പൊതു വിഭാഗം

മെയ് രണ്ടിന് എന്ത് സംഭവിക്കും?

തിരഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ടെല്ലാം പെട്ടിയിൽ ആയി. അത് സുരക്ഷിതമായി കൈകാര്യം ചെയ്യാൻ താഴിട്ടു പൂട്ടി പോലീസ് കാവലുമുണ്ട്. ഇനി എന്താണ് സംഭവിക്കുന്നതെന്ന് പലരും പ്രവചിക്കുന്നുണ്ട്, പ്രവചനം എന്ത് തന്നെയാണെങ്കിലും അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. റിസൾട്ട് എന്താണെങ്കിലും മെയ് രണ്ടിന് അത് വരും.
താഴിട്ട് പൂട്ടാതെ, പോലീസ് കാവൽ ഇല്ലാതെ ഒന്നുണ്ട്. അത് കോവിഡ്19 ഉണ്ടാക്കുന്ന വൈറസ് ആണ്. അത് നാട്ടിലൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. കാണുന്നിടത്തോളം അത് വളരുകയാണ്. മെയ് രണ്ടാവുന്പോഴേക്കും കോവിഡ്19 രോഗത്തിന് എന്ത് സംഭവിക്കും?
കോവിഡ് തുടങ്ങിയതിൽ പിന്നെ പ്രതിദിന രോഗികളുടേയും പ്രതിദിന മരണങ്ങളുടേയും ഏഴു ദിവസത്തെ ആവറേജ് ആണ് ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ തുടങ്ങിയതിൽ പിന്നെ എത്ര വേഗത്തിലാണ് പ്രതിദിന കേസുകൾ വളരുന്നതെന്ന് നമുക്ക് കാണാം. ഇപ്പോഴത്തെ 25000 വലിയ താമസമില്ലാതെ 50000 ആകുമെന്നൊക്കെ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും, അത് മെയ് മാസം രണ്ടിന് മുൻപ് എത്തുമോ ശേഷം എത്തുമോ എന്നതേ സംശയിക്കാനുള്ളൂ.
കേസുകൾ വളരുന്പോൾ മരണങ്ങളും കൂടുന്നത് സ്വാഭാവികമാണ്. ഇന്നിപ്പോൾ മരണം 32 ആയി. സാധാരണഗതിയിൽ കേസുകൾ കൂടി വരുന്നതും മരണങ്ങൾ കൂടി വരുന്നതും തമ്മിൽ ഒരല്പം ടൈം ലാഗ് ഉണ്ട്. അത് വച്ച് നോക്കുന്പോൾ മെയ് രണ്ടാകുന്പോൾ മരണം പ്രതിദിനം 60 കടന്നേക്കും. ഈ നിലക്ക് പോയാൽ മെയ് മാസത്തിൽ പ്രതിദിന മരണങ്ങൾ നൂറു കടക്കും.
പെട്ടിയിലിരിക്കുന്ന വോട്ട് പോലെ അല്ല പുറത്ത് ചുറ്റി നടക്കുന്ന വൈറസ്. ഇന്ന് മുതൽ മെയ് രണ്ടു വരെ നമ്മൾ എന്ത് തന്നെ ചെയ്താലും ചിന്തിച്ചാലും തിരഞ്ഞെടുപ്പിന്റെ ഫലത്തിൽ മാറ്റം ഉണ്ടാകില്ല.
പക്ഷെ ഇന്ന് മുതൽ വ്യക്തിപരമായി, സമൂഹമായി നാം കർശനമായ നിയന്ത്രണങ്ങൾക്ക് തയ്യാറായാൽ മേല്പറഞ്ഞ നൂറുകണക്കിനുള്ള പ്രതിദിന മരണങ്ങൾ നമുക്ക് ഒഴിവാക്കാം.
അതിന് നാം തയ്യാറായില്ലെങ്കിൽ ഇപ്പോൾ മുപ്പത്, നാല്പത് എന്നൊക്കെ പറഞ്ഞു അക്കങ്ങൾ ആയി നാം കാണുന്ന മരണങ്ങൾ സുഹൃത്ത്, ബന്ധു, കുടുംബാംഗം എന്ന തരത്തിൽ വ്യക്തിപരമായി മാറും. അതിലൊരക്കം നിങ്ങളായേക്കാം, അത് കാണാനും കൂട്ടാനും നിങ്ങൾ ഉണ്ടാകില്ലെങ്കിലും.
ശ്രീദേവിയെ പൂട്ടിയിടുന്നതാണ് നല്ലത്. പക്ഷെ സണ്ണി അതിന് മുതിരുന്നില്ലെങ്കിൽ ശ്രീദേവി സ്വയം മുറിക്കകത്ത് കയറി ഇരുന്നാലും മതി. വൈറസ് എപ്പോഴാണ് നിങ്ങളെ “ഒന്ന് ട്രൈ ചെയ്ത് നോക്കുന്നതെന്ന്” ആർക്കും പറയാൻ പറ്റില്ല.
അപ്പൊ എല്ലാം പറഞ്ഞ പോലെ. സുരക്ഷിതരായിരിക്കുക.
 
മുരളി തുമ്മാരുകുടി
May be an image of text that says "30000 Seven Day Moving Average of Daily COVID19 Cases 25000 20000 15000 10000 5000 Date Apr Mar 21-Apr Apr May May Jun 20-Ju Jun 05-J 20-Ju Jul Jul 20 19 -ALE Sep Oct 02-Nov Nov Dec 22 06 21 21- 06 05 20 04-AUB 03-Sep 18-Sep Sep Oct 03-0c 18 02 17-Nov 1 02-Dec Dec Jar 17-Dec 01-Jan 16 15 16-Ja 31-Jan Feb 15-Feb 02-Mar 02 17-Mar 01-Apr 16-Apr"May be an image of text that says "35 Seven Day Moving Average of Daily COVID19 Deaths 30 25 20 15 10 5 30-Jan 29.Feb 29-Feb 31-Mar 30-Apr 31-May 30-Jun 31-Jul 31-Aug 30-Sep 31-0ct 30-Nov 31-Dec 31-Jan 28-Feb 31-Mar"

Leave a Comment