പൊതു വിഭാഗം

മൈക്കിൾ സെർവെറ്റിസിന്റെ പ്രതിമ…

കേരളത്തിലെ പ്രതിദിന കൊറോണ കേസുകൾ പതിനായിരത്തോട് അടുക്കുകയാണ്. ഈ ആഴ്ച പതിനായിരം കവിയും. അങ്ങനെ ഒരാഴ്ച നിന്നാൽ പ്രതിദിന മരണങ്ങളുടെ എണ്ണം ശരാശരി അൻപത് ആകും.
ഈ കണക്കിന് പോയാൽ പ്രതിദിന കേസുകളുടെ എണ്ണം ഇരുപതിനായിരം ആകുമോ?, പ്രതിദിന മരണം നൂറു കടക്കുമോ?
കേരളത്തിൽ മൂന്നു കോടി മുപ്പത്തി മൂന്നു ലക്ഷം ആളുകൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. അതിൽ ഒരു ശതമാനത്തിലും താഴെ ആളുകൾക്കാണ് ഇതുവരെ രോഗം ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ളത്.
 
രോഗം ഉള്ളവരിൽ മൂന്നിലൊന്നിൽ കൂടുതൽ രോഗലക്ഷണം കാണിക്കുന്നില്ല എന്നാണ് ഏതാണ്ടൊരു കണക്ക്. അപ്പോൾ കൂടുതൽ ടെസ്റ്റിംഗ് നടത്തിയാൽ തീർച്ചയായും രോഗം ബാധിച്ചവരുടെ എണ്ണം കൂടുതൽ ഉണ്ടാകും.
 
കേരളത്തിലിന്നലെ വരെ മൊത്തം 221333 കേസുകളായി. അതായത് പത്തു ലക്ഷത്തിന് 6700 വെച്ച്.
 
പത്തുലക്ഷം ജനസംഖ്യക്ക് നാല്പതിനായിരം പോസിറ്റിവ് കേസുകൾ വരെ വന്നതായി ചില രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ഉണ്ട്. അത് പക്ഷെ പൊതുവെ ചെറിയ രാജ്യങ്ങളിലാണ് (ഒരു കോടിക്ക് താഴെ ജനസംഖ്യ ഉള്ളതിൽ). കേരളത്തിന് ഒപ്പമോ അതിൽ കൂടുതലോ ജനസംഖ്യയുള്ള രാജ്യങ്ങളെ വച്ച് നോക്കിയാൽ പത്തുലക്ഷത്തിന് ഇരുപത്തി നാലായിരം കേസുകളുള്ള പെറു (മൊത്തം ജനസംഖ്യ മൂന്നു കോടി മുപ്പത് ലക്ഷം) ഉണ്ട്. കേരളത്തിനേക്കാൾ പലമടങ്ങ് ജനസംഖ്യയുള്ള ബ്രസീലിലും അമേരിക്കയിലും പത്തുലക്ഷത്തിന് ഇരുപതിനായിരത്തിന് മുകളിൽ കേസുകളുണ്ട്. അപ്പോൾ കേരളത്തിന് ആറു ലക്ഷം മുതൽ എട്ടുലക്ഷം വരെ കേസുകളാകാൻ ഒരു ബുദ്ധിമുട്ടുമില്ല. കേരളത്തിലെ ജനസാന്ദ്രത, പല തലമുറകൾ ഒരുമിച്ചു താമസിക്കുന്ന കുടുംബങ്ങൾ എന്നിവ നോക്കിയാൽ നമ്മൾ അവർക്കും മീതെ പോകാനാണ് സാധ്യത.
അപ്പോൾ ഇനി നമ്മൾ നോക്കേണ്ടത് പത്തു ലക്ഷത്തിലേക്കാണ് !!
ഞെട്ടുകയൊന്നും വേണ്ട, ലണ്ടനിലെയും ഡൽഹിയിലെയും സിറോളജിക്കൽ സ്റ്റഡി പറയുന്നത് ജനസംഖ്യയുടെ പത്തു മുതൽ മുപ്പത് വരെ ശതമാനത്തിന് രോഗം വന്നു പോയി എന്നാണ്. അത്ര കൃത്യത ഉള്ളതൊന്നുമല്ല, ചെറിയ സാന്പിളിൽ നിന്നുള്ള പ്രൊജക്ഷനാണ്. പക്ഷെ ജനസംഖ്യയുടെ പത്തു ശതമാനം എന്ന് പറഞ്ഞാൽ തന്നെ കേരളത്തിൽ മുപ്പത്തി മൂന്നു ലക്ഷം ആയി !
 
ഞാൻ മുൻപ് പറഞ്ഞത് പോലെ മൊത്തം കേസുകൾ എത്രയുണ്ടെന്നതല്ല, നിങ്ങളുടെ നഗരത്തിൽ ആവശ്യമായ ആശുപത്രി സംവിധാനങ്ങളുടെ മുകളിൽ കേസുകളുടെ എണ്ണം എത്തുമോ എന്നതാണ് കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം. അപ്പോഴാണ് ആർക്കാണ് വെന്റിലേറ്റർ കൊടുക്കേണ്ടത്, ഓരോരുത്തർക്കും എത്ര ഓക്സിജൻ കൊടുക്കണം എന്നൊക്കെ നമ്മുടെ പാവം ഡോക്ടർമാർക്ക് തീരുമാനമെടുക്കേണ്ടി വരുന്നത്. അപ്പോഴാണ് മരണ നിരക്ക് ഇപ്പോഴത്തെ അര ശതമാനത്തിന് മുകളിലേക്ക് പോകാൻ പോകുന്നത്. നിർഭാഗ്യവശാൽ പ്രാദേശികമായെങ്കിലും ആ സ്ഥിതി ഉണ്ടാകുമെന്നാണ് തോന്നുന്നത്.
 
പക്ഷെ കേസുകൾ എല്ലാക്കാലത്തും മുകളിലേക്ക് പോവില്ല. മരണങ്ങൾ കൂടുന്പോളാളുകളുടെ പെരുമാറ്റം മാറും, സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും, രോഗ വ്യാപന നിരക്ക് കുറയും, മരണം കുറയും. വാക്‌സിൻ വരുന്നത് വരെ അല്ലെങ്കിൽ സമൂഹത്തിൽ ബഹുഭൂരിപക്ഷത്തിലും കൊറോണ കയറിപ്പോകുന്നത് വരെ ഇത് തന്നെയാകും സ്ഥിതി. ഇങ്ങനെ ആദ്യത്തെ കുന്നു കയറി ഇറങ്ങുന്നത് ഒക്ടോബറിൽ സംഭവിക്കുമോ എന്ന് മാത്രമാണ് ഞാൻ നോക്കിയിരിക്കുന്നത്.
സത്യത്തിലിതൊന്നുമല്ല എൻറെ ഇന്നത്തെ വിഷയം. അത് കൊറോണക്കാലത്തെ മാനസിക ആരോഗ്യം ആണ്.
കൊറോണയെ പേടിച്ചും കരുതിയും ആളുകൾ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പൊതുവെ ഒരാഴ്ചയിൽ കൂടുതൽ ഒരു രാജ്യത്ത് നിൽക്കാറില്ലാത്ത ഞാൻ പോലും അഞ്ചു മാസം ഇന്ത്യയിൽ ആയിരുന്നു, അതും ഒരു ദിവസം തിരുവനന്തപുരത്ത് വന്നതൊഴിച്ചാൽ നൂറ്റി അന്പത് ദിവസം ഒരു മേൽക്കൂരയ്ക്ക് താഴെ. എന്റെ കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ജീവിതത്തിൽ ഒരു റെക്കോർഡ് ആണ്.
ഇങ്ങനെ വീട്ടിലിരിക്കുന്നത് ഒട്ടും നല്ല കാര്യമല്ല. മാനസിക ആരോഗ്യത്തിനു പ്രത്യേകിച്ചും.
 
എന്നുവെച്ച് പുറത്തിറങ്ങിയാലും റിസ്ക് ഉണ്ട്. പ്രത്യേകിച്ചും പൊതു ഗതാഗതത്തിൽ, കൂടുതൽ ആളുകൾ വരുന്ന റെസ്റ്റോറന്റുകളിൽ, അടച്ചിട്ട മുറികളിൽ (സിനിമ തീയേറ്റർ പോലെ).
അപ്പോൾ ഈ റിസ്ക് ബാലൻസ് ചെയ്യാൻ, ജനീവയിൽ വന്നതിനു ശേഷം ഞാൻ ഒരു പരിപാടി തുടങ്ങി.
 
ആഴ്ചയിൽ രണ്ടു ദിവസം വീടിന് പുറത്ത് ഇറങ്ങി നടക്കുക. ജനീവ നഗരത്തെ പറ്റി കൂടുതൽ അറിയുക. അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ അന്വേഷിച്ചറിയുക, അറിയുന്ന കാര്യങ്ങളെ കൂടുതൽ മനസിലാക്കുക.
ആഴ്ചയിൽ ഒരു ദിവസം ഒരു ഡ്രൈവിന് ഇറങ്ങുക, ആപ്പിൾ തോട്ടത്തിൽ, പശുക്കൾ മേയുന്ന താഴ്‌വരകളിൽ, കാടുകളിൽ, തടാകത്തിന്റെ തീരത്ത്, പള്ളികളുടെ മുറ്റത്ത്, ആരും പോകാത്ത മ്യൂസിയങ്ങളിൽ, എന്നിങ്ങനെ.
 
ഇന്ന് തൊട്ട് ഓരോ ഞായറാഴ്ചയും ഞാൻ ഇത്തരം സന്ദർശനങ്ങളെ പറ്റി എഴുതാം.
 
ഇന്നത്തെ കഥ സെർവെറ്റിസിന്റെ പ്രതിമയെ പറ്റിയാണ്.
ജനീവയിലെ ഏറ്റവും പ്രശസ്തനായ ആൾ ജോൺ കാൽവിൻ തന്നെയാണ്. ക്രിസ്ത്യൻ പുനരുദ്ധാനത്തിന്റെ നേതാവായിരുന്ന അദ്ദേഹം മതപരമായ പീഡനങ്ങൾ ഇല്ലാതിരുന്ന ജനീവയിൽ വന്നു താമസമാക്കിയത് ജനീവയുടെ ബൗദ്ധികജീവിതത്തെ മാത്രമല്ല, സാമൂഹ്യ സാന്പത്തിക വ്യവസ്ഥയെ മൊത്തം മാറ്റി മറിച്ചു. ജനീവയെ പറ്റി ചിലപ്പോൾ കാൽവിന്റെ നഗരം എന്ന് പറയാറുണ്ട്.
 
എന്നാൽ സെർവെറ്റിസിനെ അറിഞ്ഞതോടെ എനിക്ക് കാൽവിനോടുള്ള താല്പര്യം കുറഞ്ഞു.
 
ആരാണീ സെർവെറ്റ്?
സ്‌പെയിനിൽ ജനിച്ച് (Miguel Serveto) പിന്നീട് ഫ്രഞ്ച് പൗരനായി (Michael Servetus) പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച, മെഡിക്കൽ ഡോക്ടറായിരുന്നു.
 
ശ്വാസകോശത്തിൽ രക്തം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ആദ്യമായി യൂറോപ്പിൽ കണ്ടെത്തിയ ആളായിരുന്നു. പോരാത്തതിന് കണക്ക്, ജ്യോതി ശാസ്ത്രം, കാലാവസ്ഥ ശാസ്ത്രം, ഭൂമി ശാസ്ത്രം, നിയമം, കവിത, തർജ്ജമ, ഇവയിലൊക്കെ വിദഗ്ദ്ധനായിരുന്നു. അനവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
 
അവസാനം സ്വന്തം പുസ്തകങ്ങളുടെ ചിതയിൽ വെന്തു മരിക്കാനായിരുന്നു അദ്ദേഹതിന്റെ യോഗം. അതും അക്കാലത്ത് പുരോഗമനത്തിന്റെ നഗരമായിരുന്ന ജനീവയിൽ വച്ച്.
ഞാൻ താമസിക്കുന്നിടത്തു നിന്നും മൂന്നു കിലോമീറ്റർ പോലും ദൂരമില്ല അദ്ദേഹത്തെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക്.
 
ഷാന്പെൽ എന്നാണ് ആ സ്ഥലത്തിൻറെ പേര്. ജനീവയിലെ അല്പം ഉയർന്ന പ്രദേശമാണ്. അവിടെയാണ് 1553 ഒക്ടോബർ 27 ന് അദ്ദേഹത്തെ ചുട്ടു കൊന്നത്.
 
അദ്ദേഹത്തിൻറെ കുറ്റം?
ശാസ്ത്രത്തിലുള്ള അറിവിനോടൊപ്പം അദ്ദേഹത്തിന് ക്രിസ്ത്യൻ മത ശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്നു. പക്ഷെ ചിന്തകനായിരുന്നതിനാൽ ആദി പാപം, ത്രിത്വം (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്), കുട്ടികളുടെ മാമോദീസ എന്നിവയെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഇത് അദ്ദേഹം പുസ്തകമാക്കി പ്രസിദ്ധീകരിച്ചു (De trinitatis erroribus, and Dialogues on the Trinity plus the supplementary De Iustitia Regni Christi).
യേശുക്രിസ്തു അമരനായ ദൈവപുത്രനല്ല, മറിച്ച് അമരനായ ദൈവത്തിന്റെ പുത്രനാണ് എന്നതായിരുന്നു അദ്ദേഹത്തിൻറെ ഒരു സിദ്ധാന്തം.
 
സെർവെറ്റിസിന്റെ തത്വങ്ങൾ ഒന്നും കാൽവിന് ഇഷ്ടപ്പെട്ടില്ല, അദ്ദേഹം സ്വന്തം പുസ്തകമായ Institutio Christianae Religionis സെർവേറ്റീസിന് തിരിച്ചയച്ചു. അവർ തമ്മിൽ തർക്കമായി. സെർവിറ്റിസ് എന്നെങ്കിലും ജനീവയിൽ വന്നാൽ അദ്ദേഹത്തെ ജീവനോടെ തിരിച്ചയക്കില്ല എന്ന് കാൽവിൻ സുഹൃത്തിനോട് പറഞ്ഞു !
 
1553 ഫെബ്രുവരിയിൽ സെർവിറ്റീസ് വിയന്നയിൽ ജോലി ചെയ്യുന്പോൾ ഫ്രാൻസിലെ കോടതിയിൽ അദ്ദേഹത്തിനെതിരെ ദൈവ നിഷേധം /വേദ വിരുദ്ധത എന്നീ കുറ്റങ്ങളാരോപിക്കപ്പെട്ടു. അദ്ദേഹം കുറ്റം നിഷേധിച്ചു, പക്ഷെ അദ്ദേഹത്തിൻറെ പുസ്തകങ്ങളുടെയും കാൽവിനുമായി നടത്തിയ എഴുത്തുകുത്തുകളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ചുട്ടുകൊല്ലാൻ വിധിച്ചു. പക്ഷെ അദ്ദേഹം ജയിലിൽ നിന്നും രക്ഷപെട്ടതിനാൽ അദ്ദേഹത്തിൻറെ കോലമുണ്ടാക്കി പുസ്തകത്തിന് പകരം എഴുതാത്ത കുറെ കെട്ട് പേപ്പറുകളും കൂട്ടിയിട്ട് കത്തിക്കാനേ ഫ്രാൻസിലെ കോടതിക്കു കഴിഞ്ഞുള്ളു.
 
വിയന്നയിൽ നിന്നും രക്ഷപെട്ട് അദ്ദേഹം ജനീവയിൽ എത്തി. അക്കാലത്ത് യൂറോപ്പിൽ മതങ്ങളുടെ അധീനതയിൽ അല്ലാത്ത ഭരണമുള്ള പ്രദേശമായിരുന്നു ജനീവ (അതുകൊണ്ടാണ് കാൽവിൻ അവിടെ സ്വതന്ത്രമായി ജീവിച്ചത്).
 
ജനീവയിൽ പക്ഷെ അദ്ദേഹത്തെ കാത്തിരുന്നത് ക്രൂരമായ വിധിയായിരുന്നു. ജനീവയിൽ യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു, അദ്ദേഹത്തിൻറെ സ്വത്തുക്കൾ കണ്ടുകെട്ടി, ജയിലിൽ അടക്കപ്പെട്ട അദ്ദേഹത്തെ ത്രിത്വത്തെ നിഷേധിച്ചു, കുട്ടികളുടെ മാമ്മോദീസായെ എതിർത്തു, എന്നതൊക്കെ കുറ്റം ചുമത്തി വീണ്ടും വിചാരണ ചെയ്തു.
 
പോരാത്തതിന് “ഇത്രകാലം ആയിട്ടും എന്താണ് കല്യാണം കഴിക്കാത്തത്?” എന്ന ചോദ്യവും ഉന്നയിച്ചു (“whether he has married, and if he answers that he has not, he shall be asked why, in consideration of his age, he could refrain so long from marriage.”). (ഇത് വാസ്തവത്തിൽ അത്ര നിർദ്ദോഷമായ ചോദ്യമല്ല. അദ്ദേഹം സ്വവർഗ്ഗാനുരാഗിയാണ് എന്നതായിരുന്നു സൂചന. ഇതിന് സെർവേറ്റസിന്റെ ഉത്തരം “rupture (inguinal hernia) had long since made him incapable of that particular sin” എന്നതായിരുന്നു,. (ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്).
 
വളരെ കഷ്ടമായിരുന്നു ജയിലിലെ സ്ഥിതി. കോടതി നടപടികൾ നടക്കുന്പോൾ തന്നെ ജയിലിലെ ഭീകരാവസ്ഥ കാരണം എങ്ങനെയും ഈ കോടതി നടപടികൾ അവസാനിപ്പിക്കണമെന്ന് സെർവെറ്റിസ് ആവശ്യപ്പെട്ടു.
 
“I beg you, shorten please these deliberations. It is clear that Calvin for his pleasure wishes to make me rot in this prison. The lice eat me alive. My clothes are torn and I have nothing for a change, nor shirt, only a worn out vest.”
 
എന്താണെങ്കിലും 1553 ഒക്ടോബർ 24 ന് കോടതി അദ്ദേഹത്തെ കുറ്റക്കാരാണെന്ന് കണ്ടു, വീണ്ടും സ്വന്തം പുസ്തകങ്ങളുടെ കൂന്പാരത്തിനുള്ളിൽ തീവെച്ച് കൊല്ലാൻ വിധിച്ചു (അത് വേണ്ട, കഴുത്തു വെട്ടിയാൽ മതി എന്നായിരുന്നുവത്രെ കാൽവിന്റെ താല്പര്യം). മൂന്നാം ദിവസം വിധി നടപ്പിലാക്കി.
 
സെർവ്വിറ്റിസിന്റെ ഭീകരമായ മരണം, അദ്ദേഹം നിയമവിരുദ്ധമായി കൊല്ലപ്പെട്ടത് യൂറോപ്പിൽ വലിയ ചർച്ചാ വിഷയമായി. കാൽവിനെ പിന്തുണക്കുന്നവർക്ക് പോലും അദ്ദേഹത്തോട് ചെയ്തത് തെറ്റായിപ്പോയി എന്ന് പറയേണ്ടി വന്നു. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം, മറ്റു അഭിപ്രായങ്ങൾ മാനിക്കപ്പെടുക എന്നിങ്ങനെ ഇന്ന് യൂറോപ്പിൽ പുതിയ തലമുറ അനുഭവിക്കുന്ന അവകാശങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടത് അദ്ദേഹത്തിനെ മരണം ഉണ്ടാക്കിയ നടുക്കമാണ്.
 
പക്ഷെ ജനീവ അദ്ദേഹത്തെ അംഗീകരിക്കാൻ വീണ്ടും ഏറെ നാളുകൾ എടുത്തു. 1903 ൽ, അദ്ദേഹം കൊല്ലപ്പെട്ടതിന്റെ 350 ആം വാർഷികത്തിൽ, നഗരത്തിൽ അദ്ദേഹത്തിന് ഒരു പ്രതിമ വേണമെന്ന് ചില പുരോഗമന വാദികൾ തീരുമാനിച്ചു, പ്രതിമ നിർമ്മാണവും തുടങ്ങി. പക്ഷെ ഇത് മണത്തറിഞ്ഞ ചില കാൽവിനിസ്റ്റുകൾ ഒരു ഫലകത്തിൽ “സെർവെറ്റിനോട് ചെയ്തത് തെറ്റായിരുന്നു, പക്ഷെ അതാ കാലത്തിന്റെ രീതി ആയിരുന്നു” എന്ന തരത്തിൽ ഒരു ലിഖിതം ഉണ്ടാക്കി അദ്ദേഹം കൊല്ലപ്പെട്ടയിടത്ത് സ്ഥാപിച്ചു.
 
“Duteous and grateful followers of Calvin our great Reformer, yet condemning an error which was that of his age, and strongly attached to liberty of conscience according to the true principles of his Reformation and gospel, we have erected this expiatory monument. Oct. 27, 1903 “
 
അത്തരത്തിൽ ഒരു ഫലകം സ്ഥാപിച്ച സ്ഥിതിക്ക് ഒരു നഗരത്തിൽ ഒരാൾക്ക് ഒന്നിൽ കൂടുതൽ സ്മാരകങ്ങൾ വേണ്ട എന്ന തത്വം പറഞ്ഞ് ജനീവ നഗരം ആ പ്രതിമ സ്ഥാപിക്കാൻ സമ്മതിച്ചില്ല.
 
എന്താണെങ്കിലും 2011 ൽ, അദ്ദേഹത്തിൻറെ മരണത്തിനും 450 വർഷത്തിന് ശേഷം ജനീവയിൽ സെർവെറ്റിസിന് ഒരു പ്രതിമ ഉണ്ടായി.
അതാണ് ചിത്രത്തിൽ കാണുന്നത്.
 
ഉടുതുണിക്ക് മറുതുണിയില്ലാതെ, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി, മൂട്ടകളാൽ രക്തം വലിച്ചൂറ്റി ജയിലിൽ കിടന്നത് പല ശാസ്ത്രങ്ങളിൽ പണ്ഡിതനായിരുന്ന ഒരു ഡോക്ടറാണ് !.
 
സ്വന്തം പുസ്തകങ്ങളുടെ ഉള്ളിൽ വെന്തു മരിച്ചത് വ്യത്യസ്തമായി ചിന്തിച്ചു എന്നൊരു കുറ്റം മാത്രം ചെയ്ത ഒരു മനുഷ്യനാണ്.
രാഷ്ട്രീയത്തിലും നീതിയിലും മതം ഇടപെടുന്ന ലോകം ഇങ്ങനെയൊക്കെയാണ്, അന്നും ഇന്നും.
 
മുരളി തുമ്മാരുകുടി

Leave a Comment