പൊതു വിഭാഗം

മലനാട്ടിലെ ദുരന്തവും ദുരിതവും

ദുരന്ത ബാധിത പ്രദേശത്തെ ഓട്ട പ്രദിക്ഷണത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇന്ന്. തൊടുപുഴയിൽ നിന്നും തുടങ്ങി ചെറുതോണി, കരിമ്പൻ, തടിയമ്പാട്, കൊന്നത്തടി എന്നിവിടങ്ങളിലൂടെ അടിമാലിയിൽ അവസാനിപ്പിച്ചു.
വെള്ളപ്പൊക്കം വന്ന ഇടനാട്ടിൽ നിന്നും ഏറെ വ്യത്യസ്തമായ കാഴ്ചകളാണ് മലനാട്ടിലേത്. വെള്ളമിറങ്ങിയതോടെ ആലുവയിലും ചാലക്കുടിയിലും കാലടിയിലും ചെന്നെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ മലയിലെ സ്ഥിതി അതല്ല. മലകയറിയാൽ മെയിൻ റൂട്ടിൽ പോലും ഓരോ കിലോമീറ്ററിലും ചുരുങ്ങിയത് ഒരു മണ്ണിടിച്ചിൽ വീതമുണ്ട്. പലയിടത്തും റോഡുകൾ പകുതിയോളം ഇടിഞ്ഞു പോയിരിക്കുന്നു. പല റോഡുകളും മുറിഞ്ഞു പോയതിനാൽ യാത്ര തടസ്സപ്പെട്ടിരിക്കുന്നു. മെയിൻ റോഡുകളൊക്കെ ഒരുവിധം ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. പക്ഷെ ഗ്രാമങ്ങളിലേക്കും പോകുന്ന പല വഴികളും പൂർണ്ണമായി നശിച്ച് ഗ്രാമങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു.
 
റോഡുകൾ മാത്രമല്ല, ഏറെ വീടുകൾക്കും നാശനഷ്ടമുണ്ടായി. കൊന്നത്തടിയിൽ ഒരു മലയിറമ്പിൽ മണ്ണിടിഞ്ഞിട്ട് അവിടെ ഉണ്ടായിരുന്ന വീടുകൾ കാണാൻ പോലുമില്ല. ഭാഗ്യത്തിന് മണ്ണിൽ വിള്ളൽ കണ്ടയുടൻ ആളുകൾ ഒഴിഞ്ഞ് പോയതിനാൽ മരണങ്ങൾ ഒഴിവായി. പക്ഷെ ജില്ലയിൽ ഏറെ സ്ഥലങ്ങളിൽ ഇപ്പോഴും വിള്ളലുള്ള സ്ഥലങ്ങളുണ്ട്. താഴെ പ്രളയശേഷവും ഓരോ മഴ വരുമ്പോഴും കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമോ, ഉരുൾ പൊട്ടൽ ഉണ്ടാകുമോ എന്ന പേടിയിൽ ആണ് മലയിലെ ആളുകൾ.
 
ഏറ്റവും കഷ്ടം ഇതല്ല. ഈ മഴക്കാല ദുരന്തത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മലയിൽ മണ്ണിടിച്ചിലിലും ഉരുൾ പൊട്ടലിലുമാണ്. ഏറെ വീടുകൾ പൂർണ്ണമായി നശിച്ചിരിക്കുന്നു. കുട്ടികൾക്ക് സ്‌കൂളിൽ പോലും പോകാൻ പറ്റാത്ത തരത്തിൽ റോഡ് ഗതാഗതം ബുദ്ധിമുട്ടിലായിരിക്കുന്നു. എന്നിട്ടും ഞാൻ ഉൾപ്പെടെയുള്ള ശരാശരി മലയാളി ഈ ദുരന്തകാലത്തെ ‘പ്രളയകാലം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ദുരിതാശ്വാസം നൽകാനും വീടുകൾ വൃത്തിയാക്കാനും ഒക്കെയായി ആലുവയിലേക്കും ചാലക്കുടിയിലേക്കും ചുറ്റുപാടുള്ളവരും ദൂരദേശത്തുള്ളവരും തലങ്ങും വിലങ്ങും ഓടിനടക്കുമ്പോൾ മലയിൽ സഹായത്തിന് ആരുമില്ല. നാടാകെ മുങ്ങിക്കിടക്കുന്ന പ്രളയം പോലെയുള്ള മാധ്യമശ്രദ്ധ ഒറ്റക്കൊറ്റക്കുള്ള ഉരുൾപൊട്ടലിലും മണ്ണിച്ചിലും ഇല്ല. ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനത്തിന്റെ നാടകീയത ജെ സി ബി ഉപയോഗിച്ച് മണ്ണിനടിയിൽ പെട്ടവരെ പൊക്കിയെടുക്കാൻ ശ്രമിക്കുമ്പോൾ ഇല്ല.
 
ഇടുക്കിയിലെ ജനങ്ങൾക്ക് ദുരിതം പരിചിതമാണ്. അവർ കരയുന്നില്ല, പരാതി പറയുന്നില്ല. മണ്ണും ചെളിയും മാറ്റി, മരങ്ങൾ വെട്ടിനീക്കി ജീവിതം തുടരാൻ അവർ ശ്രമിക്കുകയാണ്. ചിലയിടത്ത് റോഡുകൾ തന്നെ അവർ പുനർനിർമ്മിക്കാൻ തുടങ്ങി. പതിവ് പോലെ അവിടുത്തെ ജന പ്രതിനിധികൾ എല്ലാത്തിനും മുന്നിലുണ്ട്. പക്ഷെ പ്രളയത്തിൽ പെട്ടവരുടെ ബുദ്ധിമുട്ടുകൾ ജനങ്ങളും മാധ്യമങ്ങളും ഏറ്റെടുക്കുമ്പോൾ ഇടുക്കിക്കാരുടെ പ്രശ്നങ്ങൾ അവരുടേത് മാത്രമായി മാറ്റി നിർത്തരുത്.
 
എന്റെ നിർദ്ദേശങ്ങൾ താഴെ പറയുന്നു.
 
1. കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും കുറച്ച് മാധ്യമ പ്രവർത്തകരെങ്കിലും മലമുകളിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനായി പോകണം. ലോകത്തെവിടെയും എവിടെയാണോ മാധ്യമങ്ങൾ ഉള്ളത് അവിടെയാണ് സഹായങ്ങൾ എത്തുന്നത്.
 
2. നഗരങ്ങളിലെ കുട്ടികൾ സന്നദ്ധ പ്രവർത്തനത്തിനായി മലയിലും ഒന്ന് പോയി നോക്കണം. ഇക്കാര്യം ആ നാട്ടിലുള്ളവരുമായി കോർഡിനേറ്റ് ചെയ്യണം. എന്തെന്നാൽ ഇപ്പോൾത്തന്നെ അവിടെ രാത്രി താങ്ങാനുള്ള സൗകര്യം കുറവാണ്.
 
3. ഇടുക്കിയിൽ നിന്നും മറ്റു സ്ഥലങ്ങളിൽ വന്നു ജോലി ചെയ്യുന്നവർ അവരുടെ നാട്ടിലെ പ്രശ്നങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്തണം. ആരും ആരെയും മനഃപൂർവം ഒഴിവാക്കുന്നില്ല, പക്ഷെ ആളുകളുടെ പ്രശ്നങ്ങളറിയാതെ എങ്ങനെ സഹായമെത്തിക്കാൻ പറ്റും?
 
4. ഇടുക്കിയിലെ ഭരണകൂടവും തദ്ദേശ സ്ഥാപങ്ങളിലെ നേതൃത്വവും ജില്ലക്ക് ഏതൊക്കെ തരത്തിലുള്ള സഹായങ്ങളാണ് പുറത്തുനിന്ന് വേണ്ടത് എന്നത് കൃത്യമായി തുടർച്ചയായി പറഞ്ഞുകൊണ്ടേ ഇരിക്കണം. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത് ദുരന്ത കാലത്തും നിലനിൽക്കുന്ന തത്വശാസ്ത്രമാണ്.
മാധ്യമങ്ങൾ ഇനിയെങ്കിലും പ്രളയ ദുരന്തം എന്ന വാക്ക് മാറ്റി മഴക്കാല ദുരന്തം എന്ന് പ്രയോഗിക്കണം. മലനാട്ടിലെ പ്രശ്നങ്ങൾ ഇടനാട്ടിലെ പ്രളയത്തിന്റെ ഒരു ഫുട്ട് നോട്ട് അല്ല, ആയിരിക്കാൻ പാടില്ല.
 
മുരളി തുമ്മാരുകുടി
 
(കൊന്നത്തടി പഞ്ചായത്തിൽ ആറു വീടുകൾ മണ്ണിനടിയിലാക്കിയ ഒരു മണ്ണിടിച്ചിൽ ഒറ്റപ്പെടുത്തിയ കുറെ കുടുംബങ്ങൾക്ക് വേണ്ടി താൽക്കാലിക റോഡ് നിർമ്മിക്കുന്ന നാട്ടുകാരാണ് ചിത്രത്തിൽ. നമ്മുടെ കുറേ യുവാക്കൾ ഈ പ്രദേശങ്ങളിലും എത്തണം, പ്ളീസ്)
 

Leave a Comment