പൊതു വിഭാഗം

മലമുകളിലെ മുട്ടക്കഥകൾ…

പണ്ട് തൊട്ടേ കവികളോട് എനിക്ക് ചെറിയൊരു കുശുന്പുണ്ട്. ഒരു കവിത എഴുതിയാൽ പിന്നെ ഒരായിരം സ്റ്റേജിൽ പാടിയാലും അവർക്ക് കൈയടി കിട്ടും. പോരാത്തതിന് എവിടെയെങ്കിലും അവർ പാടിയില്ലെങ്കിൽ ആളുകൾ “സാർ, പ്ലീസ് ആ കവിത ഒന്ന് ചൊല്ലൂ” എന്ന് പറഞ്ഞു പുറകേ വരും.

കഥ എഴുത്തുകാരന്റെ കാര്യം അങ്ങനെയല്ല. ഒരേ കഥ രണ്ടാമതു പറഞ്ഞാൽ ആളുകൾക്ക് ബോറടിക്കും. “ചേട്ടൻ കഴിഞ്ഞ തവണ പറഞ്ഞതാണ്” എന്നുപറഞ്ഞു കോട്ടുവായിടും. സമൂഹ മാധ്യമത്തിന്റെ കാലത്ത് ജനീവയിൽ പറഞ്ഞ കഥ ദുബായിൽ പോലും പറയാൻ പറ്റില്ല. അതുകൊണ്ട് ഓരോ സ്ഥലത്ത് പോകുന്പോളും പുതിയ കഥകൾ ഉണ്ടാക്കണം. അതിനുമാത്രം കഥ എവിടെ ഇരിക്കുന്നു?

എന്നൊക്കെയാണ് ഞാൻ കഴിഞ്ഞ മാസം വരെ ധരിച്ചിരുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഫുജൈറയിലെ ഒരു മലമുകളിൽ വച്ച് ഞാൻ കൊടകരപുരാണത്തിന്റെ എഴുത്തുകാരനായ ബ്ലോഗ് ലോകത്തെ സൂപ്പർ സ്റ്റാറായ സജീവിനെ കണ്ടുമുട്ടുന്നത്. കാബൂളിൽ നിന്നും ജനീവയിലേക്ക് പോകുന്ന വഴി ഒരു ദിവസത്തെ ‘റസ്റ്റ് ആൻഡ് റിക്രിയേഷൻ’ സ്റ്റോപ്പ് ഓവർ ആണ്. അബുദാബിയിലെ സുഹൃത്തുക്കളോടൊപ്പം കഴിയുക എന്നതാണ് എൻറെ സ്ട്രെസ് റിലീഫ്. ഇത്തവണ കിരൺ ഒരു ഐഡിയ പറഞ്ഞു, ഫുജൈറയിൽ രാത്രി ക്യാംപ് ചെയ്യാം. അങ്ങനെയാണ് രാത്രി മലമുകളിലെത്തുന്നതും സജീവിനെ കണ്ടുമുട്ടുന്നതും.

ഏറെ കഥകളുള്ള ആളാണ്, പക്ഷെ വിശാലഹൃദയൻ ആയതിനാലാകണം അദ്ദേഹം ആദ്യത്തെ ഒരു മണിക്കൂർ ഒന്നും സംസാരിച്ചില്ല. ഞാൻ പതിവുപോലെ കത്തി തുടങ്ങി, തുടർന്നു. അദ്ദേഹം ഒന്നും പറയാത്തതിനാലാകണം കിരൺ അദ്ദേഹത്തെ നിർബന്ധിച്ചു.

“ചേട്ടാ, ആ മുട്ടയുടെ കഥ ഒന്ന് പറയണം.”

വിശാല മനസ്കൻ തുടങ്ങി. ഓരോ കഥ നിർത്തുന്പോഴും കൂട്ടത്തിലുള്ള ആളുകൾ “സജീവ്, മറ്റേ സിഗരറ്റിന്റെ കഥ പറയൂ, പോക്കറ്റടിയുടെ കഥ പറയൂ” എന്നിങ്ങനെ പ്രോത്സാഹിപ്പിക്കും.

“ഏയ് അതൊന്നും വലിയ കഥയല്ല, എന്ന് പറഞ്ഞ് അദ്ദേഹം കഥ പറച്ചിൽ തുടങ്ങും. നിർമ്മലമായ നർമ്മമാണ്. ഗ്രാമത്തിന്റെ ഭാഷയാണ്. പുതിയ ലോകത്തിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒന്നും നോക്കിയല്ല പറയുന്നത്, വാക്കുകൾക്ക് ക്ഷാമമില്ല, കൃത്രിമത്വം ഇല്ല. ഞാൻ ആദ്യമായി കേൾക്കുകയാണ്, മറ്റുള്ളവർ പലവുരു കേട്ടിട്ടുണ്ടെന്നാലും വീണ്ടും കേൾക്കാൻ തോന്നുന്ന ഭാഷ, സംഭാഷണ രീതി, കഥകൾ.

എഴുതാൻ ഒരാളെ നോക്കിയിരിക്കുന്ന കഥകൾ നമുക്ക് ചുറ്റുമുണ്ട്, ഓരോ ഗ്രാമത്തിലും നഗരത്തിലും. നമുക്ക് ചുറ്റുമുള്ള ആളുകൾ, നമുക്കറിയാവുന്ന കഥകൾ. കൊടകരക്കാർ പുണ്യം ചെയ്തവരാണ്. അവരുടെ കഥകൾക്ക് അക്ഷര രൂപം നല്കാൻ ദിവസവും മനസ്സുകൊണ്ട് ഫുജൈറയിൽ നിന്നും കൊടകരയിൽ പോയി വരുന്ന ഒരാൾ അവിടെയുണ്ട്.

സമയം പന്ത്രണ്ടു കഴിഞ്ഞു. ഞാൻ വിട്ടുകൊടുത്ത പന്ത് ഇപ്പോഴും അദ്ദേഹം തിരിച്ചു തന്നിട്ടില്ല. പതിനൊന്നു കഴിഞ്ഞാൽ സെക്കൻഡ് ഷോ സിനിമ പോലെയുള്ള കഥകൾ വരണം, അതാണ് ആചാരം. നിർമ്മലഹൃദയനായ വിശാല മനസ്കനിൽ നിന്നും അതുണ്ടാകുമോ എന്നാണ് ഞാൻ ചിന്തിക്കുന്നത്.

ദാ വരുന്നു, നൗഫലിൻറെ ചോദ്യം.

“സജീവ്, ആ മൂവന്തി നേരത്ത് വാടാനപ്പള്ളിയിൽ പെണ്ണ് കാണാൻ പോയ കഥ പറയൂ”

“ആ കുവൈറ്റിലെ ചേട്ടൻ വാങ്ങിത്തന്ന കാമറ തെങ്ങിൽ കയറുന്ന അച്ഛനെ ലക്ഷ്യമാക്കിയ കഥ പറയൂ”.

ഇതിലൊക്കെ എന്താണ് ‘എ’ എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. വായിച്ചു നോക്കിയാൽ മതി. പക്ഷെ സീരിയസ് ആയി കഥ പറയുന്ന അതേ മുഖ ഭാവത്തോടെ അദ്ദേഹം കഥകൾ പറയുന്പോൾ ചുറ്റുമിരുന്ന് ഞങ്ങൾ പൊട്ടിച്ചിരിക്കുന്നത് പോലും അദ്ദേഹത്തെ ചിരിപ്പിക്കുന്നില്ല. നിഷ്കളങ്കമായി ഒന്നിന് പുറകെ ഒന്നായി കഥയോട് കഥ.

നിങ്ങൾ ‘ദി സന്പൂർണ്ണ കൊടകര പുരാണം’ വാങ്ങിയോ വായിച്ചോ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. അത് ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് തന്നെ നഷ്ടം. ഗ്രീൻ ബുക്കിന്റെ ശാഖയിൽ കിട്ടും, ഇന്ദുലേഖയിൽ ഓൺലൈൻ ആയും. ഇല്ലെങ്കിൽ സജീവിനെ നേരിട്ട് ബന്ധപ്പെടൂ. വായിക്കാതെ പോകരുത്.

എൻറെ വായനക്കാരിൽ ഇദ്ദേഹത്തെ അറിയാത്തവർ ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷെ ഇപ്പോഴും പതിനായിരത്തിന് താഴെ ആളുകളാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. അത് നമുക്ക് ‘ഒറ്റ രാത്രി’ കൊണ്ട് മാറ്റിക്കൊടുക്കണം. വെറുതെയല്ല, കുറച്ചു നാളായി അദ്ദേഹം കഥകൾ എഴുതാതെ മടിപിടിച്ചിരിക്കയാണ്. അത് മാറ്റണം, കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്പോൾ കൂടുതൽ പുരാണങ്ങൾ പുറത്തുവരും. അത് കൊടകരയിൽ നിന്ന് തന്നെ ആകണമെന്നില്ല. വിശാലമനസ്കന്റെ കണ്ണിൽപ്പെട്ട ജബൽ അലിയിൽ നിന്നും, ഫുജൈറയിൽ നിന്നും ദുബായിൽ നിന്നും കൊടകരക്കാരന്റെ ഭാഷയിൽ ഇനിയും കഥകൾ ഉണ്ടാകട്ടെ, അത് പുസ്തകമായി, നാടെങ്ങും വായിക്കപ്പെടട്ടെ.

Sajeev Edathadan എല്ലാ ആശംസകളും.

മുരളി തുമ്മാരുകുടി

Leave a Comment