പൊതു വിഭാഗം

മാവിൻ ചുവട്ടിലെ ഡോക്ടറും സംഘവും

പത്തു വർഷം മുന്പാണെന്ന് തോന്നുന്നു എൻറെ സുഹൃത്ത് സുനിൽ എന്നോട് ഡോക്ടർ മനുവിനെ പറ്റി പറയുന്നത്. പറവൂരിലെ ഹെല്പ് ഫോർ ഹെൽപ്‌ലെസ്സ് എന്ന സംഘടനയുടെ പ്രസിഡന്റാണ്, ഒന്ന് കാണണം എന്നു പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. ഒരു അവധിക്കാലത്ത് ഞാൻ മനുവിനെ കാണാൻ പോയി.
പറവൂരിലെ ഗവൺമെന്റ് ആശുപത്രിയിലാണ് അന്നദ്ദേഹം ജോലി ചെയ്യുന്നത്. ആശുപത്രിയിൽ എപ്പോഴും നല്ല തിരക്കായതുകൊണ്ട് പറഞ്ഞ സമയത്ത് കാണാൻ അദ്ദേഹത്തിന് പറ്റിയില്ല. ഞാനും സുനിലും ആശുപത്രിയുടെ കാർ പാർക്കിൽ ഒരു മാവിന്റെ ചുവട്ടിൽ കാത്തു നിൽക്കുകയാണ്.
ഞങ്ങളെ രണ്ടു മണിക്ക് കാണാമെന്ന് പറഞ്ഞത് കൊണ്ട് അദ്ദേഹം മൂന്നു മണിയായപ്പോൾ ഇറങ്ങി വന്ന്, “അല്പം തിരക്കായിരുന്നു, ക്ഷമിക്കണം” എന്ന് പറഞ്ഞു.
“ഉച്ചക്ക് ഊണ് കഴിച്ചോ ?” ഞാൻ ചോദിച്ചു.
“ഇല്ല, പക്ഷെ സാറിനോട് സംസാരിച്ചിട്ട് മതി എന്ന് കരുതി വന്നതാണ്.”
എന്നാൽ പിന്നെ വേറെ ഒരിടത്തും പോകണ്ട എന്ന് കരുതി ഞങ്ങൾ മാവിന്റെ ചോട്ടിൽ തന്നെ നിന്ന് സംസാരിക്കാൻ തുടങ്ങി.
പത്തു മിനുട്ട് ഞാൻ അദ്ദേഹവുമായി സംസാരിച്ചു കാണും. അപ്പോഴേക്കും എൻറെ പിന്നിൽ ഒരു ക്യു രൂപപ്പെട്ടു, രോഗികളോ അവരുടെ ബന്ധുക്കളോ ആണ്. ചിലരുടെ കയ്യിൽ കുറിപ്പടി, ചിലരുടെ കയ്യിൽ എക്സ് റേ.
എനിക്ക് രണ്ടു കൂട്ടരോടും സഹതാപം തോന്നി. രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് ഭക്ഷണം പോലും കഴിക്കാത്ത ഡോക്ടർ. ഡോക്ടറുടെ ഒരു മിനുട്ട് മാവിൻചോട്ടിലെങ്കിലും കിട്ടണമെന്ന് ആഗ്രഹിക്കുന്ന രോഗികൾ.
“പിന്നെ കാണാം” എന്ന് പറഞ്ഞ് ഞാൻ അവിടുന്ന് വേഗം സ്ഥലം വിട്ടു.
പിന്നീട് കാഴ്ചകൾ അനവധി ഉണ്ടായി. എല്ലാം ഹെല്പ് ഫോർ ഹെൽപ്‌ലെസിന്റെ ഓരോ പരിപാടികളിൽ ആയിരുന്നു. അതുകൊണ്ട് സംസാരിക്കാൻ ഒന്നും അധികം സമയം കിട്ടാറില്ല.
എൻറെ ഏതെങ്കിലും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ എന്തെങ്കിലും മെഡിക്കൽ ആവശ്യങ്ങൾ ഉണ്ടായാൽ എൻറെ ഒന്നാമത്തെ വിളി മനുവിനെ ആണ്. സത്യത്തിൽ വിളി ഇല്ല, ഒരു മെസ്സേജ് അയക്കും. നാട്ടിൽ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാൽ തിരിച്ചു വിളിക്കുമെന്ന് ഉറപ്പാണ്. പിന്നെ എന്താണ് വേണ്ടതെന്നാൽ അത് ചെയ്യും. നാട്ടിലെ രോഗികളുടെ കാര്യമാണെങ്കിൽ മറ്റുള്ളിടത്തുള്ള ആശുപത്രികളിലെ ഡോക്ടർമാരെ വിളിച്ച് സംസാരിക്കും, രോഗികളോടും ബന്ധുക്കളോടും സംസാരിക്കും. മനു ഒന്ന് വിളിച്ചാൽ പിന്നെ എൻറെ അമ്മക്ക് ആശുപത്രിയിൽ പോകേണ്ട, മരുന്നും വേണ്ട. അത്തരം അനവധി അമ്മമാരുണ്ടെന്ന് എനിക്കുറപ്പാണ്.
ഒരു ദിവസം ഞാൻ ആഫ്രിക്കയിൽ ആയിരുന്നപ്പോൾ എൻറെ സുഹൃത്തിന് അപ്പെന്റിസൈറ്റിസ് ഉണ്ടായി. അവിടുത്തെ ആരോഗ്യ സംവിധാനങ്ങൾ അത്ര മികച്ചതല്ല, അവിടെ നിന്നാൽ കുറച്ചു റിസ്ക് എലമെന്റ് കൂടിയുണ്ട്. യാത്ര ചെയ്താൽ വേറെയും റിസ്ക് ഉണ്ട്. എന്ത് ചെയ്യണമെന്ന് ആശയക്കുഴപ്പത്തിലായ ഞാൻ സ്വാഭാവികമായും വിളിച്ചത് മനുവിനെ ആണ്. അന്ന് ടെലി മെഡിസിൻ ഒന്നും ആയിട്ടില്ല, പക്ഷെ വാട്ട്സ് ആപ്പിൽ മെഡിക്കൽ ഇമേജുകൾ അയച്ചു കിട്ടി അദ്ദേഹം വേണ്ടത്ര നിർദ്ദേശങ്ങൾ നൽകി.
മനുവിന്റെ തിരക്ക് എനിക്കറിയാം, അത് കൊണ്ട് ഞാൻ ആവശ്യമില്ലെങ്കിൽ വിളിക്കാറില്ല. എന്നെപ്പോലെ എത്രയോ ആളുകൾ അദ്ദേഹത്തെ വിളിക്കുന്നുണ്ടാകണം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മനുവിന് കോവിഡ് വന്നു. അന്നാണ് ആദ്യമായി അദ്ദേഹത്തിന് അല്പം സമയം ഫ്രീ ആയി കിട്ടിയത്. ദിവസവും ഞാൻ വിളിക്കും, രോഗം മാറിയാലും കുറച്ചു നാൾ വിശ്രമിക്കണം എന്ന് പറയും. പക്ഷെ കാര്യമുണ്ടായില്ല, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആവുന്നതിന് മുൻപ് തന്നെ രോഗികളുടെ കേസുകൾ വാട്ട്സ്ആപ്പ് ആയി അവിടെ എത്തി. അതാണ് അദ്ദേഹത്തിൻറെ ലോകം.
പണ്ടൊക്കെ മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് എനിക്ക് മനുവിനെ വിളിക്കേണ്ടി വരാറുള്ളത്. പക്ഷെ ഇപ്പോൾ കാര്യം മാറി. ഓരോ ദിവസവും ഒന്നിൽ കൂടുതൽ ബന്ധുക്കൾക്ക് അല്ലെങ്കിൽ സുഹൃത്തുക്കൾക്കാണ് കോവിഡ് സംബന്ധിച്ച ആവശ്യങ്ങൾ ഉള്ളത്. ഓരോന്നിനും ഞാൻ മനുവിനെ ആണ് വിളിക്കുന്നത്. ഇപ്പോൾ ഓരോ ദിവസവും രാത്രി പന്ത്രണ്ട് മണിക്ക് എനിക്കൊരു “മെഡിക്കൽ ബുള്ളറ്റിൻ” തന്നിട്ടാണ് അദ്ദേഹം കിടന്നുറങ്ങുന്നത്.
കൊറോണ ഉള്ള എല്ലാവരും ആശുപത്രിയിൽ പോകണം എന്നില്ല, പക്ഷെ വീട്ടിൽ ഇരിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഇതാണ് ഈ വിഡിയോയിൽ മനുവും ഡോക്ടർ ജയനും പറയുന്നത്. മനു ഇപ്പോൾ ആലുവ ഗവൺമെന്റ് ആശുപത്രിയിലാണ്. ഇപ്പോൾ പറവൂർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ ജയൻ ആണ് കൂടെയുള്ളത്. അദ്ദേഹവും ഹെല്പ് ഫോർ ഹെൽപ്‌ലെസിന്റെ പ്രവർത്തകനാണ്. പുലിയാണ്. അദ്ദേഹത്തെ പറ്റി പിന്നീടൊരിക്കൽ എഴുതാം.
വീഡിയോ കാണാതെ പോകരുത്, ഷെയർ ചെയ്യാൻ മറക്കരുത്. കൊറോണ നിസ്സാരക്കാരൻ അല്ല, ദിവസവും നൂറിലേറെ ആളുകളുടെ ജീവനാണ് എടുക്കുന്നത്.
ലിങ്ക് – https://youtu.be/iXo_OwqfnQ0
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

Leave a Comment