാത്രത്തിൽ!!
പക്ഷെ സുഹൃത്തുക്കളെ, ഭൂരിഭാഗം തേങ്ങയും “നാളത്തെ ചമ്മന്തി … പിന്നെ…. എന്തോക്കയോ പറഞ്ഞു അവൾ ഫ്രിഡ്ജിൽ കയറ്റി!
എനിക്ക് തന്നതോ….വെറും ആറ് കൊഴുക്കട്ട മാത്രം! എനിക്ക് “പഞ്ചാരേടെ” അസുഖമുണ്ട് എന്ന് കരണോം?!
പ്രതികരിക്കണോ ?!”
ഇതാണ് സാറിന്റെ കഥ.
 
സാറിന് ഈ പഞ്ചസാരയുടെ അസുഖം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ചേച്ചിക്കറിയാം (ചുമ്മാ പ്രാസത്തിന് പറഞ്ഞതാണ് കേട്ടോ ചേച്ചി, സാറ് ആ ടൈപ്പ് അല്ല). അതുകൊണ്ട് നിങ്ങൾ ഒന്നും പ്രതികരിക്കാൻ പോകേണ്ട.
സത്യത്തിൽ എന്റെ വിഷയം അതൊന്നുമല്ല.
എങ്ങനെയാണ് കേരളത്തിലെത്തിയ ക്രിസ്തുമതം തികച്ചും കേരളീയമായി അവരുടെ ആചാരങ്ങൾ മാറ്റിയതെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൊഴുക്കട്ട.
യേശു ജനിച്ചു ജീവിച്ച പ്രദേശങ്ങളിൽ ഒന്നും കൊഴുക്കട്ട പോയിട്ട് തെങ്ങു പോലുമില്ല. അവിടെയൊക്കെ അവർ എന്തുവെച്ചാണോ അഡ്ജസ്റ്റ് ചെയ്യുന്നത്.
 
ഈ ലോക്കൽ അഡാപ്റ്റേഷൻ ക്രിസ്ത്യാനിറ്റിയുടെ പ്രത്യേകത ഒന്നുമല്ല. കേരളത്തിൽ ഉണ്ണിക്കണ്ണന് ഏറ്റവും പ്രിയങ്കരമായ വഴിപാടായി നാം കൊടുക്കുന്നത് പാൽപ്പായസം ആണ്. കണ്ണന്റെ ജന്മസ്ഥാനമായ മധുരയിൽ ചെന്നാൽ പാലുമില്ല പായസവുമില്ല. കപ്പലണ്ടിയും പഞ്ചസാരയും ആണ് അവിടെ കണ്ണന് പ്രിയം.
ആരാണ്, എങ്ങനെയാണ് ഇത്തരത്തിൽ കൊഴുക്കട്ടയും പാൽപ്പായസവും ആചാരങ്ങളുടെ ഭാഗമാക്കുന്നതെന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഏത് കാലഘട്ടത്തിൽ ആയിരിക്കും അന്പലപ്പുഴയിൽ പാൽപ്പായസം എത്തിയത്? എവിടെ നിന്നാണ് പായസം കേരളത്തിൽ എത്തിയത്? അതിന് മുൻപ് എന്താണ് കണ്ണന് ആളുകൾ നൈവേദ്യമായി കൊടുത്തുകൊണ്ടിരുന്നത്?
ഒന്നുറപ്പാണ്. ദൈവങ്ങളുടെ ഇഷ്ടമനുസരിച്ചല്ല മനുഷ്യൻ വഴിപാടുകൾ ഉണ്ടാക്കുന്നത്. മനുഷ്യന് ഇഷ്ടമുളളതും വിലപ്പെട്ടതുമാണ് മനുഷ്യൻ ദൈവത്തിന് സമർപ്പിക്കുന്നത്. ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ലോകത്തിന്റെ മുഴുവൻ അധികാരിയായ ദൈവത്തിന് കുറച്ചു ചില്ലറ പൈസയും എന്തിന് സ്വർണ്ണം തന്നെയും കൊടുക്കാൻ ശ്രമിക്കുന്നത് നമുക്കതിന് വിലയുള്ളത് കൊണ്ടാണ്. മണ്ണും സ്വർണ്ണവും, വെള്ളവും പാൽപ്പായസവും തമ്മിൽ ദൈവത്തിന് എന്തെങ്കിലും മാറ്റമുണ്ടാകുമോ?
 
കേരളത്തിൽ എന്നാണ് കുരുത്തോലയും പുളിക്കാത്ത അപ്പവും കൊഴുക്കട്ടയും എത്തിയതെന്ന് ആർക്കും അറിയില്ലെങ്കിലും യേശുക്രിസ്തുവിന്റെ കാലത്ത് എന്താണ് ഇസ്രായേലിൽ ഉള്ളവർ കഴിച്ചിരുന്നതെന്ന് അവർക്ക് ഇപ്പോഴും അറിയാം. അറിയാം എന്ന് മാത്രമല്ല അത് മാത്രം ഉണ്ടാക്കി വിൽക്കുന്ന ഒരു റെസ്റ്റോറന്റ്റ് ജറുസലേമിൽ ഇപ്പോഴുമുണ്ട്.
 
ബ്രെഡ്, ഒലിവ് ഓയിൽ, മുന്തിരിങ്ങ, അത്തിപ്പഴം, ആട്ടിൻ പാൽ ഇതൊക്കെയാണ് അക്കാലത്ത് ഇസ്രായേലിൽ ലഭ്യമായിരുന്ന ഭക്ഷണ വസ്തുക്കൾ. വീഞ്ഞിന്റെ കാര്യം പറയേണ്ടല്ലോ. അന്നും ഇന്നും വീഞ്ഞ് വിട്ടൊരു കളിയില്ല.
 
കേരളത്തിൽ ഇതുപോലെ ഒരു പീരീഡ്‌ റെസ്റ്റോറന്റ്റ് വേണമെന്ന് എനിക്കൊരു ആഗ്രഹമുണ്ട്. രണ്ടായിരം വർഷത്തെ പഴക്കം ഒന്നുമില്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടിലെ ഭക്ഷണം എങ്കിലും നമുക്ക് കണ്ടുപിടിച്ചു കൂടേ?
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment