പൊതു വിഭാഗം

യാത്രയിലെ സുരക്ഷ 2: സ്ത്രീകൾക്ക് ചില പ്രത്യേക പാഠങ്ങൾ

പഠനത്തിനും ജോലിക്കും വിനോദത്തിനുമായി പെൺകുട്ടികൾ ധാരാളം യാത്ര ചെയ്യുന്നു. യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നു. ഇത് രണ്ടും നല്ല കാര്യമാണ്. പക്ഷെ ഓരോ പ്രാവശ്യവും സ്ത്രീകൾക്കെതിരെ അക്രമങ്ങൾ ഉണ്ടാകുമ്പോൾ കുടുംബവും സമൂഹവും സ്ത്രീകൾ തന്നെയും യാത്രകൾ കുറക്കാൻ ശ്രമിക്കും. അതനുസരിച്ച് തൊഴിൽ സ്ഥലവും പഠന സ്ഥലവും ഒക്കെ സ്വന്തം നാട്ടിലേക്ക് തന്നെ ചുരുക്കും. ഇത് വ്യക്തിപരമായും സാമൂഹ്യമായും വലിയ നഷ്ടമാണ്. യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടെങ്കിലും സ്ത്രീകൾക്ക് മാത്രമായ ചില പ്രശ്നങ്ങളുമുണ്ട്. അവയെപ്പറ്റിയാണ് ഈ ലേഖനം. ശ്രദ്ധിച്ചു വായിക്കണം. കേരളത്തിനകത്തും പുറത്തും, ഇന്ത്യയിലും വിദേശത്തും, ഒക്കെ പാലിക്കാവുന്ന തന്ത്രങ്ങളും തത്വങ്ങളും ആണ്. കൂടുതൽ യാത്ര പോവുക, ഒപ്പം സുരക്ഷയുടെ കാര്യത്തിൽ വിട്ടു വീഴ്ച്ച പാടില്ല.

ഒളികാമറയിൽ നിന്നും തുടങ്ങാം: ഇന്ത്യയിൽ യാത്രക്ക് വരുന്നവ സ്ത്രീകൾക്ക് വിദേശത്ത് നിന്ന് കൊടുക്കുന്ന ഒരു നിർദ്ദേശം മുറിയിൽ കയറിയാൽ ഉടൻ അടുത്ത മുറിയിൽ നിന്നും ഒളിഞ്ഞുനോക്കാനുള്ള പീപ്പ് ഹോൾ ഉണ്ടോ എന്ന് നോക്കണം എന്നാണ്. ചെറുകിട ഹോട്ടലുകളിൽ ഒളിഞ്ഞുനോക്കാനുള്ള പീപ്പ് ഹോൾ അടുത്തമുറിയിൽ നിന്നും പുറത്തുനിന്നുമൊക്കെ സാധാരണമാണ്. നമ്മുടെ അടുത്തുള്ള കെട്ടിടങ്ങളിൽ നിന്നും ടെലി ലെൻസ് വെച്ച് ആർക്കും നമ്മുടെ ഫോട്ടോ എടുക്കാൻ സാധിക്കും എന്ന ചിന്ത എപ്പോഴും വേണം. (കുളിക്കാൻ പോകുന്നതിനും വസ്ത്രം മാറുന്നതിനും മുൻപ് കർട്ടൻ ഇടുക). ഒളികാമറകൾ ഇപ്പോൾ ഏതു രൂപത്തിലും വരാം. എങ്കിലും കമ്പ്യൂട്ടർ, ലൈറ്റുകൾ, ക്ളോക്ക്, റേഡിയോ എന്നിവയൊക്കെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.നിങ്ങളുടെ കാമറയുടെ വെബ് ക്യാം പുറത്തു നിന്നുള്ളവർക്ക് നിയന്ത്രിക്കാമെന്നും അങ്ങനെ നിങ്ങളെ അതിൽക്കൂടെ തന്നെ ചോർത്താമെന്നും ഓർക്കുക. സക്കർബർഗ്ഗിന്റെ കാമറ പ്ലാസ്റ്ററൊട്ടിച്ച് മറച്ചത് ഓർക്കുമല്ലോ, നിങ്ങൾക്ക് ഒരു ലാപ്ടോപ്പ് ഉണ്ടെങ്കിൽ അതും അടച്ചു വെക്കുന്നതാണ് ബുദ്ധി.

പരിചയമില്ലാത്ത ടാക്സിഡ്രൈവർമാരോട് ചങ്ങാത്തം കൂടരുത്. ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങളിലും ടാക്സിക്കാർ സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് വരും. ഉദാഹരണത്തിന് കല്യാണം കഴിച്ചതാണോ, ബോയ്‌ഫ്രൺഡ് ഉണ്ടോ എന്നൊക്കെ. അതിനൊന്നും മറുപടി പറയരുത്, പറഞ്ഞാലും സത്യം പറയരുത്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആണെങ്കിൽ എത്ര നാൾ ഇവിടെ ഉണ്ടാകും എന്നതിന് “ഞാൻ നാളെ വേറെ ഒരു സ്ഥലത്തേക്ക് പോകും” എന്നും “നാളെ എന്റെ ഭർത്താവ് അല്ലെങ്കിൽ സഹപ്രവർത്തകൻ (ബോയ് ഫ്രണ്ട് എന്നോ സഹപ്രവർത്തക എന്നോ പറയരുത്) വരും എന്നും പറയുക (പുളു). ടാക്സിയിലിരുന്ന് സ്ത്രീകൾ ഒരിക്കലും ഉറങ്ങരുത്.

ലോകത്ത് എവിടെ പോയാലും കല്യാണം കഴിച്ചതാണെങ്കിലും അല്ലെങ്കിലും ഒരു വിവാഹമോതിരം കൈയിലുള്ളത് സ്ത്രീസുരക്ഷക്ക് ഏറെ സഹായകമാണ്. ലോകത്ത് അനവധി നാടുകളിൽ വിവാഹിതകളോടും അല്ലാത്തവരോടുമുള്ള പുരുഷന്മാരുടെ സമീപനം വളരെ വ്യത്യസ്തമാണ്. അതവിടുത്തെ സംസ്കാരത്തിന്റെ ഭാഗമാണ്. അത് തെറ്റാണെന്നതിൽ എനിക്കൊരു സംശയവുമില്ല. പക്ഷെ, ഒരു സുരക്ഷാ ഉപദേശകന്റെ കണ്ണിലൂടെ നോക്കുമ്പോൾ കൈയിൽ ഒരു വെഡിങ് റിംഗ് വെറുതെയാണെങ്കിലും ഉണ്ടായിരിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. വടക്കേ ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ നെറ്റിയിലെ അല്പം സിന്ദൂരവും ഇതേ ഫലം ചെയ്യും. ഇതൊരു പ്രായോഗിക സുരക്ഷാ നിർദ്ദേശം മാത്രമാണ്. ആയതിനാൽ ഇതിനോട് ആശയപരമായി യുദ്ധം ചെയ്യേണ്ടതില്ല.

ലൈംഗിക അതിക്രമങ്ങൾ: പൊതുസ്ഥലങ്ങളിലും പൊതുഗതാഗതത്തിലുമുള്ള തട്ടലും മുട്ടലും പൊതുവെ വികസിത രാജ്യങ്ങളിൽ കുറവാണ്. (തീരെയില്ല എന്നല്ല, സ്ത്രീകളും പുരുഷന്മാരും തമ്മിൽ സ്വതന്ത്രബന്ധം എവിടെയാണോ കുറവ്, അവിടെയാണ് ഇത്തരം അശ്ലീലങ്ങൾ കൂടുതലുള്ളത്, കേരളത്തിനേക്കാൾ വഷളായ രാജ്യങ്ങളും ഉണ്ട്). ലൈംഗിക അതിക്രമങ്ങൾ എപ്പോൾ എവിടെയും സംഭവിക്കാം. ജാഗ്രത വേണം.

മൂന്നുതരത്തിലുള്ള ആളുകളാണ് നിങ്ങൾക്കെതിരെ ലൈംഗിക അക്രമം നടത്താൻ സാധ്യതയുള്ളത്. ഒന്ന്, നിങ്ങൾ അറിയുന്ന ആളുകൾ. രണ്ട്, നിങ്ങൾ എന്തെങ്കിലും കുഴപ്പത്തിൽ പെട്ടാൽ ആ അവസരം ഉപയോഗപ്പെടുത്തുന്നവർ. മൂന്ന്, കുറ്റകൃത്യങ്ങൾ തൊഴിലാക്കിയവർ. ഇതിനെ മൂന്നിനേയും നേരിടേണ്ടത് ഭിന്ന മാർഗ്ഗങ്ങളിലൂടെയാണ്.

യാത്രയിൽ പരിചയപ്പെടുന്നവരോടോ നമ്മുടെ കൂടെ ജോലി ചെയ്യുന്നവരോടോ പോലും യാത്രക്കിടയിൽ അധികം അടുത്തിടപെടാതിരിക്കുക. അവരെ ഒരു കാരണവശാലും മുറിയിലേക്ക് ക്ഷണിക്കരുത്. അവരോടൊപ്പം അമിതമായി മദ്യപിക്കാതിരിക്കുക, ഒരു കാരണവശാലും മയക്കുമരുന്നുകൾ ഉപയോഗിക്കാതിരിക്കുക, ഇതൊക്കെയാണ് നമുക്കറിയാവുന്നവരിൽ നിന്നും അക്രമം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ.

വഴിയിൽ നിന്നും ടാക്സി വിളിക്കാതിരിക്കുക, സ്ഥിരമായി സഞ്ചരിക്കുന്ന ടാക്സിയാണെങ്കിലും അവരെ വിശ്വസിക്കാതിരിക്കുക, താമസിക്കുന്ന റൂം നമ്പർ അവർക്ക് പറഞ്ഞുകൊടുക്കാതിരിക്കുക, അവരെ എന്തെങ്കിലും ലഗ്ഗേജ് എടുക്കാനോ കൊണ്ടുവരാനോ മുറിയിലേക്ക് ക്ഷണിക്കാതിരിക്കുക, അവർ എത്ര നിർബന്ധിച്ചാലും അവരുടെ വീട്ടിലേക്ക് പോകാതിരിക്കുക, ഇരുട്ടുള്ള സ്ഥലങ്ങളിൽ ഒന്നിനായും കാത്തുനിൽക്കാതിരിക്കുക എന്നിങ്ങനെ രണ്ടാമത്തെ കുറ്റകൃത്യങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനുള്ള മാർഗ്ഗങ്ങൾ എപ്പോഴും മനസ്സിൽ വെക്കുക.

നഗരത്തിൽ പരിചയമില്ലാത്ത സ്ഥലങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക, രാത്രിയാത്രകൾ പാടെ ഒഴിവാക്കുക, മുറിയിൽ മുൻപ് പറഞ്ഞത് പോലെ ഉള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കുക എന്നിവയാണ് കുറ്റകൃത്യങ്ങൾ തൊഴിലാക്കിയവരിൽ നിന്ന് രക്ഷപെടാൻ പ്രാഥമികമായി ചെയ്യേണ്ടത്.

അപ്പോൾ കരാട്ടെ?: പെൺകുട്ടികളുടെ സുരക്ഷക്ക് അവരെ കരാട്ടെ പഠിപ്പിക്കുക, കൈയിൽ പേപ്പർ സ്പ്രേ കരുതുക എന്നിവ സുരക്ഷാപാഠമായി പഠിപ്പിക്കുന്നവരുണ്ട്. ഞാനും ഒരുകാലത്ത് അങ്ങനെയാണ് ചിന്തിച്ചിരുന്നത്. എന്നാലിതൊന്നും ഒരപകടം വരുമ്പോൾ നമുക്ക് തുണയാകണമെന്നില്ല. പെപ്പെർ സ്പ്രേയുടെ കാര്യമെടുത്താൽ ഇതൊരു ഇരുതല വാളാണ്. ഒരു കുറ്റവാളി മുന്നിൽ വന്നാൽ സാധാരണഗതിയിൽ എല്ലാവരും ഭയക്കും. അപ്പോൾ പെപ്പർ സ്പ്രെയൊക്കെ എടുത്ത് പൂശാനുള്ള ധൈര്യമോ സാവകാശമോ കിട്ടിയെന്ന് വരില്ല. അതേസമയം നമ്മുടെ കൈയിൽ അത് കണ്ടാൽ കുറ്റവാളി അത് പിടിച്ചുമേടിച്ച് നമുക്കിട്ട് പ്രയോഗിക്കാനും മതി. നമ്മൾ അത്തരമൊരു സാഹചര്യത്തിൽ പെടുന്നത് ആകസ്മികമായാണ്. എന്നാൽ കുറ്റവാളി മുൻ‌കൂർ പ്ലാൻ ചെയ്തിട്ടും. അവർ വരുന്നത് നമ്മുടെ കരുത്തും സാഹചര്യവും മനസ്സിലാക്കിയാണ്. അവരാണ് സ്ഥലവും സമയവും തീരുമാനിക്കുന്നതും. നമ്മൾ കരാട്ടെ മത്സരവേദിയിൽ രണ്ടുപേരെ മലർത്തിയടിച്ച മികവൊന്നും രാത്രി പരിചയമില്ലാത്ത നഗരത്തിൽ ഒരു തെമ്മാടിയെ നേരിടാൻ നമ്മെ തുണക്കില്ല.

അതുകൊണ്ട് ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക തന്നെയാണ്. കരാട്ടെ പഠിച്ചിട്ടുണ്ട് എന്ന ധൈര്യത്തിൽ അന്യനഗരത്തിൽ സുരക്ഷാപ്രശ്നങ്ങളുള്ള സ്ഥലത്തേക്ക് പോകരുത്. അഥവാ അങ്ങനെയൊരു സാഹചര്യമുണ്ടായാൽ അവിടെനിന്ന് എങ്ങനെയും തലയൂരാനോ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനോ ഒരു രക്ഷയുമില്ലെങ്കിൽ കൈയിലുള്ള പണം കൊടുത്ത് ഓടി രക്ഷപെടാനോ ആണ് ശ്രമിക്കേണ്ടത്. ഈ നിർദേശം നിങ്ങൾക്ക് അത്ര ശരിയല്ല എന്ന് തോന്നാം, പക്ഷെ സുരക്ഷാ രംഗത്ത് ഏറെ പരിചയം ഉള്ളവരുടെ അഭിപ്രായം ആണിത്.

അതെ സമയം നമ്മൾ തിരിച്ചടിക്കേണ്ട സമയവും ഉണ്ട്. നമ്മുടെ ശരീരത്തിനു നേരെ ലൈംഗികമോ അല്ലാതെയോ ഉള്ള അക്രമം ഉണ്ടാവുകയും നമ്മുടെ ജീവൻ അപകടത്തിൽ ആകുന്ന സ്ഥിതിയും ആണെന്ന് കരുതുക. പിന്നെ ഒന്നും നോക്കാനില്ല. നാടൻ അടിയോ, കരട്ടെയോ, കല്ലോ, പല്ലോ ഉപയോഗിച്ച് ആവുന്നത്ര പൊരുതുക. ലൈംഗിക അക്രമം ആണെങ്കിലും അല്ലെങ്കിലും വരുന്നവന്റെ പുല്ലിംഗം നോക്കി ഒന്നു കൊടുക്കുന്നത് വളരെ ഫലപ്രദമാണ്. പേടിച്ചിരിക്കുന്ന നമ്മൾ അടിച്ചു നേടാൻ പോകുന്നത് വിജയസാധ്യത കുറഞ്ഞ അവസാന കൈ പ്രയോഗമാണെങ്കിലും പ്രത്യാഘാതം വലുതായതിനാൽ ശ്രമിച്ചേ പറ്റൂ, ഒരു പക്ഷെ ജയിച്ചെന്നും വരാമല്ലോ.

ആണത്തത്തെ പ്രോത്സാഹിപ്പിക്കരുത്: ഭർത്താക്കന്മാരുടെയോ ആങ്ങളമാരുടെയോ മറ്റു പുരുഷസുഹൃത്തുക്കളുടെയോ കൂടെ യാത്ര ചെയ്യുന്ന സ്ത്രീകളോടും ഒരുവാക്ക് പറയാനുണ്ട്. പുരുഷന്മാർ കൂടെയുണ്ട് എന്ന ധൈര്യത്തിൽ നിങ്ങൾ സുരക്ഷയിൽ അശ്രദ്ധ കാണിക്കരുത്. പരിചയമില്ലാത്ത നഗരങ്ങളിൽ നിങ്ങൾക്ക് സുരക്ഷ തോന്നുന്നതിന് അപ്പുറത്തുള്ള സ്ഥലങ്ങളിൽ പോകരുത്. സ്ത്രീകൾ കൂടെയുള്ളപ്പോൾ ചില ആണുങ്ങൾക്ക് ശ്രദ്ധയും ഉത്തരവാദിത്തവും കൂടുമ്പോൾ ചിലർക്കത് ആണത്തം കാണിക്കാനുള്ള അവസരമാണ്. ഇത് പ്രോത്സാഹിപ്പിക്കരുത്.

പരിചയമില്ലാത്ത നഗരങ്ങളിലോ യാത്രയിലോ മറ്റുള്ളവരുമായി വഴക്കുണ്ടാക്കരുത്. കൂടെയുള്ള ആൾ അതിന് മുതിർന്നാൽ പ്രോത്സാഹിപ്പിക്കരുത്. പ്രശ്‌നമൊഴിവാക്കി എങ്ങനെയും പെട്ടെന്ന് സ്ഥലം കാലിയാക്കാൻ നോക്കണം. റോഡിലോ ബസിലോ തിയേറ്ററിലോ വെച്ച് ഭാര്യയോടോ സഹോദരിയോടോ ആരെങ്കിലും അപമര്യാദയായി പെരുമാറിയാൽ ‘അവനിട്ട് രണ്ടു കൊടുത്തില്ലെങ്കിൽ’ ആണത്തമില്ലാത്തവനാണെന്ന് മിക്ക ആണുങ്ങളും കരുതുന്നു, പെൺകുട്ടികളും. പക്ഷെ, മുൻപ് പറഞ്ഞതുപോലെ നമ്മുടെ എതിരാളി ആരാണെന്നോ അവരുടെ സംഘത്തിന്റെ ബലമോ നമുക്കറിയില്ല. ഒരുപക്ഷെ, നമ്മളെ പ്രകോപിപ്പിക്കാനായിരിക്കാം അപമര്യാദയായി പെരുമാറിയത്. മറ്റുള്ള ആളുകളുടെ ശ്രദ്ധ ക്ഷണിക്കുക, പോലീസിനെയോ ടി ടി യെയോ ബസ് കണ്ടക്ടറെയോ ഇടപെടുത്തുക എന്നതാണ് ശരിയായ രീതി. യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ആണത്തം കാണിക്കാൻ പോയാൽ അടികിട്ടും എന്നുറപ്പ്. കരുതി നിന്നില്ലെങ്കിൽ ജീവൻ പോകാനും മതി.

Leave a Comment