പൊതു വിഭാഗം

മഹാപ്രളയകാലത്ത് നമ്മുടെ പോലീസ് എന്താണ് ചെയ്തത്?

കേരളത്തിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായ ഡോക്ടർ: ബി. സന്ധ്യ ഐ പി എസ് ഞാൻ നേരിട്ട് പരിചയപ്പെട്ടിട്ടുള്ള ഒരാളല്ല. കഴിഞ്ഞ ദുരന്തത്തിന് ശേഷം തൃശൂരിൽ പോലീസ് അക്കാദമിയിൽ പ്രഭാഷണം കൊടുക്കാൻ പോയപ്പൾ തിരുവനന്തപുരത്തു നിന്നും വീഡിയോയിൽ വന്ന് ഉൽഘാടനം ചെയ്ത പരിചയമുണ്ട്. അത്ര മാത്രം. “നേരിട്ട് വരണമെന്നുണ്ടായിരുന്നു, പക്ഷെ പറ്റിയില്ല” എന്ന് പറഞ്ഞു.
 
‘സാറിന്റെ പ്രഭാഷണം മാഡം വീഡിയോയിൽ കണ്ടിരുന്നു’ എന്ന് തൃശൂരിലെ എൻറെ ആതിഥേയൻ പറഞ്ഞെങ്കിലും അതൊരു ഭംഗിവാക്കായിട്ടേ ഞാനെടുത്തുള്ളു. ദുരന്തനിവാരണ വിഷയത്തിൽ ഡോക്ടർ സന്ധ്യക്ക് എന്തെങ്കിലും പ്രത്യേക താല്പര്യമുള്ളതായി എനിക്കറിയില്ലായിരുന്നു.
 
അതുകൊണ്ട് തന്നെ ഈ ആഴ്ച എൻറെ മെയിൽ ബോക്സിൽ എത്തിയ വലിയ പാക്കറ്റ് എന്നെ അതിശയപ്പെടുത്തി. ‘മഹാപ്രളയം 2018: കേരളാപൊലീസിൻറെ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ – ഒരു പഠനം’ എന്ന റിപ്പോർട്ടും, ഡോക്ടർ സന്ധ്യയുടെ ഒരു ആശംസാ കുറിപ്പും.
 
കേരള പോലീസിന്റെ ഗവേഷണ വിഭാഗമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ എ ഡി ജി പിയും കേരളാ പോലീസ് അക്കാദമിയുടെ ഡയറക്ടറും എന്ന നിലയിൽ ഡോക്ടർ സന്ധ്യയാണ് അതിന് നേതൃത്വം നൽകിയിരിക്കുന്നത്. അനുപ് കുരുവിള ജോൺ കോർഡിനേറ്റ് ചെയ്തിരിക്കുന്ന റിപ്പോർട്ടിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ട്.
 
2018 ലെ പ്രളയം ബാധിച്ച ജില്ലകളിൽ നമ്മുടെ പോലീസുകാർ എന്ത് ചെയ്തു എന്ന പോലീസ് സ്റ്റേഷൻ തിരിച്ചുള്ള വിവരങ്ങളും, ചിത്രങ്ങളും, പത്ര വാർത്തകളും എല്ലാമായി സന്പന്നമാണ് ഈ പഠനം. പോരാത്തതിന് 99 ലെ (1924) പ്രളയത്തെക്കുറിച്ച് നാം കണ്ടിട്ടില്ലാത്ത രേഖകളുമുണ്ട്. പ്രളയത്തിന്റെ ആധികാരിക പഠനമല്ലെങ്കിലും എങ്ങനെയാണ് പ്രകൃതിനാശം പ്രകൃതി ദുരന്തത്തിലേക്ക് നയിക്കുന്നത് എന്നുള്ള പാഠങ്ങളും, പ്രായോഗികമായി എങ്ങനെയാണ് പോലീസ് സംവിധാനങ്ങൾക്ക് ദുരന്തത്തെ കൂടുതൽ നന്നായി നേരിടാൻ സാധിക്കുന്നത് മുതലായ അനവധി വിവരങ്ങൾ ഇതിലുണ്ട്.
 
ദുരന്തങ്ങളെ നേരിടുന്നതിൽ പ്രധാന ഏജൻസി പോലീസ് അല്ലെങ്കിലും അവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി നമ്മുടെ പോലീസ് സംവിധാനം ഏത് ദുരന്ത സ്ഥലത്തും ഉണ്ടാകാറുണ്ട്. ദുരന്തത്തിനു ശേഷം പത്തനംതിട്ടയിലെത്തിയ ഞാനും Gopal Shankar ശങ്കറും അതിശയിച്ചു പോയി. അവിടെ നൂറു കണക്കിന് പോലീസുകാർ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇതൊന്നും ഞാൻ ലോകത്തൊരിടത്തും കണ്ടിട്ടില്ല. നമുക്ക് അഭിമാനിക്കാവുന്ന മാതൃകകളാണ് ഇതെല്ലാം.
 
ഈ പഠനം കൂടുതൽ ആളുകൾ വായിക്കണം. ഇങ്ങനൊരു പഠനം ഇറങ്ങിയ വാർത്ത പോലും ഞാൻ വായിച്ചില്ല. ഇതിന്റെ പി ഡി എഫ് ഉണ്ടെങ്കിൽ ഓൺലൈനായി പബ്ലിഷ് ചെയ്യണം. പോലീസുകാർക്ക് മാത്രമല്ല, മൊത്തം മലയാളികൾക്ക് ഉപകാരപ്രദമായ അനവധി കാര്യങ്ങൾ ഇതിലുണ്ട്.
 
ഈ പഠനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ! ഈ പഠനം ജനീവയിലേക്ക് അയച്ച ഡോക്ടർ സന്ധ്യക്ക് പ്രത്യേക നന്ദി! അടുത്ത തവണ തിരുവനന്തപുരത്ത് എത്തുന്പോൾ തീർച്ചയായും കാണാൻ ശ്രമിക്കും.
 
ഏറ്റവും നന്ദിപറയേണ്ടത് ദുരന്തകാലത്ത് നമ്മോടൊപ്പം നിന്ന പോലീസ് സേനയോടാണ്. പോലീസിനെ പറ്റി നല്ലതൊന്നും പറയാൻ അധികം അവസരം കിട്ടാറില്ല. എന്തെങ്കിലും വിവാദമുണ്ടാകുന്പോൾ ആണല്ലോ പോലീസ് വർത്തയാകുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഡ്യൂട്ടിക്കും അപ്പുറത്തുള്ള പ്രവർത്തനത്തിനും അഭിനന്ദനങ്ങൾ!
 
നമ്മുടെ പഞ്ചായത്ത് വകുപ്പ് ഓരോ പഞ്ചായത്തിലും അവിടുത്തെ ജനപ്രതിനിധികളും പഞ്ചായത്ത് വകുപ്പിലെ സ്റ്റാഫും നടത്തിയ ഇടപെടലുകളും ഇതുപോലെ പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നാണ് എൻറെ നിർദ്ദേശം. കഴിഞ്ഞ പ്രളയത്തിലെ ഞാൻ കണ്ട ഏറ്റവും ഉജ്ജ്വലമായ ഇടപെടൽ നമ്മുടെ പഞ്ചായത്ത് തലം മുതലുള്ള ജനപ്രതിനിധികളുടേതാണ്. അതിൻറെ ചരിത്രവും രേഖപ്പെടുത്തേണ്ടതാണ്. കിലയോ മറ്റോ മുൻകൈ എടുക്കണം.
 
ഡോക്ടർ സന്ധ്യ എൻറെ ഫേസ്ബുക്ക് സുഹൃത്തല്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഒന്ന് ടാഗ് ചെയ്യണം.
മുരളി തുമ്മാരുകുടി
 
Kerala Police Kerala Police Academy Chief Minister’s Office, Kerala

Leave a Comment