പൊതു വിഭാഗം

മെക്സിക്കോയിൽ ഭൂമി കുലുങ്ങുമ്പോൾ…

മെക്സിക്കോയിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ കുറച്ച് ആൾനാശം റിപ്പാർട്ട് ചെയ്തിട്ടുണ്ട്. മലയാളികൾ അധികമുള്ള നാടല്ലെങ്കിലും ഉള്ളവർ സുരക്ഷിതരാണെന്ന് കരുതട്ടെ.

ഓരോ വർഷവും ലോകത്തുണ്ടാകുന്ന ഭൂരിഭാഗം ദുരന്തങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഒന്നുകിൽ വെള്ളപ്പൊക്കം, അല്ലെങ്കിൽ വരൾച്ച, കാട്ടുതീ, അതല്ലെങ്കിൽ കൊടുങ്കാറ്റ്. പക്ഷെ ആളുകളെ കൂടുതൽ കൊല്ലുന്നത് ഇതൊന്നുമല്ല, ജിയോളജിയുമായി ബന്ധപ്പെട്ട ദുരന്തങ്ങളാണ്, ഭൂമി കുലുക്കം, അതുണ്ടാക്കുന്ന സുനാമി ഒക്കെപോലെ. അതുകൊണ്ടു തന്നെ ലോകത്തെവിടെ ഭൂമി കുലുങ്ങിയാലും, അത് മൊമന്റ് സ്കെയിലിൽ ആറിന്റെ മുകളിൽ പോയാൽ ഉടൻ ഞങ്ങൾ ശ്രദ്ധിക്കും.

ആറിന്റെ മുകളിലുള്ള ഭൂമികുലുക്കം എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ ഉടനെ ഞാൻ അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ വെബ്‌സൈറ്റിൽ പോയി നോക്കും, ഭൂകമ്പത്തെ പറ്റി അറിയണമെങ്കിൽ ലോകത്തെ ഏറ്റവും ആധികാരികമായ സോഴ്സ് ആണിത്. ശക്തി എത്രയായിരുന്നു, ഭൂമിയുടെ എത്ര അടിയിലാണ് പ്രഭവ സ്ഥാനം, പ്രഭവസ്ഥാനത്തിന്റെ നേർ മുകളിലുള്ള ഭൂമി കരയാണോ കടലാണോ എന്നൊക്കെയാണ് ശ്രദ്ധിക്കുന്നത്.

ഭൂകമ്പത്തിന്റെ ശക്തി അളക്കുന്നത് ലീനിയർ സ്കെയിലിൽ അല്ല. ആറിനേക്കാൾ ഏതാണ്ട് മുപ്പത് മടങ്ങു ശക്തിയായണ് ഏഴിനുള്ളത്, അതിനും ഏതാണ്ട് മുപ്പത്തി രണ്ടു മടങ്ങാണ് എട്ട്. അപ്പോൾ ആറും എട്ടും തമ്മിലുള്ള വ്യത്യാസം ആയിരം ഇരട്ടിയാണ്. ചുമ്മാതല്ല എട്ടിന്റെ മുകളിൽ ഭൂകമ്പം വരുമ്പോൾ മലപിളരുകയും കടൽ കയറുകയും ചെയ്യുന്നത്. ഒരേ ശക്തിയുള്ള ഭൂകമ്പം കരയിലും കടലിലും ഉണ്ടായാൽ അതിന്റെ പ്രഭാവം രണ്ടു തരത്തിലാണ്. ഭൂമിക്ക് പത്തു കിലോമീറ്റർ താഴെ തുടങ്ങുന്ന ഭൂമികുലുക്കവും അമ്പതു കിലോമീറ്ററിൽ തുടങ്ങുന്ന ഭൂമികുലുക്കവും ഒരുപോലല്ല. സാധാരണഗതിയിൽ പറഞ്ഞാൽ ഇരുപത് കിലോമീറ്ററിന് താഴെയാണ് പ്രഭവസ്ഥാനം എങ്കിൽ അതത്ര അപകടകാരി ആവാറില്ല.

ആളെ കൊല്ലുന്നത് ഭൂകമ്പം അല്ല കെട്ടിടങ്ങൾ ആണെന്നാണ് ദുരന്ത ലഘൂകരണത്തിലെ ഒന്നാമത്തെ പാഠം. അതുകൊണ്ട് അടുത്ത പടി ഗൂഗിൾ എർത്ത് എടുത്ത് ലോകത്ത് എവിടെയാണ് ഭൂമികുലുക്കം ഉണ്ടായിരിക്കുന്നത് എന്ന് കണ്ടുപിടിക്കുകയാണ്. വലിയ നഗരത്തിന്റെ അടുത്തുണ്ടാകുന്ന ഭൂമികുലുക്കവും അധികം ആൾ താമസം ഇല്ലാത്ത സ്ഥലത്തുണ്ടാകുന്ന ഭൂമികുലുക്കവും രണ്ടു തരത്തിലുള്ള നാശങ്ങൾ ആണല്ലോ ഉണ്ടാക്കുക. ആൾപാർപ്പ് ഉള്ള സ്ഥലമാണെങ്കിൽ അത് കെട്ടിടനിർമ്മാണത്തിന് വേണ്ടത്ര ആധുനിക കോഡുകൾ ഉള്ളതും ഉപയോഗിക്കുന്നതും ആയ നാടാണോ എന്ന് നോക്കും.

ഇപ്പറഞ്ഞതൊക്കെ കണ്ടുപിടിക്കാൻ അഞ്ചു മിനുട്ട് മതി. കെട്ടിട നിർമ്മാണം നന്നായി നിയന്ത്രിക്കപ്പെടാത്ത സ്ഥലവും, നഗരത്തിനടുത്തും, ഭൂമിയിൽ അധികം ആഴത്തിലല്ലാത്ത ഭൂമി കുലുക്കവും ആണെങ്കിൽ ഉടൻ പെട്ടി പാക്ക് ചെയ്യാം. ഇപ്പോഴത്തെ പരിചയം വച്ച് സുനാമിയുടെ വരവും കുറച്ചൊക്കെ നമുക്ക് പ്രവചിക്കാം, അക്കാര്യത്തിൽ അത്ര ഉറപ്പു പറയാറായിട്ടില്ലെങ്കിലും.

ഭൂമികുലുക്കങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ പറ്റുമോ എന്ന് പലരും ചോദിക്കാറുണ്ട്. മൃഗങ്ങൾക്കൊക്കെ ഇത് മുൻപേ അറിയാൻ കഴിവുണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നുണ്ട്. കൊടുങ്കാറ്റും മഴയും പോലെ രണ്ടു ദിവസം മുൻപേ പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല ഭൂമികുലുക്കം. പശുവോ കാക്കയോ ‘അസ്വാഭാവികമായി’ പെരുമാറുന്നതു നോക്കിയും നമുക്ക് മുൻകരുതൽ എടുക്കാൻ പറ്റില്ല. കാരണം, പട്ടിയുടെ പെരുമാറ്റവും ഭൂമികുലുക്കവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്നതിന് തൽക്കാലം ശാസ്ത്രീയമായ ഒരു തെളിവും ഇല്ല. രണ്ടാമത് ട്രാൻസ്‌പോർട്ട് ബസ് പോയാൽ പോലും പട്ടി കുരയ്ക്കും. അപ്പോൾ പട്ടി കുരക്കുമ്പോളെല്ലാം കട്ടിലിനടിയിൽ കയറാൻ തുടങ്ങിയാൽ അതിനേ നേരം കാണൂ.

ഭൂമികുലുക്കം എന്നത് വളരെ മനസ്സിലാക്കപ്പെട്ടിട്ടുള്ള ഒരു പ്രകൃതി പ്രതിഭാസം ആണ്. ഭൂകമ്പങ്ങൾ മിക്കവാറും കൃത്യമായ ഇടവേളകളിലാണ് തിരിച്ചു വരുന്നത്, അതിന് ശാസ്ത്രീയമായ കാരണങ്ങൾ ഉണ്ട്. വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലത്ത് ‘അവൻ വീണ്ടും വരും’. അതുകൊണ്ടാണ് ജപ്പാനിലും, സാൻ ഫ്രാൻസിസ്കോയിലും നേപ്പാളിലും ഭൂമികുലുക്കം ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞന്മാർ ഉറപ്പിച്ചു പറയുന്നതും, അതിനെതിരെ കെട്ടിട നിർമ്മാണത്തിലും ദുരന്തനിവാരണത്തിലും തയ്യാറെടുക്കാൻ പറയുന്നതും.

“അപ്പോൾ കേരളത്തിൽ ഭൂകമ്പം ഉണ്ടാകുമോ ചേട്ടാ?”

ഒരുകണക്കിന് ഏറ്റവും എളുപ്പത്തിൽ ഉത്തരമുള്ള ചോദ്യമാണ്. ലോകത്ത് ഓരോ വർഷവും ലക്ഷക്കണക്കിന് ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ട്, അതിൽ പലതും കേരളത്തിലുമാണ്. അപ്പോൾ കേരളത്തിൽ ഭൂകമ്പങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ശാസ്ത്രീയമായി “ഉറപ്പായും” എന്നാണ് ഉത്തരം.

ആളുകൾ ചോദിക്കുന്നത് ശരിക്കും ശാസ്ത്രീയമായ ചോദ്യം അല്ല. മറിച്ച് ജപ്പാനിലും നേപ്പാളിലും ഒക്കെ ഉണ്ടാകാറുള്ള ഏറെ ആളെ കൊല്ലുന്ന ഭൂകമ്പ ദുരന്തങ്ങൾ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യതയെ പറ്റിയാണ്. ഇവിടെ ഉത്തരം കൂടുതൽ ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ ഭൂകമ്പ സാധ്യതാ മാപ്പനുസരിച്ച് സോൺ ത്രീയിലാണ് കേരളം, അതായത് മിതമായ സാധ്യതയുള്ള സ്ഥലം. അതേസമയം കേരളത്തിന്റെ ലഭ്യമായ സമീപകാല ചരിത്രത്തിൽ വലിയ ഭൂമികുലുക്കങ്ങൾ ഉണ്ടായതായ ലക്ഷണങ്ങൾ ഇല്ല. അതുകൊണ്ടാണ് കേരളത്തിൽ ഭൂകമ്പം ഉണ്ടാകുമോ എന്ന പേടി എന്റെ ഉറക്കം കളയാത്തത് (വെള്ളപ്പൊക്കത്തിന്റെയും ഓയിൽ സ്പില്ലിന്റെയും ടാങ്കർ അപകടം തൊട്ടു ഫാക്റ്ററി അപകടം വരെയുള്ളതിന്റെ കാര്യം പക്ഷെ അങ്ങനെ അല്ല).

ഇന്നിത്രയൊക്കെ പഠിച്ചാൽ മതി. പോയി കിടന്ന് സുഖമായി ഉറങ്ങിക്കൊള്ളൂ. ഗുഡ് നൈറ്റ്.

https://earthquake.usgs.gov/earthquakes/map/

Leave a Comment