പൊതു വിഭാഗം

മലയാളിയുടെ ആരോഗ്യം

ഈ കൊറോണ തുടങ്ങിയതിൽ പിന്നെ ആശുപത്രികൾക്ക് മുന്നിൽ ഒരു തിരക്കുമില്ല, അപ്പോൾ ഈ മലയാളികൾക്ക് ഉണ്ടായിരുന്നു എന്ന് വിചാരിച്ചിരുന്ന രോഗമെല്ലാം മനസ്സിലായിരുന്നു എന്നൊരു വാട്ട്സ്ആപ്പ് ഫോർവേഡ് കണ്ടു (പല തവണ).
 
ഒറ്റ നോട്ടത്തിൽ ശരിയാണ്. ഇന്ത്യയിൽ തന്നെ ആളോഹരി ഏറ്റവും കൂടുതൽ ആശുപത്രിയും ഡോക്ടർമാരുമുള്ള സംസ്ഥാനമാണ് കേരളം. അവിടെ എവിടെ ചെന്നാലും തിരക്കോട് തിരക്കായിരുന്നു. ഇപ്പോൾ കൊറോണ വന്നപ്പോൾ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ പോലും തിരക്കില്ല. അപ്പോൾ സത്യത്തിൽ നമുക്ക് അത്ര രോഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലേ?
അസംബന്ധമായ ചിന്തയാണ്.
 
കേരളത്തിലുള്ള ആളുകൾ ഏറ്റവും ചെറിയ ആവശ്യങ്ങൾക്ക് പോലും ആശുപത്രിയിൽ പോകുന്നു എന്നത്, അങ്ങനെ പോകാൻ അവർക്ക് ആശുപത്രികൾ ഉണ്ടെന്നുള്ളത്, അങ്ങനെയുള്ള ആശുപത്രിയിൽ പോകാൻ നമുക്ക് റോഡുകളും വാഹനങ്ങളും ഉണ്ടെന്നത്, ആ ആശുപത്രികളിൽ പലതിലും പണം കൊടുക്കാതെ നമുക്ക് ചികിത്സ ലഭിക്കും എന്നത്, പണം കൊടുക്കേണ്ടിടത്ത് കൊടുക്കാൻ നമുക്ക് പണം ഉണ്ടായിരുന്നു എന്നത്, എല്ലാം നമ്മുടെ വികസനത്തിന്റെയും അറിവിന്റെയും മുന്നേറ്റമാണ് കാണിക്കുന്നത്, അല്ലാതെ ഏതെങ്കിലും മനോരോഗത്തിന്റെ പ്രതിഫലനമല്ല.
 
ഇന്നിപ്പോൾ, ലോകം ചരിത്രം നേരിട്ടില്ലാത്ത ആരോഗ്യ വെല്ലുവിളി നേരിടുന്പോൾ, അതിനെ നേരിടാൻ നമ്മുടെ ആരോഗ്യ സംവിധാനം ഒരുമിച്ച് പ്രവർത്തിക്കുന്പോൾ, അവർക്ക് സഹായം നൽകാൻ ആളുകളോട് വീട്ടിലിരിക്കാൻ ഭരണകൂടം ആവശ്യപ്പെടുന്പോൾ, എന്നിട്ടും ശരിയായി കാര്യങ്ങൾചെയ്യാതെ കാര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാതെ ഒരു ചെറിയ കൂട്ടം ആളുകൾ പുറത്തിറങ്ങുന്പോൾ, നമ്മുടെ ചെറിയ പ്രശ്നത്തിന് ഇപ്പോൾ ആശുപത്രിയിൽ പോകുന്നത് ശരിയല്ല എന്ന് കരുതി കാര്യങ്ങൾ ടെലിമെഡിസിൻ ആയി ചികിത്സ ചെയ്യുന്നതും കുറച്ചു നാളത്തേക്ക് നീട്ടിവെക്കുന്നതും നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സാമൂഹ്യ ബോധത്തിന്റെയും തെളിവാണ്. അതിനെ പരിഹസിക്കുന്നത് കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാത്തത് കൊണ്ടാണ്.
 
‘കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുന്പോഴാണോ ഉപ്പൂപ്പാന്റെ കോണകം പാറിയ കഥ’ എന്നോ മറ്റോ ഉള്ള സിനിമ ഡയലോഗ് ആണ് ഇവിടെ ഓർക്കേണ്ടത്.
ഉപ്പൂപ്പാന്റെ കോണകം പാറിപ്പോയത് പുള്ളിയെ സംബന്ധിച്ചിടത്തോളം നിസ്സാര കാര്യമല്ല. ആന പാറുന്ന കാലം കഴിയുന്പോൾ കോണകത്തിന്റെ കാര്യവും നമുക്ക് കൈകാര്യം ചെയ്തേ പറ്റൂ.
 
കൊറോണക്കാലത്തും സ്വന്തം ആരോഗ്യ കാര്യത്തിൽ അശ്രദ്ധ വേണ്ട. വാട്ട്സാപ് പ്രൊഫസർമാർ എന്തും പറയട്ടെ. അസുഖം വന്നാൽ “എന്റമ്മേ” എന്നു വിളിച്ച് അവരും സൂപ്പർ സ്പെഷ്യലിറ്റിയിൽ എത്തുക തന്നെ ചെയ്യും..
 
മുരളി തുമ്മാരുകുടി

Leave a Comment