പൊതു വിഭാഗം

യാത്ര തുടങ്ങി

ഇന്നലെ ആരംഭിച്ച യാത്ര സീരീസിലെ ആദ്യ ലേഖനം തന്നെ വലിയ സ്വീകരണമാണ് ഏറ്റുവാങ്ങിയത്. നന്ദി!

സത്യത്തിൽ ഞാൻ ഇങ്ങനെയല്ല യാത്ര തുടങ്ങാൻ ഉദ്ദേശിച്ചിരുന്നത്. പുതിയ ആളുകളെ കൂട്ടാൻ ശ്രമിച്ചവർക്ക് നന്ദിയും, പുതിയതായി വരുന്നവർക്ക് സ്വാഗതവുമൊക്കെ പറഞ്ഞ്, സ്വിസ് ടൂർ വിജയിയെ പ്രഖ്യാപിച്ച് ചില അടിസ്ഥാനനിയമങ്ങൾ പറഞ്ഞ് ആഘോഷമായി തുടങ്ങണമെന്നാണ് കരുതിയിരുന്നത്. ആ അസംബന്ധ വാക്സിൻ കോലാഹലം എല്ലാ പ്ലാനും തെറ്റിച്ചു. സാരമില്ല, ഒരു നല്ല കാര്യത്തിനല്ലേ?

അപ്പൊ ഇനി തുടങ്ങാം അല്ലെ…

എന്റെ അഭ്യർത്ഥന മാനിച്ച് പുതിയ ഫോളോവേഴ്സിനെ കൂട്ടാൻ ശ്രമിച്ചവരോട് നന്ദി പറയുന്നതിനൊപ്പം കുറച്ചു സമയം ഫ്രീ കിട്ടിയാൽ നറുക്കെടുപ്പുണ്ടാകുമെന്നും വിജയിയെ ആഘോഷകരമായി പ്രഖ്യാപിക്കുമെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

പുതിയ ഫോളോവേഴ്‌സിന് സ്വാഗതം! യാത്ര സീരീസ് കഴിയുമ്പോൾ പിരിഞ്ഞുപോകണമെന്നുള്ളവർക്ക് അങ്ങനെയാകാം. ഞാൻ ഫോളോവേഴ്സിനെ ചോദിച്ചു മേടിച്ചതിൽ പ്രതിഷേധിച്ച് മൂന്നുപേർ യാത്ര പറഞ്ഞു പോയി. അവർക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

സീരീസ് തുടങ്ങിയാൽ പിന്നെ മനസ്സിൽ ഹിംസചിന്ത പാടില്ലാത്തതിനാൽ പുഛക്കാരെയെല്ലാം വെട്ടിനിരത്തിയിട്ടുണ്ട്.

എത്ര ലേഖനങ്ങൾ എഴുതണമെന്ന് തീരുമാനിച്ചിട്ടില്ല. ഒക്ടോബർ മാസം മുഴുവൻ യാത്ര മാത്രമേ ഉണ്ടാകൂ എന്നുമാത്രം തീരുമാനിച്ചിട്ടുണ്ട്. (വേറെ ദുരന്തങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ). ഞാൻ യാത്ര പോയതോ നിങ്ങൾ പോകാനാഗ്രഹിക്കുന്നതോ ആയ സ്ഥലങ്ങളുടെ വർണ്ണനായല്ല, മറിച്ച് യാത്ര പോകുന്നവർക്കും പോകാൻ ആഗ്രഹിക്കുന്നവർക്കും ഉള്ള പൊതുനിർദ്ദേശങ്ങളാണ് ഈ സീരീസ്. അപ്പോൾ നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ അറിയിച്ചാൽ അതിനെപ്പറ്റി എഴുതാൻ ശ്രമിക്കാം.

ഞാൻ എഴുതുന്ന കാര്യങ്ങൾ പരമാവധി ആളുകളിലേക്ക് എത്തുക എന്നതാണ് പ്രധാനം. അതിനാൽ ഞാനെഴുതുന്നത് നിങ്ങളുടെ പേജിലോ വാട്ട്സ് ആപ്പ് ഗ്രൂപ്പിലോ ഷെയർ ചെയ്യാൻ മടിക്കേണ്ട, എന്റെ അനുവാദവും ചോദിക്കേണ്ട. എന്റെ പേര് ചേർത്താൽ നല്ലത്, ഇല്ലെങ്കിലും പരാതിയില്ല.

എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഓൺലൈൻ പത്രക്കാർ അറിയിച്ചാൽ ഞാൻ ഏതാനും മണിക്കൂർ മുന്നേ അയക്കാം. (നിങ്ങൾക്ക് തിരുത്താനും ലേ ഔട്ട് ചെയ്യാനുമുള്ള സൗകര്യത്തിന്). മാതൃഭൂമി ഇപ്പോഴേ ഇങ്ങനെയാണ് ചെയ്യുന്നത്. മറ്റുള്ളവർക്ക് ലേഖനം വേണമെങ്കിൽ നിങ്ങളുടെ മെയിൽ ഐ ഡി കമന്റ് ബോക്സിൽ ഇട്ടാൽ മതി.

എനിക്കറിയാവുന്ന ട്രാവൽഗ്രൂപ്പിലൊക്കെ ഞാൻ യാത്ര പോസ്റ്റ് ചെയ്യും. താല്പര്യമുള്ളവർ പറയണം.

എന്റെ ലേഖനങ്ങൾക്ക് നിങ്ങളെഴുതുന്ന കമന്റ് കാണാനാണ് എനിക്ക് കൂടുതലിഷ്ടം. ഉപകാരപ്രദമായ കാര്യങ്ങൾ പങ്കുവെച്ചാൽ ഏറ്റവും നല്ലത്. എന്റെ വായനക്കാരിൽ മിക്കവരും ലേഖനങ്ങളും കമന്റുകളും ഒരുമിച്ച് വായിക്കുന്നവരാണ്. സ്ഥിരം കമന്റടിക്കാരെ ഞാൻ പിടിച്ച് സുഹൃത്താക്കുകയും ചെയ്യും.

അളിയൻ ദയവായി ഈ വീട്ടിൽ ചൊറിഞ്ഞോണ്ടു വരരുത്, പ്രത്യേകിച്ച് പോസ്റ്റിന് നീളം കൂടുതലാണെന്നും പറഞ്ഞ്. ചൊറിച്ചിലുള്ളിടത്ത് ചൊറിയുമ്പോൾ കിട്ടുന്ന അതേ സുഖമാണ് ചൊറിയന്മാരെ ബ്ലോക്കുമ്പോൾ കിട്ടുന്നതും. ദയവായി എന്നെ വെറുതെ ചൊറിഞ്ഞ് സുഖിപ്പിക്കരുത്.

ഈ ഒരു മാസം വേറെ രണ്ടാമൻ സ്റ്റൈൽ പോസ്റ്റുകൾ ഉണ്ടാകില്ല. യാത്രയെപ്പറ്റി എഴുതുന്ന തിരക്ക് കൂടാതെ യാത്രയുടെയും ഓഫീസിന്റെയും തിരക്ക് വേറെയുമുണ്ട്. ലോകത്തെ എല്ലാ സംഭവവികാസങ്ങളെപ്പറ്റിയും ഞാൻ അഭിപ്രായം പറഞ്ഞില്ലെങ്കിലും ലോകത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാനുള്ള സമയം കൂടിയാണിത്.

അപ്പോൾ ഇനി യാത്ര ഔദ്യോഗികമായി തുടങ്ങാം. നാളത്തെ പോസ്റ്റ് ‘എന്തിനാണ് നാം യാത്രകൾ ചെയ്യുന്നത്?’

Leave a Comment