പൊതു വിഭാഗം

മൂന്നാറിന്റെ ഭാവി

മൂന്നാറിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കലും അതിനോട് ബന്ധപ്പെട്ടതും അല്ലാത്തതുമായ സമരങ്ങളുമൊക്കെയാണല്ലോ ഇപ്പോൾ കേരളത്തിലെ വിവാദവിഷയം. ആയിരത്തി തൊള്ളായിരത്തി എൺപതുകൾ മുതൽ സ്ഥിരമായി മൂന്നാർ സന്ദർശിക്കുന്ന ഒരാളെന്ന നിലക്ക് എന്റെ ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും നിങ്ങളുമായി പങ്കുവെക്കാം.

മനം മയക്കുന്ന പ്രകൃതി ഭംഗി: അന്നുമിന്നും മൂന്നാർ അതിമനോഹരമായ ഒരു ഭൂപ്രദേശമാണ്. പോരാത്തതിന് സുഖകരമായ കാലാവസ്ഥയും. മുപ്പതുവർഷം മുൻപ് മാട്ടുപ്പെട്ടിയിലെയും ആനയിറങ്കലിലെയും തടാകം, ശുദ്ധമായ വെള്ളം ഒഴുകുന്ന നദികൾ, വലിയ ഗതാഗതമൊന്നുമില്ലാത്തതിനാൽ മലിനമാകാത്ത അന്തരീക്ഷം എന്നിങ്ങനെ പ്രകൃതിഭംഗിക്ക് മോടി കൂട്ടുന്ന പല ഘടകങ്ങളും മൂന്നാറിലുണ്ടായിരുന്നു. മൂന്നാറിലെ തേയിലത്തോട്ടങ്ങൾ സത്യത്തിൽ മൂന്നാറിന്റെ സ്വാഭാവിക പ്രകൃതിയുടെ ഭാഗമല്ലെങ്കിലും കൃത്യമായ മേൽനോട്ടം നടത്തി പരിപാലിക്കുന്നതിനാൽ അതും മൂന്നാറിന്റെ ഭംഗി വർധിപ്പിക്കുന്നു. ലോകത്തെ അനേകം ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച അനുഭവത്തിൽ ഉറപ്പിച്ചു പറയാം, മൂന്നാർ ലോകത്തെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളോട് കിടപിടിക്കുന്ന ഒരിടം തന്നെയാണ്. അതിനാൽ ലോകത്തെവിടെ നിന്നും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ മൂന്നാറിന് കഴിയും.

ശാപമായിത്തീർന്ന സൗന്ദര്യം: മൂന്നാറിന്റെ സൗന്ദര്യം തന്നെയാണ് മൂന്നാറിന്റെ ശാപവും. കേരളാ ടൂറിസത്തിൽ മൊത്തത്തിലുണ്ടായ പുരോഗതിയും, ഇന്റർനെറ്റിന്റെ വരവും മൂന്നാറിന് ഇന്ത്യയിലെമ്പാടും വലിയ പ്രശസ്തി നേടിക്കൊടുത്തു. പതിനായിരക്കണക്കിന് സഞ്ചാരികൾ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് വന്നു. എന്നാൽ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഔദ്യോഗിക സംവിധാനങ്ങൾ പരാജയപ്പെട്ടു. മൂന്നാറിലെ സ്ഥലങ്ങളുടെ പ്രത്യേക നിയമ പരിരക്ഷ മൂന്നാറിന്റെ വളർച്ചക്ക് സ്ഥലം കിട്ടുന്നത് ബുദ്ധിമുട്ടാക്കി. ഇതിന്റെ ഫലമായി ലഭ്യമായ സ്ഥലത്തിന്റെ വില ക്രമാതീതമായി കൂടിയതോടെ നിയമവിരുദ്ധമായി സ്ഥലം കയ്യേറാനും ശ്രമങ്ങളുണ്ടയി. ഇതൊക്കെത്തന്നെ വളർന്നുവരുന്ന ടൂറിസം ബിസിനസിനു വേണ്ടിവരുമെന്ന കണക്കുകൂട്ടലിൽ പണം എളുപ്പത്തിൽ ഇരട്ടിക്കാൻ നടത്തിയ ശ്രമങ്ങളാണ്. മൂന്നാറിലെ സ്ഥലത്തിന്റെ കൈയേറ്റം ഭൂമിയോടുള്ള ആർത്തിയിൽ നിന്നല്ല, പണത്തിനോടുള്ള ആർത്തിയിൽ നിന്നുണ്ടായതാണ്. അതിനാൽത്തന്നെ പണമുണ്ടാക്കാൻ ഭൂമി തുണ്ടുതുണ്ടാക്കാനോ അശാസ്ത്രീയമായി റോഡുകളുണ്ടാക്കാനോ കയ്യേറ്റക്കാർക്ക് ഒരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല. ഭൂമിയുടെ ആവാസവ്യവസ്ഥയെ ഒട്ടും മനസ്സിലാക്കാതെ, പ്രകൃതിയെ സംരക്ഷിക്കാതെ, മൊത്തത്തിലുള്ള ഒരു മാസ്റ്റർ പ്ലാനുമില്ലാതെ നിയമവിധേയവും നിയമവിരുദ്ധവുമായ റിസോർട്ട് കൃഷി കൊഴുത്തതാണ് മൂന്നാറിലെ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

മലിനമാകുന്ന പ്രകൃതി: ഭൂമിയുടെ കൈയേറ്റവും തുണ്ടുതുണ്ടാക്കലും വെട്ടിനിരത്തലും മാത്രമല്ല, ടൂറിസ്റ്റുകളുടെ വരവ് മൂന്നാറിനേൽപ്പിച്ച മുറിവ്. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെന്ന പോലെ മൂന്നാറിലും ആധുനികമായ ഒരു ഖരമാലിന്യ നിർമാർജ്ജന പദ്ധതിയില്ല. അതിനാൽ ടൂറിസ്റ്റുകൾ മൂന്നാറിൽ ഉണ്ടാക്കുന്ന ഖരമാലിന്യവും കക്കൂസ് മാലിന്യവുമൊന്നും പരിസ്ഥിതിക്ക് ഇണങ്ങും വിധം ശുദ്ധീകരിക്കാനോ സംസ്കരിക്കാനോ സാധിച്ചില്ല. മനുഷ്യമലവും മറ്റു മാലിന്യങ്ങളും മൂന്നാറിലെ ജലത്തെ അശുദ്ധമാക്കി. മറ്റുനാടുകളിൽ മലമുകളിലെ വെള്ളം സംഭരിച്ച് മിനറൽ വാട്ടറാക്കി നഗരങ്ങളിൽ നല്ല വിലക്ക് വിൽക്കുമ്പോൾ, താഴെ നഗരത്തിലെ ടാപ്പിലെ ജലം കുപ്പിയിലാക്കി മല കയറ്റി വിൽക്കുന്ന കാഴ്ചയാണ് മൂന്നാറിൽ നാം കാണുന്നത്. അതുപോലെതന്നെ വാഹനങ്ങളുടെ ബാഹുല്യമുണ്ടാക്കുന്ന ഗതാഗതക്കുരുക്ക്, അധികം പർച്ചേസിങ്ങ് പവറുള്ള സഞ്ചാരികൾ കമ്പോളത്തിലിറങ്ങുമ്പോൾ ഉണ്ടാകുന്ന വിലക്കയറ്റം ഇതൊക്കെയും മൂന്നാറിനെ അലോസരപ്പെടുത്തുന്നു.

പൊന്മുട്ടയിടുന്ന താറാവ്: വിനോദസഞ്ചാര വ്യവസായത്തിന് സ്വയം ചികിൽസിക്കാനുള്ള ഒരു കഴിവുണ്ട്. നദിയുടെ തീരത്ത് ഒരു ഫാക്ടറി വന്നതു കാരണം നദി മലിനമായാലും ഫാക്ടറിക്ക് പ്രവർത്തിക്കാം. പക്ഷെ, മനോഹരമായ പ്രകൃതി കാണാനെത്തുന്ന സഞ്ചാരികൾ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മലിനമായിക്കഴിഞ്ഞാൽ വൃത്തിയുള്ള മറ്റു സ്ഥലങ്ങൾ തേടിപ്പോകുന്നത് സ്വാഭാവികമാണ്. ഇപ്പോഴത്തെ വഴക്കും വിവാദങ്ങളും നിർത്തി, മൂന്നാറിന്റെ പ്രകൃതിക്ക് യോജിച്ച ഒരു മാസ്റ്റർ പ്ലാനുണ്ടാക്കിയില്ലെങ്കിൽ അതാണ് സംഭവിക്കാൻ പോകുന്നത്.

മൂന്നാറിനെ രക്ഷിക്കാൻ ഇനിയും സമയം വൈകിയിട്ടില്ല. മറ്റു രാജ്യങ്ങളിൽ നിന്ന് യോജിച്ച മാതൃകകളും മാർഗ്ഗങ്ങളും കണ്ടുപിടിച്ച് നയരൂപീകരണം നടത്തി ഇച്ഛാശക്തിയോടെ നടപ്പിലാക്കിയാൽ മതി. സ്വിറ്റ്‌സർലാന്റിലെ ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ ഉദാഹരണം പറയാം.

സ്വിറ്റ്‌സർലാന്റിന്റെ ഏകദേശം മധ്യത്തിലുള്ള ഒരു ചെറിയ നഗരമാണ് ഇന്റർലേക്കണ്‍. തൃൺ ബ്രിയൻസ് എന്നിങ്ങനെ രണ്ടു തടാകങ്ങളുടെ നടുക്ക് കിടക്കുന്നതു കൊണ്ടാണ് ‘ഇന്റർ’ ‘ലേക്കൺ’ എന്ന പേരു വന്നത്. നൂറ്റമ്പത് വർഷം മുൻപ് കൃഷിയായിരുന്നു ഈ നാട്ടുകാരുടെ പ്രധാന വരുമാനമാർഗ്ഗം. പട്ടിണിയും തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തിന്റെ അഭാവവുമൊക്കെയായി അവിടുത്തെ സ്വാഭാവിക പ്രകൃതിയെല്ലാം അവർ നശിപ്പിച്ചു തുടങ്ങിയ കാലത്താണ് ഭാഗ്യത്തിന് ഇംഗ്ലണ്ടിൽ നിന്നും തോമസ് കുക്ക് എന്ന ടൂർ ഓപ്പറേറ്റർ സ്വിറ്റ്‌സർലൻഡിൽ ടൂർ പ്രോഗ്രാം തുടങ്ങിയത്. തടാകവും വെള്ളച്ചാട്ടവും പുഴയും ചെറിയ കുന്നുകളുമൊക്കെയുള്ള പ്രദേശത്ത് വർഷാവർഷം വരുന്ന സന്ദർശകരുടെ എണ്ണം കൂടി അവർക്ക് താമസിക്കാൻ ഹോട്ടലുകളും, കാർഷിക ഉത്പന്നങ്ങളും, പാലും, മറ്റു സംവിധാനങ്ങളുമൊക്കെ ആവശ്യമായി വന്നതോടെ അവിടുത്തെ തൊഴിലില്ലായ്മ കുറഞ്ഞു. വിനോദസഞ്ചാരവ്യവസായത്തിന്റെ ജോലിസാധ്യതകൾ തിരിച്ചറിഞ്ഞ് കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങി. ടൂറിസ്റ്റുകളുടെ യാത്രക്കായി റെയിൽവേ വന്നു. വിനോദസഞ്ചാരം ഇന്റർലേക്കന്റെ മുഖച്ഛായ തന്നെ മാറ്റി, സ്വിറ്റ്സർലാൻഡിന്റെയും.

ഭൂമിയിലെ സ്വർഗ്ഗം എന്നൊക്കെയാണ് ഇപ്പോൾ സ്വിറ്റ്‌സർലാൻഡ് അറിയപ്പെടുന്നത്. അതിൽത്തന്നെ ഏറ്റവും പ്രകൃതിരമണീയമായ സ്ഥലമാണ് ഇന്റർലേക്കൺ. സ്വിറ്റ്സർലാൻഡിൽ ഒരു ദിവസത്തേക്കാണെങ്കിൽ പോലും സന്ദർശനത്തിന് എത്തുന്നവർ ഇന്റർലേക്കണിൽ പോകാതെ മടങ്ങാറില്ല. പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള ഇന്റർലേക്കനിൽ പത്തുലക്ഷത്തിൽപരം ടൂറിസ്റ്റുകളാണ് വർഷാവർഷം എത്തുന്നത്. അവർക്കു വേണ്ടിവരുന്ന വിനോദങ്ങൾ, ഹോട്ടലുകൾ, ബോട്ടിംഗ്, എന്നീ തൊഴിലുകളിലേക്കായി മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് ചെറുപ്പക്കാരാണ് ടൂറിസ്റ്റ് സീസണിൽ ഇന്റർലേക്കനിലേക്കു വരുന്നത്.

വിനോദസഞ്ചാര മേഖലയിൽ ഇത്രയൊക്കെ പുരോഗതി കൈവരിച്ചിട്ടും പ്രകൃതിയാണ് ടൂറിസത്തിന്റെ അടിസ്ഥാനമെന്ന തത്വം അവർ മറന്നില്ല. അതിനാൽ പ്രകൃതിയുടെ ഭംഗി നിലനിർത്തി അതിനെ പരിപാലിക്കുന്നതിൽ അവർ അതീവ ശ്രദ്ധാലുക്കളാണ്. തടാകത്തിൽ ബോട്ടുകൾ ഏറെയുണ്ടെങ്കിലും വെള്ളം ശുദ്ധമാണ്. ഒരു തുള്ളി ഡീസലോ മനുഷ്യമലമോ തടാകത്തിൽ വീഴാത്ത തരത്തിലാണ് അവയുടെ സജ്ജീകരണങ്ങൾ.

മലമുകളിലെ വനം, അത് പൊതുസ്വത്താണെങ്കിലും സ്വകാര്യഭൂമിയാണെങ്കിലും നോക്കി നടത്തുന്നത് സർക്കാർ തന്നെയാണ്. മലമുകളിൽ നിന്ന് അടിവാരം വരെ ഒറ്റ യൂണിറ്റാണ്. അത് മുറിച്ചുവിൽക്കാൻ പറ്റില്ല. വനമായോ പശുവിനെ വളർത്താനായോ മാറ്റിയിട്ടിരിക്കുന്ന നിശ്ചിതസ്ഥലത്ത് ഹോട്ടലുകൾ പോയിട്ട് ഒരു മരത്തിന്റെ കാബിൻ വെക്കാൻ പോലും സർക്കാർ സമ്മതിക്കില്ല. എന്നാൽ പ്രകൃതിഭംഗിക്ക് മാറ്റു കൂട്ടുന്ന പശുവളർത്തലിനെ നന്നായി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ അതിനായി ധനസഹായവും ഉറപ്പാക്കുന്നു. അതിന്റെയൊക്കെ പരിണതഫലമായി ഏതാണ്ട് കേരളത്തിന്റെയത്രയും മാത്രം വിസ്തൃതിയുള്ള സ്വിറ്റ്‌സർലൻഡിൽ ടൂറിസത്തിൽ നിന്നു മാത്രമുള്ള വരുമാനം അൻപത് ബില്യൺ ഫ്രാങ്കാണ്. അതായത് മൂന്നുലക്ഷം കോടി രൂപ. കേരളത്തിന്റെ മൊത്തം ജി ഡി പി യുടെ അടുത്തുവരും ഇത്.

സ്വിറ്റ്സർലാൻഡിനില്ലാത്ത കടൽത്തീരവും, മതപരമായ ടൂറിസവും, സാംസ്‌കാരിക ടൂറിസവും, നദീ ടൂറിസവുമൊക്കെയുള്ള കേരളത്തിന്റെ മൊത്തം ടൂറിസത്തിൽ നിന്നുള്ള വരുമാനം വെറും ഇരുപത്തിയയ്യായിരം കോടിയാണ്. ചിന്തിക്കുന്നവർക്ക് ഏറെയുണ്ട് ദൃഷ്ടാന്തം!

മൂന്നാറിനെ കേരളത്തിന്റെ ടൂറിസം വികസനത്തിന്റെ മാത്രമല്ല, സുസ്ഥിരവികസനത്തിന്റെ തന്നെ മാതൃകയാക്കാനുള്ള അവസരമാണിപ്പോളുള്ളത്. കൈയേറ്റത്തിന്റെയും തട്ടിപ്പിന്റെയും പ്രകൃതിനാശത്തിന്റെയുമൊക്കെ പേരിലാണെങ്കിലും കേരളത്തിലെ രാഷ്ട്രീയനേതൃത്വത്തിന്റെയും, മാധ്യമങ്ങളുടെയും, ജനങ്ങളുടെയും ശ്രദ്ധ ഇപ്പോൾ മൂന്നാറിലാണ്. അതിനെ ക്രിയാത്‌മകമായി പ്രയോജനപ്പെടുത്തണമെന്ന് മാത്രം.

മൂന്നാറിന്റെ നന്മക്കായി പത്തു നിർദ്ദേശങ്ങൾ.

മൂന്നാറിന്റെ പരിസ്ഥിതിയെപ്പറ്റി പഠിക്കാൻ അന്താരാഷ്ട്രവിദഗ്ദ്ധന്മാർ ഉൾപ്പെട്ട ഒരു സമിതിയെ നിയമിക്കുക. മൂന്നാറിന്റെ ഭാവിവികസനവും ഭൂവിനിയോഗവും സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് അവരുടെ അന്വേഷണ വിഷയത്തിൽ ഉൾപ്പെടുത്തുക.

മൂന്നാറിലെ ഭൂമി തുണ്ടുകളാക്കുന്നത് നിരോധിക്കുക. വിൽക്കാൻ അവകാശമുള്ള ഭൂമി ഒറ്റ ബ്ലോക്ക് ആയേ കൈമാറ്റം ചെയ്യാൻ സാധിക്കൂ എന്ന് നിശ്ചിതപ്പെടുത്തുക.

മൂന്നാറിൽ ഒരാവശ്യത്തിനുള്ള ഭൂമി മറ്റൊന്നിനായി ഉപയോഗിക്കുന്നത് പാടെ നിരോധിക്കുക.

മൂന്നാറിൽ ഭൂമി കൈയേറിയവർക്ക് അത് സർക്കാരിൽ തിരിച്ചേൽപ്പിക്കാൻ ഒരു മാസത്തെ സാവകാശം നൽകാം. ഭൂമി കൈയേറ്റം മോഷണം തന്നെയാണെന്ന തത്വമനുസരിച്ച് കൈയേറ്റക്കാരെ ജയിലിലടക്കുക. ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മൂന്നാറിനെ ലോകോത്തരമായ ഒരു ടൂറിസം കേന്ദ്രമായി വളർത്താനുള്ള മാസ്റ്റർ പ്ലാൻ അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിയെ ഏൽപ്പിക്കുക.

മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകൾക്ക് അഞ്ഞൂറ് രൂപ വീതം പരിസ്ഥിതി നികുതി ഏർപ്പെടുത്തുക. ഹോട്ടലിൽ താമസിക്കുന്നവരോട് മുറിവാടകയുടെ പത്തു ശതമാനം പരിസ്ഥിതിനികുതിയായി ഈടാക്കുക.

മൂന്നാറിലെ ഖര-ജല മാലിന്യ നിർമാർജനത്തിനുള്ള നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കുക.

മൂന്നാറിനെ കേരളത്തിന്റെ വിദ്യാഭ്യാസ തലസ്ഥാനമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക. ലോകത്തെവിടെ നിന്നും അൻപതിനായിരം വിദ്യാർത്ഥികളെയെങ്കിലും വിദ്യാഭ്യാസത്തിനായി മൂന്നാറിലെത്തിക്കുക എന്നതായിരിക്കണം പദ്ധതി.

മൂന്നാറിനെ കേരളത്തിന്റെ ടൂറിസം ശ്രുംഖലയിൽ ഉൾപ്പെടുത്തുക. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും അന്ത്യകാല ശുശ്രൂഷക്കും വേണ്ടിയുള്ള ഇടമാക്കാം ഇത്.

മൂന്നാറിൽ ഇപ്പോൾ ജീവിക്കുന്നവർക്ക് മൂന്നാറിലെ വികസനത്തിൽ നിന്നും ഗുണമുണ്ടാകാനായി അവരുടെ വിദ്യാഭ്യാസവും സംരംഭക മികവും വർദ്ധിപ്പിക്കുക.

Leave a Comment