പൊതു വിഭാഗം

ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കുന്നതെങ്ങനെ?

ജനാധിപത്യം എന്നാൽ ജനങ്ങൾ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന സംവിധാനം എന്ന് പൊതുവെ പറയാമെങ്കിലും എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നനുസരിച്ച് ആരാണ് തിരഞ്ഞെടുക്കപ്പെടുന്നത് എന്നത് മാറും. അതുകൊണ്ടാണ് ഫ്രാൻസിൽ ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം മാത്രമല്ല രീതിയും നമ്മൾ ശ്രദ്ധിക്കേണ്ടത്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനം അനുസരിച്ച് അർഹതയുള്ള ആർക്കും എം എൽ എ ആവാനോ എം പി ആവാനോ മത്സരിക്കാം. എല്ലാ സമ്മതിദായകർക്കും ഓരോ വോട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വോട്ട് ചെയ്തവരിൽ ഏറ്റവും കൂടുതൽ പേർ ആർക്ക് വോട്ട് ചെയ്തോ ആ ആളാണ് വിജയിക്കുന്നത്. നാല് പേർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും അവർക്ക് യഥാക്രമം 30, 25, 23, 22 ശതമാനം വോട്ട് കിട്ടുകയും ചെയ്താൽ മുപ്പത് ശതമാനം വോട്ടുകിട്ടിയ ആൾ ജയിച്ചതായി പ്രഖ്യാപിക്കും. അവരുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിന്നെ എതിർപ്പില്ല. കണക്കു നോക്കിയാൽ എഴുപത് ശതമാനം ആളുകളും അവരുടെ നയങ്ങൾക്ക് എതിരാണ്, പക്ഷെ അതൊന്നും പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

ഫ്രാൻസിൽ അങ്ങനെയല്ല തെരഞ്ഞെടുപ്പു രീതി. എത്ര പേർക്ക് വേണമെങ്കിലും തിരഞ്ഞെടുപ്പിന് മത്സരിക്കാം, അവരിൽ വോട്ടു ചെയ്യുന്നവരിൽ അൻപത് ശതമാനത്തിന്റെ പിന്തുണ ഉണ്ടെങ്കിലേ സ്ഥാനാർത്ഥി ജയിക്കൂ. ആർക്കും അൻപത് ശതമാനം വോട്ട് കിട്ടിയില്ലെങ്കിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ രണ്ടുപേർ തമ്മിൽ വീണ്ടും നേർക്ക് നേർ മത്സരം ആണ്, അപ്പോൾ ഒരാൾക്ക് അൻപത് ശതമാനത്തിന് മുകളിൽ കിട്ടണമല്ലോ.

ഇതുകൊണ്ടുള്ള ഗുണം എന്താണെന്ന് വച്ചാൽ ഒന്നാമത്തെ റൗണ്ടിൽ തോൽക്കുന്ന സ്ഥാനാർത്ഥികളുടെ നയങ്ങളിൽ അല്പം ഒക്കെ ബാക്കി നിൽക്കുന്ന സ്ഥാനാർത്ഥികൾ സ്വീകരിക്കാൻ തയ്യാറാകും, അങ്ങനെയാണ് തോറ്റ സ്ഥാനാർത്ഥികളെ പിന്തുണച്ചവരുടെ വോട്ട് ഉറപ്പാക്കുന്നത്.
ഇന്ന് ഫ്രാൻസിൽ നടക്കുന്ന തിരഞ്ഞെടുപ്പ് യൂറോപ്പ് മൊത്തം ഉറ്റു നോക്കുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പിനും ബ്രെക്സിറ്റിനും ശേഷം ലോകം എങ്ങോട്ടാണ് ചായുന്നത് എന്ന് ഇന്നറിയാം.

ഇന്ത്യയിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ‘താത്വികമായ’ അവലോകനത്തിൽ നമ്മൾ കൂടുതൽ വോട്ട് മറ്റുള്ളവർക്കാണ് എന്നൊക്ക പറയുമെങ്കിലും പിന്നെയും അതേ രീതിയാണ് പിൻതുടരുന്നത്. വാസ്തവത്തിൽ ഫ്രാൻസിലെ രീതി നമ്മുടെ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്താൻ കഴിവുള്ളതാണ്.

Leave a Comment