പൊതു വിഭാഗം

മുഖ്യമന്ത്രി അമേരിക്കക്ക് പോകുമ്പോൾ…

നമ്മുടെ മുഖ്യമന്ത്രി രണ്ടാഴ്ച അമേരിക്കൻ സന്ദർശനത്തിൽ ആണല്ലോ. കേരളത്തിലെ മന്ത്രിമാരും എം എൽ എ മാരും മേയർമാരും എല്ലാം വർഷത്തിലൊരിക്കൽ രണ്ടാഴ്ച ഏതെങ്കിലും ഒരു വിദേശരാജ്യം നിർബന്ധമായി സന്ദർശിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കണമെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ. ലോകം അതിവേഗത്തിൽ മാറുകയാണ്, മാറുന്ന ലോകത്ത് നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്, നമ്മൾ മാറിയാലും ഇല്ലെങ്കിലും ലോകം അതിന്റെ വഴിക്ക് പോകും. അപ്പോൾ മാറ്റങ്ങൾ മനസ്സിലാക്കി വേണ്ടത് സ്വാംശീകരിച്ച്, അല്ലാത്തവയോട് യോജിച്ചു ജീവിച്ചുപോകാൻ (adapt) നമ്മുടെ നേതൃത്വം തയ്യാറാവണം.
 
കേരളം ലോകത്തിന്റെ കേന്ദ്രമാണെന്നും നമുക്ക് മാത്രമായി സാമ്പത്തിക സാമൂഹ്യ പോളിസികൾ സാധ്യമാണെന്നും ചിന്തിച്ചിരിക്കുന്ന ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. അതിനൊക്കെ നമ്മുടെ നേതൃത്വത്തിന് കൂടുതൽ എക്സ്പോഷർ ഉണ്ടായേ പറ്റൂ. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി അമേരിക്കക്ക് പോകുന്നതും അവിടെ സമയം ചെലവഴിക്കുന്നതും സന്തോഷമുള്ള കാര്യമാണ്. അതിന് ചിലവാകുന്ന ഏത് തുകയും നമ്മുടെ നികുതി പണത്തിന്റെ നല്ല ഇൻവെസ്റ്റ്മെന്റ് ആണ്.
 
നമ്മുടെ മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിൻറെ യാത്രയുടെ ഉദ്ദേശത്തെ മുതൽ വസ്ത്രധാരണത്തെ വരെ കളിയാക്കി പോസ്റ്റുകൾ കാണുമ്പോൾ കഷ്ടം തോന്നും. എന്തിനാണ് നമ്മൾ ഇത്രമാത്രം രാഷ്ട്രീയത്തിൽ മുങ്ങിക്കിടക്കുന്നത് ? കഴിഞ്ഞ മുഖ്യമന്ത്രി പോയപ്പോൾ ഈ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ പരിഹസിച്ചു എന്നോ, പ്രധാനമന്ത്രി പോകുമ്പോൾ മറ്റെല്ലാവരും ചെയുന്നുണ്ടെന്നോ ന്യായീകരണം നൽകാം. നമ്മുടെപാർട്ടിക്കാരൻ അല്ലെങ്കിലും, നമുക്ക് ഇഷ്ടപ്പെട്ട ആളല്ലെങ്കിലും, നമ്മുടെ പ്രധാനമന്ത്രി ആണെങ്കിലും, മുഖ്യമന്ത്രി ആണെങ്കിലും രാജ്യത്തിന് പുറത്ത് പോകുന്നത് മൊത്തം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രതിനിധി ആയിട്ടാണ്. അതിനെയൊക്കെ പോസിറ്റീവ് ആയി കാണാൻ നാം പഠിച്ചു തുടങ്ങണം. ഇനിയും ഇന്നലെത്തെ കാര്യം പറഞ്ഞിരിക്കരുത്, ഇപ്പോൾ നാം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ്.
 
മുഖ്യമന്ത്രിക്ക് അമേരിക്കയിൽ കിട്ടിയത് അനുമോദനം ആണോ അവാർഡ് ആണോ എന്നൊക്കെയാണ് വേറൊരു വിവാദം. എന്തൊരു കഷ്ടമാണിത് ? നിപ്പ ദുരന്തത്തെ മാതൃകാപരമായിട്ടാണ് നമ്മുടെ സംസ്ഥാനം നേരിട്ടത് എന്നതിൽ ഒരു സംശയവുമില്ല. ആരോഗ്യമന്ത്രിയും വകുപ്പിലെ മറ്റുദ്യോഗസ്ഥരും സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ഉള്ള ആരോഗ്യപ്രവർത്തകരും നന്നായി പ്രവർത്തിച്ചത് നാം കണ്ടതാണ്. അവരെല്ലാം അനുമോദനത്തിനും അവാർഡിനും അർഹരുമാണ്.
 
ഒരു ദുരന്തമുണ്ടായാൽ അങ്ങോട്ട് ഓടി എത്തുന്ന ഒരാളല്ല നമ്മുടെ മുഖ്യമന്ത്രി. വാസ്തവത്തിൽ ദുരന്ത മുഖത്തേക്ക് ഓടിയെത്തുക എന്നതല്ല ശരിക്കും മുഖ്യമന്ത്രി ചെയ്യേണ്ട കാര്യം. ദുരന്ത നിവാരണം നടത്തുന്നവർക്ക് വേണ്ട വിഭവങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക, പണത്തിന്റെ അഭാവമോ ബ്യൂറോക്രസിയോ ഒന്നും അതിനെ തസ്സപ്പെടുത്താതെ നോക്കുക, വിവിധ വകുപ്പുകൾ തമ്മിലുള്ള പ്രവർത്തനങ്ങൾ സംയോജിപ്പിക്കുക എന്നതൊക്കെയാണ്. ഇതൊന്നും പലപ്പോഴും ടി വി കാമറയുടെ മുന്നിൽ കാണുകയില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വേണ്ടത്ര പബ്ലിസിറ്റി കിട്ടിയെന്നും വരില്ല. പക്ഷെ അതല്ല പ്രധാനം, ദുരന്ത നിവാരണത്തെ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ, മുൻ നിരയിലുള്ളവർക്ക് വേണ്ടത്ര പിന്തുണ നൽകുന്നുണ്ടോ എന്നതൊക്കെ ആണ്.
 
ഈ നിപ്പ ദുരന്ത കാലത്തെ ഒരു സംഭവം പറയാം. ആരോഗ്യമേഖലയിലെ ദുരന്തങ്ങൾ നേരിട്ട് പരിചയമുള്ള ഏറെ മലയാളികൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. എല്ലാ സമയത്തേയും പോലെ കേരളത്തിൽ എന്ത് പ്രശ്നമുണ്ടായാലും പറ്റുന്നതു പോലെ സഹായിക്കാൻ അവർ തയ്യാറുമാണ്. കേരളത്തിൽ നിപ്പ നിവാരണ രംഗത്ത് മുൻ നിരയിൽ പ്രവർത്തിക്കുന്നവരും അന്താരാഷ്ട്ര രംഗത്ത് ഇബോള മുതൽ പക്ഷിപ്പനി വരെയുള്ള ദുരന്തങ്ങൾ കൈകാര്യം ചെയ്തു പരിചയമുള്ള മലയാളികൾ വരെ ഉൾപ്പെട്ട ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആ സമയത്ത് ഞങ്ങൾ ഉണ്ടാക്കി. പല കാര്യങ്ങളും ചർച്ച ചെയ്‌തു. ആരോഗ്യപ്രവർത്തകർക്കുള്ള പല പരിമിതികളും ആശങ്കകളും ഞങ്ങൾ ആരോഗ്യ മന്ത്രിയെ വിളിച്ചറിയിച്ചു, അതിലൊക്കെ മന്ത്രി ഉടനുടൻ ഇടപെട്ടു, ആരോഗ്യ സർവീസ് ഡയറക്ടറെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു.
 
ഇനിയാണ് ശ്രദ്ധിക്കേണ്ട കാര്യം. ആദ്യമായി ആരോഗ്യമന്ത്രിയുമായി സംസാരിച്ചു പത്തു മിനുട്ടിന് ശേഷം മുഖ്യമന്ത്രിയുടെ ഫോൺ വന്നു. നിപ്പ വിഷയത്തിൽ നൽകുന്ന എല്ലാ ഉപദേശങ്ങൾക്കും എല്ലാവർക്കും നന്ദി പറഞ്ഞു. ദുരന്ത നിവാരണത്തിന് പണമോ ഔദ്യോഗിക നൂലാമാലയോ ഒന്നും പ്രശ്നമാകില്ല എന്നും ആവശ്യം വന്നാൽ നേരിട്ട് അദ്ദേഹത്തെ വിളിക്കാമെന്നും പറഞ്ഞു. ലോകത്തെ പല രാജ്യങ്ങളിൽ നിന്നും ഇങ്ങനെ വിളികൾ വരുന്നത് പരിചയമുണ്ടെങ്കിലും ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സാങ്കേതിക വിദഗ്ദ്ധരെ നേരിട്ട് വിളിക്കുക എന്നത് പതിവുള്ള കാര്യമല്ല. എത്ര നന്നായിട്ടാണ് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യങ്ങൾ സംയോജിപ്പിച്ചിരുന്നത് എന്ന് നോക്കുക. ഇതൊന്നും പുറമെ കാണുന്ന കാഴ്ചയല്ല. അതുകൊണ്ടുതന്നെ അവർക്ക് കിട്ടുന്ന ഏത് അംഗീകാരവും അർഹതപ്പെട്ടതാണ്, അത് അനുമോദനം ആണോ അവാർഡ് ആണോ എന്നൊക്കെ ഇഴകീറി പരിശോധിക്കേണ്ട ഒരു കാര്യവുമില്ല. ഇതൊക്ക മുഖ്യമന്ത്രിക്ക് മാത്രമല്ല, സംസ്ഥാനത്തിന് മൊത്തം കിട്ടുന്ന അംഗീകാരം ആണ്. നമുക്കെല്ലാം അഭിമാനത്തിന്റെ നിമിഷങ്ങളും…
 
മുരളി തുമ്മാരുകുടി

Leave a Comment