പൊതു വിഭാഗം

മുടിവെട്ട് സ്‌കൂളിലെ സിലബസ്…

എൻറെ ചെറുപ്പകാലത്ത് മുടിവെട്ടുക എന്നത് പ്രത്യേക ജാതിയിലും കുടുംബത്തിലും പെട്ട ആളുകൾ മാത്രം ചെയ്തുകൊണ്ടിരുന്ന ഒരു തൊഴിലായിരുന്നു. ഇന്നിപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ടെങ്കിലും പുതിയ തലമുറയിലെ മലയാളി ആൺകുട്ടികളിൽ മുടിവെട്ട് തൊഴിലാക്കുന്നവർ അപൂർവ്വമാണ്. ഇപ്പോൾ ഏതാണ്ട് മൊത്തമായിത്തന്നെ മറുനാട്ടുകാർ ഏറ്റെടുത്തിരിക്കുന്ന ഒരു തൊഴിലാണിത്.
 
ഗൾഫ് രാജ്യങ്ങളിൽ മുടിവെട്ടുന്ന മലയാളികൾ ഇപ്പോഴുമുണ്ട്. ഇത് മുടിവെട്ടിന്റെ മാത്രം കാര്യമല്ല. കേരളത്തിൽ കൃഷിസ്ഥലത്ത് ജോലി ചെയ്യാൻ മലയാളികളെ കിട്ടാറില്ലെങ്കിലും ഗൾഫിൽ കൃഷിസ്ഥലത്ത് പണിചെയ്യാൻ മലയാളികൾ സുലഭമാണ്.
എന്തുകൊണ്ടാണ് മറ്റു രാജ്യങ്ങളിൽ പോയാൽ എന്തും ചെയ്യാൻ തയ്യാറാവുന്ന മലയാളി, കേരളത്തിൽ പല തൊഴിലുകളിൽ നിന്നും അകന്നു പോകുന്നത് ?
പ്രധാനമായും കൂലി തന്നെയാണ് കാരണം. കേരളത്തിലെ മുടി വെട്ടുകാരന്റെ ശമ്പളമല്ല ഗൾഫിൽ കിട്ടുന്നത്. ജനീവയിൽ മുടി വെട്ടാൻ മാത്രം മൂവായിരം രൂപയോളം ചെലവാകുമെന്ന് ഒരിക്കൽ ഞാൻ പറഞ്ഞല്ലോ.
 
എന്തുകൊണ്ടാണ് സർവ്വസാധാരണമായ മുടിവെട്ടലിന്റെ ചാർജിൽ പോലും ലോകത്ത് ഇത്രമാത്രം അന്തരം? പ്ലംബിങ്, ഗാർഡനിങ്ങ് തുടങ്ങിയ ജോലികൾക്കും ലോകത്തെ വിവിധ സ്ഥലങ്ങളിൽ ശമ്പളത്തിൽ പത്തോ അമ്പതോ ഇരട്ടി മാറ്റമുണ്ട്.
ഏത് രാജ്യത്താണ് നിങ്ങൾ തൊഴിൽ ചെയ്യുന്നത് എന്നതാണ് ഈ ശമ്പള വ്യത്യാസത്തിന്റെ ഒരു അടിസ്ഥാന കാരണം. ഓരോ രാജ്യത്തേയും ജോലിക്കാരുടെ സംഘടനാ ബലം, ലൈസൻ സിങ്ങ് നിയമങ്ങൾ എന്നിവയും ശമ്പളത്തിൽ പ്രതിഫലിക്കും. ഡ്രൈവിംഗ് അറിയാവുന്ന ആർക്കും ടാക്സി ഓടിക്കാവുന്ന രാജ്യങ്ങളിലെ ചാർജ്ജല്ല, ഒരു നഗരത്തിലെ ടാക്സികളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ.
 
ഒരു തൊഴിലിന്റെ പരിശീലനത്തിന് എത്ര സമയം ചെലവാക്കുന്നു എന്നതും അതിൻറെ കൂലി തീരുമാനിക്കുന്നതിൽ അടിസ്ഥാന ഘടകമാണ്. പ്രത്യേകിച്ച് പരിശീലനം ഒന്നുമില്ലാതെ ആർക്കും തുടങ്ങാവുന്ന ജോലിക്ക് സ്വാഭാവികമായും കുറഞ്ഞ കൂലിയായിരിക്കും.
 
യൂറോപ്പിൽ ഒരു സുപ്രഭാതത്തിൽ എണീറ്റു ചെന്നാൽ മുടിവെട്ടുന്ന കടയിൽ ആർക്കും ജോലി ചെയ്യാൻ പറ്റില്ല. വർഷങ്ങൾ നീണ്ട പരിശീലനം അവിടെ മുടിവെട്ടിനും ആവശ്യമാണ്..
 
കേരളത്തിലെ പുതിയ തലമുറക്ക് കേരളത്തിൽ തന്നെ ജോലി കണ്ടെത്തണമെങ്കിൽ ഇക്കാര്യം നമ്മൾ ശ്രദ്ധിക്കണം. നിർമ്മാണ ജോലികളിലും, തിരുമ്മൽ ജോലിയിലും മിനിമം പരിശീലനം നിർബന്ധമാക്കണം. അത്തരം പരിശീലനമുള്ളവർക്ക് സുതാര്യമായ ഒരു ലൈസൻസിങ്ങ് ഉണ്ടാക്കണം. ഓരോ തൊഴിലുമായി ബന്ധപ്പെട്ട സുരക്ഷാബോധം പരിശീലനത്തിന്റെ ഭാഗമാക്കണം. ഓരോ തൊഴിലും ചെയ്യുന്നവർക്ക് അതിലെ സുരക്ഷാ പ്രശ്നങ്ങൾ അനുസരിച്ച് ഇൻഷുറൻസ് പദ്ധതികൾ ഉണ്ടാക്കണം. ഓരോ തൊഴിലുകൊണ്ടും അവർ ഉണ്ടാക്കുന്ന സുരക്ഷാ ആരോഗ്യപ്രശ്നങ്ങളിൽ നഷ്ടം പറ്റുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള ഇൻഷുറൻസും.
 
(https://en.wikipedia.org/wiki/Professional_liability_insurance).
ഇങ്ങനെ ചെയ്തു തുടങ്ങുമ്പോൾ ഓരോ തൊഴിലിന്റെയും പ്രൊഫഷണലിസം കൂടും, ശമ്പളം ഉയരും, ആ തൊഴിൽ സമൂഹത്തിൽ മാന്യമാകും, കല്യാണം കഴിക്കാൻ ബുദ്ധിമുട്ടില്ലാതെ വരും.
 
മുരളി തുമ്മാരുകുടി
 
(ആത്മഗതം: ഈ മുടിവെട്ട് മൂന്നു വർഷം പഠിപ്പിക്കുന്ന സ്‌കൂളിൽ തലയിലെ മുടി മാത്രമാണോ സിലബസ്സിലുള്ളതെന്ന് എനിക്ക് എപ്പോഴും സംശയം ഉണ്ടാവാറുണ്ട്. പിന്നെ ഇവിടെ മുടിവെട്ടാൻ നിൽക്കുന്നവരെല്ലാം പെൺകുട്ടികളായതിനാൽ ഇതുവരെ ചോദിച്ചിട്ടില്ല. ഉത്തരം അറിയാവുന്നവരുണ്ടെങ്കിൽ പറയാം)

Leave a Comment