പൊതു വിഭാഗം

യഥാർത്ഥ രാജ്യദ്രോഹികൾ!

എന്റെ സുഹൃത്ത് ബാബുവിന് ഒരു നാഷണൽ പെർമിറ്റ് ട്രക്ക് ഉണ്ടായിരുന്നു. കേരളത്തിൽ നിന്നും അടക്കയോ ചുക്കോ കയറ്റി ഇൻഡോറിനും ഗുർഗാവിനും, വടക്കേ ഇന്ത്യയിൽ നിന്നും നിർമ്മാണ വസ്തുക്കൾ കയറ്റി കേരളത്തിലേക്കും വരും.
 
പോവാനും വരാനും ഓർഡർ കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല, ഓടിയാൽ പണവും റൊക്കം കിട്ടും.
 
എന്നാൽ ഇതിൽ ചില പ്രശ്നങ്ങളുണ്ട്.
 
കൊച്ചിയിൽ നിന്നും വണ്ടി പുറപ്പെട്ടാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ പോലീസ് മുതൽ റോഡ് ടാക്സ്, ഗുണ്ടകൾ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വരെയുള്ളവർ വണ്ടിക്ക് കൈ കാണിക്കും. നമ്മുടെ കൈയിൽ എല്ലാ രേഖകളും ഉണ്ടെങ്കിലും കൈക്കൂലി കൊടുത്താലേ വണ്ടി മുന്നോട്ട് പോകൂ. ഓരോ തവണയും ഡ്രൈവർ തിരിച്ചു വരുന്പോൾ വലിയൊരു തുക കൈക്കൂലിയായി കൊടുത്തു എന്ന് പറയും, അതിന് കണക്കും രസീതും ഒന്നുമില്ല.
 
ഇത് സത്യമാണോ എന്നറിയാൻ ബാബു ഒരിക്കൽ ട്രക്കിൽ കിളിയായി ഹരിയാന വരെ പോയി. യാത്രയിൽ കണ്ട കാര്യങ്ങൾ അദ്ദേഹത്തെ അതിശയപ്പെടുത്തി. ഇടക്കിടക്ക് തോന്നുന്നവരെല്ലാം പിടിച്ചു നിർത്തി കാശു ചോദിക്കുന്നത് പോകട്ടെ, കാശു കൊടുത്താലും ഇല്ലെങ്കിലും അവർക്ക് തോന്നിയാൽ വണ്ടിയിൽ നിന്നിറക്കി രണ്ടു കൊടുക്കുകയും ചെയ്യും. കേരളത്തിൽ നിന്നും ഹരിയാനയിൽ പോയി വരുന്ന ട്രക്കിന് കൂലിയുടെ നാലിലൊന്നോളം കൈക്കൂലിയും, ഗുണ്ടാപിരിവും, നോക്കുകൂലിയുമായി പോകും. ചുമ്മാ തല്ലു കിട്ടുന്നത് വേറെയും. സത്യത്തിൽ കിളിയായി പോയ ബാബുവിന്റെ കിളിപോയി. പിന്നെ അദ്ദേഹം ട്രക്ക് ബിസിനസ്സ് തുടർന്നില്ല. 1990 കളിലെ കഥയാണ്.
 
ദൂരദേശ ട്രക്കുകളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥർ വാങ്ങുന്ന കൈക്കൂലിയുടെ കണക്കുകൾ കേരളത്തിലുള്ള ഏതെങ്കിലും കോളേജോ യൂണിവേഴ്സിറ്റിയോ പഠിക്കണമെന്ന് ഞാൻ വർഷങ്ങൾക്ക് മുൻപ് ഒരു പോസ്റ്റിട്ടിരുന്നു. ഇന്തോനേഷ്യയിൽ ട്രാക്കുകാർ കൊടുക്കുന്ന കൈക്കൂലിയുടെ കണക്ക് പഠിച്ച ലോകബാങ്കിന്റെ പഠനം റഫറൻസ് ആയി കൊടുക്കുകയും ചെയ്തു. അങ്ങനെ ഒരു പഠനം നടത്താൻ ആരെങ്കിലും മുന്നോട്ട് വന്നാൽ അത് സ്പോൺസർ ചെയ്യാം എന്നും പറഞ്ഞിരുന്നു. പതിവ് പോലെ ആരും ആ റിക്വസ്റ്റ് ഏറ്റെടുത്തില്ല.
ഇന്നിപ്പോൾ സേവ് ലൈഫ് ഫൗണ്ടേഷനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ട്രക്കുഡ്രൈവർമാരുടെ അവസ്ഥയെക്കുറിച്ചു നടത്തിയ പഠനം വായിച്ചു. ബാബുവിന്റെ ട്രക്ക് ബിസിനസ്സ് പൂട്ടിക്കെട്ടി കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിലെ റോഡിലെ സ്ഥിതി മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന ഒന്നാണ്.
 
ഈ ട്രക്കുകാർ കൊടുക്കുന്ന കൈക്കൂലി അവർ സ്വന്തം കൈയിൽ നിന്നല്ല കൊടുക്കുന്നത്. പച്ചക്കറിക്കോ, മാർബിളിനോ, വാഷിംഗ് മെഷീനോ നമ്മൾ വാങ്ങുന്പോൾ അതിൽ ട്രാക്കുകാർ കൊടുക്കുന്ന കൈക്കൂലിയുടെ ഒരു ശതമാനം കൂടിയുണ്ട്. ഡീസൽ വില വർദ്ധനവിനെയും ജി എസ് ടി യെയും പറ്റി നമ്മൾ ആശങ്കാകുലരാകുന്പോൾ നമ്മുടെ വസ്തുക്കളുടെ വിലയെ അതിനേക്കാൾ കൂടുതൽ ബാധിക്കുന്ന കൈക്കൂലിയെ നാം അറിയുന്നോ ശ്രദ്ധിക്കുന്നോ ഇല്ല.
 
അഴിമതി എന്നത് സന്പദ്‌വ്യവസ്ഥയെ കാർന്നു തിന്നുന്ന കാൻസർ ആണ്. എന്റെ അഭിപ്രായത്തിൽ അത് രാജ്യദ്രോഹ കുറ്റമാണ്. അഴിമതി നടത്തുന്നവരെയും അഴിമതി നടത്തി പണം ഉണ്ടാക്കുന്നവരെയും സമൂഹം രാജ്യദ്രോഹികളായി കണ്ട് നിയമപരമായി കൈകാര്യം ചെയ്യുന്ന കാലത്ത് നമ്മുടെ റോഡുകളിൽ നിന്നും (സമൂഹത്തിൽ നിന്നും) ഈ ദ്രോഹികളെ തുടച്ചു മാറ്റാൻ പറ്റും. പറ്റണം
 
https://www.mathrubhumi.com/print-edition/india/truck-drivers-bribe-1.4570744 മുരളി തുമ്മാരുകുടി

Leave a Comment