പൊതു വിഭാഗം

മാതാപിതാക്കളുടെ ശമ്പളവും മക്കളുടെ ജോലിയും…

ഇന്ത്യയിലെ സൈനിക വിഭാഗങ്ങളിൽ ഓഫിസർ ജോലിക്ക് ചേരുന്നതിനായി പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞവരെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്ന സ്ഥലമാണ് പൂനയിലെ നാഷണൽ ഡിഫൻസ് അക്കാദമി. ആയിരത്തി തൊള്ളായിരത്തി അൻപത്തി അഞ്ചിൽ ആണ് ഇത് ഉദ്ഘാടനം ചെയ്തത്. അന്ന് മുതൽ ഇന്ന് വരെ പതിറ്റാണ്ടുകളായി ഇവിടെ നിന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വ നിരയിലേക്ക് ആളുകൾ പഠിച്ചു വളരുന്നത്. (ഇതിനെക്കുറിച്ച് വായിച്ചപ്പോൾ കണ്ട ഒരു വസ്തുത എന്നെ അതിശയിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യൻ ആർമി ആഫ്രിക്കയിൽ നൽകിയ സേവനങ്ങളെ മാനിച്ച് സുഡാൻ ഗവണ്മെന്റ് ഒരു ലക്ഷം പൗണ്ട് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യക്ക് നൽകി. സ്വാതന്ത്ര്യത്തിനു ശേഷം അത് വീതം വച്ചപ്പോൾ അതിൽ എഴുപതിനായിരം ഇന്ത്യക്ക് കിട്ടി. ആ പണം ആയിരുന്നു ഈ അക്കാദമി പണിയാനുള്ള മൂലധനത്തിന്റെ തുടക്കം. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ കേരളം സന്ദർശിക്കാൻ വന്ന എത്യോപ്യയിലെ ഹെയ്‌ലി സലാസ്സി ചക്രവർത്തി കോതമംഗലത്തെ എൻജിനീയറിങ് കോളേജിന് ഒരു ഹോസ്റ്റൽ നിർമ്മിച്ച് നൽകാനുള്ള പണം നൽകി എന്നും, അതിന് ഹെയ്‌ലി സലാസ്സി ഹോസ്റ്റൽ എന്ന് പേരിട്ടുവെന്നും കേട്ടിട്ടുണ്ട്. ഈ എച്ച് എസ് ഹാൾ ഇന്നും അവിടെയുണ്ട്. ചക്രവർത്തി ഒക്കെ പണ്ടേ പോയി, എത്യോപ്യയും സുഡാനും ഒരു കാലത്ത് ഇന്ത്യക്ക് പണം തന്നിരുന്നു എന്ന് നമ്മുടെ തലമുറ ഓർക്കുന്നതേ ഇല്ല. ഒരു കാലത്ത് ഗൾഫിൽ ഇന്ത്യ ഇതുപോലെ വലിയ ശക്തിയും സഹായിയും ആയിരുന്നുവെന്നുള്ളത് അവിടെയും പുതിയ തലമുറ ഓർക്കുന്നില്ല. കാലം പോകുന്ന പോക്കേ..!)
 
1980 -കളിൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ വരുന്ന കുട്ടികളെക്കുറിച്ച് ഒരു പഠനം നടന്നു. വരുന്നവരിൽ ബഹു ഭൂരിപക്ഷത്തിന്റെയും ആദ്യമാസത്തെ ശമ്പളം അവരുടെ മാതാപിതാക്കളുടെ അപ്പോഴത്തെ വരുമാനത്തിലും കൂടുതലായിരിക്കും എന്നതായിരുന്നു ആ പഠനം കാണിച്ചത്. എത്ര സാധാരണക്കാരിൽ നിന്നാണ് നമ്മുടെ സൈന്യത്തിലെ ഓഫീസർമാർ വന്നിരുന്നതെന്നും, എത്ര സാധാരണക്കാർക്കും കഠിനാദ്ധ്വാനത്തിലൂടെ ഓഫീസർ റാങ്കിൽ എത്താം എന്നതുമായിരുന്നു ആ പഠനം സൂചിപ്പിച്ചത്.
 
എന്റെ കൂടെ എൻജിനീയറിങ് പഠിച്ചവരുടെ കാര്യവും വ്യത്യസ്തമല്ലായിരുന്നു. ക്‌ളാസ്സിലെ എൺപത് ശതമാനം പേരും ശരാശരി വരുമാനമോ അതിലും താഴെയോ ഉള്ളവരുടെ മക്കളായിരുന്നു. എന്റേതുൾപ്പെടെ അനവധി ആളുകളുടെ ആദ്യ ശമ്പളം ഞങ്ങളുടെ മാതാപിതാക്കളുടെ അവസാന മാസത്തെ വരുമാനത്തിലും കൂടുതലായിരുന്നു. (നാഗ്‌പൂരിലെ നാഷണൽ എൻവിറോണ്മെന്റൽ എഞ്ചിനീയറിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായി 2200 രൂപ അടിസ്ഥാന ശമ്പളത്തിൽ മൂവായിരം രൂപയിലധികമാണ് ഞാൻ 1988 ജൂൺ മാസത്തിൽ വാങ്ങിയത്. അന്നത്തെ മൂവായിരം എന്ന് വച്ചാൽ…)
 
കേരളത്തിൽ കാലം ഇപ്പോൾ രണ്ടു തരത്തിൽ മാറിക്കഴിഞ്ഞു. ഒന്നാമത് പഠിച്ചു വരുന്ന ബഹു ഭൂരിപക്ഷത്തിന്റെയും ആദ്യമാസ ശമ്പളം അവരുടെ മാതാപിതാക്കളുടെ ശമ്പളത്തേക്കാൾ കുറവായിരിക്കും എന്നത് പോകട്ടെ, മാതാപിതാക്കൾ അവർക്ക് വേണ്ടി മാസം ചിലവാക്കിയിരുന്ന തുകയിലും താഴെയാണ്. എൻജിനീയറിങ് പഠിക്കുന്ന മക്കൾക്ക് ഫീസും ഹോസ്റ്റൽ ഫീസും പെട്രോൾ കാശും പോക്കറ്റ് മണിയും ഒക്കെയായി ഇരുപതിനായിരമോ അതിനു മുകളിലോ പണം ചിലവാക്കുന്നത് ഇപ്പോൾ സാധാരണമാണ്. കേരളത്തിൽ ഇപ്പോൾ പതിനയ്യായിരം രൂപയിൽ താഴെ ശമ്പളത്തിൽ എൻജിനീയർമാരെ എത്ര വേണമെങ്കിലും കിട്ടും. മറ്റു പ്രൊഫഷനുകളിലെ കാര്യവും വ്യത്യസ്തമല്ല. പഠിച്ചു വരുന്ന കുട്ടികൾ നിരാശരും അപകർഷതാ ബോധമുള്ളവരും ആകാൻ മറ്റു വല്ലതും വേണോ ?
 
രണ്ടാമത് ഒരു കുഴപ്പം കൂടി ഉണ്ട്. ഫീസ് വർഷാവർഷം കൂടുന്നു, ഫീസ് അടക്കാൻ പണമില്ലാത്തത് കൊണ്ട് ഈ വർഷം പലർക്കും മെഡിക്കൽ പഠനം സാധ്യമാവാതെ വരുന്നു. ഇതിന്റെ ഫലം എന്താണ് ? പണം ഉള്ളവർക്കേ പഠിക്കാൻ പറ്റൂ എന്ന സ്ഥിതി വരുന്നു, പണം ഉള്ളവരിൽ നിന്ന് മാത്രം പുതിയ തലമുറയിലെ ഡോക്ടർമാർ (കൂടുതൽ) ഉണ്ടാകുന്നു. സമൂഹത്തിലെ സാമ്പത്തിക അസമത്വം ഒരു തലമുറ കഴിയുമ്പോൾ കൂടുതൽ വർദ്ധിക്കുന്നു.
 
ഇതിനു രണ്ടിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഉച്ചക്ക് ഒരു ഇൻവിറ്റേഷനുള്ളതു കാരണം ഇതിനെപ്പറ്റി എന്ത് ചെയ്യാൻ പറ്റും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. അത് വേറൊരു ദിവസം ആകട്ടെ.
 
മുരളി തുമ്മാരുകുടി
 

Leave a Comment