പൊതു വിഭാഗം

ഭൂമിയുടെ ചാമ്പ്യൻ, കേരളത്തിന്റെ   അഭിമാനം

നെടുമ്പാശ്ശേരി വിമാനത്താവളം എന്തുകൊണ്ടും കേരളത്തിന് മാതൃകയും മലയാളികളുടെ അഭിമാനവും ആണ്. ‘ഇവിടെ ഒന്നും നടക്കില്ല’ എന്ന സ്ഥിരം പല്ലവി കേട്ട് മടുത്തവർക്ക് കല്ലിലും മണ്ണിലും കോൺക്രീറ്റിലും ആയി പണിതുയർത്തിയ വിമാനത്താവളം, വിചാരിച്ചാൽ എന്തും നടക്കും എന്നതിന്റെ പ്രതീകമാണ്. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം,  പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥ നേതൃത്വം, ആത്മാർത്ഥതയുള്ള തൊഴിൽ സംഘം ഒക്കെയുണ്ടെങ്കിൽ കേരളത്തിൽ എന്താണ് നടക്കാത്തത്..!

 

“ആയിരം രൂപയും ആയിട്ടാണ് ഞാൻ ഈ പ്രസ്ഥാനത്തിലേക്ക് വന്നത്”, കൊച്ചി എയർപോർട്ടിന്റെ തുടക്കകാലം മുതൽ അതിൻറെ നേതൃത്വം വഹിച്ച,  ഇപ്പോഴും ആ കമ്പനിയുടെ തലപ്പത്തുള്ള ശ്രീ വി ജെ കുര്യൻ കഴിഞ്ഞ മാസം എന്നോട് പറഞ്ഞു. “ഇന്നിപ്പോൾ അഞ്ഞൂറ് കോടി രൂപ വർഷത്തിൽ വരുമാനം ഉണ്ട്”, സർക്കാരിന് ലാഭവിഹിതം തന്നെ നൂറ്റി അൻപത് കോടിക്ക് മുകളിൽ നൽകി”.

 

പണം മാത്രമല്ല വിമാനത്താവളം കൊണ്ടുവന്നത്. പണ്ടൊക്കെ വിദേശത്ത് പോകുന്നവർക്ക് കേരളത്തിൽ എത്തണമെങ്കിൽ മുംബൈ വഴി വരണമായിരുന്നു. ഇപ്പോൾ പ്രതിവർഷം അൻപത് ലക്ഷം ആളുകളാണ് കൊച്ചി വഴി വിദേശത്തു നിന്നും കേരളത്തിലെത്തുന്നത്. പൊതുജനങ്ങളിൽ നിന്നും മൂലധനം സംഭരിച്ചു സർക്കാർ നേതൃത്വത്തിൽ നടത്തുന്ന വിമാനത്താവളമാണെന്നാലും പ്രോജക്ടുകൾ സമയാസമയത്തിന് തീരുന്നു, പുതിയവ ആസൂത്രണം ചെയ്യപ്പെടുന്നു. കൊച്ചിയിലെ പുതിയ ടെർമിനൽ നിർമ്മിച്ചതിന് ഒരു ചതുരശ്ര അടിക്ക് ചെലവായത് ഇന്ത്യയിലെ മറ്റു പുതിയ വിമാനത്താവളങ്ങളിൽ ചിലവായതിന്റെ ചെറിയ ശതമാനം മാത്രമാണ്. അങ്ങനെ ദിശാബോധത്തിലും പദ്ധതി നടത്തിപ്പിലും മുൻപന്തിയിലാണ് നമ്മുടെ വിമാനത്താവളം. തുടങ്ങിയ കാലം മുതൽ ശ്രീ കുര്യൻ അതിൻറെ നേതൃത്വത്തിൽ ഉണ്ട് (ഇടക്കാലത്ത് സർവീസിലേക്ക് പോയി, റിട്ടയർ ചെയ്തതിന് ശേഷം വീണ്ടും തലപ്പത്ത് എത്തി).

 

ഇരുപത് വർഷമായി ഞാൻ അദ്ദേഹത്തെപ്പറ്റി കേട്ട് തുടങ്ങിയിട്ട്, ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ തലവനായ ശ്രീ എറിക് സോൾഹൈമിന്റെ വരവ് പ്ലാൻ ചെയ്യാൻ വേണ്ടി ചെല്ലുമ്പോൾ ആണ് ആദ്യമായി കാണുന്നത്. മൂന്നു കാര്യങ്ങളാണ് ഞാൻ അദ്ദേഹത്തിൽ ശ്രദ്ധിച്ചത്.

 

  1. എത്ര ശ്രദ്ധയോടെയാണ് അദ്ദേഹം ഏറ്റവും ചെറിയ കാര്യങ്ങൾ പോലും കാണുന്നത്.
  2. എത്രമാത്രം ജനാധിപത്യ ബോധത്തോടെയാണ് അദ്ദേഹം കൂടെ ജോലി ചെയ്യുന്നവരുമായി ഇടപഴകുന്നത്.
  3. എത്ര ലാളിത്യത്തോടെയാണ് അദ്ദേഹം എല്ലാവരോടും പെരുമാറുന്നത്.

 

എറിക്കിനെ സ്വീകരിക്കാൻ ഞങ്ങൾ വിമാനത്താവളത്തിൽ എത്തി. ഐക്യരാഷ്ട്ര സഭയിലെ സംഘവും, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും ഉണ്ട്. സാധാരണഗതിയിൽ ടെർമിനലിൽ  വച്ചാണ് അതിഥികളെ സ്വീകരിക്കുന്നത്.

 

“സാർ വേണമെങ്കിൽ വിമാനത്തിന്റെ ഗേറ്റിലേക്ക് പോകാം”, അവിടെ നിന്ന പോലീസുകാരൻ പറഞ്ഞു.

 

“അത് വേണ്ട, ഞാനായി ഒരു പുതിയ കീഴ്‍വഴക്കം ഉണ്ടാക്കുന്നില്ല” അദ്ദേഹം പറഞ്ഞു.

 

ഏതാണ്ട് ആറു മാസമായി എറിക്ക് കൊച്ചി വിമാനത്താവളം കാണണമെന്ന് പറഞ്ഞു തുടങ്ങിയിട്ട്. പക്ഷെ പല കാരണങ്ങളാൽ അത് നടന്നില്ല. ഇപ്രാവശ്യം സമയം ഒത്തു വന്നു. അദ്ദേഹം കുറച്ചു മണിക്കൂറിലേക്ക് കേരളത്തിലെത്തി, വിമാനത്താവളം കണ്ടു. അന്ന് തന്നെ ഈ വിമാനത്താവളത്തിന് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ഒരു അംഗീകാരം കൊടുക്കണമെന്ന് ഞങ്ങളോട് പറഞ്ഞു.

 

എറിക്കിന്റെ കൂടെ അതിന് ശേഷം പലരാജ്യങ്ങളിലും പോയി, അവിടെയെല്ലാം പ്രധാമന്ത്രിമാരോടും പ്രസിഡന്റുമാരോടും  അദ്ദേഹം കൊച്ചിയെപ്പറ്റി വാചാലനായി.

 

“നൂറു ശതമാനം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു വിമാനത്താവളം ഇന്ത്യയിൽ ഉണ്ടാക്കാമെങ്കിൽ എന്തുകൊണ്ട് ചൈനയിൽ, അമേരിക്കയിൽ, മധ്യേഷ്യയിൽ, ആഫ്രിക്കയിൽ, യൂറോപ്പിൽ ഉണ്ടായിക്കൂടാ. കൊച്ചിയിലെ പാഠങ്ങൾ എല്ലാവരും പഠിക്കണം”, ഇതിപ്പോൾ അദ്ദേഹത്തിൻറെ സ്ഥിരം ലൈൻ ആണ്.

 

ലോകത്ത് നാല്പത്തിനായിരത്തോളം വിമാനത്താവളങ്ങളുണ്ട്. കൊച്ചിയെപ്പോലെ ഒരുകോടിയിൽ കൂടുതൽ യാത്രക്കാർ ഓരോ വർഷവും വന്നിറങ്ങുന്നവ തന്നെ നൂറോളം. ഈ വിമാനത്താവളങ്ങൾക്കൊക്കെ കൊച്ചിയിൽ നിന്നും ഏറെ പഠിക്കാനുണ്ട്. വിമാനത്താവളങ്ങളിലെ സൗരോർജ്ജവത്കരണം മാത്രം ലക്ഷ്യമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എൻജിനീയറിങ് വിഭാഗം ഒരു കൺസൾട്ടൻസി തുടങ്ങിയാൽ അതിന് നിന്ന് തിരിയാൻ സമയം ഉണ്ടാവില്ല എന്നാണെന്റെ വിശ്വാസം. ഇക്കാര്യം ഞാൻ ശ്രീ കുര്യനോടും മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുമുണ്ട്.

 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യ രാഷ്ട്ര പരിസ്ഥിതിയുടെ “ചാമ്പ്യൻസ് ഓഫ് എർത്ത്” സമ്മാനം ലഭിച്ചിരിക്കയാണ്. മിഖായേൽ ഗോർബച്ചേവ് മുതൽ ഷെയ്ഖ് മുഹമ്മദ് വരെയുള്ള ലോക നേതാക്കൾക്കും ഴാങ് യു മുതൽ വിനോദ് ഖോസ്ല വരെയുള്ള വിഷനറിമാർക്കും ഒക്കെയാണ് ഇതിന് മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി നടക്കുന്ന ന്യൂ യോർക്കിൽ വച്ച് ഈ ബഹുമതി സമ്മാനിക്കും. ശ്രീ കുര്യനെ അവിടെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ.

 

ഇതൊരു വിമാനത്താവളത്തിന്റെ മാത്രം കാര്യമല്ല, സൗരോർജ്ജത്തിന്റെ സാധ്യത മുന്നിൽ കണ്ടതിനുള്ള അംഗീകാരമാണ്.  ഇന്നിപ്പോൾ സൗരോർജ്ജം കേരളത്തിന്റെ ഊർജ്ജ പദ്ധതിയിൽ വലിയ ഒരു പങ്കാളിയല്ല. നമുക്കാവശ്യമായ വൈദ്യുതിയുടെ ഒരു ശതമാനം പോലും സൗരോർജ്ജത്തിൽ നിന്നല്ല ലഭിക്കുന്നത്. പക്ഷെ ലോകം മാറുകയാണ്. രണ്ടായിരത്തി പതിനേഴു മുതൽ ഫോസിൽ ഇന്ധനം ആസ്പദമാക്കി ഉണ്ടാക്കുന്ന പവർപ്ലാന്റിലും കൂടുതൽ പണമാണ് റിന്യൂവബിൾ എനർജി ആസ്പദമാക്കിയുള്ള പവർ പ്ലാന്റുകളിൽ നിക്ഷേപിക്കുന്നത്. പത്തു വർഷത്തിനകം സോളാർ എനർജി നമ്മൾ ചിന്തിക്കുന്നതിലും വേഗത്തിൽ ലോകത്തെ മാറ്റിമറിക്കും. മൊബൈൽ ഫോൺ വന്നതോടെ ഫോൺ ചാർജ്ജ് കുറഞ്ഞതു പോലെ, നാളെ വൈദ്യുതി എല്ലാവർക്കും ഏതാണ്ട് സൗജന്യമായി ലഭിക്കുന്ന ഒരു കാലം വരുമെന്നാണ് എൻറെ പ്രവചനം. അത് ഭൂമിക്ക്, പ്രകൃതിക്ക് ഒരു നല്ല കാലമായിരിക്കും.

 

ആ സൗരോർജ്ജ വിപ്ലവത്തെ മുന്നിൽ നിന്നും നയിച്ചത് നമ്മുടെ വിമാനത്താവളമാണെന്നതിൽ ഏത് കേരളീയനാണ്  സന്തോഷവും അഭിമാനവും ഇല്ലാത്തത്.

 

ശ്രീ കുര്യനും അദ്ദേഹത്തിൻറെ സഹപ്രവർത്തകർക്കും എൻറെ  അഭിനന്ദനങ്ങൾ.

 

മുരളി തുമ്മാരുകുടി

 

Leave a Comment