പൊതു വിഭാഗം

മനം നിറഞ്ഞ ഒരു ദിവസം…

പിറന്നാളായിരുന്നു. സാധാരണ പിറന്നാളിന് നാട്ടിൽ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ ആഘോഷങ്ങളും പതിവില്ല.
വീട്ടിലുള്ള വർഷങ്ങളിലും ലളിതമാണ് എൻറെ പിറന്നാൾ ആഘോഷം. അമ്മയുടെ അടുത്ത് പോകും, അമ്മ അരച്ചുകലക്കി എന്ന വിഭവം ഉണ്ടാക്കും, പപ്പടം കാച്ചും, ഒരു നിലവിളക്ക് കൊളുത്തി വെക്കും, ചോറ് വിളന്പും. എത്ര വിളന്പിയാലും നിറുത്താൻ പറയരുത് എന്നതാണ് ചട്ടം. മറ്റു ദിവസങ്ങളിൽ ആവശ്യത്തിന് ഭക്ഷണം കൊടുക്കാൻ ഇല്ലാതിരുന്ന കാലത്ത് ഉണ്ടാക്കിയതാകണം. എന്താണെങ്കിലും ഡൈനിങ് ടേബിളിൽ എപ്പോഴും ആവശ്യത്തിലധികം ഭക്ഷണം ഉണ്ടായിട്ടും ആ ചട്ടത്തിന് മാറ്റമില്ല.
 
ഇത്തവണ പക്ഷെ നാട്ടിലുണ്ടായിട്ടും അമ്മയുടെ അടുത്ത് പോയില്ല. സാമൂഹിക അകലം പാലിക്കുന്നത് അമ്മയോടുള്ള സ്നേഹം കൊണ്ടാണ്.
 
അമ്മ രാവിലെ തന്നെ വിളിച്ചു. മറ്റുള്ളവർ തുമ്മാരുകുടി കൂതറ ഗ്രൂപ്പിൽ ആശംസകൾ അറിയിച്ചു.
 
ചേട്ടനും കുടുംബവും അടുത്തുണ്ടായത് കൊണ്ട് ഒന്നിനും കുറവ് വന്നില്ല. അരച്ചുകലക്കി മാത്രമല്ല, പപ്പടവും പഴവും പായസവും ഒക്കെയുണ്ടായിരുന്നു.
 
ഞാനും ഒട്ടും കുറച്ചില്ല, പെരുന്പാവൂരിൽ നിന്നും അടിപൊളി കോടിമുണ്ട് വാങ്ങിയിരുന്നു. വീട്ടിലിരുന്നാണ് ജോലി എങ്കിലും അലക്കിത്തേച്ച ഡ്രസ്സുമായിട്ടാണ് എന്നും ദിവസം തുടങ്ങുന്നത്. തുണി തേക്കുന്ന ആൾക്ക് മുതൽ കന്പ്യൂട്ടർ വിൽക്കുന്ന സ്ഥാപനത്തിന് വരെ ബിസിനസ്സ് ഉണ്ടാക്കിക്കൊടുക്കാൻ തന്നാലായത് ചെയ്യുക എന്നത് ഈ കൊറോണക്കാലത്തെ എൻറെ രാഷ്ട്രീയമാണ്.
 
വർക്ക് ഫ്രം ഹോം ആണ്. രാവിലെ ഒന്പതരയ്ക്ക് ജോലി തുടങ്ങും, തലേ ദിവസം ഹൈറ്റിയിലെ ഓഫിസിൽ നിന്നുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടായിരിക്കും, അപ്പോഴേക്കും അഫ്ഘാനിസ്ഥാനിലെ ഓഫീസ് തുടങ്ങും, പതിനൊന്നാകുന്പോൾ സുഡാൻ, പതിനൊന്നര ആകുന്പോൾ നൈറോബി. പന്ത്രണ്ടര ആകുന്നതോടെ ജനീവയിലെ ഓഫിസിന് ജീവൻ വെക്കും, പിന്നെ നൈജീരിയ, ന്യൂ യോർക്ക്, ഹെയ്തി. അപ്പോഴേക്കും രാത്രി ആറര ആകും, പണി മതിയാക്കും.
 
ലോക്ക് ഡൌൺ കാലത്ത് ടേബിൾ ടെന്നീസ് പഠിക്കാൻ തീരുമാനിച്ചു, വീടിനു മുകളിൽ ഒരു ടി ടി ടേബിൾ വാങ്ങിയിട്ടു, മഴയാണെങ്കിലും അതുകൊണ്ട് കളി മുടങ്ങുന്നില്ല.
രാവിലെ കൈരളി ടി വി വിളിച്ചിരുന്നു. ഒരു ചർച്ചയിൽ പങ്കെടുക്കണം. കൊറോണ തുടങ്ങിയതിൽ പിന്നെ മൂന്നാമത്തെ പ്രാവശ്യമാണ് വിളിക്കുന്നത്. ഞാൻ ടി വി യിൽ പാനൽ ചർച്ചകളിൽ പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിട്ട് നാലു വർഷം കഴിഞ്ഞു, ഈ കൊറോണക്കാലത്ത് തന്നെ എത്രയോ ആളുകൾ വിളിച്ചു, പോയില്ല, ഉറച്ചു നിന്നു.
 
പിറന്നാൾ ആയതിനാൽ നല്ല മൂഡിലായിരുന്നതിനാൽ ചർച്ചക്ക് സമ്മതിച്ചു. ചർച്ചക്ക് വന്നവരും ചർച്ച നയിച്ചതും ഒക്കെ പരിചയക്കാരായിരുന്നു (ഡോക്ടർ തോമസ് ഐസക്ക്, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോക്ടർ മുഹമ്മദ് അഷീൽ, ബ്രിട്ടാസിന്റെ ആങ്കറിങ്ങ്). വൈകീട്ട് ഒന്നര മണിക്കൂർ ചർച്ച. ബ്രിട്ടാസ് രാഷ്ട്രീയം കൊണ്ടുവരാൻ നോക്കിയെങ്കിലും ചർച്ച കുറച്ചൊക്കെ സീരിയസ് ആക്കാൻ എനിക്ക് കഴിഞ്ഞു എന്ന് തോന്നി. ഒന്നര മണിക്കൂർ ഉണ്ടായിരുന്നത് കൊണ്ട് ആളുകൾക്ക് സംസാരിക്കാൻ സമയം കിട്ടി, തടസ്സപ്പെടുത്തൽ ഇല്ല, ഒച്ചപ്പാടില്ല. ഇങ്ങനെയും ചർച്ചകൾ നടത്താവുന്നതാണ്. ശബ്ദമല്ല പ്രകാശമാണ് ചർച്ചകളിൽ നിന്നും മനുഷ്യന് ലഭിക്കേണ്ടത്.
ദിവസം മുഴുവൻ ഫേസ്ബുക്കിൽ ആശംസകളുടെ പ്രവാഹം ആയിരുന്നു. പോസ്റ്റിന് ലൈക്ക് പതിനയ്യായിരം കവിഞ്ഞു, ആശംസകൾ തന്നെ പല ആയിരങ്ങളായി. പതിവുള്ളതല്ല. മനസ്സ് നിറഞ്ഞു.
 
ലോക്ക് ഡൌൺ തുടങ്ങിയതിൽ പിന്നെ ഏറെപ്പേരെ നിസ്സാര കാരണങ്ങളാൽ ബ്ലോക്ക് ഓഫിസിൽ പിടിച്ചിരുത്തിയിരുന്നു. മിക്കവാറും പേരുടെ പേര് പോലും ഓർമ്മയില്ല, എന്തിനാണ് അവരെ ബ്ലോക്ക് ചെയ്തതെന്നും. പിറന്നാളാഘോഷത്തിന്റെ ഭാഗമായി പേരോ കുറ്റമോ ഓർക്കാത്ത എല്ലാവർക്കും പൊതുമാപ്പ് നൽകി. ബ്ലോക്ക് ഓഫീസിൽ വീണ്ടും പത്തിൽ താഴെ ആളുകളായി.
സ്വിറ്റ്‌സർലണ്ടിൽ കാര്യങ്ങൾ ഏതാണ്ട് പഴയ നിലയിലായി. ഓഫിസുകൾ പ്രവർത്തിച്ചു തുടങ്ങി, ഇന്ത്യയിൽ നിന്നും ഇപ്പോൾ യൂറോപ്പിലേക്ക് ദിവസവും പല പ്രാവശ്യം വിമാനങ്ങൾ ഉണ്ട്. ഓഗസ്റ്റ് ആദ്യം തിരിച്ചു പോകാം എന്ന് കരുതിയതാണ്.
പക്ഷെ ഇനി തൽക്കാലം പോകുന്നില്ല, കേരളത്തിലെ കൊറോണ കുന്നു കയറുകയാണ്. കേസുകളുടെ എണ്ണവും മരണവും ഇനി വളരെ വേഗത്തിൽ കൂടും. എൻറെ ജീവിതകാലത്ത് ഇതിലും വലിയൊരു ദുരന്ത സാഹചര്യം കേരളം ഇനി കാണാൻ പോകുന്നുണ്ട് എന്ന് തോന്നുന്നില്ല, അപ്പോൾ അതിൻറെ നടുക്ക് നിൽക്കുന്നതാണ് ശരി. ദുരന്ത നിവാരണ രംഗത്ത് എല്ലാ തരത്തിലും എല്ലാ തലത്തിലും എനിക്കുള്ള അറിവുകളും ബന്ധങ്ങളും ഉപയോഗിക്കേണ്ട സമയമാണ്. ആവുന്നത് പോലെ ചെയ്യുന്നുണ്ട്. ആവശ്യത്തിന് രക്തസമ്മർദ്ദവും ആവശ്യത്തിലധികം തടിയും ഉള്ളതിനാൽ വ്യക്തിപരമായും അല്പം റിസ്ക് ഉണ്ട്. പക്ഷെ പരമാവധി സാമൂഹിക അകലം പാലിച്ച് സുരക്ഷിതമായിരിക്കാൻ ശ്രമിക്കും.
 
ഇന്നലെ പറഞ്ഞത് പോലെ കേസുകളുടെ വളർച്ച നിയന്ത്രിക്കാൻ ശക്തമായ തീരുമാനങ്ങൾ ഈ ആഴ്ച ഉണ്ടായാൽ ഓണമാകുന്പോഴേക്കും കൊറോണ കുന്നു കയറി ഇറങ്ങും എന്നാണ് പ്രതീക്ഷ. ഈ ആഴ്ച തീരുമാനം ഉണ്ടായില്ലെങ്കിൽ അടുത്തയാഴ്ച പ്രതിദിന കേസുകൾ വീണ്ടും ഇരട്ടിക്കും. ഇന്നെടുക്കേണ്ട തീരുമാനം അന്നെടുത്താൽ ഒരു മാസം കൊണ്ടു സാധിക്കുന്ന ഫലത്തിന് രണ്ടുമാസം എടുക്കും. രണ്ടാണെങ്കിലും കുന്നിലേക്കുള്ള കയറ്റം റോളർ കോസ്റ്റർ പോലെ അല്പം വേഗത്തിലായിരിക്കും. ആളുകൾ പേടിക്കും.
ഈ സാഹചര്യത്തിൽ രോഗം അതിവേഗത്തിൽ കൂടിയ കാലത്ത് കൊറോണയെ മറ്റു രാജ്യങ്ങൾ എങ്ങനെയാണ് നേരിട്ടത്, വ്യക്തിപരമായി എന്തൊക്കെ ചെയ്യാം എന്നതിനെ പറ്റിയൊക്കെ ഇടക്ക് ഫേസ്ബുക്ക് ലൈവ് ചെയ്താലോ എന്നൊരു ആലോചനയുണ്ട്.
 
എന്താണെങ്കിലും ആഗസ്ത് മാസം ഞാനും നിങ്ങളും റോളർ കോസ്റ്ററിൽ തന്നെ ആയിരിക്കും, പിടിച്ചിരിക്കുക. ഓണം ആഘോഷിക്കാനുള്ളതാണ്.
 
പിറന്നാളാശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി!
 
മുരളി തുമ്മാരുകുടി

Leave a Comment