പൊതു വിഭാഗം

മൂന്നാറിലേക്ക് വീണ്ടും

ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ കോതമംഗലത്ത് എഞ്ചിനീറിംഗിന് പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ ഓരോ പഠനാവധിക്കാലവും ഞാൻ മൂന്നാറിനടുത്തുള്ള കല്ലാറിലാണ് ചെലവഴിച്ചത്. എന്റെ സഹപാഠിയായിരുന്ന ജ്യോർട്ടിക്ക് അന്നവിടെ ഒരു വലിയ ഏലത്തോട്ടം ഉണ്ടായിരുന്നു. ജ്യോർട്ടിയുടെ കുടുംബത്തിന് കോതമംഗലത്ത് വൻ ബിസിനസ്സുകൾ വേറെ ഉണ്ടായിരുന്നതിനാൽ തോട്ടത്തിന്റെ മേൽനോട്ടത്തിനായി ഇടക്ക് അവിടെ പോകേണ്ട ഉത്തരവാദിത്ത്വം അവനായിരുന്നു. അവനു കൂട്ടായി ഞാനും പോകും. താഴത്തെ കല്ലാറിനും മുകളിലെ കല്ലാറിനും ഇടയ്ക്കുള്ള മനോഹരമായ വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള തോട്ടമാണ് മഞ്ഞയിൽ എസ്റ്റേറ്റ്. അവിടുത്തെ എസ്റ്റേറ്റ് ബംഗ്ലാവിലാണ് താമസം. ബംഗ്ലാവ് എന്ന് പേരു മാത്രമേയുള്ളു, പുകപ്പുരയും അടുക്കളയും കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത് രണ്ടു കട്ടിൽ, അത്രതന്നെ. പകലെല്ലാം പഠനം, വൈകിട്ട് കല്ലാർ പുഴയിൽ മുങ്ങിക്കുളി, രാത്രി അവിടെ വൈദ്യുതിയില്ലാത്തതിനാൽ ഏഴുമണിക്ക് അത്താഴം, പിന്നെ കിടന്നുറക്കം, ഇതുതന്നെ സ്ഥിരം പണി.

പഠനത്തിനിടക്ക് ചില ദിവസം ഞങ്ങൾ മൂന്നാർ ടൗണിൽ പോകും. കല്ലാർ കഴിഞ്ഞാലുടൻ തേയിലത്തോട്ടങ്ങളായി. വല്ലപ്പോഴും മാത്രം വരുന്ന ട്രാൻസ്‌പോർട്ട് ബസുകൾ, ദേവികുളത്തു നിന്നും സൂര്യനെല്ലിയിൽ നിന്നുമൊക്കെ വരുന്ന പി പി കെ ബസ്, തേയില കയറ്റിപ്പോകുന്ന ട്രാക്ടർ അത്രയൊക്കെയേ അന്നത്തെ മൂന്നാറിലുള്ളു. ടൗണിലെത്തിയാൽ തന്നെ അധികം കടകളൊന്നുമില്ല. ഉച്ചക്ക് രണ്ടുമണി കഴിഞ്ഞാൽ അവിടെയൊരു ചായ കിട്ടാൻ പോലുമുള്ള സാധ്യതയില്ല. ടാറ്റാ കമ്പനിയുടെ ക്ലബിൽ പോയി ഒരു ചായ കുടിച്ച് മടങ്ങും. അതായിരുന്നു അന്നത്തെ രീതി.

രണ്ടായിരത്തി പതിനഞ്ചിലെ ഡിസംബറിൽ ഞാൻ വീണ്ടും മൂന്നാറിലെത്തി. ഇതിനകം മൂന്നാറിലെ ഭൂമികൈയേറ്റത്തെപ്പറ്റി, അനധികൃത കെട്ടിടം പൊളിക്കലിനെപ്പറ്റി, വ്യാജപ്പട്ടയത്തെപ്പറ്റി, തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കത്തിൽ മൂന്നാർ നഗരം മുങ്ങിപ്പോയതിനെപ്പറ്റി, ഇരവികുളത്തെ വരയാടുകളെപ്പറ്റി, പഴയ കാലത്തെ ആലുവ – മൂന്നാർ റോഡുകളെപ്പറ്റി, പുരാതന കാലത്തെ മുനിയറകളെപ്പറ്റി, എല്ലാം ഞാൻ ഏറെ വായിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണത്തെ സന്ദർശനം ഇതിനെപ്പറ്റിയെല്ലാം കൂടുതൽ അറിയാനും, പറ്റിയാൽ എഴുതാനും ഉദ്ദേശിച്ചുള്ളതായിരുന്നു.

പ്രകൃതിയുടെ ഭംഗി:
മൂന്നാറിനെ അന്നുമിന്നും വേറിട്ടുനിർത്തുന്നത് മൂന്നാറിന്റെ അതിശയകരമായ പ്രകൃതിഭംഗിയാണ്. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ ഞാൻ ആദ്യമായി മൂന്നാറിനെ കാണുമ്പോൾ അതിലും വലിയൊരു മലയോ, മറ്റൊരു തേയിലത്തോട്ടാമോ, നല്ല ഒരു വെള്ളച്ചാട്ടമോ മുൻപ് ഞാൻ കണ്ടിട്ടില്ല. എന്നാൽ ഈ മുപ്പതു വർഷത്തിൽ ഞാൻ എവറസ്റ് തൊട്ടുള്ള മലകളും, ചൈന മുതൽ കെനിയ വരെയുള്ള തേയിലത്തോട്ടങ്ങളും, വിക്ടോറിയ മുതൽ നയാഗ്ര വരെയുള്ള വെള്ളച്ചാട്ടങ്ങളും എല്ലാം കണ്ടുകഴിഞ്ഞതാണ്. എന്നിട്ടുപോലും പുലർച്ചെ കോടമഞ്ഞിൽ സൂര്യനുദിച്ചുയരുന്ന മൂന്നാർ, ആനമുടി മുതൽ പെട്ടിമുടി വരെയുള്ള ശിഖരങ്ങൾ, പച്ചപ്പരവതാനി വിരിച്ച തേയിലത്തോട്ടങ്ങൾ ഇതെല്ലം ഇന്നും എന്നെ അതിശയിപ്പിക്കുന്നു. വെറുതെയല്ല, ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ ഇന്നും മൂന്നാറിലെത്തുന്നത്. വെറുതെയല്ല, അടിമാലി മുതൽ ബൈസൺവാലി വരെയുള്ള സ്ഥലങ്ങളിൽ കൂണുകൾ പോലെ റിസോർട്ടുകൾ ഉയർന്നുപൊങ്ങുന്നത്. വെറുതെയല്ല, ടൂറിസ്റ്റ് സീസണുകളിലും അവധിദിവസങ്ങളിലും മൂന്നാർ നഗരം ഗതാഗതക്കുരുക്കിൽ പെട്ടുപോകുന്നത്. മഞ്ഞുവീഴ്ചയില്ലെങ്കിലും, കാലാവസ്ഥ മാറുകയാണെങ്കിലും മൂന്നാർ ഇപ്പോഴും ഇന്ത്യയിലെ മറ്റേത് ഹിൽസ്റ്റേഷനുകളോടും കിടപിടിക്കുന്നത്ര സൗന്ദര്യവതിയാണ്.

വസ്തുവാകുന്ന ഭൂമി: ടൂറിസ്റ്റുകളുടെ വൻ വർദ്ധനയും, അവർക്കുവേണ്ടി ഉണ്ടാക്കപ്പെടുന്ന ഹോട്ടലുകളും റിസോർട്ടുകളും, അവർ ഓരോരുത്തരും അവശേഷിപ്പിക്കുന്ന പാരിസ്ഥിതിക കാൽപ്പാടുകളും എല്ലാം മൂന്നാറിനെ ഞെരുക്കുന്നു. ഈ വികസനങ്ങളിൽ പലതും നടക്കുന്നത് കൈയേറിയ ഭൂമിയിലോ, നിയമാനുസൃതമല്ലാത്ത രീതിയിലോ ഒക്കെയാണെന്ന് ആരോപണങ്ങളുണ്ട്. പക്ഷെ, നിയമത്തിന്റെ നിലപാട് എന്തായാലും, മൂന്നാറിനെ കൊല്ലുന്നത് നിയമപരമായാൽ പോലും ശാസ്ത്രീയമല്ലാത്ത ഭൂവിനിയോഗം ആണ്. തീരദേശമായാലും, തണ്ണീർത്തടമായാലും, മലഞ്ചെരിവായാലും ഓരോ ഭൂമിക്കും അതിന്റേതായ ആവസ്ഥാവ്യവസ്ഥാ ധർമ്മം (ecosystem Function) ഉണ്ട്. മഴയെ കുറച്ചു കൂടുതൽ സമയം ചെരിവിൽ പിടിച്ചുനിർത്തി ജലലഭ്യത വർധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക, മണ്ണിടിച്ചിൽ കുറയ്ക്കുക എന്നിങ്ങനെ പ്രകൃതിയെ സംരക്ഷിക്കുന്ന പല കാര്യങ്ങളും മലയിലെ സസ്യജാലങ്ങളെല്ലാം ചെയ്യുന്നുണ്ട്. ആ സത്യം അറിഞ്ഞുകൊണ്ടുള്ള ഭൂവികസനത്തിനു മാത്രമേ മലയുടെ പൂർണ്ണത്വം (integrity) കാത്തുസൂക്ഷിക്കാൻ പറ്റുകയുള്ളു. പക്ഷെ, ഇതു ചെയ്യണമെങ്കിൽ ഓരോ കുന്നിനെയും താഴ്വരയെയും ഒറ്റ യൂണിറ്റായി കണ്ടുവേണം ഭൂവിനിയോഗം തീരുമാനിക്കാനും വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാനും. മൂന്നാർ പോലെതന്നെ മനോഹരമായ സ്വിറ്റ്‌സർലൻഡിൽ മലഞ്ചെരിവുകളുടെ വികസനം അവിടുത്തെ സർക്കാരാണ് ആസൂത്രണം ചെയ്യുന്നത്. മലയിലെ ഭൂമി ആരുടെ ഉടമസ്ഥതയിലായാലും അത് നോക്കിനടത്തുന്നത് വനംവകുപ്പാണ്. ആ ഭൂമിയിൽ മരം വെട്ടാനോ, റോഡുണ്ടാക്കാനോ പോയിട്ട് സ്വന്തം മക്കൾക്കായി വീതം വെയ്ക്കാനോ, മുറിച്ചുവിൽക്കാനോ ആർക്കും അവകാശമില്ല.
മൂന്നാറിലെ സ്ഥിതി നേരെ തിരിച്ചാണ്. മലഞ്ചെരിവുകൾ തുണ്ടം തുണ്ടമാക്കി കച്ചവടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഓരോ തുണ്ട് വസ്തുവിന്റെയും ഉടമകൾ സ്വന്തം താൽപര്യപ്രകാരം നിയമവിധേയമായും അല്ലാതെയും അവിടെ വികസനം കൊണ്ടുവരുന്നു. ഓരോ തുണ്ടിലെയും വികസനത്തിന്റെ നിയമവശം നോക്കാനല്ലാതെ അത് പ്രദേശത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി പഠിക്കാൻ വനംവകുപ്പിനോ, നടപടിയെടുക്കാൻ പഞ്ചായത്തിനോ സാധിക്കുന്നില്ല. പലപ്പോഴും അതിനുള്ള അറിവോ നിയമപരിരക്ഷയോ ഇല്ലാത്തതും അതിനു കാരണമാണ്. ഫലത്തിൽ ഒരു വൻ അണക്കെട്ടു മൂലമോ വൻകിട റിസോർട്ട് മൂലമോ ഒന്നുമല്ല മൂന്നാർ നശിക്കുന്നത്. മറിച്ച് ആയിരം ചെറിയ മുറിവുകളിലൂടെയാണ്. സ്ഥലത്തിന്റെ വ്യക്തിഗതമായ അവകാശം എന്തുതന്നെ ആയാലും മൂന്നാറിന്റെ മൊത്തം പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അറിഞ്ഞുള്ള ഭൂവിനിയോഗ പദ്ധതിക്കു മാത്രമേ മൂന്നാറിനെ ദുരന്തത്തിൽ നിന്നു രക്ഷിക്കാൻ പറ്റൂ.

മല കയറുന്ന വെള്ളം, ഒലിച്ചിറങ്ങുന്ന മാലിന്യം:

മൂന്നാറിലേക്കുള്ള യാത്രയിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് നിറയെ കുപ്പിവെള്ളവുമായി വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന മൂന്ന് ട്രക്കുകൾ ആണ്. “മൂന്നാറിൽ മിനറൽ വാട്ടർ ഫാക്ടറി തുടങ്ങിയോ”. “ഇല്ല ചേട്ടാ, ഇതെല്ലം മൂന്നാറിലേക്ക് വരുന്ന കുടിവെള്ളമാണ്.”
കേരളത്തിന്റെ നീരുറവകളാണ് നമ്മുടെ മലകൾ. അവിടെനിന്നും വെള്ളം ഒഴുകി താഴെ എത്തുമ്പോഴേക്കും അതിൽ അനവധി മാലിന്യങ്ങൾ ചേർന്നുകഴിഞ്ഞിരിക്കും. അപ്പോൾപ്പിന്നെ അത് ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടും മല കയറ്റുന്നതിന്റെ അർത്ഥശൂന്യത, അതുണ്ടാക്കുന്ന കാർബൺ ഫുട് പ്രിന്റ് രണ്ടും ചിന്തിക്കേണ്ടതാണ്.
“പക്ഷെ ചേട്ടാ, മൂന്നാറിലെ വെള്ളം ഇപ്പൊ കുടിക്കാൻ കൊള്ളില്ല.’
“അതെന്താ ?”
“വാ, കാണിച്ചുതരാം.”
മൂന്നാറിൽ ഇപ്പോഴും ഖരമാലിന്യനിർമ്മാർജ്ജനത്തിന് ആധുനികമോ സംയോജിതമോ ആയ ഒരു പദ്ധതിയില്ല. കുറച്ചുപേരൊക്കെ സ്വന്തനിലയിൽ റിസോർട്ടിനകത്തു തന്നെ മാലിന്യനിർമ്മാർജ്ജനം എന്നപേരിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ നോക്കുന്നു. പക്ഷെ ഭൂരിഭാഗവും മാലിന്യങ്ങൾ മലഞ്ചെരുവിലോ തെരുവോരത്തോ എറിയുന്നു. പള്ളിവാസൽ പഞ്ചായത്താഫീസിന്റെ നേരെ എതിർവശത്ത് മലഞ്ചെരുവിൽ വലിയൊരു മാലിന്യക്കൂമ്പാരമുണ്ട്. അത് വഴിയേ പോകുന്ന ആർക്കും കാണാൻ പറ്റില്ലെങ്കിലും ഓഫീസിൽ ഇരിക്കുന്നവരുടെ മൂക്കിൽ അറിയേണ്ടതാണ്. ഏറ്റവും വലിയ കഷ്ടം അതല്ല, മൂന്നാറിലെ ഖരമാലിന്യങ്ങൾ ഏറിയ പങ്കും ചെന്നെത്തുന്നത് ആലുവ – മൂന്നാർ റോഡിന്റെ വശങ്ങളിലാണ്. ഇവിടെനിന്നു തന്നെയാണ് മൂന്നാർ നദി ഉത്ഭവിക്കുന്നതും. മാലിന്യം മണ്ണിട്ടുമൂടുക എന്നതാണ് ഇവിടുത്തെ പ്രധാന നിർമ്മാർജ്ജന രീതി. അടുത്ത നൂറുവർഷക്കാലം അതവിടെ കിടന്ന് ജലത്തെയും പരിസ്ഥിതിയെയും മലിനപ്പെടുത്തും.

മൂന്നാറിലെത്തുന്ന സഞ്ചാരികൾ ഇതൊന്നും കാണുന്നില്ല. Out of sight is out of mind എന്ന പോലെ റിസോർട്ടുടമകൾ പറയുന്ന പണവും കൊടുത്ത്, കുപ്പിവെള്ളവും വാങ്ങിക്കുടിച്ച്, കാഴ്ചകൾ കണ്ട് അവർ മലയിറങ്ങുന്നു. അവരുടെ സന്ദർശന, ഉപഭോഗ അവശിഷ്ടങ്ങൾ എവിടെ എത്തുന്നു എന്ന് അവരും അറിയണം. കൂടാതെ അവരുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ പരിഹാരത്തിനായി അവർ അൽപം പണം മുടക്കുകയും വേണം. ദിവസം 2000 രൂപ വാടകയുള്ള മുറിയെടുത്ത് താമസിക്കുന്നവരോട് 200 രൂപ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ടാക്‌സായി ഈടാക്കുന്നതിൽ ഒരു കുഴപ്പവുമില്ല. ഇങ്ങനെ സംഭരിക്കുന്ന പണം കൊണ്ട് ആധുനികമായ ഒരു മാലിന്യനിർമ്മാർജ്ജന പദ്ധതി നമുക്ക് ഉണ്ടാക്കിയെടുക്കാം. ഇതൊന്നും വിപ്ലവകരമായ കാര്യമല്ല.

മലയറിയാത്ത എഞ്ചിനീറിംഗ് : മൂന്നാറിൽ എവിടെയും ഇപ്പോൾ കെട്ടിടനിർമ്മാണത്തിന്റെ തിരക്കാണ്. ചെറുതും വലുതുമായി അനവധി കെട്ടിടങ്ങളാണ് ഇവിടെ ദിനംപ്രതി ഉയരുന്നത്. ഹോട്ടൽ പോലുള്ള ബഹുനിലക്കെട്ടിടങ്ങളും ഇവിടേക്കുള്ള പ്രത്യേകം റോഡുകളൊക്കെ വേറെയും. മലയെ അറിഞ്ഞുവേണം മലയിൽ കെട്ടിടം പണിയാനെന്ന് എന്റെ സുഹൃത്തായ ആർക്കിടെക്ട് ശങ്കർ എപ്പോഴും പറയാറുണ്ട്. പച്ച പുതച്ച മലകളിൽ പല നിറങ്ങളിൽ വെളുത്തും ചുവന്നുമൊക്കെ പല നിലകളിലായി നിൽക്കുന്ന കെട്ടിടങ്ങൾ അവിടുത്തെ പ്രകൃതിസൗന്ദര്യം ആകെ നശിപ്പിക്കും. ഇത് പ്രകൃതിസൗന്ദര്യത്തിന്റെ മാത്രം പ്രശ്നമല്ല. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ടൂറിസം വികസിപ്പിക്കുന്ന വലിയ കുന്നുകളുള്ള മറ്റുരാജ്യങ്ങളിൽ എങ്ങനെയാണ് മലകളിൽ കെട്ടിടം പണിയുന്നത് എന്നൊന്ന് അന്വേഷിക്കേണ്ടേ? മലഞ്ചെരുവുകളിൽ ഉണ്ടാക്കപ്പെടുന്ന ഉയരമുള്ള കെട്ടിടങ്ങൾ ഭൂമിയിൽ ചെലുത്തുന്ന മർദ്ദം എങ്ങനെ വിന്യസിച്ചുപോകുന്നു എന്നതിനെപ്പറ്റിയൊന്നും ഇവിടുത്തെ എൻജിനീയർമാർ ഒന്നും പഠിക്കുന്നില്ല. എറണാകുളത്തോ തിരുവനന്തപുരത്തോ സമതലത്തിലോ ചതുപ്പിലോ ഒക്കെ കെട്ടിടം പണിയുന്ന പോലെതന്നെ ഇവിടെയും താഴേക്ക് പൈലടിച്ചും ഫൗണ്ടേഷൻ കെട്ടിയും കെട്ടിടങ്ങൾ പണിതുയർത്തുന്നു. വെള്ളമിറങ്ങി ഉരുൾപൊട്ടൽ പോലും ഉണ്ടായേക്കാവുന്ന മലനിരകളിൽ വൻ മഴക്കാലത്ത് ഈ കെട്ടിടങ്ങൾ പിടിച്ചുനിൽക്കുമോ എന്നൊരു മോഡലിംഗ് എങ്കിലും ആരെങ്കിലും ചെയ്തുനോക്കിയിട്ടുണ്ടോ?

മൂന്നാറിലും ഇടുക്കിയിലും എഞ്ചിനീറിംഗ് കോളേജുകലുണ്ട്. ചുരുങ്ങിയ പക്ഷം ഇവിടങ്ങളിലെങ്കിലും കുന്നുകളിലെ റോഡിന്റെയും കെട്ടിടത്തിന്റെയും സുരക്ഷിതമായ നിർമ്മാണവശങ്ങളെപ്പറ്റി ഗവേഷണങ്ങൾ നടത്തേണ്ടതല്ലേ? മലനിരകളിൽ മണ്ണിടിച്ചിലിനുള്ള പ്രധാന കാരണം അശാസ്ത്രീയമായ റോഡുനിർമ്മാണം ആണെന്ന് ലോകത്ത് പല ഭാഗങ്ങളിൽ നടത്തിയ പഠനങ്ങൾ പറയുന്നു. കഴിഞ്ഞ വർഷം നേപ്പാളിൽ ഉണ്ടായ ഭൂമികുലുക്കം അവിടുത്തെ റോഡുകളുടെയും കുന്നുകളുടെയും സ്ഥിതി ഏറെ വഷളാക്കി. ആളുകൾ അവർ താമസിക്കുന്ന സ്ഥലം ഉപേക്ഷിച്ച് പോകേണ്ട സ്ഥിതി വന്നു. ഇതൊക്കെ നമ്മൾ അറിഞ്ഞിരിക്കേണ്ടേ? എല്ലാ പാഠങ്ങളും നമ്മുടെ അനുഭവത്തിൽ നിന്നുമാത്രമേ പഠിക്കുകയുള്ളു എന്നുണ്ടോ. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് റോഡുകൾ നിർമ്മിക്കാൻ ഇപ്പോൾ പല മാർഗ്ഗരേഖകളും നിലവിലുണ്ട്. കേരളത്തിനുവേണ്ടി അങ്ങനൊരു മാർഗ്ഗരേഖ തയ്യാറാക്കാൻ പരിസ്ഥിതിവകുപ്പ് മുൻകൈ എടുക്കേണ്ടതല്ലേ?

മണ്ണിന്റെ മക്കളും ഉടമസ്ഥാവകാശവും: മൂന്നാറിൽ അന്നുമിന്നും കാണുന്ന ഒരു പതിവുകാഴ്ച അവിടെ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തമിഴ്‌വംശജരായ സ്ത്രീകളുടേതാണ്. അവരിൽ മിക്കവരും തോട്ടത്തോട് ചേർന്നുള്ള ക്വാർട്ടേഴ്‌സുകളിലാണ് താമസിക്കുന്നത്. (മലയിൽ ഇതിന് ലായം എന്നാണ് പേര്.) അടുത്തിടെ നടന്ന പെമ്പിളെ ഒരുമൈ സമരത്തിൽ നിന്നും അവരുടെ സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങൾ കുറെയൊക്കെ കേരളത്തിലെ ജനങ്ങൾ അറിഞ്ഞതാണ്. മൂന്നാറിലെ ഇപ്പോഴത്തെ സ്ഥിതിയും അവിടുത്തെ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെടുത്തി മൂന്ന് കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. ഒന്നാമതായി, മൂന്നാറിൽ ഉണ്ടായ ടൂറിസത്തിന്റെ വൻവളർച്ചയും, അതുണ്ടാക്കിയ സാമ്പത്തിക വികസനവും, തൊഴിലവസരങ്ങളുമൊന്നും ഈ തൊഴിലാളികളെ തൊടാതെയാണ് കടന്നുപോകുന്നത്.

മാത്രമല്ല, മധ്യവർഗ്ഗം തൊട്ട് മുകളിലേക്കുള്ളവർ ടൂറിസ്റ്റുകളായി മൂന്നാറിലെത്തുകയും ആഘോഷത്തിനുവേണ്ടി വെള്ളം പോലെ പണം ചെലവാക്കുകയും ചെയ്യുമ്പോൾ, അതേ കമ്പോളത്തിൽ നിന്നും വർഷത്തിലെ എല്ലാ ദിവസവും പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങി കുടുംബം നടത്തേണ്ടിവരുന്ന, ഒരുദിവസം ശരാശരി വരുമാനം മുന്നൂറു രൂപയ്ക്ക് താഴെയുള്ള തൊഴിലാളികൾക്ക് അതൊരു വൻ ആഘാതമാണ്. മൂന്നാറിലെത്തുന്ന ഒരു ശരാശരി സഞ്ചാരി താമസിക്കുന്ന മുറിക്ക് മൂവായിരത്തിനു മേൽ ദിവസവാടകയുണ്ട്. മുപ്പതിനായിരത്തോളം രൂപ ദിവസച്ചെലവുള്ള കോട്ടേജുകളുമുണ്ടിവിടെ. അപ്പോൾ ഈ ടൂറിസം സമ്പത്‌വ്യവസ്ഥ സത്യത്തിൽ തൊഴിലാളികളുടെ സാമ്പത്തികനിലയെ പിന്നോട്ടടിക്കുകയാണ്. ഈ അവസ്ഥ മാറിയേ മതിയാകൂ.

മൂന്നാറിലെ തമിഴ്‌വംശജരെ കേരളസമൂഹത്തോട് ചേർത്തൊരുമിപ്പിക്കുന്നതിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടായി നമുക്കുണ്ടായ പരാജയമാണ് രണ്ടാമത്തേത്. കേരളത്തിലെ മറ്റു ഗ്രാമങ്ങളിലുള്ള പോലെ സ്കൂൾ, ആരോഗ്യസംവിധാനങ്ങൾ, റോഡുകൾ ഒന്നും ഇപ്പോഴും മൂന്നാറിലില്ല. അടുത്തിടെവരെ മൂന്നാറിലെ ഗവൺമെന്റ് സംവിധാനങ്ങൾ പഴയ രാജഭരണ കാലത്തെപ്പോലെ മാടമ്പിധാർഷ്ട്യത്തോടെയാണ് ഇവരോട് പെരുമാറിയിരുന്നത്. മൂന്നാറിലെ കക്ഷിരാഷ്ട്രീയവും കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ പോലെ ജനപങ്കാളിത്തമുള്ളതായിരുന്നില്ല.
മൂന്നാമതായി തലമുറകളായി മൂന്നാറിൽ ജീവിച്ചിട്ടും ഒരുതുണ്ട് ഭൂമി പോലും സ്വന്തമായില്ലാത്തവരാണ് ഇവിടുത്തെ തോട്ടം തൊഴിലാളികളിൽ ഭൂരിപക്ഷവും. പതിനായിരക്കണക്കിന് തോട്ടം തൊഴിലാളികൾ കാലങ്ങളോളം അവിടെ ജീവിച്ചിട്ടും അവരവിടെ ഒരുവിധ പാരിസ്ഥിതിക കാൽപ്പാടും അവശേഷിപ്പിച്ചില്ല. ഇവിടെ മലയെ അറിയാതെ മല കയറിവരുന്ന കച്ചവടക്കണ്ണുള്ള മനുഷ്യർ നിയമാനുസൃതമായും അല്ലാതെയും തുണ്ടുതുണ്ടാക്കി സ്ഥലം കൈയിലെടുത്തപ്പോൾ (ഹൈക്കോടതിയുടെ ഭാഷയിൽ, ഭൂമിയെ ബലാൽസംഗം ചെയ്തപ്പോൾ) നോക്കിനിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളു. ഈ സാഹചര്യങ്ങളെയെല്ലാം മുതലെടുക്കാൻ കഴിവുള്ള രാഷ്ട്രീയക്കാർ അവരുടെയിടയിൽ ഉണ്ടാകും. അവർ ഈ വികാരങ്ങളെ ആളിക്കത്തിക്കും. ഇതൊക്കെ മുൻകൂട്ടി അറിയാതിരുന്നാൽ അതിന് നാം സാമ്പത്തികമായും സാമൂഹികമായും വലിയ വില കൊടുക്കേണ്ടിവരും.

മൂക്കിനിടിച്ചു കൊലപ്പെടുത്തിയ പന്നി: നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ചാലക്കുടിയിൽ വെച്ച് ഒരു പന്നിയെ കൊല്ലുന്നത് കാണുന്നത്. അടുത്ത വീട്ടിലെ കല്യാണത്തിനുവേണ്ടി ഒരാഴ്ച മുൻപേ വാങ്ങിനിർത്തിയിരുന്ന പന്നിയാണ്. ഞാൻ എല്ലാ ദിവസവും പോയി അതിനെ കാണും. കല്യാണത്തിന്റെ തലേന്ന് അതിന്റെ കൈയും കാലും കെട്ടി രണ്ടുപേർ ചേർന്ന് അതിനെ ഉലക്കയും കോടാലിയുമുപയോഗിച്ച് മൂക്കിനടിച്ച് കൊല്ലുന്നത് ഞാൻ കണ്ടു. ഇന്നും എന്നെ നടുക്കുന്ന ഒരോർമ്മയാണത്. ഇക്കാര്യം ഇപ്പോൾ ഓർക്കാൻ ഒരു കാരണമുണ്ട്. ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന മലയാളികൾ പരിസ്ഥിതി സംരക്ഷണത്തിന്റെയും ശരിയായ ഭൂവിനിയോഗത്തിന്റെയും മാതൃകകൾ നേരിട്ടു കണ്ടിട്ടുള്ളവരാണ്. കേരളത്തിലെ പരിസ്ഥിതിനാശത്തെപ്പറ്റി, രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയെപ്പറ്റി എല്ലാം എപ്പോഴും വിമർശനാത്മകമായി സംസാരിക്കുന്നവരുമാണ്. പക്ഷെ മൂന്നാർ കണ്ടിട്ടും ഇല്ലാത്തവരുമായ എല്ലാ മറുനാടൻ മലയാളികളുടെയും ഒരു സ്വപ്നമാണ് മൂന്നാറിൽ ഒരുതുണ്ട് ഭൂമി, അല്ലെങ്കിൽ ഒരു കോട്ടേജ്, മിനിമം ഒരു സ്റ്റുഡിയോ അപ്പാർട്ട് മെന്റ് എങ്കിലും എന്നത്. കുറച്ചാളുകൾക്ക് ഈ മനോഹരമായ ഭൂമിയിൽ വർഷത്തിലൊരിക്കലെങ്കിലും വന്ന് കുളിച്ചുതാമസിക്കണം എന്ന ആഗ്രഹമായിരിക്കും. മറ്റുപലർക്കും ഇവിടുത്തെ റിയൽ എസ്റ്റേറ്റിൽ കുറച്ച് പണമെറിഞ്ഞ് പണം വരാനാണ് താൽപര്യം. ഇങ്ങനെ മൂന്നാറിൽ പണമിറക്കുന്നവരിൽ അധികവും നേരിട്ട് അവിടെ കുന്നിടിക്കുകയോ, ഭൂമി കൈയേറുകയോ, കെട്ടിടം പണിയുകയോ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ മൂന്നാറിന്റെ പരിസ്ഥിതിനാശത്തിൽ അവർക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് അവർ അറിയുന്നുകൂടിയില്ല. സൂപ്പർമാർക്കറ്റിൽ നിന്ന് പോർക്ക് വാങ്ങുന്നവർ പന്നിയെ മൂക്കിന് കോടാലി കൊണ്ടടിച്ച് കൊല്ലുന്ന ക്രൂരതയെപ്പറ്റി അജ്ഞരാണെങ്കിലും പരോക്ഷമായി അതിനുത്തരവാദികളായിരിക്കുന്നതുപോലെ മൂന്നാറിനെ കൂട്ടക്കൊല ചെയ്യുന്നതിൽ മറുനാടൻ മലയാളികൾക്കും വലിയൊരു പങ്കുണ്ട്, അവരതറിയുന്നില്ലെങ്കിൽ പോലും.

മൂന്നാറിന്റെ സന്തുലിത വികസനത്തിന് ക്രിയാത്മകമായ പങ്കുവഹിക്കാൻ കഴിയുന്നവരാണ് മറുനാടൻ മലയാളികൾ. കേരളത്തിന്റെ സമൂഹത്തിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് വളർന്നവരാണിവരെല്ലാം. പരിസ്ഥിതിയെ പരിപാലിക്കുന്ന, നല്ല ജീവിതനിലവാരമുള്ള, ഭൂവിനിയോഗത്തിന് വ്യക്തമായ നിയമങ്ങളുള്ള, വീടിന്റെ മുൻവശത്തെ പെയിന്റിംഗിന്റെ നിറം ഏതായിരിക്കണമെന്നും, പിറകുവശത്തെ പുല്ല് എപ്പോൾ വെട്ടണമെന്നും പ്രാദേശിക ഭരണകൂടം തീരുമാനിക്കുന്ന രാജ്യങ്ങളിൽ ജീവിക്കുന്നവരും, അത്തരം മാതൃകകൾ നമ്മുടെ നാട്ടിലും എത്തണമെന്ന് താൽപര്യമുള്ളവരുമാണ്. അപ്പോൾ അതിനുവേണ്ടി സ്വന്തം അറിവും പണവും ഉപയോഗിക്കാൻ കുറച്ചെങ്കിലും അവർ തയ്യാറാകുകയും വേണം. അതിനെ സംയോജിപ്പിക്കാൻ നമുക്കൊരു സംവിധാനം വേണമെന്നു മാത്രം.

വരാനിരിക്കുന്ന ദുരന്തം: കേരളത്തിലെ പഴയ തലമുറക്കെല്ലാം പരിചിതമായ ഒന്നായിരുന്നു തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം. മലയാളവർഷം 1099 – ഇംഗ്ലീഷ് വർഷം 1924 ജൂലായ് മാസത്തിലാണ് കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായത്. അനവധി പേർ മരിച്ചു. ഏറെ വീടുകൾ ഒലിച്ചുപോയി. വടക്കൻ തിരുവിതാംകൂറിലെ ഏറെ സ്ഥലങ്ങൾ അന്ന് വെള്ളത്തിനടിയിലായി. അതിനുശേഷം തൊണ്ണൂറ്റൊമ്പതിന് മുൻപും പിൻപും എന്ന് ചരിത്രം പറയാൻ തുടങ്ങി. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിച്ച തലമുറ മൺമറഞ്ഞതോടെ വെള്ളപ്പൊക്കവും, ഭാവിയിൽ അതുപോലൊന്നുണ്ടായേക്കാമെന്നുള്ള ഭീതിയും നമ്മുടെ സമൂഹത്തിന്റെ ഓർമ്മയിൽ നിന്നും മാഞ്ഞുപോയി. അന്ന് വെള്ളം പൊങ്ങിയ സ്ഥലങ്ങളിൽ കീടനാശിനിക്കമ്പനികൾ തൊട്ട് അംബരചുംബികളും വിമാനത്താവളം വരെയും നമ്മൾ കെട്ടിപ്പൊക്കി. അങ്ങനെ എപ്പോൾ വേണമെങ്കിലും ഉണ്ടാകാൻ പാകത്തിന് വലിയൊരു ദുരന്തം കേരളത്തിന്റെ മുന്നിലുണ്ട്.

മലയുടെ മുകളിലായതിനാൽ വെള്ളപ്പൊക്കം മൂന്നാറിനെ സാധാരണ ഗതിയിൽ ബാധിക്കേണ്ടതല്ല. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമൊക്കെയാണല്ലോ മലയിലെ സാധാരണ ദുരന്തങ്ങൾ. എന്നാൽ നമ്മുടെ തലമുറ അറിയാത്ത ഒന്നുണ്ട്. 1924 ലെ വെള്ളപ്പൊക്കത്തിൽ ഏറ്റവുമധികം സാമ്പത്തികനാശം ഉണ്ടായത് മൂന്നാറിലാണ്. മൂന്നാർനദിയുടെ പാർശ്വങ്ങളിലുള്ള കുന്നിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായി. മൂന്നാറിലെ ഇപ്പോഴത്തെ അണക്കെട്ടിന് തൊട്ടുതാഴെയാണിത് സംഭവിച്ചത്. പാറയും മണ്ണും ഒഴുകിവന്ന് നിറഞ്ഞ് നദിയിൽ താൽക്കാലികമായി ഒരു അണക്കെട്ടുണ്ടായി. ആ അണയിൽ വെള്ളം പൊങ്ങി മൂന്നാർ നഗരം മുഴുവൻ വെള്ളത്തിനടിയിലായി. മൂന്നാറിലെ റെയിൽപ്പാളങ്ങളും പഴയ ആലുവാ – മൂന്നാർ റോഡിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകർന്നുപോയി. മൂന്നാർ മൊത്തം തിരുവിതാംകൂറിൽ നിന്നും ഒറ്റപ്പെട്ടു. ഒരു പതിറ്റാണ്ടിൽ കൂടുതൽ സമയം എടുത്തു, കോതമംഗലത്തു നിന്നും നേര്യമംഗലം വഴി പുതിയൊരു റോഡുണ്ടാക്കി മൂന്നാറിനെ വീണ്ടും വാണിജ്യകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാൻ. മൂന്നാറിലെ റെയിൽഗതാഗതം പിന്നീടൊരിക്കലും പുനരുജ്ജീവിപ്പിച്ചതുമില്ല.

മൂന്നാറിലൂടെ നടക്കുന്ന സാധാരണ സഞ്ചാരി അവിടുത്തെ പ്രകൃതിസൗന്ദര്യം മാത്രം കാണുമ്പോൾ എന്റെ കണ്ണിൽപ്പെടുന്നതത്രയും അവിടുത്തെ ദുരന്തസാധ്യതകളാണ്. മലഞ്ചെരിവുകൾ വെട്ടിയുണ്ടാക്കിയ ബഹുനിലക്കെട്ടിടങ്ങളും, മലയുടെ ചെരിവ് നോക്കാതെ ലാഭം മാത്രം നോക്കി വെട്ടിയുണ്ടാക്കിയിരിക്കുന്ന റോഡുകളുമെല്ലാം മണ്ണിടിച്ചിലുണ്ടാക്കുമെന്നും, രംഗം വഷളാകും എന്നുമുള്ളതിൽ സംശയം വേണ്ട. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പ്രത്യേകസ്വഭാവം കൂടുതൽ മഴ കുറച്ചു സമയത്തിനുള്ളിൽ പെയ്യും എന്നതാണ്. അപ്പോൾ 1924 ൽ പെയ്ത പോലുള്ള മഴ (ജൂലൈയിൽ 125 സെന്റിമീറ്റർ ആയിരുന്നു) ഇനി വരാൻ പോകുന്നത് ഇതിലും കുറഞ്ഞ സമയത്തിലായിരിക്കും. അന്ന് മലഞ്ചെരുവുകളിൽ സമ്പത്തിന്റെയും ജനങ്ങളുടെയും കൂട്ടക്കുരുതി നടക്കും. അതൊരു പ്രകൃതിദുരന്തമായാണോ അതോ അത്യാഗ്രഹികളായ മനുഷ്യരും, അവരുടെ ചെയ്തികൾക്ക് കൂട്ടുനിന്നവരും, കണ്ടുനിന്നവരും ചേർന്നുണ്ടാക്കിയ ദുരന്തമെന്നാവുമോ ചരിത്രം രേഖപ്പെടുത്തുന്നത്?
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിന്റെ പരിസ്ഥിതി ആഘാത പഠനം നടത്തുന്നത് ഇപ്പോൾ പലയിടത്തും പതിവാണ്. ഈ വർഷം മുതൽ യൂറോപ്പിൽ പരിസ്ഥിതി ആഘാത പഠനത്തിന്റെ കൂടെത്തന്നെ ദുരന്ത ആഘാത പഠനവും നിർബന്ധമാക്കിയിരിക്കുകയാണ്. അതായത്, ഓരോ പുതിയ പദ്ധതിയും എന്ത് ദുരന്തസാധ്യതകളാണ് മുന്നിൽ കാണുന്നത്, ഒരു പ്രദേശത്തെ ദുരന്തസാധ്യതകൾ ആ പദ്ധതിയെ എങ്ങനെ ബാധിക്കും, ഇവ രണ്ടും അവലോകനം ചെയ്ത് റിപ്പോർട്ട് നൽകിയാൽ മാത്രമേ പദ്ധതിനടത്തിപ്പിന് അനുമതി ലഭിക്കുകയുള്ളു. കേരളത്തിലും ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരാൻ പരിസ്ഥിതിവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നിട്ടിറങ്ങണം.

ട്രാജഡി ഓഫ് ദ കോമൺസ്: ധനതത്വശാസ്ത്രത്തിലെ പ്രശസ്തവും സുപരിചിതവുമായ ഒരു തത്വമാണ് ട്രാജഡി ഓഫ് കോമൺസ് എന്നത്. ഒരു ഗ്രാമത്തിൽ ആടുകൾക്ക് മേയാൻ പറ്റിയ മലയും അതിനുചുറ്റും ആടുവളർത്തുന്ന കുറെ കുടുംബങ്ങളും ഉണ്ടെന്ന് കരുതുക. ആടുവളർത്തൽ ലാഭകരമാണെന്നു കണ്ടുകഴിഞ്ഞാൽ ആടുകളുള്ള കുടുംബങ്ങൾ കൂടുതൽ ആടുകളെ വളർത്താൻ ശ്രമിക്കും. അവർ സാമ്പത്തിക പുരോഗതി നേടുന്നതുകണ്ടാൽ അടുത്തുള്ള മറ്റു കുടുംബങ്ങളും ആടുകൃഷിയിലേക്ക് തിരിയും. എന്നാൽ ആടുകൾക്ക് മേയാനുള്ള മല പൊതുസ്വത്തായതിനാൽ അത് വേണ്ടപോലെ പരിപാലിക്കാനോ, ഈ പുൽമേടുകൾക്ക് താങ്ങാവുന്ന ആടുകളെ സന്തുലിതമായി കൊണ്ടുനടക്കാനോ ആരും ശ്രദ്ധിക്കുന്നില്ല. സ്വകാര്യലാഭം വർദ്ധിപ്പിക്കുന്നതിലായിരിക്കും എല്ലാവരുടെയും ശ്രദ്ധ. ആടുകൃഷിയുടെ വളർച്ചയോടെ വലിയ താമസമില്ലാതെ പുൽമേടുകൾ തരിശായി മാറുമെന്നതുകൊണ്ട് പരമാവധി ലാഭം കുറഞ്ഞ സമയത്തിൽ ഉണ്ടാക്കിയെടുക്കുവാനായി എല്ലാവരും മത്സരിക്കും. ഇതിന്റെ പരിണിതഫലം ഊഹിക്കാമല്ലോ. വലിയ താമസമില്ലാതെ മല മുഴുവൻ തരിശാകുകയും അടുകൃഷി പൂട്ടിക്കെട്ടുകയും ചെയ്യും. അതോടെ ആടുവളർത്തലിനിറങ്ങിയവർ പട്ടിണിയിലുമാകും.

മൂന്നാറിൽ ആടുവളർത്താത്ത, അതായത് മൂന്നാറിൽ റിസോർട്ടോ, ടൈം ഷെയറോ, ഹോംസ്റ്റേയോ, ഒന്നും നടത്താത്തവർക്ക്, മൂന്നാറിന്റെ പരിസ്ഥിതിയെപ്പറ്റി ചിന്തിക്കുന്നവർക്ക് ഒക്കെ മൂന്നാറിന്റെ ട്രാജഡി വ്യക്തമാണ്. മൂന്നാറിലെ പുല്ല് എന്നത് മൂന്നാറിലെ വശ്യമായ പ്രകൃതിഭംഗിയാണ്. അതിനെ ആശ്രയിച്ചാണ് ഇവിടെ റിസോർട്ടുകൾ ഉയരുന്നത്. അതുകാണാനാണ് ഇവിടെ സഞ്ചാരികൾ ഒഴുകിയെത്തുന്നത്. എന്നാൽ, നിയമവിധേനയും അല്ലാതെയും, മലയിടിച്ചും, മരം വെട്ടിയും പ്രകൃതിക്കു ചേരാതെ വൻകെട്ടിടങ്ങൾ ഉയരുമ്പോൾ, ലക്ഷക്കണക്കിനു വരുന്ന ടൂറിസ്റ്റുകളുടെ മാലിന്യം മൂന്നാറിലെവിടെയും കുമിഞ്ഞുകൂടുമ്പോൾ, മൂന്നാറിന്റെ ശുദ്ധജല ലഭ്യതയിൽ ഉൾക്കൊള്ളാവുന്നതിലധികം സഞ്ചാരികളെ വഹിക്കേണ്ടിവരുമ്പോൾ, മൂന്നാറിൽ ഗതാഗതക്കുരുക്കും വായൂമലിനീകരണവും മറ്റു പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുമ്പോൾ മൂന്നാർ എന്ന മനോഹര അനുഭവത്തെ അതു ഞെക്കിക്കൊല്ലും. മൂന്നാർ കാണാനെത്തുന്നവർ ഇല്ലാതാകും. ഹ്രസ്വകാലലാഭത്തിനായി കെട്ടിയുയർത്തിയ സൗധങ്ങളും, കൈയേറിയ സ്ഥലങ്ങളും, ഉണ്ടാക്കിയ റോഡുകളുമെല്ലാം പ്രയോജനശൂന്യമാകുകയും ചെയ്യും.

ഇതൊന്നും ചുമ്മാ പറയുന്നതല്ല. ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ടാൻസാനിയയിലെ ആനകളെ വേട്ടക്കാർ കൊന്നൊടുക്കുമ്പോൾ അവിടുത്തെ സഫാരി ടൂറിസത്തിന്റെ വേരറുക്കുകയാണ് ചെയ്യുന്നത്. ചൈനയിലെ വായൂമലിനീകരണം ശതലക്ഷക്കണക്കിന് ടൂറിസ്റ്റുകളുടെ വരവാണ് ഇല്ലാതാക്കിയത്. ഐവറികോസ്റ്റിലെ എബ്രി തടാകത്തിലെ മലിനീകരണം അവിടുത്തെ ടൂറിസം ഇല്ലാതാക്കി എന്നുതന്നെ പറയാം. ലോകത്തിനു മുന്നിൽ വെയ്ക്കാൻ നമുക്ക് പല മൂന്നാറുകളില്ല, ഒന്നേയുള്ളു. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നുതിന്നരുത്. മൂന്നാറിന്റെ പരിസ്ഥിതി നിലനിർത്തിക്കൊണ്ടല്ലാതെയുള്ള ഏതു വികസനത്തിനും സുസ്ഥിരവികസന കാഴ്ചപ്പാടിൽ ഒരർത്ഥവുമില്ല. ഇപ്പോൾ മൂന്നാറിൽ നടക്കുന്നത് വികസനമല്ല, റബർകർഷകരുടെ ഭാഷയിൽ പറഞ്ഞാൽ കടുംവെട്ടാണ്.

പ്രതീക്ഷയോടെ മടക്കം: എന്നിട്ടും മൂന്നാറിൽ നിന്നും ഞാൻ മലയിറങ്ങിയത് പ്രതീക്ഷയോടെ തന്നെയാണ്. ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്നാമതായി ഇരവികുളം പാർക്കിലേക്ക് അതിരാവിലെ നടത്തിയ യാത്ര. പാർക്കിനടുത്തു താമസിക്കുന്ന ആളുകളുടെ പങ്കാളിത്തത്തോടെ ഇന്ത്യയിൽത്തന്നെ ഏറ്റവും നന്നായി നടത്തുന്ന നാഷണൽ പാർക്കാണിത്. അവിടുത്തെ തൊഴിലാളികൾ അധികവും ചുറ്റുവട്ടത്തുള്ള തമിഴ്‌വംശജർ തന്നെയാണ്. യൂണിഫോം ധരിച്ച ഡ്രൈവറും, വാച്ച്മാനും, ഗൈഡും, സൂപ്പർവൈസറുമായി അവർ ആയിരക്കണക്കിന് സഞ്ചാരികളെ പാർക്കിൽ സ്വീകരിക്കുന്നു. സഞ്ചാരികൾ താഴെയെത്തിയാൽ പാർക്കിന്റെ വണ്ടിയിലാണ് മലമുകളിൽ എത്തുന്നത്. ടൂറിസ്റ്റുകേന്ദ്രങ്ങളിലെ പതിവുകാഴ്ചയായ പ്ലാസിക്ക്‌കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ഒന്നും പാർക്കിൽ എവിടെയുമില്ല. പാർക്കിലെ സഞ്ചാരികളുടെ എണ്ണം മാത്രമല്ല, വരയാടുകളുടെ എണ്ണവും കൂടുകയാണ്. പരിസ്ഥിതിക്കിണങ്ങി പ്രവർത്തിക്കുന്ന പാർക്കിന് സാമ്പത്തികമായി നിലനിൽക്കാനാകുമെന്ന് ഇരവികുളം പാർക്ക് നമ്മെ പഠിപ്പിക്കുകയാണ്.

രണ്ടാമത്തെ പ്രതീക്ഷ പുതിയ തലമുറയിൽ നിന്നാണ്. ഇത്തവണത്തെ സന്ദർശനത്തിനിടക്ക് ഞാൻ മൂന്നാറിനെ സ്നേഹിക്കുന്ന രണ്ടുപേരോട് സംസാരിച്ചു. അവർ രണ്ടുപേരും പറഞ്ഞത് പുതിയ തലമുറ മാറിവരുന്നു എന്ന നല്ല കാര്യമാണ്. പത്തുവർഷം മുൻപ് മൂന്നാറിലെത്തിയിരുന്ന യുവാക്കൾക്ക് രണ്ടുദിവസം അവിടെ തങ്ങി സ്‌മോളും പറ്റിയാൽ കുറച്ചു കഞ്ചാവും അടിച്ച്, അവിടുത്തെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി, നാട്ടുകാരോട് തല്ലും മേടിച്ച് സ്ഥലം വിടാനായിരുന്നു താൽപര്യം. പരിസ്ഥിതിയെപ്പറ്റി അവർക്ക് അറിവോ, അറിയാൻ താൽപര്യമോ ഇല്ലായിരുന്നു.
പ്രതീക്ഷയുണർത്തുന്ന പുതിയ തലമുറ വളർന്നുവരികയാണ്. പരിസ്ഥിതിയെ പരിക്കേൽപ്പിക്കാതെ, ചേർന്നുനിന്ന് അതിനെ ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം കൂടുന്നു. അവർക്കുവേണ്ടി ചെറിയൊരു ടെന്റ് കെട്ടിക്കൊടുത്തലും മതി. അവിടുത്തെ മാലിന്യവും വെള്ളവും ഒക്കെ എവിടേക്ക് പോകുന്നുവെന്ന് അവർ മുൻ‌കൂർ അന്വേഷിക്കുന്നു. ടൂറിസം നന്നായി നടത്തുന്നവരെ പ്രോത്സാഹിപ്പിച്ച്‌ സംസ്കാരത്തോടെയും പരിസ്ഥിതിബോധത്തോടെയും പെരുമാറുന്നു. ഇവരിലാണ് നാം മൂന്നാറിന്റെ ഭാവി കാണേണ്ടത്.

Leave a Comment