പൊതു വിഭാഗം

മാപ്പില്ലാത്ത അഴിമതി

ഇന്ത്യയിലെ അഴിമതി മത്സരത്തിൽ ഏറ്റവും പുറകിലുള്ള സ്ഥാനമാണ് കേരളത്തിന് കിട്ടിയതെന്ന് വായിച്ചു. സന്തോഷമായി. ഇന്ത്യയിൽ പലയിടത്തും ജീവിച്ചിട്ടുള്ളതിനാലും പല സ്ഥലങ്ങളിൽ സുഹൃത്തുക്കൾ ഉള്ളതിനാലും ഈ റാങ്കിങ്ങ് എന്നെ അത്ഭുതപ്പെടുത്തിയില്ല. വാസ്തവത്തിൽ ഒരു മന്ത്രി ഒരു കോടി രൂപ കൈക്കൂലി ചോദിച്ച്, അതിൽ നാലിലൊന്നു വാങ്ങി, അത് നോട്ടു മെഷീൻ വച്ച് എണ്ണി നോക്കി നാലായിരം രൂപ കാണാത്തതിന് പരാതി പറഞ്ഞു എന്നൊക്കെ ആരോപണം വന്നപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു ഈ മത്സരത്തിൽ നമ്മൾ തോൽക്കുമെന്ന്. മറ്റു പലയിടത്തും നൂറു കോടി മുതൽ ലക്ഷം കോടി വരെ ആണ് ആരോപണം. അതൊന്നും എണ്ണിയാൽ തീരുന്ന നോട്ടല്ല, തൂക്കി നോക്കിയോ അറിയാവുന്നവർ മൗറീഷ്യസ്സിൽ കറക്കിയോ ഒക്കെ ആണ് അഴിമതി പണം കൈക്കലാക്കുന്നത്. അപ്പോൾ ഒരു കോടിയൊക്കെ വാങ്ങുന്നവർ അഴിമതി മത്സരത്തിൽ വെങ്ങോല ഭാഷയിൽ പറഞ്ഞാൽ തൂച്ചി ആണ്, സംശയം വേണ്ട.

അഴിമതി എന്നത് കേരളത്തിൽ ഒരു പുതിയ കാര്യമല്ല. രാജഭരണകാലത്തേ സർക്കാർ ഉദ്യോഗസ്ഥന്മാർ വൻഅഴിമതി കാണിച്ചിരുന്നുവെന്നും സർക്കാർ സർവീസിൽ കടലിലെ തിര എണ്ണാൻ ജോലി കിട്ടിയാലും ശമ്പളം ഇല്ലാതെ അഴിമതി കാണിച്ചു ജീവിക്കാം എന്നും ഒക്കെയുള്ള കഥ ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. കേരളത്തിൽ അഴിമതി കുറയാൻ പല കാരണങ്ങളുണ്ട്, അതിൽ ഒന്നാമത്തേത് ജനാധിപത്യത്തിന്റെ വരവാണ്. ജനാധിപത്യം എത്ര തന്നെ വ്യാപകവും താഴേക്കും ഇറങ്ങുന്നുവോ അത്രയും അഴിമതി കുറയും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ ജനാധിപത്യം ഏറെ വേര് പിടിച്ചതാണ്. പഞ്ചായത്ത് മുതൽ മുകളിലേക്ക് എവിടെയും നമ്മുടെ ഉദ്യോഗസ്ഥരുടെ മുകളിൽ ജന പ്രതിനിധികളുടെ കണ്ണുണ്ട്, അത് പോലെ തന്നെ ജനപ്രതിനിധികളുടെ മേൽ ജനങ്ങളുടെയും. മധ്യവർഗത്തിന്റെ എണ്ണം കൂടുന്നത്, സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം കൂടിയതും സമയത്തിന് കിട്ടിത്തുടങ്ങിയതും, അഴിമതി തെറ്റായി കാണുന്ന പുതിയ തലമുറയിലെ കുട്ടികൾ സർക്കാർ സർവീസിൽ വന്നതും, നിയമങ്ങൾ നവീകരിക്കപ്പെട്ടതും, ഇ-ഗവർമെന്റ് വരുന്നതും, മീഡിയയുടെ ഇടപെടലുകളും, മൊബൈൽ കാമറയുടെ സാന്നിധ്യവും ഒക്കെ അഴിമതി കുറയ്ക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. ഇത് പ്രത്യേകിച്ച് ഒരു പാർട്ടിയുടേയോ സർക്കാരിന്റെയോ ശ്രമഫലം അല്ല, നമ്മുടെ മൊത്തം സമൂഹത്തിന്റെ മുന്നേറ്റമാണ്. നമുക്കെല്ലാം അഭിമാനിക്കാവുന്നതും, പുതിയ തലമുറക്ക് പ്രത്യേകിച്ചും.

എന്നുവെച്ച് കേരളം അഴിമതി വിമുക്തമാണെന്നൊന്നും അർത്ഥമില്ല കേട്ടോ. ഇന്ത്യയിൽ നൂറു മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടുന്നവർ ഒളിമ്പിക്സിൽ ക്വാളിഫയിങ് റൗണ്ടിൽ പുറത്താകുന്നത് പോലെയെ ഉള്ളൂ ഇതും. ലോകത്തെ അഴിമതി ഇൻഡക്സിൽ ഇന്ത്യക്ക് മുന്നിലും പിന്നിലും ഡസൻ കണക്കിന് രാജ്യങ്ങളുണ്ട്. (https://www.transparency.org/country/). അത് കൊണ്ട് തന്നെ കേരളത്തിന്റെ മത്സരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി ആകരുത്. ശിശുമരണ നിരക്കൊക്കെ പോലെ തന്നെ ഇന്ത്യയിൽ നിന്നു കൊണ്ട് ലോകത്തോട് നമ്മൾ മത്സരിക്കണം. അഴിമതിക്കെതിരെ നാം സദാ ജാഗരൂകരായിരിക്കണം. ഇത് പ്രധാനമാണ്, കാരണം വികസനത്തിന്റെ കാര്യത്തിൽ അഴിമതി ബക്കറ്റിലെ ഓട്ട പോലെയാണ്. ഓട്ട ഉള്ളിടത്തോളം കാലം നാം എത്ര വെള്ളം കോരി നിറച്ചാലും ബക്കറ്റ് നിറയില്ല. അഴിമതി നടക്കുന്നിടത്തോളം കാലം നമ്മുടെ വികസനം അതിന്റെ ഫലപ്രാപ്തിയിൽ എത്തില്ല.
എല്ലാ അഴിമതിയും തെറ്റും എതിർക്കപ്പെടേണ്ടതും ആണ്, പക്ഷെ എല്ലാ അഴിമതിയും ഒരുപോലെയല്ല. അതുകൊണ്ടുതന്നെ എതിർക്കേണ്ടതും ഒരു പോലെയല്ല. വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റ് നേരത്തെ കിട്ടാനുള്ള “എഫിഷ്യൻസി മണി” പോലെയല്ല സർക്കാർ ഭൂമി സ്വകാര്യമാക്കി പട്ടയം കൊടുക്കാൻ നടത്തുന്ന അഴിമതി. ഒന്നാമത്തേതിനെ സർക്കാർ സൗകര്യങ്ങൾ നവീകരിച്ചും വേണമെങ്കിൽ വേഗത്തിൽ സർവീസിന് കൂടുതൽ പണം സർക്കാർ തന്നെ വാങ്ങിയും പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ രണ്ടാമത്തെ കാര്യം അങ്ങനെയല്ല, അതിന്റെ ഗ്രാവിറ്റി കൂടുതലാണ്. ചികിത്സയും വേറെ കൊടുക്കണം, അതും കടുപ്പമായി തന്നെ.

രാഷ്ട്രീയത്തിലെ അഴിമതിയാണ് നമ്മൾ കൂടുതലും ചർച്ച ചെയ്യാറുള്ളതെങ്കിലും നമ്മൾ ഭൂരിഭാഗം പേരും അഴിമതി കാണുന്നതും അതിന്റെ തിക്തഫലങ്ങൾ നേരിട്ടോ അല്ലാതെയോ അനുഭവിക്കുന്നതും താഴെക്കിടയിലുള്ള സർക്കാർ സംവിധാനങ്ങളിൽ നിന്നാണ്. അതിൽ തന്നെ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത് സാങ്കേതിക വിദഗ്ദ്ധർ നടത്തുന്ന അഴിമതിയാണ്. മലിനീകരണം നിയന്ത്രിക്കാതെയും നിയന്ത്രണമില്ലാതെ കുഴൽക്കിണറുകൾ അനുവദിച്ചും നിലം നികത്തുന്നത് കണ്ടില്ലെന്ന് നടിച്ചും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് നാടെങ്ങും പാറമട നടത്താൻ അനുമതി കൊടുത്തും ഒക്കെ ശാസ്ത്രത്തിൽ പരിശീലനം ഉള്ളവരും ശാസ്ത്രം സാമൂഹ്യ നന്മക്ക് വേണ്ടി ഉപയോഗിക്കാൻ വേണ്ടി സമൂഹം പണം കൊടുത്തു നിയമിച്ചിരിക്കുന്നവരും ആയ ആളുകൾ അവരുടെ ശാസ്ത്രബോധം പണയം വെച്ച് പോലും പണം വാങ്ങി അഴിമതി നടത്തുമ്പോൾ അവരുടെ അടുത്ത തലമുറ ഉൾപ്പെട്ട നമ്മുടെ സമൂഹത്തിന്റെ മൊത്തം ഭാവിയാണ് തുലച്ചു കളയുന്നത്. നമ്മുടെ പ്രകൃതി വിഭവങ്ങൾ അടുത്ത തലമുറക്കും കൂടി അവകാശപ്പെട്ടതാണ്, അതിനെ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന എതഴിമതിയും മാപ്പില്ലാത്തതാണ്.

Leave a Comment